Image

എം.കെ.കെ. നായരെ തകര്‍ത്തത് സ്വകാര്യ ഡയറിയിലെ വിവരങ്ങള്‍ ഉപയോഗിച്ച്: ഡി ബാബു പോള്‍

Published on 25 May, 2017
എം.കെ.കെ. നായരെ തകര്‍ത്തത് സ്വകാര്യ ഡയറിയിലെ വിവരങ്ങള്‍ ഉപയോഗിച്ച്: ഡി ബാബു പോള്‍
കൊച്ചി: ഇന്ത്യന്‍ വ്യവസായ സാമ്രാജ്യത്തെ നയിച്ചിരുന്ന എം.കെ.കെ. നായരെ തകര്‍ക്കാന്‍ ശത്രുക്കള്‍ ഉപയോഗിച്ചത് അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിയായിരുന്നുവെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോള്‍.

ഇന്ദിരാഗാന്ധിക്കെതിരേ എം.കെ.കെ. നായരുടെ നിലപാടുകള്‍ അദ്ദേഹം ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. വീട്ടില്‍ പരിശോധന നടത്തിയ സി.ബി.ഐ ഡി.വൈ.എസ്.പി വെങ്കിടാചലമാണ് ഈ ഡയറി കണ്ടെത്തി നായരുടെ ശത്രുക്കളുടെ കൈവശം എത്തിച്ചത്. ഇന്ദിരാഗാന്ധിയെ ഈ ഡയറി നേരിട്ട് കാണിച്ച് പ്രധാനമന്ത്രിയെ എം.കെ.കെ നായരുടെ പ്രധാന ശത്രുവാക്കി.

പിന്നീട് അവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഇന്ദിരാഗാന്ധിയുടെ സെക്രട്ടറിയായിരുന്ന ഡോ. പി.സി. അലക്‌സാണ്ടര്‍ക്ക് പോലും കഴിഞ്ഞിരുന്നില്ല.

എം.കെ.കെ നായരോട് ചെയ്ത ദ്രോഹങ്ങള്‍ക്ക് മാപ്പു പറഞ്ഞ് സംസ്ഥാനവും കേന്ദ്രവും വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന് ബാബു പോള്‍ ആവശ്യപ്പെട്ടു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച എം.കെ.കെ നായര്‍ അനുസ്മരണ പ്രഭാഷണത്തിലാണ് ബാബു പോളിന്റെ പരാമര്‍ശങ്ങള്‍. ആര്‍ക്കുമറിയാത്ത ഈ രഹസ്യം തന്നോട് പറഞ്ഞത് ഡി.വൈ.എസ്.പി വെങ്കിടാചലം തന്നെയാണെന്ന് ബാബു പോള്‍ വ്യക്തമാക്കി. എം.കെ.കെ നായരെക്കുറിച്ചുള്ള ഒരു പുസ്തകത്തിലും ഈ പരാമര്‍ശങ്ങള്‍ ഉണ്ടാകില്ല.

200 വര്‍ഷങ്ങള്‍ക്കു മുമ്പ് വിഴിഞ്ഞത്ത് തുറമുഖം വരണമെന്ന് വിഭാവനം ചെയ്ത രാജാ കേശവദാസനേയും തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്ന് സെക്രട്ടറിയേറ്റ് പുറത്തെത്തിച്ച സി. മാധാവറാവുവിനേയും പോലെ ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു എം.കെ.കെ. നായര്‍. ഈ മൂന്നുപേരും മലയാളികളുടെ കൈകളാല്‍ ശരിക്കും "അനുഭവിച്ചു'വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.എം.എം പ്രസിഡന്റ് മാത്യു ഉറുമ്പത്ത്, അനുസ്മരണ പ്രഭാഷണ കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍. ശാസ്ത്രി, ഗോപകുമാര്‍ എം. നായര്‍, സുനില്‍ കെ. സക്കറിയ, ആര്‍ മാധവ് ചന്ദ്രന്‍ എന്നിവരും പ്രസംഗിച്ചു. ഗോപകുമാര്‍ എം. നായര്‍ തര്‍ജമ ചെയ്ത എം.കെ.കെ നായരുടെ ആത്മകഥ ചടങ്ങില്‍ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക