Image

മനുഷ്യ സ്‌നേഹത്തില്‍ ഒരു പുഴ പുനര്‍ജനിച്ച കഥ (എ.എസ് ശ്രീകുമാര്‍)

Published on 15 May, 2017
മനുഷ്യ സ്‌നേഹത്തില്‍ ഒരു പുഴ പുനര്‍ജനിച്ച കഥ (എ.എസ് ശ്രീകുമാര്‍)
അനന്തമായ കാലത്തിന്റെ അനശ്വരമായ ഇടനിലങ്ങളിലൂടെ ഒഴുകിയെത്തുന്ന സംസ്‌കൃതിയുടെ ജീവധാരയാണ് ഓരോ നദിയും. ലോകത്തിലെ ഏതൊരു സമൂഹത്തിനും ഒരു നദിയുടെ കഥപറയാനുണ്ടാവും. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം നദീതീരങ്ങളില്‍ മാനവസംസ്‌കാരങ്ങള്‍ പൂവിട്ടപ്പോള്‍ വെട്ടം വീണത് ഇരുണ്ടയുഗങ്ങളുടെ ഉള്ളറകളിലാണ്. മധ്യ ആഫ്രിക്കയിലെ റുവന്‍സോറി പര്‍വതനിരകള്‍ക്കിടയിലുള്ള തടാകങ്ങളില്‍ നിന്ന് ഉത്ഭവിച്ച് മെഡിറ്ററേനിയന്‍ കടലില്‍ പതിക്കുന്ന, ലോകത്തിലെ ഏറ്റവും നീളമേറിയ നദിയായ നൈലും ഒരു നദിയുടെ പരിമിതികളില്‍ ഒതുക്കി നിര്‍ത്താനാവാത്ത മഹാപ്രവാഹമായ ഇന്ത്യയുടെ ഗംഗയും മലയാളിയുടെ മനസിന്റെ പുളിനങ്ങളില്‍ മാമാങ്കം നടത്തുന്ന നിളയെന്ന ഭാതപ്പുഴയുമെല്ലാം ചരിത്രത്തില്‍ കേവല ജലരാശികള്‍ മാത്രമല്ല, മനുഷ്യ സംസ്‌കാരത്തിന്റെ ജനനികള്‍ കൂടിയാണ്.

''രാപ്പകലില്ലാതെ നദിയൊഴുകുന്നു. കാലം സ്ഥലത്തിന്റെ ചേതനയെങ്കില്‍ നദി മരുഭൂമിയുടെ ആത്മാവാണ്. ധീര നാവികര്‍ വരുന്നു, പോകുന്നു, മണ്‍ മറയുന്നു, സമുദ്ര യാനം എന്നേയ്ക്കും തുടരുന്നു. ഈ ചെറു യാനപാത്രത്തില്‍ നാമെല്ലാം സമുദ്ര സഞ്ചാരികള്‍...'' വിഖ്യാതനായ എഡ്വേഡ് ആബിയുടെ ഒരു 'പുഴമൊഴി'യാണിത്. ''വന്യ നദികള്‍ ഭൂമിയിലെ പ്രതിവിപ്ലവകാരികളാണ്, ഗുരുത്വ ബലത്തെയെതിര്‍ക്കുന്നവര്‍, സ്വന്തം താളത്തില്‍ മാത്രം നര്‍ത്തനമാടുന്നവര്‍, മനുഷ്യന്റെ അധീശത്തെ ചെറുക്കുന്നവര്‍, ഏറെ ദൂരേയ്ക്ക് ചിതറിയൊഴുകുന്നവര്‍, എപ്പോഴും വിജയിക്കുന്നവര്‍...'' എന്ന് വില്യം ആന്‍ഡേഴ്‌സണും നദികളെ വിശേഷിപ്പിച്ചിട്ടുണ്ട്.

പക്ഷേ മലിനീകരണത്തിന്റെ നിഴല്‍പ്പാടുകള്‍ നദികളുടെ ആത്മാവിനെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാഴ്ച കേരളത്തിലും കാണാം. മലയാള നാടിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനം തന്നെ നദികളാണ്. പക്ഷേ, മനുഷ്യന്റെ ആര്‍ത്തിയും അനിയന്ത്രിതമായ കൈകടത്തലും കടന്നുകയറ്റവും പുഴകളുടെ സ്വാഭാവികമായ ഘടനയെ തകര്‍ത്തെറിഞ്ഞുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ പുണ്യനദിയായ പമ്പയും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഇളമ്പലാരി മലയില്‍ നിന്നുത്ഭവിച്ച് വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്ന ചാലിയാറും, നീളത്തിന്റെയും ജലസമ്പത്തിന്റെയും കാര്യത്തില്‍ കേരളത്തില്‍ മുന്നില്‍ നില്‍ക്കുന്ന പെരിയാറുമൊക്കെ മരണത്തിന്റെ വക്കില്‍ നില്‍ക്കുന്നതിന്റെ സചിത്രറിപ്പോര്‍ട്ടുകള്‍ നാം മാധ്യമങ്ങളില്‍ കാണുന്നു, വായിക്കുന്നു, പരിതപിക്കുന്നു.

രാഷ്ട്രീയ, ഉദ്യോഗസ്ഥ അച്ചുതണ്ട് ശക്തികളുടെ മാഫിയകള്‍ നിര്‍ബാധം തുടരുന്ന മണല്‍വാരല്‍ നദികളുടെ സ്വാഭാവിക ഒഴുക്കിന് തടസം നില്‍ക്കുന്നു. ചെക്ക് ഡാമുകളും വ്യവസായ ശാലകളില്‍ നിന്ന് പുറം തള്ളുന്ന ഖരമാലിന്യങ്ങളും നദികളിലെ മത്സ്യസമ്പത്തിനെയും ജൈവസമ്പത്തിനെയും എന്നെന്നേയ്ക്കുമായി നശിപ്പിക്കുന്നു. നദീതീരങ്ങള്‍ കൈയേറുന്നത് വ്യാപകമാകുന്നുണ്ടെങ്കിലും കുത്തകകള്‍ക്കെതിരെ ശബ്ദിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. നദികളിലേയ്ക്ക് ഒഴുക്കിവിടുന്ന മാലിന്യങ്ങള്‍ മൂലം മെര്‍ക്കുറി, ലെഡ് തുടങ്ങിയ ലോഹങ്ങളുടെ അളവ് ജലത്തില്‍ വര്‍ദ്ധിക്കുകയും തന്മൂലം നദീജലം ജീവികള്‍ക്ക് വാസേയോഗ്യമല്ലാതാവുകയും ചെയ്യുന്നു. മാലൂര്‍ ഗ്രാസിം ഫാക്ടറിയില്‍ നിന്ന് ഒഴുക്കിവിട്ട വിഷമാലിന്യങ്ങള്‍ മൂലം ചാലിയാറിന്റെ ജൈവസമ്പത്ത് നശിച്ചതുപോലെ മറ്റ് നദികളും നാശോന്മുഖമാകാന്‍ അധിക കാലമെടുക്കില്ലെന്ന് പ്രകൃതി സ്‌നേഹികള്‍ ആശങ്കപ്പെടുന്നു. ഈ വേദന നമ്മള്‍ പങ്കുവയ്ക്കുമ്പോള്‍ തന്നെ ഒരു പ്രദേശത്തെ പ്രകൃതി സ്‌നേഹികളുടെയും മറ്റും അര്‍പ്പണ ബോധവും കഠിനാധ്വാനവും കൊണ്ട് മാലിന്യങ്ങളുടെ ശവപ്പറമ്പായ ഒരു നദിക്ക് രണ്ടാം ജന്മം കിട്ടിയ കഥ, അല്ല ആ സത്യം അറിയേണ്ടതുണ്ട്.

മലയാളികളുടെ മനസില്‍ ഭക്തിയുടെ ചൈതന്യമൊഴുകുന്ന പമ്പയാറും കൊല്ലം ജില്ലയിലെ അച്ചന്‍കോവിലില്‍ നിന്ന് ഉത്ഭവിക്കുന്ന അച്ചന്‍കോവിലാറും തമ്മില്‍ ബന്ധിപ്പിക്കുന്ന, ആലപ്പുഴ ജില്ലയിലെ കുട്ടമ്പേരൂര്‍ പുഴയുടെ പുനര്‍ജനനം നമ്മെ  അത്ഭുതപ്പെടുത്തുന്നതാണ്. അവിശ്വസനീയമാണ് ആ അപൂര്‍വ എപ്പിസോഡ്. 12 കിലോമീറ്റര്‍ നീളമുള്ള കുട്ടമ്പേരൂര്‍ പുഴ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശുദ്ധജലത്തിന്റെ തെളിനീര്‍ കലവറയായിരുന്നു. പിന്നീട് പുഴയെ ശ്വാസം മുട്ടിച്ചുകൊണ്ട് അവിടേയ്ക്ക് മാലിന്യങ്ങള്‍ എറിഞ്ഞിട്ടു. വെള്ളം മാലിന്യ കൂമ്പാരങ്ങള്‍ കൊണ്ട് വിഷലിപ്തമായി. മണല്‍വാരലും കൂടിയായപ്പോള്‍ ഒഴുക്കും നിലച്ച കുട്ടമ്പേരൂര്‍ പുഴ വരണ്ടുണങ്ങിയ ചാലായിത്തീരാന്‍ അധികനാള്‍ വേണ്ടിവന്നില്ല. മത്സ്യങ്ങളും ജല സസ്യങ്ങളും തുടച്ചു നീക്കപ്പെട്ടു. ഇളം കാറ്റ് വീശിയടിച്ചിരുന്ന ഹരിതാഭമായ പുഴയോരം ജീവനില്ലാത്തതായി തീര്‍ന്നു. ഒഴുക്കു നിലച്ചപ്പോള്‍ അവിടവിടങ്ങളില്‍ കെട്ടിക്കിടന്ന വെള്ളത്തില്‍ നിന്ന് പകര്‍ച്ചവ്യാധികളുടെ രോഗാണുക്കളും ജന്തുജാലങ്ങളിലേയ്ക്ക് കുടിയേറി. 

കുട്ടമ്പേരൂര്‍ പുഴയുടെ ആസന്ന മരണം മനസ്സിലാക്കിയ, പുഴയോരത്ത് ജീവിക്കുന്ന എഴുന്നൂറിലധികം പേര്‍ തങ്ങളുടെ ജലസ്രോതസ് വൃത്തിയാക്കാന്‍ തീരുമാനിച്ചു. അവരിലേറിയ പങ്കും വനിതകളായിരുന്നുവെന്ന് എടുത്തു പറയട്ടെ, ആ ജനകീയ മുന്നേറ്റത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പെട്ടവരും കൈകോര്‍ത്തു. രണ്ടു മാസം മുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വൃത്തിയാക്കല്‍ ഒട്ടും എളുപ്പമല്ലായിരുന്നു. ചീഞ്ഞളിഞ്ഞ ജൈവമാലിന്യങ്ങളും വിഷം തുപ്പുന്ന വസ്തുക്കളുമെല്ലാം നീക്കം ചെയ്യുമ്പോള്‍ പലര്‍ക്കും ബോധക്ഷയമുണ്ടായി. എന്നാല്‍ ഏതു വിധേനയും തങ്ങളുടെ പുഴയെ രക്ഷിക്കാനുള്ള കൂട്ടായ്മയില്‍ പ്രതിസന്ധി പ്രായോഗികതയിലേയ്ക്ക് വഴിമാറി. 

നൂറ്റി ഇരുപത് അടി വീതിയുണ്ടായിരുന്ന കുട്ടമ്പേരൂര്‍ പുഴ വെറും ഇരുപത് അടിയായി ചുരുങ്ങിയിരുന്നു. അത് കൈയേറ്റക്കാരുടെ മിടുക്ക്. പുഴയിലുണ്ടായിരുന്നതോ മാലിന്യ സമൃദ്ധമായ കറുത്ത നിറമുള്ള ദുര്‍ഗന്ധം വമിക്കുന്ന വെള്ളവും. ഒടുവില്‍ അപ്രതീക്ഷിതമായത് സംഭവിച്ചു. കളകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമുള്‍പ്പെടെയുള്ള എല്ലാം പുഴയില്‍ നിന്ന് നീക്കം ചെയ്ത് പാടേ നശിപ്പിച്ചു. ശുചീകരണ പ്രവൃത്തിയുടെ എഴുപതാം ദിവസം പുഴയില്‍ വീണ്ടും തെളിനീരൊഴുകാന്‍ തുടങ്ങി. പരിസരവാസികളുടെ മനസിലും ഒരു മഹാപ്രയത്‌ന വിജയത്തിന്റെ കുളിര്‍ മഴ പെയ്തു. ഇന്ന് കുട്ടമ്പേരൂര്‍ പുഴയ്ക്ക് പഴയ ശുദ്ധിയുണ്ട്... ഒഴുക്കിന്റെ താളമുണ്ട്... ജൈവസമ്പത്തിന്റെ ജീവനുണ്ട്. ഇതൊരു മാതൃകായജ്ഞമാണ്. നദികള്‍ക്ക് ചരമഗീതമെഴുതപ്പെടുമ്പോള്‍ കുട്ടമ്പേരൂര്‍ പുഴയോരവാസികളുടെ പ്രയത്‌നം ഓര്‍ക്കുക... പ്രവര്‍ത്തിക്കുക.
****
പുഴകളില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. ഏത് മണ്ണിന്റെതുമെന്ന പോലെ മലയാളക്കരയുടെയും ജീവധാര നദികള്‍ തന്നെയാണ്. കര്‍ഷക ജീവിതം പുലര്‍ന്ന് വളരുന്നത് നദീതീരങ്ങളിലാണല്ലോ. ''പുഴയില്‍ വീണൊഴുകുന്ന മഴ മാഞ്ചോട്ടിലോടിക്കളിക്കുന്ന എന്റെ കൊച്ചുമകളാണ്...'' എന്ന കവി സച്ചിതാനന്ദന്റെ വരികളൊരിക്കല്‍ കൂടി ഓര്‍ത്തുകൊണ്ട് കേരളത്തിലെ ഇത്തിരി പുഴയറിവുകളിലേയ്ക്ക്...

കേരളത്തില്‍ മഹാനദികളില്ല. ആകെയുള്ള 44 നദികളില്‍ 40 നദികള്‍ ചെറു നദികളാണ്. ഏറ്റവും നീളം കൂടിയ നദി 244 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പെരിയാറാണ്. പണ്ടുകാലത്ത് 'ചൂര്‍ണി' എന്നറിയപ്പെട്ടിരുന്ന പെരിയാര്‍ ജലസമ്പത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെ. കേരളത്തിലെ നദികളില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളും അണക്കെട്ടുകളും സ്ഥിതി ചെയ്യുന്നത് പെരിയാറിലാണ്. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍, ആദ്യത്തെ അണക്കെട്ടായ മുല്ലപ്പെരിയാര്‍, ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി തുടങ്ങിയവ സ്ഥിതി ചെയ്യുന്നത് പെരിയാറിന്റെ  പോഷകനദികളിലാണ്. ശിവഗിരിക്കുന്നില്‍ നിന്നാണ് പെരിയാര്‍ ഉത്ഭവിക്കുന്നത്. തൊട്ടിയാര്‍, മുല്ലയാര്‍, മുതരിപ്പുഴ, ഇടമലയാര്‍, മംഗലപ്പുഴ, പെരിഞ്ഞാന്‍കുട്ടി എന്നിവയാണ് പ്രധാന പോഷകനദികള്‍. ആലുവയില്‍ എത്തുന്ന ഈ നദി രണ്ടായി പിരിയുന്നു. മംഗലപ്പുഴ, മാര്‍ത്താണ്ഡപ്പുഴ എന്നിവയാണവ. ഒന്നു അറബിക്കടലിലും മറ്റേത് വേമ്പനാട്ട് കായലിലും പതിക്കുന്നു. പെരിയാറ് കഴിഞ്ഞാല്‍ കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയാണ് ഭാരതപ്പുഴ. 209 കിലോമീറ്ററാണ് നീളം. നിളാനദിയെന്നും പേരാറ് എന്നും ഭാരതപ്പുഴ അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലെ ആനമലയില്‍ നിന്ന് ഉത്ഭവിച്ച് പാലക്കാട്, പാലക്കാട് ചുരം തൃശൂര്‍, മലപ്പുറം വഴി സഞ്ചരിച്ച് പൊന്നാനിയില്‍ വെച്ച് അറബിക്കടലില്‍ ചേരുന്നു.

കേരളത്തിലെ മറ്റ് പല നദികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭാരതപ്പുഴ ജലസമൃദ്ധിയില്‍ പിന്നിലാണ്. അതുകൊണ്ട് ഗതാഗതയോഗ്യമാണെന്ന് പറയുവാന്‍ വയ്യ. പല ഭാഗങ്ങളും വരണ്ടുകാണപ്പെടുന്നു. ഒട്ടേറെ ഡാമുകളുടെ നിര്‍മിതിയും മണല്‍വാരലും ഭാരതപ്പുഴയുടെ നീരൊഴുക്കിനെ കാര്യമായി ബാധിച്ചു. വേനല്‍ക്കാലത്ത് ഭാരതപ്പുഴ പലഭാഗങ്ങളിലും വറ്റിവരളുന്നു.  പാലക്കാട്, പറളി, കിള്ളിക്കുറിശ്ശി മംഗലം, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല, പള്ളിപ്പുറം, കുമ്പിടി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ശുദ്ധജലമെത്തിക്കുന്നത് ഭാരതപ്പുഴയില്‍ നിന്നാണ്. പള്ളിപ്പുറത്ത് വെച്ചാണ് തൂതപ്പുഴ ഭാരതപ്പുഴയുമായി സംഗമിക്കുന്നത്. മലയാളിയുടെ പുണ്യനദിയാണ് പമ്പ. നമ്മുടെ മനസ്സില്‍ ഭക്തിയുടെ മാസ്മരിക ഭാവങ്ങള്‍ വിതറുന്ന മറ്റൊരു നദി കേരളത്തിലില്ല.

വലുപ്പത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന പമ്പാ നദി പീരുമേട് മലയിലെ പുളിച്ചിമലയില്‍ നിന്നുത്ഭവിച്ച് പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ എന്നീ പ്രദേശങ്ങളിലൂടെ വേമ്പനാട്ടു കായലില്‍ പതിക്കുന്നു. 176 കി.മീ ആണ് പമ്പയാറിന്റെ നീളം. 2235 ചതുരശ്ര കിലോമീറ്ററാണ് നദീതടത്തിന്റെ ആകെ വിസ്തൃതി. നദിയില്‍ ലഭിക്കുന്ന വാര്‍ഷിക മഴയുടെ അളവ് 3600 മില്ലിമീറ്ററാണ്. കക്കിയാര്‍, പന്നിയാര്‍, മൂഴിയാര്‍, മണിയനാറ്, കക്കാട്ടാറ് എന്നിവയാണ് പമ്പയുടെ പ്രധാന പോഷകനദികള്‍. അച്ചന്‍കോവിലാറും പമ്പാനദിയില്‍ ലയിക്കുന്നു. ശബരിമല, ചെങ്ങന്നൂര്‍, ആറന്മുള തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പമ്പ  മധ്യകേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് നല്‍കുന്ന സംഭാവന ചെറുതല്ല. പ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നത് പമ്പയാറ്റിലെ മണല്‍തിട്ടയിലാണ്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന പമ്പയാറില്‍ നടക്കുന്ന ഉത്രട്ടാതി വള്ളം കളി ലോകപ്രശസ്തമാണ്. 

ശബരിഗിരി, കക്കാട്ടാര്‍ ജലവൈദ്യുത പദ്ധതികള്‍ പമ്പാനദിയിലാണ്. പമ്പ, കക്കി എന്നീ റിസര്‍വോയറുകളില്‍ ജലം ശേഖരിച്ചു നിര്‍ത്തുന്നു. മണല്‍വാരല്‍ ഇന്നു പമ്പാനദിയുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതു മൂലം വേമ്പനാട്ടുകായലില്‍ നിന്നുമുള്ള ഉപ്പുവെള്ളം  നദിയിലേയ്ക്ക് കയറിയതു ജൈവവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് 16 കിലോമീറ്റര്‍ മാത്രം നീളമുള്ള മഞ്ചേശ്വരം പുഴ, കാസര്‍കോട് ജില്ലയില്‍ മാത്രമാണി ഈ പുഴ ഒഴുകുന്നത്. അറുപത് മീറ്റര്‍ ഉയരത്തിലുള്ള ബലേപുനില്‍ നിന്നാണ് മഞ്ചേശ്വരം പുഴ ഒഴുകുന്നത്. കേരളത്തിലെ 44 നദികളില്‍ 41 എണ്ണവും പടിഞ്ഞാറോട്ട് ഒഴുകുന്നവയാണ്. കബനി (വയനാട്), ഭവാനി (പാലക്കാട്), പറമ്പാര്‍ (ഇടുക്കി) എന്നിവയാണ് കിഴക്കോട്ടൊഴുകുന്നത്. കബനി കര്‍ണാടകത്തിലേയ്ക്കും പാമ്പാര്‍, ഭവാനി എന്നിവ തമിഴ്‌നാട്ടിലേയ്ക്കുമാണ് ഒഴുകുന്നത്. നദികളുടെ കഥ തീരുന്നുല്ല, ഒഴുക്ക് നിലയ്ക്കാത്തിടത്തോളം കാലം...

മനുഷ്യ സ്‌നേഹത്തില്‍ ഒരു പുഴ പുനര്‍ജനിച്ച കഥ (എ.എസ് ശ്രീകുമാര്‍)മനുഷ്യ സ്‌നേഹത്തില്‍ ഒരു പുഴ പുനര്‍ജനിച്ച കഥ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക