Image

മാതൃദിനം ഒരു പിന്‍വിളിയോ!

അനില്‍ പെണ്ണുക്കര Published on 14 May, 2017
മാതൃദിനം ഒരു പിന്‍വിളിയോ!
അമ്മയെ ഓര്‍ക്കാന്‍ ഒരു ദിനാചരണം വേണ്ടിവന്നിരക്കുന്നു വിവേകശാലിയായ മനുഷ്യന്. തിര്യക്കുകളായ ജന്തുക്കള്‍ ഇങ്ങനെ ഒരു ദിനം ആചരിക്കാറില്ല. അപ്പോള്‍ പെറ്റതള്ളയെ മറക്കുന്ന ഏകജീവി മനുഷ്യന്‍മാത്രമാണ്. ജന്തുക്കള്‍ അവര്‍ക്കു പ്രകൃതി അനുവദിച്ചിട്ടുള്ള കാലയളവത്രയും മാതൃസ്‌നേഹം ഒരു ദിനാചരണവും കൂടാതെ ഗാഢമായിതന്നെ നിലനിര്‍ത്തുന്നു.

മനുഷ്യ വിവേകവും നന്ദിയും കടപ്പാടുംകൊണ്ട് മൃഗത്തെക്കാള്‍ മുന്നിലാണ്. എന്നിട്ടും അമ്മയെ സ്മരിക്കുവാന്‍ ഒരു ലോകദിനത്തിന്റെ പ്രേരണയും ആഹ്വാനവും വേണ്ടിവന്നിരിക്കുന്നു. അമ്മന്മാര്‍ തെരുവില്‍ നിസ്സഹായരായി പിച്ചതെണ്ടുന്നു. അഗതിമന്ദിരങ്ങളില്‍ ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ടുകഴിയുന്നു. വാര്‍ദ്ധക്യത്തെ വെറുക്കുന്ന മക്കളും കുടുംബവും വീട്ടില്‍ ഒറ്റപ്പെടുത്തുന്നു. അപ്പോള്‍ ബലഹീനരായ പാവം അമ്മമാര്‍ക്ക് ഒരുദിനത്തിന്റെ വിളിയിലൂടെ പരിഗണനയുടെ നേരിയവെട്ടം തെളിക്കാന്‍ ലോകം ബാദ്ധ്യസ്ഥമായിത്തീരുന്നു. അവര്‍ക്ക് കരുതലിന്റെ, സ്‌നേത്തിന്റെ സ്പര്‍ശം നീട്ടാന്‍ ലോകത്തെ ആവശ്യപ്പെടുന്നു.

പലരാജ്യങ്ങളിലും അച്ഛനമ്മന്മാരെ നിയമംമൂലമാണ് മക്കളുമായി കെട്ടിയിടുന്നത്. ഭാരതത്തിലും ഏതാണ്ട് ഇപ്പോള്‍ സ്ഥിതി ഇതാണ്. മാതാപിതാക്കളുടെ സ്വത്തും പേരും ജന്മായത്തമായ അവകാശമാണെന്നു വാദിക്കുന്നവര്‍ക്കു അവരുടെ കഷ്ടകാലത്തെയും പരാധീനതയും ബാദ്ധ്യതയാണ്. അവരുടെ സ്വത്ത് തട്ടിയെടുത്തശേഷം തെരുവിലേക്കു തള്ളുന്ന സംഭവങ്ങള്‍ നാം വായിക്കാറുണ്ട്. ചിലപ്പോള്‍ രോഷംകൊള്ളാറുണ്ട്. എന്നാല്‍ സ്വന്തം അലമാരയിലെ അസ്ഥികൂടം ആരും കാണാതിരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

ഈയടുത്തകാലത്ത് കൊല്ലത്തെ ഒരു മകള്‍ വൃദ്ധയും രോഗിയുമായ അമ്മ കിടക്കയില്‍ മൂത്രമൊഴിച്ചതിനു മര്‍ദ്ദിക്കുന്ന രംഗം ചാനലുകളില്‍ കണ്ടു. നാട്ടുകാരും പോലീസും ഇടപെട്ടിട്ടും അവരുടെ നാവില്‍നിന്നും പശ്ചാത്താപത്തിന്റെതായ ഒരു വാക്ക് ഉതിര്‍ന്നുകണ്ടില്ല. മാത്രമല്ല അവര്‍ സ്വയം ന്യായികരിക്കുകയുമാണ് ചെയ്തത്. ആ സ്ത്രീ ചിന്തിച്ചില്ല, താനും ഇപ്രകാരം കിടക്കയിലും മറ്റുമായി അപ്പിയിട്ടികിടന്ന് അളിച്ചുവാരിയിട്ടുണ്ടെന്ന കാര്യം. അക്കാലത്ത് ഒരു പരിഭവവും പരാതിയും പറയാതെ എല്ലാം സഹിച്ച് യുവതിയായിരുന്നു ആ അമ്മ എന്നകാര്യം.

മറ്റൊരു വാര്‍ത്ത അച്ഛന്റെ സ്വത്തെല്ലാം കൈവശപ്പെടുത്തിയശേഷം അദ്ദേഹത്തെയും ഭാര്യയേയും വഴിയില്‍ ഇറക്കിവിട്ടതാണ്. അച്ഛനെയും അമ്മയും പറഞ്ഞുപ്രലോഭിപ്പിച്ചിട്ട് ആ മകള്‍ സ്വത്തെല്ലാം വിറ്റു, കിടപ്പാടവും ആശ്രയവും ഇല്ലാതെ ആ അച്ഛനും അമ്മയും കോടതിയെ സമീപിച്ച് ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍ രക്ഷ അഭ്യര്‍ത്ഥിക്കുന്നു. ഇതൊക്കെ ചെറിയ ഉദാഹരണം മാത്രമാണ്.

എന്തിനും നിര്‍വ്വചനം നല്കുന്ന നമ്മള്‍ക്ക് അമ്മയെപ്പറ്റി ഉദാത്തമായ ഒരു നിര്‍വ്വചനം നല്കാന്‍ ആകുമോ? അമ്മയുംട സ്‌നേഹാതിരേകത്തെ പുക്‌ഴത്തുന്ന സന്ദര്‍ഭങ്ങളും സംഭവങ്ങളും ചൂണ്ടിക്കാണിക്കാന്‍ സാധിച്ചേക്കും. പക്ഷേ അമ്മ എന്നാല്‍ ഇതാണെന്ന് തീര്‍ത്തുപറയാന്‍ പറ്റുമോ? ഇല്ല. ഒരു നിര്‍വ്വചനത്തിനും വ്യാഖ്യാനത്തിനും വിധേയയല്ല അമ്മ. അത് സമുദ്രമാണ്. ഏഴുസാഗരങ്ങളും കൂടിയാലും തികയാത്ത ആഴവും പരപ്പു ആ സ്‌നേഹവായ്പ്പിനുണ്ട്.

ഓഎന്‍വിയുടെ ഒരു കവിതയുണ്ട്. കെട്ടിയാലും ഉറയ്ക്കാത്ത കോട്ട. ഉറയ്ക്കണമെങ്കില്‍ ഒരു സ്ത്രീയെ ബലികൊടുക്കണം. കല്പണിക്കാരായ ഭര്‍ത്താക്കന്മാരുടെ വിജയത്തിനുവേണ്ടി അവരുടെ ഭാര്യ സ്വയം ബലിദാനത്തിനു ഒരുങ്ങുന്നു. അങ്ങനെ അവളെ കോട്ടയുടെ ഭിത്തിയ്ക്കുള്ളില്‍ വച്ചു കെട്ടുകയാണ്. പക്ഷേ അവള്‍ക്ക് ഒരു അപേക്ഷ അപ്പോള്‍ ഉണ്ട്. തന്റെ രണ്ടുകൈയും മാറിടവും കെട്ടിമറയക്കരുത്. മരിക്കുംവരെ തന്റെ കുഞ്ഞിനുവിശക്കുമ്പോള്‍ മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കണം. അതാണ് അമ്മ. കൂടുതല്‍ വിശദീകരണം വേണ്ടിവരുമെന്ന് തോന്നുന്നില്ല.

അമ്മയെ മറക്കുന്നവര്‍ക്ക് അല്ല മറന്നവര്‍ക്ക് ഒരു പിന്‍വിളിയാകട്ടെ ഈ മാതൃദിനം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക