Image

രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന്‌ ആഗ്രഹിച്ചിട്ടില്ലന്ന്‌ രജനീകാന്ത്‌

Published on 15 May, 2017
രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന്‌ ആഗ്രഹിച്ചിട്ടില്ലന്ന്‌  രജനീകാന്ത്‌

ചെന്നൈ: രാഷ്ട്രീയത്തിലേയ്‌ക്കില്ലെന്ന്‌ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്‌. ചെന്നൈയിലെ രാഘവേന്ദ്ര മണ്ഡപത്തില്‍ വച്ച്‌ തിങ്കളാഴ്‌ച രാവിലെ ആരാധകരോട്‌ സംസാരിക്കവെയാണ്‌ രജനീകാന്ത്‌ തന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെ കുറിച്ചും സിനിമകളെ കുറിച്ചുമുള്ള നിലപാട്‌ വ്യക്തമാക്കിയത്‌. 

ചിലര്‍ ആഗ്രഹിക്കുന്നത്‌ താന്‍ എംഎല്‍എയാകണമെന്നും രാഷ്ട്രീയകാരനാകണമെന്നുമാണ്‌. അതിലൂടെ അവര്‍ക്ക്‌ തന്നെ ഉപയോഗിച്ച്‌ പണം സമ്പാദിക്കണം. എന്നാല്‍ താനിതു വരെ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന്‌ ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുക്കുകയാണെങ്കില്‍ അത്‌ ജനങ്ങളുടെ ഉന്നമനത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കാനായിരിക്കുമെന്നും രജനി ചൂണ്ടിക്കാട്ടി. 

നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും താന്‍ പിന്തുണയ്‌ക്കുന്നില്ല. 21 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആകസ്‌മികമായി ഒരു രാഷ്ട്രീയ സഖ്യത്തിന്‌ പിന്തുണ പ്രഖ്യാപിക്കേണ്ടിവന്നു. ആ സഖ്യം വിജയിക്കുകയും ചെയ്‌തു. പിന്നീട്‌ ഓരോ തെരഞ്ഞെടുപ്പിലും തന്റെ പേര്‌ വലിച്ചിഴയ്‌ക്കപ്പെടുകയാണ്‌. അതിനാലാണ്‌ ഓരോ തവണയും ആര്‍ക്കും പിന്തുണയില്ലെന്ന്‌ അറിയിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ആരാധകരുമായി ഇത്തരമൊരു കൂടിക്കാഴ്‌ച രജനീകാന്ത്‌ നടത്തുന്നത്‌. നടന്‍ എസ്‌പി മുത്തരാമനും വേദിയില്‍ സന്നിഹിതനായിരുന്നു.

വിമര്‍ശനങ്ങളെ താന്‍ കാര്യമാക്കുന്നില്ല, വേണ്ടത്‌ നിങ്ങളുടെ പിന്തുണയാണെന്നും രജനീകാന്ത്‌ ആരാധകരോടായി പറഞ്ഞു. 



ഞാന്‍ ഒരു നടനാണ്‌. ദൈവഹിതവും അതാണ്‌. ഭാവിയില്‍ എന്ത്‌ സംഭവിക്കുമെന്ന്‌ തനിക്കറിയില്ലെന്നും രജനി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക