Image

ഇരുപതില്‍ പന്ത്രണ്ട്: ഫസ്റ്റ് ക്ലാസ് (ഡി. ബാബു പോള്‍)

Published on 16 May, 2017
ഇരുപതില്‍ പന്ത്രണ്ട്: ഫസ്റ്റ് ക്ലാസ് (ഡി. ബാബു പോള്‍)
അഞ്ച് ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടത്. ഓരോന്നിനും ഇരുപത് മാര്‍ക്ക്. ഉത്തരം എഴുതുമ്പോള്‍ ചോദ്യക്കടലാസിലെ ക്രമം തന്നെ പാലിക്കണം. ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം എഴുതിക്കഴിഞ്ഞു. ആ ഉത്തരം മുഴുവന്‍ ശരിയായാലും ജയിക്കാന്‍ മാര്‍ക്ക് വേറെ വേണം. അത് മുഴുവന്‍ തെറ്റായാലും മറ്റു നാല് ചോദ്യങ്ങള്‍ക്ക് ഭംഗിയായി ഉത്തരം എഴുതിയാല്‍ ഡിസ്റ്റിംഗ്ഷനും എ പ്‌ളസും നേടി ജയിച്ചു എന്നുവരാം.

അഞ്ചുവര്‍ഷം കാലാവധി ഉള്ള മന്ത്രിസഭയുടെ ഒന്നാംവാര്‍ഷികത്തില്‍ നമുക്ക് ആകെ അറിയാന്‍ കഴിയുന്നത് ആദ്യത്തെ ചോദ്യത്തിന്റെ ഇരുപത് മാര്‍ക്കില്‍ മന്ത്രിസഭയ്ക്ക് എത്ര നേടാനായി എന്നതാണ്. ഒന്നാംവാര്‍ഷികത്തില്‍ എഴുപത് ശതമാനം നേടിയ ഉമ്മന്‍ചാണ്ടി മന്ത്രിസഭ കാലാവധി തികഞ്ഞപ്പോള്‍ വീണിതല്ലോ കിടക്കുന്നു ധരണിയില്‍... എന്ന മട്ടായത് നേര്‍ക്കാഴ്ചയായി മുന്നിലുണ്ട്. ഈ പരിമിതി മനസില്‍ വച്ചുകൊണ്ടാവണം നാം പിണറായി മന്ത്രിസഭയുടെ ആദ്യവര്‍ഷം വിലയിരുത്തുന്നത്.

ഇനി വിലയിരുത്താന്‍ തുടങ്ങിയാലോ? മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ലേഖനങ്ങളും ആണല്ലോ നമുക്ക് ആധാരമാക്കാവുന്നത്. ദേശാഭിമാനി ഉള്‍പ്പെടെ ഒരു മാധ്യമവും നിഷ്&്വംിഷ;പക്ഷമല്ല. ചിലതൊക്കെ പ്രകടമായി പിണറായിവിരുദ്ധമാണ് എന്നുതന്നെ പറയാം.

അതുകൊണ്ടു വരികള്‍ക്കിടയില്‍ വായിച്ചെടുക്കാനാവുന്നില്ലെങ്കില്‍ ഈ സര്‍ക്കാര്‍ നന്മ തീരെ ഇല്ലാത്ത ഒരു നസറേത്ത് എന്ന ധാരണയാണ് മനസില്‍ ഉറയ്ക്കുക. ലേഖനങ്ങളും ചര്‍ച്ചകളും ഒട്ടുമുക്കാലും അള്‍ട്രാക്രെപ്പിഡേറിയന്‍ എന്ന ഇനത്തില്‍ പെടുന്നവയാണ്. മറ്റൊരു പദം ഇംഗ്‌ളീഷിലോ മലയാളത്തിലോ തോന്നാത്തതുകൊണ്ടാണ് ഈ അസുലഭശബ്ദത്തെ ആശ്രയിക്കുന്നത്. തനിക്ക് വിവരം ഉള്ള മേഖലയില്‍ ഒതുങ്ങാതെ അതിന് പുറത്തുള്ള സംഗതികളില്‍ ആധികാരികമായി എന്ന മട്ടില്‍ അഭിപ്രായം പറയുന്നതിനെയാണ് ആ പ്രയോഗം സൂചിപ്പിക്കുന്നത്.

ഇത്തരം മുന്‍വിധികള്‍ യുക്തിയെ മറികടക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ലാവ്&്വംിഷ;ലിന്‍ കേസാണ്. ആരോപണങ്ങളുടെ നിജസ്ഥിതി എന്തുതന്നെ ആയാലും 1996 ലെ മന്ത്രിസഭയില്‍ ഒരു ജൂനിയര്‍ മന്ത്രി മാത്രം ആയിരുന്ന പിണറായിയെ അഴിമതിയുടെ പ്രതീകമായി ഉയര്‍ത്തിപ്പിടിക്കാനുള്ള പരിശ്രമത്തിന് യുക്തിയുടെ പിന്‍ബലം ഉണ്ടാവുക വയ്യ. നമ്മുടെ പത്രങ്ങളൊക്കെ വായിച്ചാല്‍ തോന്നുന്നതോ? പിണറായി വിഷയത്തില്‍ പാഠം ഒന്ന്: ലാവ്&്വംിഷ;ലിന്‍ എന്നും.

ഇത്രയും ആമുഖമായി പറഞ്ഞത് കഴിഞ്ഞ ഒരുവര്‍ഷക്കാലം അത്ര മോശം ഒന്നും ആയിരുന്നില്ല എന്നുപറയുമ്പോള്‍ പത്രങ്ങളില്‍ ദിവസേന വായിക്കുന്ന തലക്കെട്ടുകളുടെ ബലത്തില്‍ ആ അഭിപ്രായത്തെ വെല്ലുവിളിക്കരുത് എന്ന് സൂചിപ്പിക്കാനാണ്.

കഴിഞ്ഞുപോയ സംവത്സരത്തില്‍ രണ്ട് മന്ത്രിമാര്‍ രാജിവച്ചു എന്നത് പിണറായിയുടെ നിര്‍ഭാഗ്യമെന്നല്ലാതെ പോരായ്മ എന്ന് പറയുന്നതെങ്ങനെ എന്ന സംശയത്തോടെ തുടങ്ങാം. ഇ.പി. ജയരാജന്‍ ചെയ്തത് സൂക്ഷ്മതക്കുറവായി എന്ന് പറയാം. കെടാത്ത തീയും ചാകാത്ത പുഴുവും വാഴുന്ന നിത്യനരകത്തിന് അര്‍ഹനാക്കുന്ന മാരകപാപമാണ് അത് എന്ന് എങ്ങനെ പറയും? ആ സൂക്ഷ്മതക്കുറവിന് ജയരാജനും പ്രസ്ഥാനവും നല്‍കിയ വിലയാണ് രാജി. ശശീന്ദ്രന്റെ രാജി കുറെക്കൂടെ നിര്‍ഭാഗ്യകരമായി. എന്നാല്‍ അതും ഉചിതമായ തീരുമാനം എന്നേ പറയാന്‍ കഴിയൂ. ഈ ദിവസങ്ങളില്‍ പലരും സര്‍ക്കാരിന്റെ പരാജയം ആയി അവതരിപ്പിക്കുക ഈ രാജികള്‍ ആവാം. മറിച്ചാണ് പറയേണ്ടത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ സീസറുടെ ഭാര്യ സംശയാതീതയായിരിക്കണം എന്ന പ്രമാണം അനുസരിച്ച് ഇറങ്ങിപ്പോയവരാണ് ജയരാജനും ശശീന്ദ്രനും.

മുഖ്യമന്ത്രിയുടെ ചില പ്രസ്താവനകളെക്കുറിച്ചും ഇതുപോലെ പറയേണ്ടതുണ്ട്. മൂന്നാറില്‍ സംഭവിച്ചതുള്‍പ്പെടെയുള്ള പല സംഗതികളിലും ഒരു മറുവശം ഉണ്ട് എന്ന് ഓര്‍ത്തിരിക്കണം. ആ കുരിശ് പിഴിതെറിയപ്പെടേണ്ടത് തന്നെ. എന്നാല്‍ അത് ചാനലുകളുടെ മുന്‍പില്‍ വച്ച് ആയത് വലിയ വിഷയം ആകാതിരുന്നത് പള്ളിക്കുറ്റത്തിന് പുറത്തായ ഏതോ ഒരു ഉപദേശി സ്ഥാപിച്ചതായിരുന്നതിനാലാണ്. ചങ്ങനാശേരി അതിരൂപതയുടെ കുരിശോ ഉടുമ്പന്‍ചോലയിലെ എസ്.എന്‍.ഡി.പി നേതാക്കള്‍ സ്ഥാപിച്ച ഒരു ഗുരുദേവപ്രതിമയോ സ്വയംഭു എന്ന വിശേഷണത്തോടെ ആരെങ്കിലും പ്രതിഷ്ഠിച്ച ഒരു ശ്രീകൃഷ്ണവിഗ്രഹമോ ആയിരുന്നെങ്കിലോ? നമ്മുടെ നാട്ടില്‍ നിലവിലുള്ള സാഹചര്യങ്ങളില്‍ അങ്ങനെ ഒരു നടപടി മുഖ്യമന്ത്രി അറിയണം എന്ന് പറയുന്നത് തെറ്റാവുന്നതെങ്ങനെ?

ജിഷ്ണുവിന്റെ കാര്യത്തിലായാലും സെന്‍കുമാര്‍ വിഷയത്തിലായാലും പിണറായിക്കെതിരെ പ്രകടമായ മുന്‍വിധി നിഷ്പക്ഷമതികള്‍ക്ക് കാണാം. ആ വിഷയങ്ങള്‍ ഓരോന്നായി ചര്‍ച്ചയ്‌ക്കെടുക്കുന്നില്ല. അത്തരം മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ അല്ല ആദ്യത്തെ വര്‍ഷം വിലയിരുത്തപ്പെടേണ്ടത് എന്ന് പറഞ്ഞ് ആ ഭാഗം വിടുന്നു.

പിണറായി സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ മുഖം മുഖ്യമന്ത്രിയുടെ നേതൃത്വം തന്നെ ആണ്. ജോപ്പനും ജിക്കുമോനും സലിംരാജും മേയുന്ന പുല്പുറമാകാന്‍ സര്‍ക്കാരിനെ വിട്ടുകൊടുക്കാതിരിക്കുമ്പോള്‍ അത് ധാര്‍ഷ്ട്യമായോ അധികാരകേന്ദ്രീകരണമായോ വ്യാഖ്യാനിക്കേണ്ടതില്ല. കെന്നഡി അമേരിക്കയുടെ പ്രസിഡന്റ് ആയപ്പോള്‍ ഓവല്‍ ഓഫീസില്‍ ഒരു ബോര്‍ഡ് ഉണ്ടായിരുന്നു. ദ് ബക്ക് സ്‌റ്റോപ്&്വംിഷ;സ് ഹിയര്‍. കേരള ജനത കാത്തിരുന്ന ഒരു മാറ്റമാണ് പിണറായി സാക്ഷാത്ക്കരിക്കുന്നത്. 1977 ലെ തിരഞ്ഞെടുപ്പില്‍ കേരളം വോട്ട് ചെയ്തത് ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയ്ക്ക് അനുകൂലമായിട്ടല്ല. ബസും തീവണ്ടിയും സമയത്ത് ഓടിയതിനാണ്. സര്‍ക്കാരാഫീസുകളില്‍ പത്തുമുതല്‍ അഞ്ചുവരെ ഉദ്യോഗസ്ഥര്‍ ജോലി ചെയ്തതിനാണ് . ഹര്‍ത്താലും മറ്റു തോന്നിയവാസങ്ങളും കൂടാതെയും ജനാധിപത്യം പുലരും എന്ന് തെളിഞ്ഞതിനാലാണ്. മോദിയുടെയും പിണറായിയുടെയും നേതൃത്വശൈലിയിലെ ഈ അംശം വലിയ പാതകമായി ചിത്രീകരിക്കരുത്. പിണറായിയാണെങ്കില്‍ പണ്ട് വൈദ്യുതിമന്ത്രി ആയിരുന്നപ്പോള്‍ ചെയ്തതും ഇതുതന്നെയായിരുന്നു. ഒരു കാര്യം ചെയ്ത് തീര്‍ക്കാന്‍ മൂന്നുമാസം പോരെങ്കില്‍ അത് ആദ്യംതന്നെ ബോദ്ധ്യപ്പെടുത്തണം. വാക്ക് പറഞ്ഞാല്‍ വാക്ക് ആയിരിക്കണം. പിന്നെ ഞഞ്ഞാമിഞ്ഞാ പറയരുത്. ഒരു ഭരണാധികാരിക്ക് ഇങ്ങനെ ചില ശാഠ്യങ്ങള്‍ ഉണ്ടാവുന്നത് നല്ലതല്ലേ?

അടിസ്ഥാന സൗകര്യവികസനം.

ഈ ദൃഢനിശ്ചയം തെളിഞ്ഞ ഒരു മേഖലയാണ് അടിസ്ഥാന സൗകര്യവികസനം. അവിടെ എടുത്തുപറയേണ്ട ഒരു സംഗതിയാണ് പ്രകൃതിവാതകം കൊണ്ടുപോകാനുള്ള ഗെയില്‍ പദ്ധതി. പ്രാദേശികമായ തര്‍ക്കങ്ങളും കഴിഞ്ഞ സര്‍ക്കാരിന് ഉറച്ച തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും വേണ്ട കരളുറപ്പ് അന്യമായിരുന്നു എന്ന അവസ്ഥയും ഒത്തുചേര്‍ന്നപ്പോള്‍ പദ്ധതിയുടെ ആവശ്യത്തിന് സ്ഥലം എടുക്കാന്‍ കഴിയാതായി. പിണറായി നേരിട്ട് ഇടപെട്ട ഒരു മേഖലയാണ് ഇത്. അദ്ദേഹത്തിന്റെ കൃത്യമായ മേല്‍നോട്ടവും നിരന്തരമായ ഇടപെടലും ആ പദ്ധതിക്ക് നവജീവന്‍ പ്രദാനം ചെയ്തിരിക്കുകയാണ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ജോലി ഏതാണ്ട് പൂര്‍ത്തിയായ മട്ടാണ്. ഇനി ഒരു ഒന്നൊന്നരക്കൊല്ലം കൊണ്ട് ഈ യത്&്വംിഷ;നം പൂര്‍ണമാവുന്നതോടെ കേരളത്തിന്റെ ഇന്ധന ലഭ്യതയ്ക്ക് ഒരു കുതിച്ചുചാട്ടമാണ് ഉണ്ടാവുക.

റോഡുകളുടെ വികസനം

അതുപോലെതന്നെയാണ് റോഡുകളുടെ വികസനം. കാസര്‍കോട്ട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്ററില്‍ ഒതുങ്ങിയിട്ടായാലും ഒരു ആറുവരിപ്പാത വരികയാണ്. ഈ വരും ചിങ്ങത്തില്‍ തന്നെ പണി തുടങ്ങാന്‍ പാകത്തിന് സ്ഥലമെടുപ്പും മറ്റു അനുബന്ധ നടപടികളും ഊര്‍ജ്ജിതമായി മുന്നോട്ടുപോകുന്നു എന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. 2021 ല്‍ തിരഞ്ഞെടുപ്പ് വരുന്നതിന് മുന്‍പ് ഈ ആറുവരിപ്പാത പൂര്‍ത്തിയാകും എന്നാണ് കേള്‍ക്കുന്നത്. സ്ഥലം കേരളം ആയതുകൊണ്ട് സംശയം തോന്നാമെങ്കിലും ആള്‍ പിണറായി ആയതുകൊണ്ട് വിശ്വാസവും തോന്നാം. പോരെങ്കില്‍ ഫാസ്റ്റ് പാസഞ്ചറിന്റെ പിറകെ ഓട്ടോറിക്ഷയില്‍ പാഞ്ഞ കവി സുധാകരനാണല്ലോ മന്ത്രി.

തീരദേശപാത

ഇതൂടെ പറയണം തീരദേശപാതയുടെ കാര്യവും. 630 കിലോമീറ്റര്‍ നീളത്തില്‍ 6500 കോടി രൂപ ചെലവില്‍.വേറെയുമുണ്ട് പ്രഖ്യാപിച്ച പദ്ധതികള്‍. അവ എണ്ണിപ്പറയുന്നില്ല. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് മുന്‍പ് ഒരു സര്‍ക്കാരും നല്‍കിയിട്ടില്ലാത്തത്ര ഊന്നല്‍ കഴിഞ്ഞ ഒരു കൊല്ലം കൊണ്ടുതന്നെ ഈ സര്‍ക്കാര്‍ ഉറപ്പിച്ചിരിക്കുന്നുഎന്ന സംഗതി ശ്രദ്ധിക്കാതെ വയ്യ.<യൃ />

വിഴിഞ്ഞം പദ്ധതി

വിഴിഞ്ഞം പദ്ധതിയുടെ കാര്യവും എടുത്തുപറയണം. അത് ഈ സര്‍ക്കാരിന്റെയല്ല എന്ന് നമുക്കറിയാം. സത്യത്തില്‍ ഇരുനൂറ് കൊല്ലംമുമ്പ് രാജാകേശവദാസന്‍ എന്ന വലിയ ദിവാന്‍ജിയാണ് വിഴിഞ്ഞത്ത് ഒരു തുറമുഖം വേണം എന്ന് ആദ്യം നിര്‍ദ്ദേശിച്ചത്. അതുകൊണ്ട് ആശയത്തിന്റെ പകര്‍പ്പവകാശം മറ്റാര്‍ക്കും ഇല്ല. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷം വിഴിഞ്ഞത്ത് കണ്ടത് പൂര്‍വ്വാധികം ഉത്സാഹത്തോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ്. 2019 ല്‍ പദ്ധതിയുടെ ഉദ്ഘാടനം നടക്കും എന്ന് അദാനിയുടെ മുഖ്യനിര്‍വ്വഹണോദ്യോഗസ്ഥനായ സന്തോഷ് മഹോപാത്ര എന്ന പഴയ ഐ.എ.എസ് കാരന്‍ പറയുമ്പോള്‍ വിശ്വസിക്കാന്‍ തോന്നുന്നത് സന്തോഷിന് പിണറായി സര്‍ക്കാരിലുള്ള വിശ്വാസവും തന്റെ പ്രതീക്ഷയുടെ അടിത്തറയായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നതിനാലാണ്.

പൊന്നാനിയിലെ സ്വകാര്യതുറമുഖം, കോവളം കാസര്‍കോട് ജലപാത തുടങ്ങി നമുക്ക് പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ പദ്ധതികളുടെ തുടക്കത്തിന് സാക്ഷ്യം വഹിച്ചതായി പിണറായിയുടെ പ്രഥമ സംവത്സരം.

ജലം

ജലത്തിന്റെ ദുര്‍ലഭത പരിഹരിക്കാന്‍ മന്ത്രി മാത്യു ടി. തോമസ് നടത്തിയ ''ഭഗീരഥ'' പ്രയത്&്വംിഷ;നം ഈ സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ ചാര്‍ത്തി. പണ്ട് അച്യുതമേനോന്റെ ഭരണകാലത്താണ് ഇതിന് സമാനമായ ഒരു പരിശ്രമം ഉണ്ടായതും ഫലം കണ്ടതും. ഒരു ജനാധിപത്യ സംവിധാനത്തില്‍ മന്ത്രിയും ഉദ്യോഗസ്ഥരും എങ്ങനെയാണ് പരസ്പര ധാരണയോടെ ഒത്തുപ്രവര്‍ത്തിക്കേണ്ടത് എന്ന് തെളിഞ്ഞ നാളുകളാണ് നാം കണ്ടത്. താന്‍ പാതി, ദൈവം പാതി എന്ന പ്രമാണം സാധൂകരിച്ചുകൊണ്ട് ഈശ്വരന്‍ മാത്യു മന്ത്രിയുടെ പ്രാര്‍ത്ഥനയ്ക്കും ഉത്തരമരുളാതിരിക്കുന്നില്ല എന്നത് ഒപ്പം പറയേണ്ട ഒരു കൗതുകവാര്‍ത്ത. മഴ പെയ്യുന്നുണ്ടല്ലോ.<യൃ />

കിഫ്

കിഫ് ബിയെക്കുറിച്ച് പഴയ ഒരു ധനമന്ത്രി എഴുതിയ ഒരു ലേഖനം ഈയിടെ വായിച്ചു. അദ്ദേഹം ആ കസേരയില്‍ ഇരുന്നപ്പോഴും ഈ സാധനം ഉണ്ടായിരുന്നു എന്നും അന്ന് താന്‍ പത്തുകോടി പിരിച്ചതാണ് എന്നു പോലും അദ്ദേഹത്തിന് ഓര്‍മ്മയില്ല! കിഫ്ബിയുടെ മാര്‍ഗനിര്‍ദ്ദേശക മണ്ഡലത്തില്‍ അംഗങ്ങളായ ദേശീയ പ്രശസ്തിയുള്ള സാമ്പത്തിക ശാസ്ത്രവിശാരദന്മാര്‍ക്ക് കണ്ണ് കിട്ടാതിരിക്കാന്‍ ഡോ. തോമസ് ഐസക് എന്നെയും ചേര്‍ത്തിട്ടുണ്ട് എന്നതൊഴിച്ചാല്‍ എല്ലാംകൊണ്ടും കൊള്ളാവുന്ന ഒരു പരിപാടിയാണ് കിഫ്ബി. ധനകാര്യത്തില്‍ ശങ്കരനാരായണന് സമശീര്‍ഷനായ ശിവദാസമേനോന്‍ ധനമന്ത്രിയും ഇപ്പോഴത്തെ ധനസെക്രട്ടറി ഡോ. കെ.എം. എബ്രഹാം റിസോഴ്‌സസ് സെക്രട്ടറിയും ആയിരുന്ന കാലത്ത് തുടങ്ങിയതാണ് കിഫ്ബി. എബ്രഹാമിന്റെ ഉത്പന്നം, മേനോന്റെ പായ്ക്കിംഗ് .അത് ഗൗരവബുദ്ധ്യാ പരിഗണിക്കാന്‍ പിണറായിയും ഐസക്കും തീരുമാനിച്ചതുകൊണ്ട് ഇപ്പോള്‍ കിഫ്ബി കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുവെന്ന് മാത്രം. സര്‍ക്കാരിന്റെ വിശ്വാസ്യത തീര്‍ച്ചയായും പ്രധാനമാണ്. പിണറായിയും ഐസക്കും ഉള്ള കാലത്തോളം അതിന് കോട്ടം തട്ടേണ്ടതില്ല എന്നാണ് എന്റെ വിചാരം. സുധാകരന്റെ പൊതുമരാമത്ത് വകുപ്പിനെ കുപ്പിയിലാക്കാന്‍ ഐസക് കൊണ്ടുവന്ന വ്യാജമദ്യമാണ് കിഫ്ബി എന്നൊക്കെ പറയുന്നവര്‍ കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ചിട്ടില്ല.<യൃ />

ഈ കഴിഞ്ഞ കൊല്ലത്തെ പെര്‍ഫോമന്‍സ് ശ്രദ്ധയില്‍ കൊണ്ടുവരുന്ന ഒന്നുരണ്ട് പോരായ്മകള്‍ കൂടെ സൂചിപ്പിച്ചുകൊള്ളട്ടെ. ഒന്നാമത്തെ കാര്യം മന്ത്രിമാര്‍ കുറച്ചുകൂടെ മുന്നോട്ട് കയറി നില്‍ക്കണം എന്നത് തന്നെ. കരുണാകരന്‍ മന്ത്രിസഭയിലെ സി.എം. സുന്ദരത്തെ പോലെ വിനീതരാണ് മിക്കവരും. അത്ര വേണ്ട. തോമസ് ഐസക്, മേഴ്‌സിക്കുട്ടിഅമ്മ,ശൈലജ, കടകംപള്ളി, മാത്യു തോമസ്, മൊയ്&്വംിഷ;തീന്‍, സുധാകരന്‍ തുടങ്ങി പ്രഗല്‍ഭര്‍ പലരുണ്ടെങ്കിലും മന്ത്രിമാര്‍ തിരുവാ എതിര്‍വാ, ചിത്രം വിചിത്രം, വക്രദൃഷ്ടി തുടങ്ങിയ പരിപാടികള്‍ക്ക് നിറം പകരാന്‍ മാത്രം സൃഷ്ടിക്കപ്പെട്ടവരാണ് എന്ന ധാരണ ഉണ്ടാകുന്നത് സര്‍ക്കാരിന് നല്ലതല്ല.

കണ്ണൂര്‍

രണ്ടാമത്തെ കാര്യം കണ്ണൂരില്‍ മുഖ്യമന്ത്രി കുറെക്കൂടെ ശ്രദ്ധിക്കണം എന്നതാണ്. പിണറായിയില്‍ നിന്ന് പി.ബി വരെ വളര്‍ന്നയാള്‍ക്ക് കണ്ണൂരിനെ പതിന്നാല് ജില്ലകളില്‍ ഒന്നായി മാത്രം കാണാനും കഴിയും എന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യം വരണം. അവിടെ 196870 കാലത്ത് രണ്ട് രണ്ടരക്കൊല്ലം ജീവിച്ചയാളാണ് ഞാന്‍. എന്ത് നല്ല മനുഷ്യര്‍, എന്ത് നല്ല സ്ഥലം. പഴയ കാനാമ്പുഴ പോലെ ശുദ്ധജലം നിറഞ്ഞൊഴുകേണ്ടിടത്ത് ചോര ഒഴുകരുത്. ഏതെങ്കിലും ഒരു കൊലപാതകത്തിന് മറുപടിയായി കൊല നടത്താതിരിക്കാന്‍ ഏതെങ്കിലും ഒരു കക്ഷി തീരുമാനിക്കാതെ അത് സാധ്യമാവുകയില്ല. അതിന് മുന്‍കൈ എടുക്കേണ്ടതും ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെയാണ്.

ഇരുപതില്‍ ഇരുപത് മാര്‍ക്കും നേടാവുന്ന ഒരു കുട്ടിക്ക് അതിന് താഴെ ഒരു മാര്‍ക്കും തൃപ്തികരമല്ല എന്ന തിരിച്ചറിവൊടെ ഞാന്‍ ഈ മന്ത്രിസഭയ്ക്ക് പന്ത്രണ്ട് മാര്‍ക്ക് നല്‍കുന്നു. ഇരുപതിലെ ഈ പന്ത്രണ്ട് അടുത്ത വാര്‍ഷികത്തില്‍ നാലപതിലെ മുപ്പതായി ഉയരട്ടെ എന്ന് കേരളം പ്രാര്‍ത്ഥിക്കുന്നു. പിണറായി വിജയനില്‍ ഞങ്ങള്‍ കേരളീയര്‍ക്ക്, കക്ഷിഭേദമെന്യെ, പ്രത്യാശയുണ്ട്. ഞങ്ങളെ നിരാശപ്പെടുത്തരുത്. ഞങ്ങളുടെ ഈ പ്രത്യാശയും ശുഭപ്രതീക്ഷയും ഒരു വെല്ലുവിളിയായും പ്രോത്സാഹനമായും കാണുവാന്‍ സര്‍ക്കാരിന് കഴിയട്ടെ.
Join WhatsApp News
Tom Abraham 2017-05-16 10:38:45
Vijayan vijayi keejay 90/100
Democrat 2017-05-16 12:10:38

ഒന്നുകിൽ ട്രമ്പിന് കീജയ് വിളി അല്ലെങ്കിൽ പിണറായിക്ക് വിളി അല്ലാതെ കയ്യാലപുറത്തെ തേങ്ങപോലെ ഇരിക്കാതെ തോമാച്ച. ട്രമ്പറിയണ്ട എടുത്തിട്ട് കുത്തും


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക