Image

കേന്ദ്രം തിരുത്തിയില്ലെങ്കില്‍ സി.കെ വിനീതിന്‌ കേരളം ജോലി നല്‍കുമെന്ന്‌ മന്ത്രി മൊയ്‌തീന്‍

Published on 20 May, 2017
കേന്ദ്രം തിരുത്തിയില്ലെങ്കില്‍ സി.കെ വിനീതിന്‌ കേരളം ജോലി നല്‍കുമെന്ന്‌ മന്ത്രി മൊയ്‌തീന്‍

ദേശീയ ഫുട്‌ബോള്‍ താരം സി.കെ വിനീതിന്‌ സംസ്ഥാനം ജോലി നല്‍കുമെന്ന്‌ കായികവകുപ്പ്‌ മന്ത്രി എ.സി മൊയ്‌തീന്‍. അതിന്‌ മുന്‍പ്‌ നഷ്ടപ്പെട്ട ജോലി നല്‍കാന്‍ സംസ്ഥാനം കേന്ദ്രത്തോട്‌ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. 

കേന്ദ്ര കായിക വകുപ്പ്‌ മന്ത്രി, ഏജീസ്‌ ഓഫിസ്‌ എന്നിവയുമായി സംസ്ഥാന സര്‍ക്കാരും സ്‌പോര്‍ട്‌സ്‌ കൗണ്‍സിലും ബന്ധപ്പെടും. പിരിച്ചുവിട്ട നടപടി പരിശോധിക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ സംസ്ഥാനം ജോലി നല്‍കുമെന്നും മന്ത്രി വിശദമാക്കി. വിനീതിനെ സംരക്ഷിക്കുമെന്ന്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ടിപി ദാസനും പറഞ്ഞു.

മതിയായ ഹാജര്‍ ഇല്ലെന്ന കാരണത്താലാണ്‌ വിനീതിനെ ഏജീസ്‌ ഓഫിസ്‌ പിരിച്ചു വിട്ടത്‌. അക്കൗണ്ടന്റ്‌ ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്നു വിനീത്‌. നാലര വര്‍ഷം മുന്‍പാണ്‌ താരം ജോലിയില്‍ പ്രവേശിച്ചത്‌. ദേശീയ ടീമില്‍ ഇടം നേടുകയും ഐഎസ്‌എല്ലില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്‌ത വിനീതിന്‌ കളിത്തിരക്ക്‌ മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ്‌ താരത്തിനെതിരെ നടപടിയെടുക്കാന്‍ കാരണം.

2011ലായിരുന്നു സി.കെ. വിനീത്‌ ഏജിസില്‍ നിന്ന്‌ രണ്ട്‌ വര്‍ഷത്തെ ലീവ്‌ എടുത്തത്‌. തുടര്‍ന്ന്‌ അദ്ദേഹം ബംഗളൂരു എഫ്‌സിയിലും ദേശീയ ടീമിലും ഉള്‍പ്പെടെ കളിച്ചിരുന്നു. എന്നാല്‍ ലീവിന്‌ ശേഷം വനീത്‌ ഓഫീസില്‍ ഹാരജായിട്ടില്ല എന്നാണ്‌ ഏജിസ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആറ്‌ മാസമെങ്കിലും ഓഫീസിലെത്തി കൃത്യമായി ജോലിക്ക്‌ ഹാജരാകണം എന്നതാണ്‌ ഏജിസിന്റെ നിയമം. അതെസമയം തനിക്കെതിരെയുളള നീക്കത്തിനെതിരെ സികെ വിനീത്‌ രംഗത്തെത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക