Image

കൃപാശങ്കര്‍ സിംഗിനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Published on 28 February, 2012
കൃപാശങ്കര്‍ സിംഗിനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു
മുംബൈ: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന കേസില്‍ മുംബൈ മുന്‍ പിസിസി അധ്യക്ഷന്‍ കൃപാശങ്കര്‍ സിംഗിനെതിരെ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. അഴിമതി നിരോധനനിയമപ്രകാരമാണ് നിര്‍മല്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

കൃപാശങ്കര്‍ സിംഗിനും മകനുമെതിരെ അഴിമതിക്കേസില്‍ ക്രിമിനല്‍നടപടി കൈക്കൊള്ളാന്‍ ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇരുവരും ചേര്‍ന്ന് നടത്തിയ എല്ലാ നീക്കങ്ങളും കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രങ്ങളാണെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

റിയല്‍ എസ്റ്റേറ്റ് കമ്പനികളായ ഡിബി റിയല്‍റ്റി, എച്ച്ഡിഐഎല്‍, ദിന്‍ഷാ ട്രപിനെക്‌സ് തുടങ്ങിയവയില്‍ നിന്ന് സിംഗും മകനും വന്‍തോതില്‍ പണം കൈപ്പറ്റിയതായും ഇരുവരും രണ്ടു പാന്‍കാര്‍ഡുകള്‍ വീതം സൂക്ഷിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്‌ടെത്തിയിരുന്നു. സന്നദ്ധ പ്രവര്‍ത്തകന്‍ സഞ്ജയ് തിവാരിയാണ് കൃപാശങ്കര്‍ സിംഗിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. പ്രോസിക്യൂട്ട് ചെയ്യാനുള്ള കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കൃപാശങ്കര്‍ സിംഗ് മുംബൈ പിസിസി അധ്യക്ഷപദവി രാജിവെച്ചത്.

കോടികളുടെ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയുമായുള്ള ബന്ധമാണു കൃപാശങ്കര്‍ സിംഗിനെ കുടുക്കിയത്. കോഡയ്‌ക്കൊപ്പം അറസ്റ്റിലായിരുന്ന അന്നത്തെ മന്ത്രി കമലേഷ് സിംഗിന്റെ മകള്‍ അങ്കിതയെയാണു കൃപാശങ്കറിന്റെ മകന്‍ നരേന്ദ്ര മോഹന്‍ വിവാഹം കഴിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക