Image

സുമനുസുകള്‍ കൈകോര്‍ത്തു; ബഷീറിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങി

Published on 18 May, 2017
സുമനുസുകള്‍ കൈകോര്‍ത്തു; ബഷീറിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങി
   ജിദ്ദ: ഒരു വര്‍ഷത്തിലേറെയായി ജിദ്ദയില്‍ തടവു ശിക്ഷ അനുഭവിക്കുന്ന കൊണ്ടോട്ടി പള്ളിക്കല്‍ ബസാര്‍ സ്വദേശി ബഷീറിന്റെ ജിദ്ദയിലുള്ള കുടുംബം സുമനസ്സുകളുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങി. ബഷീറിന്റെ ഭാര്യ നസീറക്കും അഞ്ചു കുട്ടികള്‍ക്കുമുള്ള വിമാന ടിക്കറ്റുകളും, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും ബഷീര്‍ സഹായസമിതി അംഗങ്ങള്‍ കൈമാറി. യാത്രയയപ്പ് ചടങ്ങില്‍ ബഷീര്‍ സഹായസമിതി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു.

ജിദ്ദയില്‍ മത്സ്യവില്‍പന നടത്തി വരികയായിരുന്ന ബഷീര്‍ തൊഴില്‍ സംബന്ധമായി സ്‌പോണ്‌സറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഒരു വര്‍ഷം മുന്പ് ജയിലിലായത്. കച്ചവടം നഷ്ടത്തിലാണെന്ന് കാണിച്ചു എണ്‍പത്തിനാലായിരം റിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ കേസില്‍ സ്‌പോണ്‍സര്‍ അനുകൂല വിധി സന്പാദിക്കുകയായിരുന്നു. സ്‌പോണ്‍സര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരിക്കുകയും ബഷീറിന്റെ വരുമാന മാര്‍ഗങ്ങള്‍ മുടങ്ങുകയും ചെയ്തതോടെ ജയില്‍വാസം അനന്തമായി നീളുകയായിരുന്നു.

പതിനാറുവര്‍ഷമായി നാട്ടിലേക്ക് പോകാത്ത ബഷീര്‍ നാലുവര്‍ഷം മുന്പാണ് ഭാര്യയേയും മൂന്നു കുട്ടികളെയും സന്ദര്‍ശക വിസയില്‍ സൗദിയിലേക്ക് കൊണ്ടുവന്നത്. ഒരു കുട്ടിക്ക് മാനസിക വൈകല്യമുണ്ട്. സൗദിയില്‍ രണ്ടു കുട്ടികള്‍ കൂടി ജനിച്ചു. ഭാര്യയുടെയും അഞ്ച് കുട്ടികളുടെയും വിസാ കാലാവധി വര്‍ഷങ്ങള്‍ക്ക് മുന്‌പേ അവസാനിച്ചിരുന്നു. സൗദി നിയമപ്രകാരം താമസ നിയമലംഘകരായ കുടുംബം ബഷീര്‍ ജയിലില്‍ ആയതോടെ കൂടുതല്‍ ദുരിതത്തിലായി. 

ബഷീറിന്റെയും കുടുംബത്തിന്റെയും ദുരിതകഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ജിദ്ദയിലെ സുമനസ്സുകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു. സന്നദ്ധ സംഘടനകളും, പൊതു പ്രവര്‍ത്തകരും, വ്യവസായികളും ചേര്‍ന്ന്! ബഷീര്‍ സഹായ സമിതിക്ക് രൂപം നല്‍കി. അബ്ദുല്‍ ഹഖ് തിരൂരങ്ങാടി ചെയര്‍മാനും, അബ്ദുറഹ്മാന്‍ വണ്ടൂര്‍ ഫിനാന്‍സ് കോഡിനേറ്ററുമായ സമിതി ജിദ്ദയിലെ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഫണ്ട് സ്വരൂപിച്ചു. ഒരു രേഖയുമില്ലാതെ സൗദിയില്‍ ജനിച്ച കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതിന് ശേഷം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കുടുംബത്തിന് നാട്ടിലേക്ക് മടങ്ങാനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. ശുമൈസിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റ് ലഭിച്ചതിനു പിന്നാലെ നാട്ടിലേക്കുള്ള വിമാനടിക്കറ്റും സമിതി നല്‍കി. നാട്ടിലേക്ക് കൊണ്ട് പോകാനുള്ള അത്യാവശ്യ സാധനങ്ങളും, നാട്ടില്‍ അത്യാവശ്യ ജീവിത ചെലവിനുള്ള പണവും നല്‍കിയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ബഷീറിന്റെ കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കിയത്. സഹായിച്ച എല്ലാവര്‍ക്കും ബഷീറും ഭാര്യ നസീറയും നന്ദി പറഞ്ഞു.

ശറഫിയ ഇംപാല ഗാര്‍ഡനില്‍ നടന്ന ബഷീറിന്റെ കുടുംബത്തിനുള്ള യാത്രയയപ്പ് ചടങ്ങില്‍ അബ്ദുല്‍ ഹഖ് തിരൂരങ്ങാടി, അബ്ദുറഹ്മാന്‍ വണ്ടൂര്‍ എന്നിവര്‍ വിമാന ടിക്കറ്റ് കൈമാറി. ഇസ്മായില്‍ കല്ലായി, വി.പി ഷിയാസ്, അബ്ദുറഹീം, ഹംസ കൊട്ടൂക്കര, സിദ്ധീഖ്, ഇസ്മായില്‍ താഹ, അബ്ദുല്‍ മജീദ് നഹ, ശരീഫ് അറയ്ക്കല്‍ എന്നിവര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. വിവിധ സംഘടനാ പ്രതിനിധികളും പൊതുപ്രവര്‍ത്തകരും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: മുസത്ഫ കെ.ടി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക