Image

കല കുവൈറ്റ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Published on 22 May, 2017
കല കുവൈറ്റ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
    കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് അബുഹലീഫ ’എ’ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ 'എന്റെ കൃഷി 2017' ന്റെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അബുഹലീഫ കലാ സെന്ററില്‍ നടന്ന സമ്മാനദാന ചടങ്ങ് പ്രശസ്ത നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.കെ.ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. കൃഷിയെ നാം സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കണമെന്നും, പ്രവാസികള്‍ക്ക് കൃഷി എന്നത് നഷ്ടപ്പെട്ട നാടിന്റെ ഓര്‍മ്മകളുടെ വീണ്ടെടുപ്പാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 

തുടര്‍ന്ന് 'എന്റെ കൃഷി 2017' വിജയികളെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍, കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍, ജനറല്‍ സെക്രട്ടറി ജെ.സജി എന്നിവര്‍ പ്രഖ്യാപിച്ചു. ന്ധകര്‍ഷക പ്രതിഭന്ധ പുരസ്‌കാരം ആര്‍.സോമരാജനും, 'കര്‍ഷകമിത്ര' പുരസ്‌കാരം ദിവ്യ സുരേഷ്, 'കര്‍ഷക ബന്ധു' പുരസ്‌കാരം കെ.പി.ഷൈനും നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം വി.കെ.ശ്രീരാമന്‍ നിര്‍വ്വഹിച്ചു. മല്‍സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മുഖ്യാതിഥി കൈമാറി. 

അബുഹലീഫ മേഖലാ പ്രസിഡന്റ് പി.ബി.സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിന് മേഖലാ സെക്രട്ടറി എം.പി.മുസ്ഫര്‍ സ്വാഗതം പറഞ്ഞു. 'എന്റെ കൃഷി 2017' റിപ്പോര്‍ട്ട് അബുഹലീഫ എ യൂണിറ്റ് ജോ: കണ്‍വീനര്‍ ശോഭ സുരേഷ് അവതരിപ്പിച്ചു. മേഖലാ എക്‌സിക്യൂട്ടീവ് അംഗം അന്പിളി പ്രമോദ് നന്ദി രേഖപ്പെടുത്തി.

കല കുവൈറ്റ് ജോ:സെക്രട്ടറി പ്രസീത് കരുണാകരന്‍, മീഡിയ സെക്രട്ടറി ജിതിന്‍ പ്രകാശ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജ്യോതിഷ് ചെറിയാന്‍, ആസഫ്, രംഗന്‍, ശുഭ ഷൈന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

പ്രവാസികള്‍ക്കിടയില്‍ കൃഷിയോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുക, കുട്ടികള്‍ക്കിടയില്‍ കാര്‍ഷിക അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മാര്‍ച്ച് മുതല്‍ മെയ് വരെ 2 മാസക്കാലം 'എന്റെ കൃഷി 2017' സംഘടിപ്പിച്ചത്. മല്‍സരത്തില്‍ 50ഓളം കുടുംബങ്ങള്‍ പങ്കെടുത്തു. അബുഹലീഫ എ യൂണിറ്റ് കണ്‍വീനര്‍ മാത്യു ഉമ്മന്‍ മല്‍സരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക