Image

രജനി 'തമിഴനല്ല: കന്നഡക്കാരന്‍ തമിഴ്‌നാട്‌ ഭരിക്കാന്‍ വരേണ്ടെന്ന്‌ തമിഴര്‍ മുന്നേട്ര പടൈ

Published on 22 May, 2017
രജനി  'തമിഴനല്ല: കന്നഡക്കാരന്‍ തമിഴ്‌നാട്‌ ഭരിക്കാന്‍ വരേണ്ടെന്ന്‌  തമിഴര്‍ മുന്നേട്ര പടൈ

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാവുന്നതിനിടയില്‍ വംശീയ വിദ്വേഷം ഉയര്‍ത്തി തമിഴര്‍ മുന്നേട്ര പടൈ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിഷേധം. 

തമിഴ്‌നാട്ടുകാരനല്ലാത്ത രജനികാന്ത്‌ തമിഴ്‌നാട്‌ ഭരിക്കാന്‍ ശ്രമിക്കേണ്ടെന്നാണ്‌ സൂപ്പര്‍ താരത്തിന്റെ പോയസ്‌ ഗാര്‍ഡനിലെ വസതിക്ക്‌ മുന്നില്‍ പ്രതിഷേധവുമായെത്തിയ സംഘത്തിന്റെ നിലപാട്‌. 

 രാഷ്ട്രീയ പ്രവേശന ധ്വനിയുള്ള രജനിയുടെ പ്രസംഗത്തിന്‌ പിന്നാലെയാണ്‌ വീരലക്ഷ്‌മിയുടെ നേതൃത്വത്തിലുള്ള തമിഴര്‍ മുന്നേട്ര പടൈ രജനിയുടെ വസതിക്ക്‌ മുന്നില്‍ പ്രതിഷേധവുമായെത്തിയത്‌.

രജനികാന്തിന്റെ കോലം കത്തിച്ചാണ്‌ സംഘടന പ്രതിഷേധിച്ചത്‌. പ്രതിഷേധം അക്രമാസക്തമായതോടെ തമിഴ്‌നാട്‌ പൊലീസ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി. സൂപ്പര്‍ താരത്തിന്റെ വീടിന്‌ കനത്ത സുരക്ഷയും ഒരുക്കി.

വെള്ളിയാഴ്‌ച രാഷ്ട്രീയ പ്രവേശന സൂചനക്ക്‌ പിന്നാലെ തമിഴനല്ലെന്ന്‌ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്കുംതാനൊരു 'പച്ചയ്‌ തമിഴന്‍' എന്നാണ്‌  രജനി മറുപടി നല്‍കിയിരുന്നു. 

 22 വര്‍ഷം കര്‍ണാടകയിലാണ്‌ ജീവിച്ചത്‌ എന്നാല്‍ ബാക്കി 44 വര്‍ഷവും തമിഴ്‌നാട്ടിലാണ്‌ ജീവിച്ചതെന്നും രജനി പറഞ്ഞിരുന്നു.

തമിഴര്‍ മുന്നേട്ര പടൈയ്‌ക്ക്‌ പുറമേ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകവും തമിഴക വാഴ്‌വുരിമൈ കത്‌ചിയും സൂപ്പര്‍ താരത്തിനെതിരെ രംഗത്ത്‌ വന്നിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക