Image

ഏഴിമല അക്കാദമി കെട്ടിടത്തില്‍നിന്ന്‌ വീണു നാവികന്‍ മരിച്ചു

Published on 19 May, 2017
ഏഴിമല അക്കാദമി കെട്ടിടത്തില്‍നിന്ന്‌ വീണു നാവികന്‍  മരിച്ചു

പയ്യന്നൂര്‍ :  ഏഴിമല നാവിക അക്കാദമിയിലെ നാവികന്‍ കെട്ടിടത്തിനു മുകളില്‍നിന്ന്‌ വീണുമരിച്ചു. മലപ്പുറം താനാളൂര്‍ കെ പുരത്തെ പുത്തുക്കാട്ട്‌ സൂരജ്‌ ഗൂഡപ്പ(25)യാണ്‌ മരിച്ചത്‌. 

 ഏഴുവര്‍ഷമായി അക്കാദമിയില്‍ സെയ്‌ലറായി ജോലിചെയ്യുന്ന സൂരജിനെ ബുധനാഴ്‌ച വൈകിട്ട്‌ 5.30നാണ്‌ ആര്യഭട്ട എന്ന കെട്ടിടത്തിന്‌ മുകളില്‍നിന്ന്‌ വീണനിലയില്‍ കണ്ടെത്തിയത്‌. ഉടന്‍ അക്കാദമി ആശുപത്രിയിലും തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും എത്തിച്ചെങ്കിലും വ്യാഴാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു.

പതിനെട്ടാം വയസില്‍ സൂരജ്‌ നാവിക അക്കാദമിയില്‍ സെയ്‌ലറായി ജോലിക്ക്‌ കയറി. പിന്നീട്‌ ഓഫീസര്‍ ജോലിക്കായി പരീക്ഷയെഴുതി. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന്‌ ആരോപിച്ച്‌ സൂരജിന്റെ സ്ഥാനക്കയറ്റം തടയാന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി പറയുന്നു.

 ഇതിനിടെ, സൂരജിനെ തരംതാഴ്‌ത്തുകയും ചെന്നൈയിലേക്ക്‌ സ്ഥലംമാറ്റുകയും ചെയ്‌തു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സൂരജിന്‌ അനുകൂലവിധി ലഭിച്ചു. രണ്ടുമാസം മുന്‍പ്‌ ഓഫീസര്‍ ട്രെയിനിയായി വീണ്ടും ഏഴിമലയില്‍ എത്തുകയായിരുന്നു. അക്കാദമിയിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന്‌ സൂരജ്‌ വീട്ടിലേക്ക്‌ ഫോണ്‍ ചെയ്‌ത്‌ പറഞ്ഞിരുന്നു.

സൂരജ്‌ ആത്മഹത്യ ചെയ്യില്ലെന്ന്‌ സഹോദരന്‍ സനോജ്‌ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി സനോജ്‌ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. 

 കര്‍ണാടക സ്വദേശി റിട്ട. നാവിക ഉദ്യോഗസ്ഥന്‍ ഗൂഡപ്പയുടെയും മലയാളിയായ പുഷ്‌പലതയുടെയും മകനാണ്‌ സൂരജ്‌ ഗൂഡപ്പ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക