Image

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്ക്‌ എല്ലാ പിന്തുണയുമെന്ന്‌ മുഖ്യമന്ത്രി പിണറായി

Published on 20 May, 2017
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്ക്‌ എല്ലാ പിന്തുണയുമെന്ന്‌ മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം പേട്ടയില്‍ ലൈംഗികാതിക്രമം തടയാനായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുളള വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടി ഉണ്ടായല്ലോ, ഇനി അതിന് പിന്തുണ നല്‍കിയാല്‍ മാത്രം മതിയല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വളരെ ഉദാത്തമായ നടപടിയാണ് പെണ്‍കുട്ടിയുടേതെന്നും ആ കുട്ടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയെന്ന ശ്രീഹരി (54) ഡോക്ടര്‍മാരോട് പറഞ്ഞത് യുവതിയല്ല, താന്‍ സ്വയം മുറിച്ചതാണെന്നാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരോടാണ് ശ്രീഹരിസ്വാമി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇയാള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയ മൊഴി പൊലീസ് കമ്മീഷണര്‍ തളളിയിട്ടുണ്ട്. പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്വാമിയെ ആക്രമിച്ചത് താനാണെന്നാണ് നിയമവിദ്യാര്‍ത്ഥി കൂടിയായ ഇരുപത്തിമൂന്നുകാരിയുടെ മൊഴി. അഞ്ചുവര്‍ഷമായി തുടരുന്ന പീഡനം സഹിക്കവയ്യാതെയാണ് വ്യാഴാഴ്ച രാത്രി സ്വാമി വീട്ടിലെത്തുമെന്ന് അറിയിച്ചപ്പോള്‍ കത്തി വാങ്ങി കാത്തിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു.

അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളെ ഉടന്‍തന്നെ പൊലീസ് ചോദ്യം ചെയ്യും.

കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന സ്വാമിയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവത്തെക്കുറിച്ച് പേട്ട പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇപ്രകാരമാണ്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കാലം മുതല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാമി എന്നറിയപ്പെടുന്ന ഹരി നിരന്തരം എത്തുമായിരുന്നു. എറണാകുളം കോലഞ്ചേരി സ്വദേശിയായ ഇയാള്‍ ഗണേശാനന്ദ തീര്‍ത്ഥസ്വാമി എന്ന പേരിലും അറിയപ്പെടുന്നയാളാണ്. അസുഖം ബാധിച്ച അച്ഛനും അമ്മയും മാത്രമാണ് പെണ്‍കുട്ടിയുടെ വീട്ടിലുളളത്.

അമ്മയുമായുളള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീടുമായി ബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് പൂജയ്ക്കായിട്ടാണ് ഇയാള്‍ വീട്ടിലെത്തിയിരുന്നത്. വര്‍ഷങ്ങളോളമായി ഈ വീടുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ പ്ലസ് ടുവിന് പഠിക്കുന്ന കാലം മുതലെ പീഡിപ്പിച്ചിരുന്നതായി യുവതി പൊലീസിന് മൊഴി നല്‍കി.

ഇന്നലെ വൈകിട്ടും വീട്ടിലെത്തിയ സ്വാമി പെണ്‍കുട്ടിയോട് മോശമായി പെരുമാറി.
തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരത്തെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അയാളുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മയും പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് അമ്മയെ ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചുവരുത്തി.

മുറിവേറ്റ സ്വാമി നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയോടി. നേരെ പേട്ട പോലീസ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.
ഇതിനോടകം പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാമിയുടെ നിലവിളി കേട്ട് ആളുകള്‍ തടിച്ചു കൂടിയിരുന്നു. അവരാണ് സ്വാമിയെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചത്.

പോക്‌സോ നിയമപ്രകാരവും ബലാത്സംഗ ശ്രമത്തിനും സ്വാമിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

എറണാകുളം കോലഞ്ചേരി സ്വദേശിയായ ഇയാള്‍ നാട്ടില്‍ ദൈവസഹായം എന്ന പേരില്‍ ചായക്കട നടത്തിയിരുന്നു ഇതിനിടയിലാണ് ആത്മീയതയിലേക്കുള്ള ചുവടുമാറ്റം. ദൈവസഹായം ഹോട്ടല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അനിയനാണ് നടത്തുന്നത്.

പത്ത് വര്‍ഷം മുന്‍പ് തിരുവനന്തപുരം കണ്ണന്‍മൂലയില്‍ നടന്ന ചട്ടമ്പിസ്വാമി സ്മാരക പ്രക്ഷോഭത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്.
ഈ സമരത്തിനിടയ്ക്കാണ് പെണ്‍കുട്ടിയുടെ കുടുംബവുമായി ശ്രീഹരി സ്വാമി അടുക്കുന്നതും.
തളര്‍വാതം പിടിച്ച് കിടപ്പിലായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിക്കാനും പ്രാര്‍ത്ഥിക്കാനുമായി സ്വാമി ഇടയ്ക്കിടെ ഈ വീട്ടിലെത്തി.

വീട്ടുകാരുടെ വിശ്വാസം നേടിയ ഗംഗേശാനന്ദ മകള്‍ക്ക് ഈശ്വര കോപമുണ്ടെന്നും പരിഹാരമായിആശ്രമങ്ങളും അമ്പലങ്ങളും സന്ദര്‍ശിച്ച് പൂജകള്‍ നടത്തേണ്ടി വരുമെന്നും പറഞ്ഞു.

ഇത് വിശ്വസിച്ച വീട്ടുകാര്‍ പ്ലസ് ടു വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഗംഗേശാനന്ദക്കൊപ്പം അയച്ചു. ഈ കാലത്താണ് യുവതി ആദ്യമായി പീഡനത്തിന് ഇരയായത്. ത്ന്നിലൂടെ ദൈവത്തിന്റ അനുഗ്രഹം ലഭിക്കുമെന്നു് പറഞ്ഞായിരുന്നത്രേ പീഡനം. പ്രായപൂര്‍ത്തിയായതോടേ പീഡനത്തെ എതിര്‍ത്തു.

അവസാനം സ്വയരക്ഷക്കു വേണ്ടിയാണ് കത്തിയെടുക്കേണ്ടി വന്നതെന്നു യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിനു ശേഷം വീടുവി'ിറങ്ങിയോടിയ യുവതിയെ പുലര്‍ച്ച വഴിയില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്.

2010ല്‍ മലബാര്‍ മേഖലയിലെ 120 ക്ഷേത്രങ്ങളേറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കമാരംഭിച്ചപ്പോള്‍ അതിനെതിരെ സമരവുമായി സ്വാമി രംഗത്ത് വന്നു. ഹിന്ദു ഐക്യവേദിക്കൊപ്പം ചേര്‍ന്ന് സന്ന്യാസിമാരെ സംഘടിപ്പിച്ച ശ്രീഹരി സ്വാമിയാണ് അന്ന് സമരത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നത്.

അതേസമയം പ്രതിയ്ക്ക് പന്മന ആശ്രമവുമായി ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പന്മന ആശ്രമത്തില്‍ നിന്നും 15 വര്‍ഷം മുന്നെ പഠനം പൂര്‍ത്തിയാക്കി ആശ്രമം വിട്ടതാണ് ഇയാളെന്നും ഇപ്പോള്‍ ആശ്രമവുമായി ഒരു ബന്ധവും സ്വാമിക്ക് ഇല്ലെന്നും ആശ്രമം അധികൃതര്‍ പറഞ്ഞു. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പ്രതിയെ നേരത്തെ പുറത്താക്കിയിരുന്നുവെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

എന്നാല്‍ 15 ദിവസം മുന്നെയും ഇയാള്‍ ആശ്രമത്തില്‍ എത്തിയിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. 
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്ക്‌ എല്ലാ പിന്തുണയുമെന്ന്‌ മുഖ്യമന്ത്രി പിണറായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക