Image

യുപി: ആറാംഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിംഗ്

Published on 28 February, 2012
യുപി: ആറാംഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിംഗ്
ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. യു.പി.യുടെ പടിഞ്ഞാറന്‍ മേഖലയിലെ 13ജില്ലകളില്‍പ്പെട്ട 68 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. കനത്ത സുരക്ഷാ വലയത്തിനുള്ളിലായിരുന്നു വോട്ടെടുപ്പ്. 

22136 പോളിംഗ് കേന്ദ്രങ്ങളിലായി രണ്ടുകോടിയിലേറെ വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. 1,103 സ്ഥാനാര്‍ഥികളാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടിയത്. ഇതില്‍ 83 പേര്‍ വനിതകളാണ്. ജാട്ട്, മുസ്‌ലിം സമുദായങ്ങള്‍ക്കു സ്വാധീനമുള്ള മേഖലയിലായിരുന്നു ഇന്ന് വോട്ടെടുപ്പ്.

കോണ്‍ഗ്രസ്, രാഷ്ട്രവാദി ലോക് ദള്‍, മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിംഗിന്റെ രാഷ്ട്രവാദി ജനക്രാന്തി പാര്‍ട്ടി എന്നിവയ്ക്ക് ഏറെ നിര്‍ണായകമാണ് ആറാംഘട്ട മത്സരം. ആര്‍.എല്‍.ഡി. നേതാവ് അജിത് സിംഗിന്റെ മകനും മഥുര എം.പി.യുമായ ജയന്ത് ചൗധരി(മഠ്), ബിജെപി നേതാവ് ഹുക്കും സിംഗ്(കൈര്‍മ), സംസ്ഥാന ഊര്‍ജമന്ത്രി രാം വീര്‍ ഉപാധ്യായ, കല്യാണ്‍സിംഗിന്റെ മകന്‍ രജ്‌വീര്‍ സിംഗ് (ദിബായി) തുടങ്ങിയവരാണ് ഇന്ന് ജനവിധിതേടിയവരില്‍ പ്രമുഖര്‍. മാര്‍ച്ച് മൂന്നിന് നടക്കുന്ന ഏഴാം ഘട്ടത്തോടെ സംസ്ഥാനത്തെ നിയമസഭാതെരഞ്ഞടുപ്പിന് തിരശീല വീഴും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക