Image

ട്രംപ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

ജോസ് കുമ്പിളുവേലില്‍ Published on 24 May, 2017
ട്രംപ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാനിലെത്തിയ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും 20 മിനിറ്റോളം ആശയവിനിമയവും നടത്തി. കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയിട്ടുള്ളതാണെങ്കിലും ഇന്നത്തെ കൂടിക്കാഴ്ചയില്‍ സംസാരിച്ച വിഷയങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

അപ്പസ്‌തോലിക് പാലസിലെ പ്രൈവറ്റ് ലൈബ്രറി ഹാളിലായിരുന്നു കൂടിക്കാഴ്ച. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജാരദ് കുഷ്‌നറും ഉണ്ടായിരുന്നു. മെലാനിയയും ഇവാങ്കയും വത്തിക്കാന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള വസ്ത്രധാരണമാണ് നടത്തിയിരുന്നത്. മെലാനിയ തലയില്‍ സ്‌കാര്‍ഫ് അണിഞ്ഞ് ലളിതമായ വേഷത്തിലായിരുന്നു.

ട്രംപിന് വത്തിക്കാന്‍ സേനയായ സ്വിസ്സ് ഗാര്‍ഡ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപും സംഘവും സെന്റ് പീറ്റേഴ്‌സ് ബസലിക്കയും, സിസ്റ്റെന്‍ ചാപ്പലും സന്ദര്‍ശിച്ചു. ട്രംപ് ഇറ്റലിയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.

ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് റോമില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇറ്റാലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപും സംഘവും ഇന്നു വൈകിട്ട് നാറ്റോ ഉച്ചകോടിക്കായി ബ്രസ്സല്‍സിലേക്ക് പോകും.

സൗദി അറേബ്യയില്‍ ശിരോവസ്ത്രം ധരിക്കാതെ എത്തിയ മെലാനിയ ട്രംപും ഇവാന്‍കയും വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ കറുത്ത ശിരോവസ്ത്രം ധരിച്ചെത്തിയതു സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുന്നു. മാര്‍പാപ്പയെ സന്ദര്‍ശിക്കുമ്പോള്‍ ബഹുമാനാര്‍ഥം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കാറുണ്ട്. 
ട്രംപ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക