Image

ഹോളിവുഡില്‍ പ്രിയങ്ക ചോപ്രയുടെ അരങ്ങേറ്റം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ്‌ Published on 24 May, 2017
ഹോളിവുഡില്‍ പ്രിയങ്ക ചോപ്രയുടെ അരങ്ങേറ്റം (ഏബ്രഹാം തോമസ്)
ഹോളിവുഡ്: വലിയ പ്രചരണ കോലാഹലങ്ങള്‍ക്കൊടുവില്‍ പ്രിയങ്ക ചോപ്രയുടെ ആദ്യഹോളിവുഡ് ചിത്രം തിയേറ്ററില്‍ എത്തി. ഒരു ടെലിവിഷന്‍ സീരിസിന്റെ രണ്ടു സീസണില്‍ പ്രിയങ്ക അഭിനയിച്ചിരുന്നു. മൂന്നാം സീസണ്‍ ഉടനെ ആരംഭിച്ചേക്കും. പ്രിയങ്കയുടെ ആദ്യ ഹോളിവുജ് ചിത്രം ബേവാച്ച് 1989മുതല്‍ 2000 വരെ നീണ്ടു നിന്ന ഇതേ പേരിലുള്ള ടെലിവിഷന്‍ സീരിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നാല് തിരക്കഥാകൃത്തുക്കള്‍ രചിതെന്ന് കെഡിറ്റുകള്‍ പറയുന്നു.
ടെലിവിഷന്‍ പരമ്പരയില്‍ മിച്ച് ബുക്കാനനും (ഡേവിഡ് ഹാസല്‍ഹോഷ്, സിജെ പാര്‍ക്കറും(പമേല ആന്‍ഡേഴ്‌സണ്‍) സംഘവും അമേരിക്കയിലെ ഒരു കടല്‍തീരം സംരക്ഷിക്കുന്ന ലൈഫ് ഗാര്‍ഡു ഗാര്‍ഡുകളാണ്. തിരയില്‍ പെട്ടുപോകുന്ന മനുഷ്യരെ രക്ഷിക്കുകയും തീരത്തെ കുറ്റകൃതങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന പരമ്പര കുടുംബസദസുകളെ ആകര്‍ഷിച്ചു. ഡേവിസിന്റെ പൗരുഷവും പമേലയുടെ മാദകത്വവും ഇതിന് കൂടുതല്‍ സഹായിച്ചു.

ബേ വാച്ച് ചലച്ചിത്രത്തില്‍ അതിമാനുഷ ശരീര പ്രകൃതിക്കുടമയായ സുവൈസ് ജോണ്‍സണാണ് മിച്ചായി പ്രത്യക്ഷപ്പെടുന്നത്. സിജെ ആയി കെല്ലി റോര്‍ബാത്തും. സാക് എഫ്‌ട്രോണ്‍(മാറ്റ് ബ്രോഡി)യാണ് മറ്റൊരു പുരുഷ ആകര്‍ഷണം. അലക്‌സാണ്ട്ര ഡാഡ്രിയോ, ഇല്‍ഫനേഷ് ഹഡേര എന്നിവര്‍ മറ്റ് സ്ത്രീ കഥാപാത്രങ്ങളും. പ്രിയങ്ക വിക്ടോറിയ ലീഡ്‌സ് എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനി ഉടമയും മയക്കു മരുന്ന് കള്ളക്കടത്ത് സംഘനേതാവുമാണ്.

ബേ വാച്ച് പരമ്പരയില്‍ മനുഷ്യരെയും തീരത്തെയും  സംരക്ഷിക്കുകയായിരുന്നു ലൈഫ് ഗാര്‍ഡുകളുടെ പ്രധാന കര്‍ത്തവ്യം. ചലച്ചിത്രരൂപത്തില്‍ കള്ളക്കടത്തും അതിനോടനുബന്ധിച്ച കുറ്റകൃത്യങ്ങളും തടയുക എന്ന വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുന്നു. തിരക്കഥാകൃത്തുക്കളായ ജെയ് ഷെറിക്കിനും ഡേവിഡ്  റോണിനും തോമസ് ലാനനും റോബര്‍ട്ട് ബെന്‍ഗരാന്റിനും രൂപാന്തരത്തിന് ഉള്‍ക്കരുത്ത് നല്‍കാന്‍ കഴിഞ്ഞില്ല. കഥാപാത്രങ്ങള്‍ക്ക് ശ്രദ്ധേയമായ വ്യക്തിത്വം നല്‍കിയിട്ടില്ല. ഈ പോരായ്മ മറികടക്കുവാന്‍ സംവിധായകന്‍ സേത്ത് ഗോര്‍ഡന്‍ പരിശ്രമിച്ചില്ല.

ഉദ്വേഗത നിറഞ്ഞ രംഗങ്ങള്‍ക്ക് പ്രമേയം തുറച്ചു വച്ച സാധ്യത  കളഞ്ഞു കുളിച്ചതായാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുക. കടലിനുള്ളില്‍ പാര്‍ട്ടി നടത്തുന്ന സംഘത്തെ തീയില്‍ നിന്ന് രക്ഷപ്പെടുത്തുന്ന രംഗങ്ങള്‍ മാത്രമാണ് പ്രതിഭാസമ്പന്നമായി അനുഭവപ്പെട്ടത്. എറിക് സ്റ്റീല്‍ ബെര്‍ഗിന്റെ ഛായഗ്രഹണവും പീറ്റര്‍ എസ് എലിയട്ടിന്റെ ചിത്രസംയോജനവും ഏറ്റവുമധികം ശ്ലാഘനീയമായത് ഈ രംഗങ്ങളിലാണ്. ക്രിസ്റ്റഫര്‍ ലെണ്ടര്‍ട്ട്‌സിന്റെ സംഗീതം ആകര്‍ഷണീയമാണ്.
കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്ന ഡുവൈന്‍ ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങുന്നു. എന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ അഭിനയത്തിന് പകരം വയ്ക്കുവാനാണ് നടന്‍ ഏറെയും ശ്രമിച്ചിരിക്കുന്നത്. മറ്റ് കഥാപാത്രങ്ങളും ഏറെ ആശ്രയിക്കുന്നത് നാലക്ഷര വാക്കുകളിലാണ്. കുറ്റം സംഭാഷണം എഴുതിയവരുടേതാണെന്നറിയാം. മറ്റ് രംഗങ്ങളിലെങ്കിലും അഭിനയത്തില്‍ ശ്രദ്ധിക്കാമായിരുന്നു.
സാക്ക് എഫ്രോണ്‍, അലക്‌സാണ്ട്ര ഡാഡ്രിയോ, കെല്ലി റോര്‍ബാത്ത്, ഇല്‍ഫനേത്ത് ഹഡേര, ജോന്‍ബാസ്, യഹ്യ അബ്ദുള്‍ മറ്റീന്‍(രണ്ട്), ഹാനിബല്‍ ബുരസ് എന്നിവരാരും പ്രേക്ഷകരില്‍ ചലനം സൃഷ്ടിക്കുകയില്ല.

ബോളിവുഡ് നടിമാരുടെ വിലിയ സ്വപ്‌നമാണ് ഹോളിവുഡിലെത്തുക. മാനേജര്‍മാര്‍ അഹോരാത്രം പണിപ്പെട്ട് ഒരു റോള്‍ തരപ്പെടുത്തുന്നു. അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളില്‍ ഇന്റര്‍വ്യൂകള്‍ പിന്നാലെ എത്തുന്നു. ഇന്ത്യയ്ക്ക് പുറത്തുവരുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയാമായിരുന്നോ എന്ന് പ്രിയങ്കയോട് ഒരു അവതാരക ചോദിച്ചിരുന്നു. ഇംഗ്ലീഷ് അറിയാം എന്ന് പ്രിയങ്ക തെളിയിച്ചു. എന്നാല്‍ അഭിനയ കഴിവുകളെ കുറിച്ചുള്ള സംശയം ബേവാച്ചിന് ശേഷവും നിലനില്‍ക്കും.? ഐശ്വര്യാറായ് ബച്ചനും ദീപിക പദുകോണിനും ഹോളിവുഡില്‍ കാര്യമായി ഒന്നും നേടാന്‍ കഴിഞ്ഞില്ല. പ്രിയങ്കയുടെ വില്ലത്തിയും അവരുടെ കരിയറിലെ നേട്ടമാകാന്‍ വഴിയില്ല.
ബേവാച്ച് വെള്ളിയാഴ്ച അമേരിക്കന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. ജൂണ്‍ രണ്ടിനാണ്  ഇന്ത്യന്‍ തിയേറ്ററുകളിലെത്തുക. ഇന്ത്യന്‍ സെന്‍സര്‍ ആന്റ് വൈസറി ബോര്‍ഡും ചെയര്‍മാന്‍ പഹലാജ് നിഹലാനിയും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. ബേ വാച്ചിലെ സംഭാഷണത്തോടും നാലക്ഷര പ്രയോഗങ്ങളോടും സഹിഷ്ണുത കാട്ടുമോ എന്ന് കാത്തിരുന്ന് കാണാം.



ഹോളിവുഡില്‍ പ്രിയങ്ക ചോപ്രയുടെ അരങ്ങേറ്റം (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക