Image

പി.ഡി. ജോസഫിന്റെ ഒരൊറ്റ ടെലിഗ്രാം : തന്തൂരി കേസ് പ്രതി സുശീല്‍ കുമാറിന് ജയില്‍ (ഫ്രാന്‍സിസ് തടത്തില്‍ 17)

ഫ്രാന്‍സിസ് തടത്തില്‍ Published on 19 May, 2017
പി.ഡി. ജോസഫിന്റെ ഒരൊറ്റ ടെലിഗ്രാം : തന്തൂരി കേസ് പ്രതി സുശീല്‍ കുമാറിന് ജയില്‍ (ഫ്രാന്‍സിസ് തടത്തില്‍ 17)
തൃശൂര്‍ ദീപിക ഡസ്‌കില്‍ നിന്ന് ബ്യൂറോയിലേക്ക് രാത്രി എട്ടു മണിക്ക് ഒരു ഫോണ്‍ കോള്‍ . ഞാന്‍ ബ്യൂറോ അടച്ച് റൂമിലേക്കു പോകാനൊരുങ്ങുകയായിരുന്നു അപ്പോള്‍ . ഫോണിന്റെ മറുതലയ്ക്കല്‍ നിന്നൊരാവശ്യം ....അടിയന്തിരമായി ഒരാളെ കണ്ടു പിടിച്ച് ഫോട്ടോ സഹിതം ഒരു വാര്‍ത്ത വേണം . വിഷയം ദേശീയ പ്രാധാന്യമുള്ളതാണ് . പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിറ്റിഐ) യുടെ ഒരു ടേക്ക് വന്നതാണ് ഈ കോലാഹലത്തിനെല്ലാം കാരണം . ആളുടെ പേര് പി.ഡി. ജോസഫ് . അഡ്രസില്ല . പേരും സ്ഥലവും മാത്രം . സ്ഥലം തൃശൂര്‍ ജില്ലയില്‍ തിരൂര്‍ . വിഷയം അന്നത്തെ ഏറ്റവും പ്രമാദമായ തന്തൂരി കേസ് . ഡല്‍ഹിയില്‍ നടന്ന തന്തൂരി കേസില്‍ ഇങ്ങു കുഞ്ഞു കേരളത്തിലിരുന്ന സാധാരണക്കാരനായ ജോസഫിനെന്തു കാര്യമെന്നു ചോദിക്കാന്‍ വരട്ടെ . അത്ര പെട്ടെന്ന് ആര്‍ക്കും മറക്കാനാവാത്ത വെടിക്കെട്ടു പണിയാണ് തന്തൂരി കേസ് പ്രതി സുശീല്‍ ശര്‍മയെന്ന കോണ്‍ഗ്രസ് നേതാവിനിട്ടു നമ്മുടെ ജോസഫ് കൊടുത്തത് ...

തിരൂര്‍ സ്വദേശിയായ പി.ഡി. ജോസഫ് എന്നയാള്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനയച്ച ടെലിഗ്രാം റിട്ട് ഹര്‍ജിയായി പരിഗണിച്ച് കേസിലെ മുഖ്യ പ്രതി സുശീ ല്‍ കുമാര്‍ ശര്‍മയെന്ന കോണ്‍ഗ്രസിന്റെ യുവനേതാവിനെ അറസ്റ്റു ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടതാണ് എല്ലാത്തിനും കാരണം . തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ചെന്നൈ പോലീസിന്റെ കണ്‍മുമ്പില്‍ യാതൊരു ഭയവുമില്ലാതെ വിലസുകയായിരുന്ന സുശീല്‍ കുമാറെന്ന കൊലകൊമ്പന് പി.ഡി. ജോസഫെന്ന സാധാരണക്കാരനായ മലയാളിയുടെ ഒരൊറ്റ ടെലിഗ്രാമിനു മുമ്പില്‍ അടിതെറ്റി . ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ഒരു ടെലിഗ്രാം റിട്ട് ഹര്‍ജിയായി പരിഗണിച്ച് പ്രതിയെ അസ്റ്റു ചെയ്യാന്‍ ഉത്തരവിട്ട അപൂര്‍വ കോടതി വിധി . 

ആരാണീ പി.ഡി. ജോസഫ് .... ? അതും വ്യക്തമായി ഒരു അഡ്രസു പോലും പിറ്റിഐ ടേക്കിലില്ല . അഡ്രസ് ഇല്ല . ആകെയുള്ളത് ഒരു വ്യക്തിയുടെ പേരും സ്ഥലപ്പേരും മാത്രം . അഡ്രസില്ലാത്ത ഒരു വ്യക്തിയുടെ പേരും സ്ഥലപ്പേരും വച്ചു മാത്രം കോടതി എങ്ങനെ ടെലിഗ്രാം റിട്ട് ഹര്‍ജിയായി പരിഗണിച്ചു ....എഡിറ്റോറിയല്‍ ഡസ്‌കില്‍ ചൂടേറിയ ചര്‍ച്ച തുടങ്ങിയിട്ട് അരമണിക്കൂറിലേറെയായി . എന്തായാലും ബ്യൂറോയില്‍ വിളിക്കാമെന്നു കരുതി അവര്‍ വിളിച്ചതാണ് , എട്ടു മണിക്ക് എനിക്കു വന്ന കോള്‍ . എന്തായാലും വിവരം കേട്ട പാടെ എനിക്കു കാര്യം പിടികിട്ടി . ഏതാനും മണിക്കൂറു മുമ്പ് എന്റെ ഓഫീസില്‍ വന്നു പോയ ആള്‍ . എല്ലാ ദിവസവും എന്തെങ്കിലും പ്രതികരണങ്ങളുമായി രാഷ്ട്രദീപികയില്‍ പതിവായി വരാറുള്ളയാള്‍ .
തൊഴില്‍ ഹോട്ടലുകള്‍ക്ക് ഊണിനു വേണ്ട അച്ചാര്‍ നിര്‍മിച്ചു നല്‍കുന്ന പണി. മിച്ചം വരുന്ന അച്ചാര്‍ മെഡിക്കല്‍ കോളേജിലെ പാവപ്പെട്ട രോഗികള്‍ക്ക് കഞ്ഞി കുടിക്കാനായി സൌജന്യമായി നല്‍കും . 

ഒന്നുരണ്ടു വിഷയങ്ങളില്‍ ദേശീയ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെങ്കിലും സ്ഥിരം പ്രസ്താവനത്തൊഴിലാളി ... പല വിധ കൌതുക , പ്രതിഷേധ സമരങ്ങളീ വിധം നടത്തുന്ന അയാള്‍ അന്നു തന്ന വാര്‍ത്ത ഞങ്ങള്‍ ഒരു ബിറ്റു വാര്‍ത്തയായി കൊടുത്തിരുന്നു . കാരണം ആ വാര്‍ത്തയ്ക്ക് അത്രയ്ക്കു പ്രാധാന്യമേ ഞങ്ങള്‍ കണ്ടിരുന്നുള്ളൂ . വാര്‍ത്ത തന്ന ജോസഫും അത്ര മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ . അന്നത്തെ ഞങ്ങളുടെ ബ്യൂറോ ചീഫ് അലക്‌സാണ്ടര്‍ സാര്‍ ജോസഫിനെ കണക്കറ്റു കളിയാക്കിയെങ്കിലും ഇയാള്‍ ഇത്ര പെട്ടെന്ന് ഇത്ര വലിയ ഹീറോ ആകുമെന്ന് ഞങ്ങള്‍ സ്വപ്‌നേപി വിചാരിച്ചില്ല . 

അന്നു രാവിലെ ഏതാണ്ട് 11 മണിക്ക് ബ്യൂറോയിലെത്തിയ ജോസഫ് ഒരു ന്യൂസ് തന്നു . തെളിവായി ടെലിഗ്രാമിന്റെ കൌണ്ടര്‍ ഫോയിലും . കൊണ്ടര്‍ ഫോയില്‍ ബ്യൂറോ ചീഫ് അലക്‌സാണ്ടര്‍ സാമിനെ കാണിച്ചു . എന്നിട്ടു പറഞ്ഞു – 
സര്‍ , ഞാന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌ററീസിനു കമ്പിയടിച്ചു. ...

ഹഹഹ.... അലക്‌സ് സാര്‍ പതിവു ചിരി പാസാക്കിക്കൊണ്ട് എന്നോടു പറഞ്ഞു . അറിഞ്ഞോ , നമ്മുടെ ജോസഫ് കമ്പിയടിച്ചു ....മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ... 
അപ്പോള്‍ ജോസഫ് ടെലിഗ്രാമിന്റെ കൌണ്ടര്‍ ഫോയില്‍ നീട്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു – 

സര്‍ , സത്യമായിട്ടും ഇതാ ടെലിഗ്രാമിന്റെ കൌണ്ടര്‍ ഫോയില്‍ . നാളെ ശനിയാഴ്ച ആയതു കൊണ്ടാ ടെലിഗ്രാം അയച്ചത് . 

അതോടെ അലക്‌സ് സാര്‍ ഗൌരവക്കാരനായി . 
എന്റെ ജോസഫേ , ഈ ടെലിഗ്രാമൊക്കെ റിട്ടായി പരിഗണിക്കുമെന്നു തോന്നുന്നുണ്ടോ ....? സാര്‍ ചോദിച്ചു . തികച്ചും നിഷ്‌കളങ്കമായിട്ടായിരുന്നു ജോസഫിന്റെ മറുപടി – 
അറിയില്ല സര്‍ , പരിഗണിച്ചേക്കുമെന്നാണ് വക്കീല്‍ പറഞ്ഞത് . പരിഗണിച്ചാല്‍ വലിയ സംഭവമല്ലേ സര്‍ ... ?
ജോസഫിന്റെ ആ വാക്കുകളില്‍ വരാനിരിക്കുന്ന ഒരു സ്‌ഫോടന വാര്‍ത്ത ഒളിഞ്ഞിരിപ്പുണ്ടെന്ന് അപ്പോളാരറിയാന്‍ ...
ഇന്നത്തെ പോലെ ടെക്‌നോളജി അധികം വളര്‍ന്നിട്ടില്ലാത്ത കാലം . അയാളുടെ ഒരു പാസ്‌പോര്‍ട്ട് ചിത്രം പോലും കൈവശമില്ല . അയാളുടെ വീട് തിരൂരാണെന്നു മാത്രമറിയാം . എന്നാല്‍ ഞാനാണെങ്കില്‍ അതു വരെ തിരൂരിന്റെ പടി കടന്നിട്ടുമില്ല . ഞാന്‍ അലക്‌സ് സാറിനെ വിളിച്ചു . അന്ന് എ.എസ് . സതീശാണ് ഫോട്ടോ ഗ്രാഫര്‍ . അന്തിക്കാട് സ്വദേശിയായ സതീശും നേരത്തെ സ്ഥലം വിട്ടിരിക്കുന്നു . ഏതെങ്കിലും സ്റ്റുഡിയോ ഫോട്ടോഗ്രാഫറെയും കൂട്ടി ടാക്‌സി വിളിച്ച് വേഗം തിരൂര്‍ക്കു പോകാന്‍ നിര്‍ദ്ദേശം കിട്ടി . അവിടെ ആരോടെങ്കിലും ചോദിച്ചാല്‍ മതി . 

നിമിഷ നേരം കൊണ്ടു ടാക്‌സി വിളിച്ചു തിരൂരെത്തിയപ്പോള്‍ സമയം മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞിരിക്കുന്നു . നഗരത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണെങ്കിലും ഏതാണ്ടൊരു കുഗ്രാമം . വളരെ കുറച്ച് കടകള്‍ മാത്രമുള്ള ഒരു ചെറിയ അങ്ങാടി . ഞങ്ങള്‍ എത്തുമ്പോഴേക്കും മിക്കവാറും കടകള്‍ക്കെല്ലാം താഴു വീണിരുന്നു . ഇയാള്‍ തൃശൂരില്‍ പ്രശസ്തനാണെങ്കിലും സ്വന്തം നാട്ടില്‍ അത്ര പോപ്പുലറല്ല .അതങ്ങനെയാണല്ലോ . പ്രവാചകന്മാര്‍ സ്വന്തം നാട്ടില്‍ അറിയപ്പെടുകയില്ലെന്നാണല്ലോ . ഇയാളുടെ പല വീരഗാഥകളും പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ നാട്ടുകാരിലൊരാള്‍ക്ക് ഒരു കഥ ക്ലിക്ക് ആയി . അത് പിന്നീട് പറയാം . ഏതായാലും ഒരാള്‍ ഞങ്ങളുടെ കൂടെ വരാമെന്നേറ്റു .

 ടാറിട്ട റോഡില്‍ നിന്ന് ഒരു ചെമ്മണ്‍ പാത . കുണ്ടും കുഴിയുമായി ഏതാനും വാരകള്‍ പിന്നിട്ടപ്പോള്‍ വീടു കണ്ടു പിടിച്ചു . സമീപ വാസികളോടു ചോദിച്ച് വീടേതാണെന്ന് ഉറപ്പു വരുത്തി . തുടര്‍ന്ന് നടപ്പു പാതയാണ് . ചുറ്റും വാഴകള്‍ നട്ടിരുന്നതിനാല്‍ കൂരാക്കൂരിരുട്ട് . ഡ്രൈവര്‍ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്തിരുന്നതിനാല്‍ വീടു കാണാമെന്നായി . ഞങ്ങള്‍ പതിയെ മുമ്പോട്ടു പോകുമ്പോള്‍ ഞങ്ങളുടെ പുറകേയുണ്ട് നാലഞ്ചു വാഹനങ്ങള്‍....മാതൃഭൂമി , മനോരമ, ദേശാഭിമാനി, എക്‌സ്പ്രസ് , ഹിന്ദു , ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ പത്രങ്ങളുടേതായിരുന്നു വാഹനങ്ങള്‍ . അതു വരെ വീടിനു മുന്നില്‍ കത്തി നിന്നിരുന്ന ബള്‍ബ് പെട്ടെന്നണഞ്ഞു . ഏറ്റവും മുമ്പിലായിരുന്ന ഞാന്‍ കണ്ടു , ഒരാള്‍ വാഴത്തോട്ടത്തിലേക്ക് ഓടിയൊളിക്കുന്നു . 

വീട്ടുമുറ്റത്തെത്തിയ ഞങ്ങള്‍ ഉറക്കെ വിളിച്ചു – ജോസഫേ...
പെട്ടെന്ന് അകത്തു നിന്നൊരു സ്ത്രീശബ്ദം – ഏട്ടനിവിടില്ല . 
എവിടെപ്പോയി ... ?
അറിയില്ല . 
ഇപ്പം ഞാന്‍ കണ്ടതാണല്ലോ .... ?
അതേട്ടനാവൂല്ല .
പിന്നെയാരാ .... ? ഞാന്‍ വാഴത്തോട്ടത്തിലേക്കു പതിയെ കടന്നു . 

ജോസഫേ ....ഇങ്ങോട്ടു വാടോ ...ഇതു ഞാനാ ...ഫ്രാന്‍സിസ് ..ദീപിക .

എന്റെ ശബ്ദം തിരിച്ചറിഞ്ഞ ജോസഫ് ഒരു ചുണ്ടെലിയെപ്പോലെ വാഴത്തുറവില്‍ നിന്നു തല പുറത്തേക്കിട്ടു . എന്നിട്ടു മുമ്പോട്ടു വന്നു . 
സാറായിരുന്നോ ...ഞാന്‍ വിചാരിച്ചു വല്ല പോലീസുകാരുമായിരിക്കുമെന്ന് . 
അതെന്താടോ ... ? ഞാന്‍ ചോദിച്ചു . 

അത് ....ആദ്യം ഒരു വണ്ടി .പിന്നെ പിന്നെ തുരുതുരാന്നു നാലഞ്ചു വണ്ടി ...ഞാന്‍ കരുതി രാവിലെ കമ്പിയടിച്ചതിനു പോലീസ് അന്വേഷിച്ചു വന്നതായിരിക്കുമെന്ന് . ....ജോസഫ് പാതി ജീവനോടെ പറഞ്ഞു നിര്‍ത്തി . 

എടോ , എല്ലാവരും പത്രക്കാരാണ് .തന്റെ കമ്പി ജഡ്ജി റിട്ട് ഹര്‍ജിയായി പരിഗണിച്ച് സുശീല്‍കുമാറിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു . 

ഇതു കേട്ട ജോസഫ് ആദ്യം ചിരിച്ചെങ്കിലും പിന്നീട് മുഖം മാറി .

സര്‍, അയാളുടെ ഗുണ്ടകള്‍ എന്നെ അപായപ്പെടുത്തുമോ ... ? 
ഒന്നുമില്ല ജോസഫേ , താന്‍ ഇപ്പോള്‍ ഒരു ദേശീയ ഹീറോ ആയി മാറി. ഇനി തന്റെ സുരക്ഷ നോക്കാന്‍ ലോക്കല്‍ പോലീസ് ബാധ്യസ്ഥരാണ് . 

ജോസഫിന്റെ ചിത്രവും മറ്റുവിവരങ്ങളും ശേഖരിച്ച് ഞങ്ങള്‍ വേഗം ഡസ്‌കില്‍ മടങ്ങിയെത്തി . പിറ്റേന്നത്തെ ദ ഹിന്ദു മുതല്‍ എല്ലാ ദേശീയ പത്രങ്ങളിലും ഒന്നാം പേജിലെ സൂപ്പര്‍ ലീഡ് സ്റ്റോറി ജോസഫിനെക്കുറിച്ച് സചിത്ര ലേഖനം . മെയിന്‍ സ്റ്റോറി ഹൈക്കോടതിയുടെ അപൂര്‍വ ഉത്തരവ് വാര്‍ത്ത .
ഇനി എന്താണീ തന്തൂരിക്കേസ് എന്നല്ലേ.... ?

ഡല്‍ഹിയിലെ യുവ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന സുശീല്‍ കുമാര്‍ ശര്‍മയുടെ ഭാര്യയായിരുന്നു 29 കാരിയായിരുന്ന നൈനാ സാഹ്നി . നൈനയും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു . നൈനയ്ക്ക് മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അവളുടെ പഴയകാല സതീര്‍ഥ്യനുമായിരുന്ന മത്‌ലൂബുമായുണ്ടായിരുന്ന സൌഹൃദത്തില്‍ സംശയാലുവായതാണ് സുശീല്‍ കുമാര്‍ ശര്‍മയെ ഈ കൊലപാതകത്തിലേക്കു നയിച്ചത് . 
1995 ജൂലൈ 2 . അന്നാണ് ഇന്ത്യയൊട്ടാകെ പ്രകമ്പനം കൊള്ളിച്ച ആ നിഷ്ഠൂര കൊലപാതകം നടന്നത് ഇന്ദ്രപ്രസ്ഥത്തിന്റെ ഹൃദയഭാഗമെന്നു വിശേഷിപ്പിക്കാവുന്ന സൌത്ത് ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗില്‍ ... 

പതിവു പോലെ മന്ദിര്‍മാര്‍ഗിലെ തന്റെ ഫ്‌ലാറ്റിലെത്തിയ സുശീല്‍കുമാര്‍ കണ്ടത് മദ്യപിച്ചു കൊണ്ട് മറ്റാരുമായോ ഫോണില്‍ സംസാരിച്ചിരിക്കുന്ന ഭാര്യയെയാണ് . ഭര്‍ത്താവിനെ കണ്ട നൈന ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു . എന്നാല്‍ സുശീല്‍ കുമാറിന്റെ ഉള്ളില്‍ സംശയം കൊടുങ്കാറ്റായി വളര്‍ന്നു ....ഇതവന്‍ തന്നെ മത്‌ലൂബ് ....അയാളുറപ്പിച്ചു . നൈന വിളിച്ചു വച്ച ഫോണില്‍ നിന്ന് അയാള്‍ റീ –ഡയറക്റ്റ് ചെയ്തു വിളിച്ചു . ഊഹം തെറ്റിയില്ല – മറുതലയ്ക്കല്‍ മത് ലൂബ് തന്നെ ....പിന്നൊട്ടും വൈകിയില്ല . കോപാക്രാന്തനായ സുശീല്‍ കുമാര്‍ ശര്‍മ അകത്തു സൂക്ഷിച്ചിരുന്ന തന്റെ ലൈസന്‍സുള്ള തോക്കുമായി പുറത്തേയ്ക്കു വന്നു . ഒരിക്കല്‍ താനേറെ ലാളിച്ച ഭാര്യയുടെ ശിരസില്‍ ...കഴുത്തില്‍ ....ഒന്നല്ല ...രണ്ടല്ല ...മൂന്നു തവണ വെടിയുതിര്‍ത്തു . 

ഒരു നിമിഷാര്‍ധം കൊണ്ട് എല്ലാം കഴിഞ്ഞു . ചോരയില്‍ കുളിച്ച് മരിച്ചു കിടന്ന ഭാര്യയെ കോരിയെടുത്ത് ഉറ്റ സുഹൃത്തും ബഗിയ റസ്റ്റോറന്റ് മാനേജരുമായ കേശവ് കുമാറിനടുത്തേയ്ക്കാണ് പിന്നയാള്‍ പോയത് . മൃതദേഹം ചോപ്പിങ് കത്തി ഉപയോഗിച്ച് കഷണങ്ങളാക്കി തന്തൂരി അടുപ്പില്‍ വച്ചു കത്തിച്ചു .പുലര്‍ച്ചെ റോന്തു ചുറ്റാനിറങ്ങിയ ഡല്‍ഹി പോലീസ്  
കോണ്‍സ്റ്റബിള്‍ മലയാളിയായ അബ്ദുള്‍ നസിര്‍ കുഞ്ഞ് പതിവില്ലാതെ ബഗിയ റസ്റ്റോറന്റിലെ തന്തൂരി അടുപ്പില്‍ നിന്നു വലിയ തോതില്‍ പുകയുയരുന്നതു കണ്ട് ശ്രദ്ധിച്ചതാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവരാനിടയാക്കിയത് . 

പിടിയിലാകുമെന്നുറപ്പായ സുശീല്‍ കുമാര്‍ ആദ്യം രാജസ്ഥാനിലേക്കും പിന്നീട് മുംബൈയിലേക്കും തുടര്‍ന്ന് ചെന്നൈയിലേക്കും ഒളിച്ചു കടന്നു . കേന്ദ്രം കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന കാലം . ഇയാളാണെങ്കില്‍ ഭരണ തലപ്പത്തു സ്വാധീനമുള്ള എംഎല്‍എയും . ഡല്‍ഹി പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു ....അല്ലാതവര്‍ക്കെന്തു ചെയ്യാനാവും..... ?

ഇതോടെ ഇടതു പക്ഷവും ബിജെപിയും ദേശീയ ബന്ദ് വരെ നടത്തി . ഇയാള്‍ ചെന്നൈയില്‍ വിലസുന്നത് പത്രവാര്‍ത്തകളിലൂടെ അറിഞ്ഞതാണ് മദ്രാസ് ചീഫ് ജസ്റ്റിസിനു കമ്പിയടിക്കാന്‍ തിരൂരു കാരന്‍ ജോസഫെന്ന ദാവീദിനെ പ്രേരിപ്പിച്ചത് . ഈ കുഞ്ഞന്‍ ദാവീദിന്റെ തെറ്റാലിയില്‍ നിന്ന് അങ്ങു ചെന്നൈയിലേക്കെറിഞ്ഞ കല്ല് പക്ഷേ , സുശീല്‍കുമാര്‍ ശര്‍മയെന്ന ഗോലിയാത്തിന്റെ തിരുനെറ്റിയില്‍ തന്നെ കൊണ്ടെന്നു പറയേണ്ടതില്ലല്ലോ . 
ജോസഫിന്റെ ടെലിഗ്രാം ലഭിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കേസ് അപ്പോള്‍ത്തന്നെ റിട്ടായി ഫയലില്‍ സ്വീകരിച്ച് സുശീല്‍ കുമാറിനെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ തമിഴ്‌നാട് ഡിജിപിയ്ക്ക് ഉത്തരവിട്ടു . സുശീല്‍ കുമാര്‍ ചെന്നൈയില്‍ ഒളിവിലാണെന്നറിഞ്ഞതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്ന ചീഫ് ജസ്റ്റിസ് ആരെങ്കിലുമൊരു പൊതു താല്‍പര്യ ഹര്‍ജിയെങ്കിലും ഫയല്‍ ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു . അപ്പോഴാണ് നമ്മുടെ കേരള ദാവീദിന്റെ ചാണയില്‍ നിന്നുള്ള ടെലിഗ്രാം കല്ല് കൃത്യ നേരത്തു വന്നു വീണത് ...പിന്നദ്ദേഹത്തിനു മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല . 

അതോടെ സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരായി . ഡല്‍ഹി ഹൈക്കോടതി അയാള്‍ക്കു വധശിക്ഷ വിധിച്ചു . തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയതോടെ അയാളുടെ നല്ല നടപ്പു പ്രമാണിച്ചും സമൂഹത്തിനു ദ്രോഹം ചെയ്യാനുദ്ദേശിച്ചല്ല മറിച്ച് ഗുരുതരമായ ദാമ്പത്യ പ്രശ്‌നങ്ങളാണ് കൊലപാതക കാരണമെന്നു നിരീക്ഷിച്ച് സുപ്രീം കോടതി അയാള്‍ക്കു ജീവപര്യന്തമാക്കി ശിക്ഷ വെട്ടിക്കുറച്ചു . 
ഇപ്പോഴത്തെ കേരള ഗവര്‍ണറും അന്നു ചീഫ് ജസ്റ്റീസുമായ പി. സദാശിവം ആയിരുന്നു ജീവപര്യന്തം വിധി പ്രഖ്യാപിച്ച മൂന്നംഗ ബഞ്ചിന്റെ അധ്യക്ഷന്‍.

 
നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അടുത്തയിടെ തന്റെ അമ്പത്തിനാലാമത്തെ വയസിലാണ് അയാള്‍ പുറത്തിറങ്ങിയത് . എന്റെ പത്രപ്രവര്‍ത്തന പരിശീലന കാലത്ത് എനിക്കു ലഭിച്ച ഏറ്റവും വലിയ ഗുണപാഠമായിരുന്നു അത് . വാര്‍ത്തകള്‍ ഒളിഞ്ഞിരിക്കുന്നത് പ്രമുഖരില്‍ മാത്രമല്ല , എളിയവരിലും വാര്‍ത്തകള്‍ പ്രതീക്ഷിക്കാമെന്ന വലിയ പാഠം . 

ജോസഫ് ശരിക്കുമൊരു കൌതുക കഥാപാത്രമാണ് .കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിര്‍മിച്ച പൂങ്കുന്നം പാലം നിര്‍മാണം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഡേറ്റു കിട്ടാത്തതിനാല്‍ ഉദ്ഘാടനം ചെയ്യാനാവാതെ തുറന്നു കൊടുക്കാന്‍ ദീര്‍ഘനാളത്തേക്കു കഴിഞ്ഞിരുന്നില്ല . ഇതിനിടെ പ്രതിഷേധ സമരങ്ങള്‍ നഗരത്തിലുടനീളം വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയെങ്കിലും കരുണാകരന്റെ സ്വന്തം ഭവനമായ പൂങ്കുന്നത്തു നിര്‍മിച്ച പാലം അങ്ങനെ മറ്റാരെക്കൊണ്ടും ഉദ്ഘാടനം ചെയ്യിക്കില്ല എന്ന വാശിയിലായി അദ്ദേഹം . സമരങ്ങള്‍ പലതും നടന്നു . അങ്ങനെ പി.ഡി . ജോസഫിനൊരു ആശയം തോന്നി . ഒരു വ്യത്യസ്തമായ സമരമുറ . ഒരു ദിവസം രാവിലെ എല്ലാ പത്രങ്ങളിലും വിളിച്ചു പറഞ്ഞ് ഫോട്ടോഗ്രാഫര്‍മാരുമായി എത്താന്‍ പറഞ്ഞു . പൂങ്കുന്നം പാലത്തില്‍ ഒരു ശവപ്പെട്ടിയില്‍ കിടന്നു കൊണ്ട് ഏകദിന ഉപവാസം . പിറ്റേന്നത്തെ ദ ഹിന്ദു ഉള്‍പ്പടെ എല്ലാ പത്രങ്ങളുടെയും ഒന്നാം പേജില്‍ ഓള്‍ എഡിഷന്‍ സചിത്ര വാര്‍ത്ത വന്നു . 

ശവപ്പെട്ടിയില്‍ ഉപവാസം –അപൂര്‍വ സമരമുറ ....സംഭവം ദേശീയ ശ്രദ്ധ പതിഞ്ഞു . പിറ്റേന്നു മുതല്‍ ജനം പാലത്തിന്റെ ഓരോ വശവും വച്ചിരുന്ന ബാരിക്കേഡുകളെടുത്തു മാറ്റി ഉദ്ഘാടനം നടത്താത്ത പാലത്തില്‍കൂടി വാഹന ഗതാഗതം ആരംഭിച്ചു . ഉടന്‍ തന്നെ സര്‍ക്കാര്‍ തിരക്കിട്ട് ഉദ്ഘാടന ചടങ്ങു നടത്തി . ഗതാഗതം തുടങ്ങിയ പൂങ്കുന്നം പാലം കരുണാകരന്‍ തന്നെ ഉദ്ഘാടനം നടത്തി. പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റൊരുദ്ഘാടനം കൂടി നടത്തിയത് ചരിത്രം വിചിത്രമാക്കിയ മറ്റൊരു സംഭവം . 

പി.ഡി. ജോസഫിന്റെ മറ്റൊരു കൌതുക വാര്‍ത്ത കൂടി പറഞ്ഞവസാനിപ്പിക്കാം . ഒരിക്കല്‍ തൃശൂര്‍ മുനിസിപ്പല്‍ കൌണ്‍സില്‍ യോഗം നടക്കുമ്പോ. ജോസഫും ഏതാനും സുഹൃത്തുക്കളും കൂടി പ്രത്യേകാനുമതി വാങ്ങി മുനിസിപ്പല്‍ ഹാളില്‍ കടന്നു വന്നു . കൌണ്‍സില്‍ യോഗത്തിന്റെ ചായ സമയത്ത് 31 കൌണ്‍സിലര്‍മാര്‍ക്കും ചായയ്ക്കും വടയ്ക്കും പുറമേ എന്തോ പലഹാരം നല്‍കാനാണെന്നു പറഞ്ഞാണ് വന്നത് . ജോസഫും പത്തോളം കൂട്ടുകാരുമുണ്ടായിരുന്നു . ഭംഗിയായി ബ്രൌണ്‍ പേപ്പറില്‍ പൊതിഞ്ഞ സമ്മാനം നിമിഷ നേരം കൊണ്ട് ചെയര്‍ പേഴ്‌സണ്‍ സെലിന്‍ കാക്കശേരിയ്ക്കടക്കം എല്ലാകൌണ്‍സിലര്‍മാര്‍ക്കും നല്‍കി. 

എന്നാല്‍ പത്രക്കാര്‍ക്കു മാത്രം നല്‍കിയില്ല . കൌണ്‍സിലര്‍മാരില്‍ ചിലര്‍ ആര്‍ത്തിയോടെ പൊതി അഴിച്ചപ്പോള്‍ അകത്ത് പ്ലാസ്റ്റിക് കവറിനുള്ളില്‍ കൊതുകിന്റെ മുട്ട വിരിഞ്ഞ കൂത്താടികളും കുറെ ചേറുവെള്ളവും .....മുനിസിപ്പല്‍ അതിര്‍ത്തിയ്ക്കുള്ളിലെ കാനകളില്‍ വളരുന്ന കൂത്താടികളായിരുന്നു അത് . നഗരത്തില്‍ വര്‍ധിച്ചു വരുന്ന കൊതുകു ശല്യത്തെ കുറിച്ച് നിരവധി വാര്‍ത്തകളും പരാതികളുമുണ്ടായിട്ടും ഇരു പക്ഷത്തു നിന്നും യാതൊരു നടപടിയുമുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു ജോസഫിന്റെ ഈ പ്രതിഷേധ സമരം . 

ഇതേക്കുറിച്ചു ഞാന്‍ രാഷ്ട്ര ദീപികയില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പര രക്തരക്ഷസുകളുടെ ഭീകരനാട് എന്ന പരമ്പര വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു . ഇതിന്റെ ചുവടു പിടിച്ചായിരുന്നു ജോസഫിന്റെ സമരമുറ . ഈ പരമ്പരയ്ക്കാണ് എനിക്ക് ആദ്യ പുരസ്‌കാരം ലഭിക്കുന്നത് . ഏതായാലും കൌണ്‍സിലര്‍മാര്‍ക്ക് സമ്മാനം നല്‍കി കൌണ്‍സില്‍ ഹാളില്‍ നിന്നു രക്ഷപെടാനൊരുങ്ങിയ ജോസഫിനെ കൌണ്‍സിലര്‍മാര്‍ വളഞ്ഞിട്ടു പെരുമാറി . പിറ്റേന്നത് പത്രങ്ങളില്‍ വന്‍ വാര്‍ത്തായി . അതു വരെ വന്ന കൌണ്‍സില്‍ നടപടികളുടെ വാര്‍ത്തയാകട്ടെ ശൂന്യമായി പോയി . അടികിട്ടിയാലെന്താ ....ജോസഫ് വീണ്ടും പ്രശസ്തനായി ....അവിടെയും നിര്‍ത്തിയില്ല ജോസഫ് .പിറ്റേന്നു തന്നെ വീണ്ടുമൊരു സമരമുറ നടത്തി . 

ഡിവൈഎഫ്‌ഐയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ഓഫീസ് ഉപരോധം നടക്കുന്നു. സഖാക്കളുടെ വന്‍ പട തന്നെ മുനിസിപ്പല്‍ ഓഫീസ് വളഞ്ഞു . ഉദ്ഘാടനം ചെയ്യാനെത്തിയത് ഡിവൈഎഫ്‌ഐയുടെ പുലിക്കുട്ടി സാക്ഷാല്‍ മത്തായി ചാക്കോ . അദ്ദേഹം പ്രസംഗം കഴിഞ്ഞ് വേദി വിട്ടു . സഖാക്കള്‍ ഓഫീസിനകത്തു തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ ഗേറ്റിനു മുമ്പില്‍ പോലീസ് തടഞ്ഞു . തുടര്‍ന്ന് കുത്തിയിരിപ്പു സമരം . അതു വരെ ഉന്തും തള്ളും നടക്കുന്നതിന്റെ ചിത്രമെടുത്തിരുന്ന ഒരൊറ്റ ഫോട്ടോഗ്രാഫര്‍മാരെ കാണാനില്ല . സഖാക്കള്‍ ആകെ അമ്പരന്നു . നോക്കുമ്പോള്‍ മുനിസിപ്പല്‍ ഓഫീസിന്റെ ഗേറ്റിനു 50 വാര മാറി ഒരു കാനയ്ക്കു മുമ്പിലായി ഒരാള്‍ ഒറ്റക്കാലില്‍ നിന്നു കൊണ്ട് കൈകൂപ്പി നില്‍ക്കുന്നു . അതു മറ്റാരുമായിരുന്നില്ല , നമ്മുടെ ജോസഫ് തന്നെ ...എല്ലാ ഫോട്ടോ ഗ്രാഫര്‍മാരും ഇയാള്‍ക്കു ചുറ്റും നിന്നു പടമെടുക്കുന്നു . 

കൊതുകു നിവാരണത്തിനെതിരെ ഒറ്റയാള്‍ സമരം ...ഡിവൈഎഫ്‌ഐയുടെ സമരം നടക്കുന്നതിനാല്‍ അറിയിക്കാതെ തന്നെ എല്ലാ ഫോട്ടോഗ്രാഫര്‍മാരും എത്തുമെന്ന് ജോസഫിനു നന്നായി അറിയാമായിരുന്നു . തങ്ങളുടെ സമരം പൊളിക്കാനെത്തിയ ഈ ദുഷ്ടനെ എന്തു ചെയ്യണം ....സഖാക്കള്‍ മറ്റൊരു പണി തിരിച്ചു കൊടുത്തു .ജോസഫിനെ കയ്യേറ്റം ചെയ്താലല്ലേ പ്രശ്‌നം ...അവര്‍ കല്ലുകള്‍ ശേഖരിച്ച് ചെളി നിറഞ്ഞ കാനയിലേക്കെറിഞ്ഞു . കറുത്ത ചെളി വെള്ളം ഒറ്റക്കാലില്‍ നിന്ന ജോസഫിന്റെ വെളുത്ത കുപ്പായത്തില്‍ തെറിച്ചു . ഓരോ ഏറിലും ജോസഫ് ഒറ്റക്കാലില്‍ ചാടിച്ചാടി വെള്ളം വസ്ത്രത്തില്‍ പറ്റാതിരിക്കാന്‍ ശ്രമിച്ചു . ദേഹമാസകലം കാനയിലെ ദുര്‍ഗന്ധം വമിക്കുന്ന ചെളിയാല്‍ അഭിഷേകമായി . എന്നാല്‍ സഖാക്കള്‍ക്കു തെറ്റി .പിറ്റേന്നത്തെ പത്രങ്ങളില്‍ വന്ന ചിത്രങ്ങള്‍ സഖാക്കള്‍ കാനയിലേക്ക് കല്ലെറിഞ്ഞ് പ്രതിഷേധ സമരം നടത്തുന്ന ജോസഫിനെ ഉപദ്രവിക്കുന്ന ചിത്രമായിരുന്നു . ജോസഫ് അവിടെയും വിജയിച്ചു . 

ഏതായാലും ചിലവൊന്നും കൂടാതെ വലിയപ്രശസ്തി നേടിക്കൊണ്ടിരുന്ന ജോസഫിനോട് അന്നത്തെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും അടക്കാനാവാത്ത ദേഷ്യമായിരുന്നു. 
ജോസഫിനെപ്പോലെ പ്രശസ്തിക്കായി ചെറിയ ചെറിയ സമരമുറകള്‍ നടത്തി കൌതുക വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മറ്റൊരു രാഷ്ട്രീയക്കാരനുണ്ടായിരുന്നു തൃശൂരില്‍ . കേരള കോണ്‍ഗ്രസ് എമ്മിന്റെ ജില്ലാ പ്രസിഡന്റായിരുന്ന എ.എല്‍ . സെബാസ്റ്റ്യന്‍. കേരള കോണ്‍ഗ്രസിനു വലിയ വേരോട്ടമുള്ള നാടല്ല തൃശൂര്‍. എന്നാല്‍ എ.എല്‍.എസ് എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന അദ്ദേഹം ഒരു സംഭവം തന്നെയായിരുന്നു . ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത് . 

ഒരു വാര്‍ത്ത എങ്ങനെ സൃഷ്ടിക്കണമെന്ന കാര്യത്തില്‍ പ്രത്യേക ഗവേഷണം നടത്തുന്ന അധ്യാപകനായ ഇദ്ദേഹം എല്ലാ ഞായറാഴ്ചകളിലും ഒരു വാര്‍ത്തയെങ്കിലും നിര്‍ബന്ധമായും ലോക്കല്‍ പേജിലെങ്കിലും വരുത്തിയിരിക്കും . ഞായറാഴ്ച ഉച്ച കഴിഞ്ഞ് സ്വരാജ് ഗ്രൌണ്ടില്‍ ചുറ്റിക്കറങ്ങിയ ശേഷം ചൂടു കടലയുമായി ഓഫീസില്‍ വരും . 

ഫ്രാന്‍സിസേ ...എനിക്കു പ്രതികരിക്കണം . എന്തെങ്കിലും വിഷയം തരൂ . ...

ഇദ്ദേഹത്തെ പ്രതികരണ വിഷയങ്ങളില്‍ പല തവണ ഞാന്‍ കുരങ്ങു കളിപ്പിച്ചിട്ടുണ്ട് . സാധാരണ റബര്‍, നാളികേര , കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവിനെതിരെയാണ് ഇദ്ദേഹം അധികവും പ്രതികരിക്കാറ് .ഒരിക്കല്‍ വിഷയ ദാരിദ്ര്യം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു . 
മാഷേ , പാകിസ്ഥാനെതിരെ ഒരു പെട പെടയ്ക്ക് ... 
അക്കാലത്ത് കാര്‍ഗില്‍ അതിര്‍ത്തിയില്‍ രൂക്ഷമായ പോരാട്ടം നടന്നു വരികയായിരുന്നു . പിറ്റേന്ന് മിക്കവാറും എല്ലാ പത്രങ്ങളുടെയും ലോക്കല്‍ പേജില്‍ ഇങ്ങനെ വാര്‍ത്ത വന്നു . ...
പാകിസ്ഥാന്‍ മര്യാദ പാലിച്ചില്ലെങ്കില്‍ വന്‍ തിരിച്ചടി : എ.എല്‍.എസ് 

ഞാനൊരു തമാശയ്ക്കു പറഞ്ഞതാണെങ്കിലും അദ്ദേഹമതു കാര്യമായെടുത്തു . ഒറ്റയടിക്ക് ഒരു മുഴുവന്‍ പേജ് പ്രതിഷേധം .തൊട്ടടുത്ത ഫോട്ടോസ്റ്റാറ്റ് കടയില്‍ പോയി പത്തു കോപ്പി . ഒന്നെനിക്കു തന്നെ . പിന്നെ ഒരു ഓട്ടോ വിളിച്ച് എല്ലാ പത്രമോഫീസുകളിലേക്കും ....മുഷറഫിനെ മര്യാദ പഠിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം തൃശൂര്‍ ജില്ലാ പ്രസിഡന്റ് പ്രസ്താവിച്ചാല്‍ വായനക്കാര്‍ മാത്രമല്ല പാക്കിസ്ഥാന്‍ വരെ ഞെട്ടിപ്പോകുമെന്ന് പിറ്റേ ആഴ്ചയില്‍ പത്രപ്രവര്‍ത്തകനും എംഎല്‍എയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ തന്റെ പത്ര വിമര്‍ശന പ്രതിവാര പരാതിയില്‍ ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചൂ നിശിതമായി . 

അതെഴുതിയ , അല്ലെങ്കില്‍ പ്രതികരിച്ച നേതാവിനു പച്ചയ്ക്കു കൊള്ളി വച്ചപ്പോള്‍ , പ്രസിദ്ധീകരിച്ച പത്രങ്ങളെ പഞ്ഞിക്കിട്ടു . ഇത്തരം വാര്‍ത്തകളെ വിമര്‍ശിച്ചു കൊണ്ടു മറ്റൊരു വാര്‍ത്തയാക്കിയിരുന്നു എങ്കില്‍ എത്ര നന്നായേനെ എന്ന് അല്‍പമെങ്കിലും ഔചിത്യം കാട്ടിയ മാതൃഭൂമിയെ കുറിച്ച് അദ്ദേഹം പറഞ്ഞു . ഏതായാലും ഞാന്‍ എ.എല്‍. എസിന്റെ ചീത്ത വിളി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു . പ്രതീക്ഷിച്ച പോലെ വൈകുന്നേരം ഫോണ്‍കോള്‍ വന്നു . എനിക്കാണെങ്കില്‍ കുറ്റബോധം . മറു തലയ്ക്കല്‍ നിന്നു വന്ന പ്രതികരണം കേട്ടു ഞാന്‍ ഞെട്ടിപ്പോയി – 

ഫ്രാന്‍സിസേ , ഇമ്മടെ സ്റ്റോറി ക്ലിക്കായീട്ടോ . ....ങേ .... ഞാന്‍ അന്തം വിട്ടു . സെബാസ്റ്റ്യന്‍ പോളിന്റെ പത്ര വിശകലനത്തില്‍ എന്റെ പേര് മൂന്നു തവണ ആവര്‍ത്തിച്ചു പറഞ്ഞു .ഇതില്‍ പരം എന്തു പബ്ലിസിറ്റി ... ? നീ ആളു സംഭവം തന്നെ . .....

ഞാന്‍ നമിച്ചു . നെഗറ്റീവ് പബ്ലിസിറ്റി ഇങ്ങനെയും ആഘോഷിക്കാമെന്ന് ഗുണപാഠം . 

എഎല്‍എസിന്റെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു സമരമുറ ഏറെ കൌതുകമുണര്‍ത്തിയതാണ് . ഉപ്പിനു ദേശവ്യാപകമായി വില കൂടിയ കാലം . ചാവക്കാട്ടു നിന്നു കടല്‍ വെള്ളം കൊണ്ടു വന്ന് എഎല്‍എസും പാര്‍ട്ടി പ്രവര്‍ത്തകരും തൃശൂര്‍ കളക്ട്രേറ്റിനു മുമ്പില്‍ പൊങ്കാല കഞ്ഞി വയ്ക്കുന്നതു പോലെ അടുപ്പുകള്‍ കൂട്ടി . കലത്തില്‍ ഉപ്പു വെള്ളം നിറച്ച് കാച്ചി തിളപ്പിച്ച് വറ്റിച്ച് ഉപ്പാക്കി വിതരണം ചെയ്തു . ഗാന്ധിജിയുടെ ദണ്ഡിയാത്രയിലെ ഉപ്പു സത്യഗ്രഹത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നടത്തിയ ഈ സമര മുറയില്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഗാന്ധിത്തൊപ്പി ധരിച്ചാണെത്തിയത് . അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ സമരമുറ കോണ്‍ഗ്രസുകാരെ പോലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു . ഒരു ഹോമം നടത്തുന്നതു പോലെ മന്ത്രോച്ചാരണങ്ങള്‍ നടത്തിയായിരുന്നു ഉപ്പു കാച്ചിയത് . 

അന്നത്തെ കേരള കോണ്‍ഗ്രസിന്റെ ഏക എം.പി . പി. സി . തോമസ് ഡല്‍ഹിയില്‍ റബര്‍ കര്‍ഷകര്‍ക്കു വേണ്ടി കൌതുക സമരമുറകള്‍ നടത്തുന്നതിനു മുമ്പ് എ.എല്‍. സെബാസ്റ്റ്യന്‍ തൃശൂരില്‍ റബര്‍ ഷീറ്റുടുത്ത് സത്യഗ്രഹസമരം നടത്തിയിരുന്നു . നാളികേര വിലയിടിവിനെതിരെ കളക്ട്രറേറ്റ് നടയില്‍ നൂറു കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ചു ചെയ്തു വന്ന് നാളികേരമുടച്ച് വെയിലത്തുണങ്ങി കൊപ്രയാക്കി നാളികേര വികസന ബോര്‍ഡിന് പ്രതീകാത്മകമായി അയച്ചു കൊടുത്തു .
 
ഒരിക്കല്‍ പ്രതികരിക്കാന്‍ വിഷയ ദാരിദ്ര്യം വന്നപ്പോള്‍ എന്നോട് എന്തെങ്കിലും വിഷയം തന്നേ പററൂ എന്നു വാശി പിടിച്ചു .ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഞാന്‍ ഒരു പണി കൊടുത്തു . ഇറാക്ക് – അമേരിക്ക സംഘര്‍ഷം പുകഞ്ഞു കൊണ്ടിരിക്കുന്ന സമയം . ഇക്കുറി പണി അമേരിക്കക്കിട്ടാകാമെന്നു വിചാരിച്ചു . വാര്‍ത്ത ഇങ്ങനെയായിരുന്നു . ...

അമേരിക്ക ഇറാക്കിനെ ആക്രമിച്ചാല്‍ പാഠം പഠിപ്പിക്കും : എഎല്‍ സെബാസ്റ്റ്യന്‍ 

ഇക്കുറി ലോക്കല്‍ പേജുകളില്‍ വാര്‍ത്ത നിറഞ്ഞു നിന്നു . സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചില്ല . പ്രതികരിച്ചത് സാക്ഷാല്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ആയിരുന്നു . ആരോ ഇദ്ദേഹത്തിന്റെ തരം താണ പ്രസ്താവനകളെ കുറിച്ചു പരാതി നല്‍കി . മാണി സാര്‍ ഫോണില്‍ വിളിച്ചു എഎല്‍എസിനെ ശാസിച്ചു . അതോടെ കുറച്ചു കാലത്തേക്ക് പുള്ളി പ്രസ്താവനത്തൊഴില്‍ നിര്‍ത്തി . 

ഇതൊക്കെ തന്നെയാണെങ്കിലും നല്ലൊരു സംഘാടകനും പരോപകാരിയുമായിരുന്നു എഎല്‍എസ് . 

വിഷയം രാഷ്ട്രീയക്കാരിലേക്ക് എത്തിയതു കൊണ്ട് അന്നത്തെ തൃശൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സെലിന്‍ കാക്കശേരി , മറ്റു രാഷ്ട്രീയനേതാക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട രസകരമായ റിപ്പോര്‍ട്ടിംഗുകള്‍ അടുത്ത അധ്യായത്തില്‍ വിവരിക്കാം . 
പി.ഡി. ജോസഫിന്റെ ഒരൊറ്റ ടെലിഗ്രാം : തന്തൂരി കേസ് പ്രതി സുശീല്‍ കുമാറിന് ജയില്‍ (ഫ്രാന്‍സിസ് തടത്തില്‍ 17)
പി.ഡി. ജോസഫിന്റെ ഒരൊറ്റ ടെലിഗ്രാം : തന്തൂരി കേസ് പ്രതി സുശീല്‍ കുമാറിന് ജയില്‍ (ഫ്രാന്‍സിസ് തടത്തില്‍ 17)
Join WhatsApp News
Ponmelil Abraham 2017-05-21 08:33:26
Excellent as well as super report.  Congratulations Mr. Francis Thadathil for your eye opener report.

Johnson.V.Chirayath 2017-05-23 03:04:44
എല്ലാം വായിച്ചു ... ഇന്നലെ കഴിഞ്ഞത് പോലെ !!!
Johnson.V.Chirayath 2017-05-24 20:56:18
Pls Call P.D.Joseph 9072799199     ... Johnson Madhyamam 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക