Image

വന്നാക്രൈ' ശരിക്കും കരച്ചിലായി (ജോര്‍ജ് തുമ്പയില്‍)

Published on 25 May, 2017
വന്നാക്രൈ' ശരിക്കും കരച്ചിലായി (ജോര്‍ജ് തുമ്പയില്‍)
2017 മെയ് 12. ആശുപത്രിയില്‍ നിന്നു മടങ്ങുമ്പോഴാണ് മൊബൈലില്‍ സന്ദേശമെത്തിയത്. ലോകമെമ്പാടും സൈമര്‍ ആക്രമണം നടക്കുന്നു. പലയിടത്തേയും കമ്പ്യൂട്ടറുകള്‍ തുറക്കാന്‍ പറ്റുന്നില്ല. ഓഫീസിലേക്ക് ഫോണ്‍ ചെയ്തു വിവരം അന്വേഷിച്ചു. അവിടെ കുഴപ്പമൊന്നുമില്ല. പല സുഹൃത്തുക്കളെയും വിളിച്ച് അന്വേഷിച്ചു. കുഴപ്പമില്ലെന്ന് ആശ്വാസദായകമായ സന്ദേശം. വീട്ടിലെത്തി ടിവി തുറന്നപ്പോള്‍ കണ്ടു, ലോകത്ത് പലേടത്തും വൈറസ് ബാധയേറ്റ് പല കമ്മ്യൂണിക്കേഷനുകളും താറുമാറായിരിക്കുന്നു. പലര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയുന്നില്ല, ഈമെയിലുകള്‍ അയയ്ക്കാന്‍ കഴിയുന്നില്ല, ആശുപത്രി വിവരങ്ങള്‍, മറ്റ് സാങ്കേതിക വിവരങ്ങള്‍ ഒന്നും കൈമാറാന്‍ കഴിയുന്നില്ല. ആശുപത്രിയിലെ രോഗികളുടെ വിവരങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടറുകള്‍ തുറക്കാന്‍ വയ്യാതായതോടെ ഏതു മരുന്ന് എപ്പോള്‍ കൊടുക്കണമെന്ന് അറിയാതെ ആരോഗ്യമേഖല കുഴഞ്ഞു. ഹാക്കര്‍മാര്‍ നിര്‍മ്മിച്ച വൈറസ് ബാധ ലോകത്ത് പലേടത്തേക്കും പരക്കുന്ന ഭീതിദായകമായ വാര്‍ത്തകളാല്‍ ന്യൂസ് ബുള്ളറ്റിനുകള്‍ നിറഞ്ഞു. നിനക്ക് കരയണോ എന്നര്‍ത്ഥത്തിലുള്ള വന്നാക്രൈ എന്ന പേരിലാണ് വൈറസ് പരന്നത്. ശരിക്കും വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകള്‍ തുറക്കുമ്പോള്‍ ആരും ഒന്നും കരഞ്ഞു പോകുമെന്നതാണ് സത്യം.

വൈറസ് ബാധയേറ്റ കമ്പ്യൂട്ടര്‍ തുറക്കുമ്പോള്‍ പണം ആവശ്യപ്പെടുന്ന സന്ദേശമാണ് സ്ക്രീനില്‍ തെളിയുന്നത്. 28 ഭാഷകളിലായി എന്‍ക്രിപ്റ്റ് ചെയ്യപ്പെടുന്ന ഡാറ്റകള്‍ക്ക് പണം (ബിറ്റ് കോയിന്‍) ആവശ്യപ്പെടുന്നവര്‍ വെല്ലുവിളിക്കുന്നതും അമേരിക്കയെയും സഖ്യകക്ഷികളെയും തന്നെ. ലോകത്തിലെ വലിയ സൈബര്‍ അറ്റാക്കായി വന്നാക്രൈയെ കണക്കാക്കി തുടങ്ങിയതോടെ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി മിഷന്‍ ആവശ്യത്തിനു മുന്‍കരുതലുകളെടുക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ ഫോണിലെത്തി. ആന്റി വൈറസുകള്‍ അപ്‌ഡേറ്റ് ചെയ്യുക മാത്രമാണ് മാര്‍ഗ്ഗം. ഇ-മെയില്‍ വഴിയുള്ള ഫിഷിംഗും, കമ്പ്യൂട്ടര്‍ വേം വഴിയുമാണ് കമ്പ്യൂട്ടറില്‍ നിന്നും കമ്പ്യൂട്ടറിലേക്ക് ഇതു പകരുന്നതെന്നറിഞ്ഞതോടെ, തത്ക്കാലം ഇ-മെയില്‍ അറ്റാച്ചുമെന്റുകള്‍ തുറക്കേണ്ടതില്ലെന്നു തീരുമാനിച്ചു. എത്ര നാള്‍? എത്രമാത്രം പ്രായോഗികമാണിത്? മെയിലുകള്‍ തുറക്കാതെ, മതിയായ ആശയവിനിമയം നടത്താതെ എങ്ങനെ മുന്നോട്ടു പോകും? അതു തന്നെയാണ് ആക്രമണകാരികളും ലക്ഷ്യമിട്ടിരിക്കുന്നത്. ഇതെന്തു പറ്റി ഈ ലോകത്തിന് എന്നു ചിന്തിക്കവേ, മാല്‍വെയര്‍ വൈറസ് എണ്ണത്തില്‍ അധികമെന്നു യുറോപ്പോള്‍ കണ്ടെത്തിയതായി വാര്‍ത്തകളില്‍ കണ്ടു.

ഇത് സ്‌പെയിനിലെ ടെലെഫോനിക പോലുള്ള വമ്പന്‍ കമ്പനികളേയും, ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസുകളേയും, ഗുരുതരമായി ബാധിച്ചതായും വാര്‍ത്തകള്‍ കണ്ടപ്പോള്‍ വിഷമം തോന്നി. നൂറോളം രാജ്യങ്ങളും ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നും കേട്ടു വാര്‍ത്തകള്‍. വന്നാക്രൈ മൈക്രോസോഫ്റ്റ് വിന്‍ഡോസിനെ ഉന്നം വയ്ക്കുന്ന ഒരു റാന്‍സംവെയര്‍ സോഫ്റ്റ്‌വെയറാണേ്രത. ഏകദേശം 150 രാജ്യങ്ങളിലായി, 230,000 കമ്പ്യൂട്ടറുകളെ ഈ വൈറസ് ബാധിച്ചിരിക്കുന്നുവെന്നാണ് കണക്ക്.

അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി എജന്‍സി നിര്‍മ്മിച്ച "എറ്റേര്‍ണല്‍ ബ്ലു' എന്ന കമ്പ്യൂട്ടര്‍ സെക്യൂരിറ്റി സിസ്റ്റമായി വന്നാക്രൈയിനെ കണക്കാക്കപ്പെടുന്നു. അതിന്റെ സെക്യൂരിറ്റി പാച്ച് നിലവിലുണ്ട്. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ നിയമാനുസൃതമായ സപ്പോര്‍ട്ടില്ലാത്തതിനാല്‍ അത് എല്ലാവര്‍ക്കും ലഭ്യമല്ലാതിരുന്നതാണ് ഇപ്പോഴത്തെ ഈ സൈബര്‍ അറ്റാക്കിനെ അതിജീവിക്കാന്‍ പലര്‍ക്കും പറ്റാതിരുന്നത്. വൈറസ് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്‌സ്പി യും, വിസ്റ്റ, 8 എന്നീ വേര്‍ഷനുകള്‍ക്കുമുള്ള അപ്പ്‌ഡേറ്റ് പുറത്തിറക്കുന്നതായി അറിഞ്ഞു.
മറ്റു മാല്‍വെയറുകളുടേതു പോലെ വന്നാക്രൈയിലും ഒരു കമാന്‍ഡ് ആന്‍ഡ് കണ്ട്രോള്‍ സംവിധാനമാണ് ഒരുക്കിയിരുന്നത്. പക്ഷേ സാധാരണ മാല്‍വെയറുകളില്‍ നിന്നും വ്യത്യസ്തമായി ഇതിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സര്‍വ്വറിന്റേതായി രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു ഡൊമൈന്‍ ആയിരുന്നു നല്‍കിയിരുന്നത്. മാല്‍വെയര്‍ ടെക് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം ഈ പേരില്‍ ഒരു ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്ത് ഒരു സിങ്ക് ഹോള്‍ സര്‍വ്വര്‍ സജ്ജമാക്കി. ഇതോടെ ലോകമെമ്പാടുമുള്ള വന്നാക്രൈ ബാധയേറ്റ കമ്പ്യൂട്ടറുകളില്‍ നിന്നും ഈ സര്‍വ്വറിലേക്ക് സന്ദേശങ്ങള്‍ എത്താന്‍ തുടങ്ങി. യഥാര്‍ത്ഥത്തില്‍ ഈ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള്‍ ഡൊമൈന്‍ ഒരു കില്‍ സ്വിച്ച് ആയിട്ടാണ് വന്നാക്രൈയില്‍ പ്രോഗ്രാം ചെയ്യപ്പെട്ടിരുന്നത്. അതായത് മാല്‍വെയര്‍ ബാധയേറ്റ കമ്പ്യൂട്ടര്‍ ഇത്തരത്തില്‍ ഒരു സിങ്ക് ഹോള്‍ സര്‍വ്വറുമായി ബന്ധപ്പെട്ടാല്‍ ഉടന്‍ തന്നെ അതിന്റെ പ്രവര്‍ത്തനം സ്വയമേവ അവസാനിപ്പിക്കുന്ന തരത്തിലായിരുന്നു ഇത്. ഇത്തരത്തില്‍ ഒരു സിങ്ക് ഹോള്‍ കമാന്റ് ആന്‍ഡ് കണ്ട്രോള്‍ സര്‍വ്വര്‍ സൃഷ്ടിക്കപ്പെട്ടതോടെ ലോക വ്യാപകമായിത്തന്നെ ഇന്റര്‍നെറ്റ് ബന്ധിതമായ കമ്പ്യൂട്ടറുകളില്‍ എല്ലാം വന്നാക്രൈ നിര്‍ജ്ജീവമായി. പക്ഷേ ഇപ്പോള്‍ കില്‍ സ്വിച്ച് ഇല്ലാത്ത വന്നാക്രൈ പതിപ്പുകള്‍ പടര്‍ന്നു കൊണ്ടിരിക്കുന്നതായാണ് വാര്‍ത്തകള്‍.

ബ്രിട്ടനു പുറമേ അമേരിക്കയിലെയും വിവിധ ആശുപത്രികളെ വന്നാക്രൈ ബാധയേറ്റെന്ന് ഫോബ്‌സ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആശുപത്രിയുടെ അഡ്മിനിസ്‌ട്രേഷന്‍ കമ്പ്യൂട്ടറുകളെ മാത്രമല്ല, മെഡിക്കല്‍ ഡിവൈസുകളെ തന്നെ വന്നാക്രൈ ബാധിച്ചുവെന്നാണ് ഫോബ്‌സ് പറയുന്നത്. അമേരിക്കന്‍ നാഷണല്‍ ഏജന്‍സി ഇക്കാര്യത്തില്‍ ഉടനടി പ്രവര്‍ത്തിച്ചതിനാല്‍ കൂടുതല്‍ പരിക്കുകളേറ്റിട്ടില്ലെന്നും ഫോബ്‌സ് പറയുന്നു. അമേരിക്കയിലെ ആരോഗ്യമേഖലയില്‍ നിന്നും ബേയര്‍ മെഡ്രാഡ് ഡിവൈസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ വന്നാക്രൈയുടെ ആക്രമണം തടയാനാവാതെ പോയതിന്റെ ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കണ്ടപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി. സാങ്കേതികമായി ഏറെ മുന്നിലുള്ള അമേരിക്കയില്‍ പോലും കമ്പ്യൂട്ടര്‍ ബാധ ഏല്‍ക്കുന്ന വിധത്തില്‍ പവര്‍ ഇന്‍ജക്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിലാണ് അതിശയം. എംആര്‍ഐ സ്കാനിങ്ങിനു ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ നിന്നും രോഗികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന കമ്പ്യൂട്ടറുകളും ഇത്തരത്തില്‍ മിനിറ്റുകളോളം തുറക്കാന്‍ കഴിയാതിരുന്ന ഞെട്ടലിലായിരുന്നു അമേരിക്കയിലെ പല സംസ്ഥാനങ്ങളും. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ട്രസ്റ്റ് അലയന്‍സ് എന്ന കമ്പനി അമേരിക്കന്‍ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ രംഗത്തിറങ്ങിയത് നേട്ടമായി.

ആശുപത്രി രംഗത്തുള്ള വിവിധ വിഭാഗങ്ങള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നത്. അതു കൊണ്ടു തന്നെ പ്രമുഖ കമ്പനികളായ ബെക്ടന്‍, ഡികിന്‍സണ്‍ തുടങ്ങിയവരെല്ലാം തന്നെ എക്‌സ്‌റേ, ക്യാറ്റ് സ്കാന്‍, എംആര്‍ഐ എന്നിവയുടെ സുരക്ഷിത വിവരങ്ങള്‍ ബാക്കപ്പ് എടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടം ഒഴിവായെന്നു പൂര്‍ണ്ണമായും പറയാനാവില്ലെങ്കിലും ആരോഗ്യമേഖലയിലും സാമ്പത്തിക മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തങ്ങളുടെ സുരക്ഷിതമായ ഡാറ്റകള്‍ ലോക്കല്‍ ബാക്കപ്പ് കമ്പ്യൂട്ടറിലേക്ക് മാറ്റുന്നതാണ് നല്ലത്. ലോകത്തിന് ഇതൊരു മുന്നറിയിപ്പാണ്. വിവരസാങ്കേതിക മേഖല കുതിച്ചു കയറുമ്പോഴും എവിടെ നിന്ന് എപ്പോള്‍ വേണമെങ്കിലും ഇത്തരമൊരു ആക്രമണം ഇനിയും ഉണ്ടായിക്കൂടെന്നില്ലോ. ഇന്റര്‍നെറ്റ് എന്നത് ഒരു വലയാണ്. അതിലെ ഒരു വല പൊട്ടിപ്പോയാല്‍ എന്തു സംഭവിക്കുമെന്നു കൂടിയാണ് വന്നാക്രൈ വ്യക്തമാക്കിയത്. നമുക്കു കരുതിയിരിക്കാം, എന്തും എപ്പോഴും സംഭവിക്കുമെന്ന അവസ്ഥയില്‍- സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്ന നമ്മുടെ ചൊല്ലിന് തന്നെയാണ് പ്രസക്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക