Image

ഓര്‍ക്കാപ്പുറത്ത് (കവിത: ഇ.എസ് സതീശന്‍)

Published on 15 May, 2017
ഓര്‍ക്കാപ്പുറത്ത് (കവിത: ഇ.എസ് സതീശന്‍)
അടുത്തിടെ
എല്ലാം മന്ദഗതിയിലായി,
ഒച്ചിഴയും പോലെ.
നടന്നാലെത്താതായി,
ഭക്ഷണമിറങ്ങാതായി,
ഉറക്കം പണിമുടക്കി,
പരാതികളേയില്ല.

വാക്കുകള്‍ തമ്മില്‍ അകലം കൂടി,
വക്കുകള്‍ ഒടിഞ്ഞു,
ഓര്‍മ്മകള്‍ക്ക് വെള്ളെഴുത്ത്,
വായന ചുരുങ്ങിച്ചുരുങ്ങി
"ചരമ" താളിലൊതുങ്ങി.
ചെറുതും വലുതുമായ മരണക്കളങ്ങള്‍ !
സെമിത്തേരിയിലെ ശവക്കുഴികള്‍ പോലെ
ആത്മഹത്യ
അപകടം
കൊലപാതകം
അന്തമില്ലാത്ത ചാവുകള്‍!

വീണുകിടപ്പിലായ മുത്തമ്മാനു നറുക്കുവീണതു
നൂറ്റൊന്നാം പിറന്നാളില്‍,
കൊലപ്പുള്ളിക്കുവേണ്ടി വാദിക്കാന്‍പോയ
സീനിയര്‍വക്കീലിനെ തീവണ്ടിയിടിച്ചിട്ടു,
സ്ഥലവും സമയവും യന്ത്രവും ഒരുക്കിവെച്ചിട്ടും
പതിനെട്ടാമത്തെ ശ്രമത്തിലാണ്
വിഷാദകവി ലക്ഷ്യംകണ്ടത്,
അങ്ങോട്ടെത്തുകയത്രയെളുപ്പമൊന്നുമല്ല
ഓര്‍ക്കാപ്പുറത്തെങ്ങാന്‍ വീണുകിട്ടിയാലായി.
Join WhatsApp News
വെൺമണി 2017-05-15 20:50:53
മനോരമേം മാതൃഭൂമി 
വായന നിറുത്തി മുത്തശ്ശൻ 
അതിരസം കുഞ്ഞന്നാമ്മ വായിക്ക് 
വെള്ളെഴുത്തു മാറി 
ഓർമ തിരിച്ചുവരും 
ഒച്ച് ഇഴയുന്നതിനു പകരം  
മുയൽ ഓടുന്നതുപോലെ ചാടി ചാടി 
അന്നമ്മയുടെ പിന്നാലെ ഓടും
വാർദ്ധക്യം പമ്പ കടക്കും 

വിദ്യാധരൻ 2017-05-16 06:39:25
ശരിയാണ്
എന്താണിങ്ങനെ?
എല്ലാം തകിടംമറിഞ്ഞിരിക്കുന്നു.
കണ്ണിന്റ കാഴ്ച്ച്പോയി
കേൾവിക്കുറവ്
ഓർമക്കുറവ്
ഇന്നലെ അവൾ കാപ്പി ചോദിച്ചു
കോക്ക് കൊണ്ടുകൊടുത്തു
വെള്ളം ആല്ലേ ചോദിച്ചതെന്നവൾ
പിന്നെ നിങ്ങൾ ആരാണെന്നും.
അല്ല ഞാൻ ആരാണ്?
ഇന്നലെ,
പതുക്കെ കാറോടിച്ചു പോകുമ്പോൾ
ഒരുത്തൻ നടുവിരൽ പൊക്കി കാണിച്ചു
എന്താണതിന്റെ അർത്ഥം?
കൂട്ടുകാരൻ കവിയോട് ചോദിച്ചു
ഒരു തരം ബിംബ ഭാഷായാണ് അയാൾ പറഞ്ഞു
അല്ല ഗ്രാൻഡ്പാ - ദാറ്റ് ഈസ് ബാഡ്
ഹി വാസ് മാഡ് അറ്റ് യു.
യു വെയർ വെരി സ്ലോ ഇൻ ഡ്രൈവിംഗ്
അതെ! ജീവിതം ഒച്ചിഴയുന്നതുപോലെയാരിക്കുന്നു
അതിനനുസരിച്ച് നാടുവിരലുകൾ ഉയരുന്നു 
ബിംബ കവിതകളുടെ എണ്ണവും. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക