Image

സൗദിയില്‍ വിദേശ റസിഡന്റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

Published on 14 May, 2017
സൗദിയില്‍ വിദേശ റസിഡന്റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം
    ദമാം: വിദേശികളായ ദന്തല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കുന്നതിനു കഴിഞ്ഞ ദിവസം സൗദി തൊഴില്‍, സാമുഹ്യ ക്ഷേമ മന്ത്രാലയങ്ങള്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരല്ലാത്ത വിദേശികളായ റസിഡന്റെ ഡോക്ടര്‍മാരെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നത് നിര്‍ത്തി വെക്കുന്നതിനു ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. 

മന്ത്രാലയത്തിന്റെ ഈ തീരുമാനം നടപ്പിലാക്കാന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മാനവ വിഭവ ശേഷി വിഭാഗം മേധാവി ഡോ.ആയിദ് അല്‍ഹാരിഥി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
സ്വദേശികളായ നിരവധി ഡോക്ടര്‍മാര്‍ ജോലിക്കായി കാത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മേഖലയില്‍ വിദേശികളുടെ റിക്രൂട്ട്‌മെന്റ് നിറുത്തി വെക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും കണ്‍സള്‍ട്ടിംഗ് ഡോക്ടര്‍മാരും അല്ലാത്തവരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യേണ്ടതില്ലന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വകാര്യ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണ പക്രിയ ഊര്‍ജിതമാക്കുമെന്ന് നേരത്തെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക