Image

ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം; ഒറ്റപ്പെട്ട അക്രമം; ഡയസ്‌നോണ്‍ ഏറ്റില്ല

Published on 28 February, 2012
ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം; ഒറ്റപ്പെട്ട അക്രമം; ഡയസ്‌നോണ്‍ ഏറ്റില്ല
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. നഗരപ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നപ്പോള്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്.

പണിമുടക്കില്‍ അങ്ങിങ്ങ് അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം വൈറ്റിലയില്‍ വാഹനത്തിനുനേരെ കല്ലെറിഞ്ഞ പത്തോളംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നെടുമ്പാശേരിയിലും പെരുമ്പാവൂരിലും കാറുകള്‍ക്ക് നേരെ കല്ലേറുണ്ടായി. നെടുമ്പാശേരിക്ക് സമീപം അത്താണിയില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം സമരാനുകൂലികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.

കാഞ്ഞിരപ്പള്ളിയിലെ ബാങ്കില്‍ ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സമരാനുകൂലികള്‍ ബാങ്കിനുള്ളില്‍ പൂട്ടിയിട്ടു. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലേക്ക് ജീവനക്കാരുമായി പോയ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കഴക്കൂട്ടത്ത് വച്ചാണ് വാഹനങ്ങള്‍ തടഞ്ഞത്. വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. പോലീസ് അകമ്പടിയോടെ പോയ വാഹനങ്ങളാണ് തടയുകയും കാറ്റഴിച്ചുവിടുകയും ചെയ്തത്.

പിന്നീട് സ്റ്റാച്യൂ ജംഗ്ഷനില്‍ സ്വകാര്യ വാഹനത്തിന് നേരെ സമരാനുകൂലികള്‍ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. കണ്ണൂര്‍ പയ്യന്നൂര്‍ അന്നൂരില്‍ സ്‌കൂളില്‍ ജോലിക്കെത്തിയ അധ്യാപകനെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണിമുടക്കിന് സര്‍ക്കാര്‍ ഡയ്‌സനോണ്‍ ബാധകമാക്കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില വളരെ കുറവായിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ഐടി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക