Image

വോട്ടിംങ്ങ് മെഷീനല്ല താരം, ജനങ്ങളാണ്! (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 15 May, 2017
വോട്ടിംങ്ങ് മെഷീനല്ല താരം, ജനങ്ങളാണ്!  (അനില്‍ പെണ്ണുക്കര)
ഉദയം മുടങ്ങാന്‍ പഞ്ചാംഗം കീറിയാല്‍ മതിയോ?

സൂര്യന്‍ ഉദിക്കാതിരിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന് പഴമുറമെടുത്ത് തടയുക . രണ്ടാമത്തേത് പഞ്ചാംഗം എടുത്തു കീറികളയുക. എന്നിട്ടും സൂര്യന്‍ ഉദിക്കുന്നുവെങ്കില്‍ പട്ടിയെ തുറന്നുവിട്ട് കുരപ്പിക്കുക. ഒന്നു ഭയക്കുകയെങ്കിലും ചെയ്യുമല്ലോ.

എന്താ ഇങ്ങനെയൊക്കെ പറയാന്‍ കാരണം എന്നുചോദിച്ചേക്കാം. തലയ്ക്കു സുഖമില്ലെന്നാവും വിചാരം. തലയ്ക്കു സുഖമില്ലാത്ത പലരുടെ പ്രവര്‍ത്തിയും വാക്കും കേട്ടപ്പോള്‍ പറഞ്ഞുപോയതാണ്.

യൂപിയിലും ഡല്‍ഹിയിലും നടന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ച് കണ്ടവാര്‍ത്തകളും നേതാക്കന്മാരുടെ പ്രതികരണവും പരാതിയും ആശ്വസിക്കലും കണ്ടപ്പോള്‍ ഓര്‍ത്തത് ഈ പഴംചൊല്ലാണ്.

യുപിയില്‍ മയാവതി പറഞ്ഞത് വോട്ടിംങ്ങ്‌മെഷീനില്‍ കൃത്രിമം നടന്നു എന്നാണ്. ഡല്‍ഹി നിയമസഭയില്‍ ഒരു ആപ്പുകാരന്‍ എംഎല്‍എ കാട്ടികൊടുത്തു കൃത്രിമത്തിന്റെ ദൃശ്യങ്ങള്‍. അവിടെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിജിക്കാന്‍ തങ്ങളും തങ്ങളും തേഞ്ഞവാളുമല്ല വോട്ടീംങ്ങ് മെഷീനാണ്. ഡല്‍ഹിയിലെ വോട്ടറുമാരല്ല. തങ്ങളുടെ കെടുകാര്യസ്ഥതനിറഞ്ഞ ഭരണമല്ല.

മയാവതിയും എസ്പിയും കോണ്‍ഗ്രസും ഈ ആരോപണങ്ങള്‍ മുമ്പേ ഉന്നയിച്ചു. യൂപിയില്‍ ബിജെപി ജയിക്കാന്‍ കാരണം ജനമല്ല, അഖിലേഷും ഭരണവുമല്ല, രാഹുല്‍ഗാന്ധിയും പ്രിയങ്കയും നടത്തിയ പ്രചാരണവും കോലാഹലവുമല്ല, വോട്ടിംങ്ങ് മെഷീനാണ്. എന്നാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ജയിച്ചു. അവിടെ വോട്ടിംങ്ങ് മെഷീന്‍ പറ്റിച്ചില്ല. ജനാധിപത്യം കാത്തു സൂക്ഷിച്ചു. ആപ്പിനു രണ്ടാംസ്ഥാനം കിട്ടി. മെഷീന്‍ പറ്റിച്ചില്ല.

ടി എന്‍. ശേഷനു മുന്‍പ് ഇലക്ഷന്‍ കമ്മീഷന്‍ എന്നാല്‍ എന്താണെന്നുപോലും ഒരുത്തനും അറിഞ്ഞുകൂടായിരുന്നു. മൂന്നില്‍രണ്ടും, നാലില്‍മൂന്നും ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചത് ഇലക്ഷന്‍കമ്മീഷന്‍ ഭരിക്കുന്നവന്റെ കൈയ്യിലെ പാവയായിരുന്ന കാലത്താണ്. ബംഗാളില്‍ സിപിഎം മുപ്പത്തിയഞ്ചുവര്‍ഷം ഭരിച്ചത് എങ്ങനെയായിരുന്നു എന്ന് തെളിഞ്ഞത് ശേഷന്‍ എന്ന തിരഞ്ഞെപ്പുകമ്മീഷണര്‍ വന്നതിനുശേഷമായിരുന്നു. പിന്നെ ഇല്ക്‌ട്രോണിക് വോട്ടിംങ്ങ് മെഷീനും തിരിച്ചറിയല്‍ കാര്‍ഡും വന്നതിനുശേഷമായിരുന്നു. കേരളത്തിലെ കണ്ണൂര്‍പോലെ ഭാരതത്തിലെ കണ്ണൂരായിരുന്നു പശ്ചിമബംഗാള്‍.

യൂപിയില്‍ അച്ഛന്റെ സൈക്കിളും തട്ടിയെടുത്ത് പീണനരാഷ്ട്രീയവും നൂനപക്ഷപ്രേമവും ദലിത്കാര്‍ഡും കൊണ്ട് ഭരിച്ചനാളിലെ കൊള്ളരുതായ്മകളെ അതിജീവിക്കാമെന്നു കണ്ട അഖിലേഷിനു തെറ്റി. വോട്ടിംങ്ങ് മെഷീനല്ല അവിടെ ചതിച്ചത് ജനങ്ങളാണ്. കൂടെകൂട്ടിയ കൂട്ടുകാരന്‍ പ്രതിപക്ഷത്തിരുന്ന സൈക്കിള്‍ ചവിട്ടുന്നതിനു ആവേശം പകരുകയിരുന്നു. പ്രതിപക്ഷവും ഭരണപക്ഷവും കൂടിചേര്‍ന്നാല്‍ പിന്നെ എതിരാളികളില്ലെന്ന് അഖിലേഷും കണ്ടു. അച്ഛനെ ജയിലടച്ച് ഭരണം കൈയ്യാളിയ ഔറംഗസീബിന്റെ അനുഗ്രഹം തനിക്കുകിട്ടുമെന്ന അഖിഷുമോനും പ്രതീക്ഷിച്ചു. കുടുംബത്തിലെ അടിയും ബീജെപിയെ കലക്കവും അഖിലിന്റെ ഭരണപരാജയവും മുതാലാക്കാമെന്നു കരുതിയ മായവതിയ്ക്കും ഏറെ പിഴച്ചു. അഖിലിന്റെ വീഴ്ചയ്‌ക്കെതിരെ ശക്തമായി പോരാടാതെനിന്ന അവരെയും തോല്പിച്ചത് യുപിയിലെ ജനതയാണ്. ജനാധിപത്യബോധം തൊട്ടുതീണ്ടാത്ത സോണിയകുടുംബകോണ്‍ഗ്രസിനെയും അതിന്റെ കഴിവുകെട്ട നേതൃത്തെയും ജനങ്ങള്‍ തള്ളി. വോട്ടിംങ്ങ് മെഷീനല്ല.

എല്ലാവര്‍ക്കും ആപ്പാകുമെന്നകരുതിയ കെജിരിവാള്‍ മൂര്‍ച്ചയില്ലാത്ത വാളാകുന്നത് ജനങ്ങള്‍ കണ്ടു. ആപ്പുകാര്‍ കണ്ടില്ല. ചൂലിന്റെ ഇഴകള്‍ ഒടിഞ്ഞു. സമൂഹത്തെ തൂക്കുവാന്‍ പറ്റാതായെ ആ ചൂലുകൊണ്ട് കെജിരി കൂടെനിന്നവരെ തൂത്തുപുറത്താക്കി. ഇതൊന്നും കണ്ട് രോഷംകൊണ്ടത് വോട്ടിംങ്ങ് മെഷീനല്ല.

തങ്ങള്‍ ജയിച്ചാല്‍ ജനാധിപത്യവും മതേരത്വവും ജയിച്ചു എന്നു പ്രസ്താവിക്കുവര്‍ അതേ ജനം മറിച്ച് വോട്ടുചെയ്യതാല്‍ വര്‍ഗ്ഗീതയും ഫാസിസ്സവും ജയിച്ചു എന്നുപറഞ്ഞു തടിത്തപ്പും. അല്ലെങ്കില്‍ കള്ള വോട്ടു നടന്നു എന്നുപറയും.

ഭരണത്തിലെയും പ്രവര്‍ത്തനത്തിലെയും വീഴ്ചകള്‍ മനസ്സിലാക്കാതെ, ശൈലിയിലും അഴിമതിയിലും മാറ്റങ്ങള്‍ വരുത്തതായും പ്രവര്‍ത്തിക്കുന്ന പാരമ്പര്യവാദികളായ രാഷ്ട്രക്കാരെ തിരിച്ചറിയാന്‍ ഇന്നു ജനങ്ങള്‍ അവസരമുണ്ട്. ഒരു കവലപ്രസംത്തിനും ചാനല്‍ചര്‍ച്ചയ്ക്കും അത് മറച്ചുവയ്ക്കാന്‍ ആവില്ല.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു ജനാധിപത്യവയവസ്ഥിതിയില്‍ തിരിച്ചടി ഉറപ്പാണ്. വോട്ടിനുവേണ്ടി സ്വന്തം പ്രത്യയശാസ്ത്രം എതിരാളിയുടെ മുന്നില്‍ അടിയറവുവച്ചു വിപ്ലവം പ്രസംഗിച്ചാല്‍ വോട്ടുകുത്താന്‍ ആളുണ്ടാവില്ല. പ്ലീനവും കോണ്‍ഗ്രസും റെഡ് വോളണ്ടിയേഴ്‌സ് മാര്‍ച്ചുമൊക്കെ ഉണ്ടാകും. രാജ്യസഭസീറ്റിനു മൂരാച്ചി മുതലാളിമാരുടെ പാര്‍ട്ടിയുടെ കൈസഹായം വേണ്ടിവരും.

പഞ്ചാംഗം കീറിയാലും പഴമുറംകൊണ്ടു മറച്ചാലും  സൂര്യന്‍ ഉദിക്കും. വോട്ടിംങ്ങ് മെഷീനെ കുറ്റപറയാതെ ജനപക്ഷത്ത് നില്ക്കുക. വെറുതെ ജനങ്ങളെ പറഞ്ഞു ഭിന്നിപ്പിക്കാതിരിക്കുക.

ആപ്പിന് ആപ്പായത് വോട്ടിംങ്ങ് മെഷീനല്ല ജനമാണ്. ജനങ്ങളെ പരിഹസിക്കാതെ മനസ്സിലാക്കി ഉത്തരവാദിത്വം നര്‍വ്വഹിക്കുക. അപ്പോള്‍ വോട്ടിംങ്ങ് മെഷിനില്‍നിന്നും സുഖമുള്ള സംഖ്യകള്‍ വന്നുചേരും.

വോട്ടിംങ്ങ് മെഷീനല്ല, എന്തുവന്നാലും എന്നും ജനങ്ങളാണ് താരങ്ങള്‍!




വോട്ടിംങ്ങ് മെഷീനല്ല താരം, ജനങ്ങളാണ്!  (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക