Image

കാണാതായ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി; മലയാളി അടക്കമുളള പൈലറ്റുമാരെക്കുറിച്ച്‌ വിവരമില്ല

Published on 26 May, 2017
കാണാതായ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി; മലയാളി അടക്കമുളള പൈലറ്റുമാരെക്കുറിച്ച്‌ വിവരമില്ല


മലയാളി ഉള്‍പ്പെടെ രണ്ട്‌ പൈലറ്റുമായി ചൈനാ അതിര്‍ത്തിക്ക്‌ സമീപം കാണാതായ വ്യോമസേനയുടെ സുഖോയ്‌ 30 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഉള്‍വനത്തില്‍ നിന്നാണ്‌ വിമാനഭാഗം കണ്ടെത്തിയത്‌. അതേസമയം, വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ കുറിച്ച്‌ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്‌.


വിമാനം പറന്നുയര്‍ന്ന അസമിലെ വിമാനത്താവളത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നാണ്‌ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്‌. വിമാനത്തിന്റെ ചില ഭാഗങ്ങളേ ലഭിച്ചിട്ടുള്ളൂവെന്നും പൂര്‍ണമായ അവശിഷ്ടം കണ്ടെത്തിയിട്ടില്ലെന്നുമാണ്‌ വിവരം. കോഴിക്കോട്‌ സ്വദേശിയായ അച്ചുദേവ്‌ (25) ആണ്‌ വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളി പൈലറ്റ്‌.

ഈ മാസം 23 ന്‌ രാവിലെ 9.30ന്‌ അസമിലെ തേസ്‌പൂരില്‍ നിന്ന്‌ പറന്നുയര്‍ന്ന വിമാനംഅരുണാചല്‍ പ്രദേശിലെ ഡോലാസാങ്‌ മേഖലയിലാണ്‌ കാണാതായത്‌. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്‌. അവസാന സന്ദേശം 11.30ന്‌ ആണ്‌ വിമാനത്തില്‍ നിന്ന്‌ ലഭിച്ചത്‌. 

സാധാരണ പരിശീലന പറക്കലിന്‌ ഇടയിലാണ്‌ വിമാനം കാണാതായത്‌. തേസ്‌പൂരിന്‌ 60 കിലോമീറ്റര്‍ വടക്ക്‌ പറക്കുന്നതിന്‌ ഇടയിലാണ്‌ സുഖോയ്‌ 30 വിമാനവുമായുള്ള ബന്ധം നഷ്ടമായത്‌. റഡാര്‍ ബന്ധവും റേഡിയോ ബന്ധവും നഷ്ടമായതായുമെന്ന്‌ വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ചൈനാ അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരെയാണ്‌ തേസാപൂര്‍ വ്യോമതാവളം.

സുഖോയ്‌ വിമാനങ്ങളുടെ കാലപ്പഴക്കത്തെ ചൊല്ലി നേരത്തെ വിവാദം ഉയര്‍ന്നിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക