Image

രാജ്യത്ത്‌ കന്നുകാലി കശാപ്പ്‌ നിരോധിച്ചു

Published on 26 May, 2017
രാജ്യത്ത്‌ കന്നുകാലി കശാപ്പ്‌ നിരോധിച്ചു


ന്യൂഡല്‍ഹി: രാജ്യത്ത്‌ കന്നുകാലികളെ കശാപ്പ്‌ ചെയ്യുന്നത്‌ നിരോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ്‌ വിജ്ഞാപനമിറക്കിയത്‌. കാള, പശു, പോത്ത്‌ ,ഒട്ടകം എന്നിവയാണ്‌ നിരോധനത്തിന്റെ പരിധിയിലുള്ളത്‌.കന്നുകാലി വില്‍പ്പനക്കും കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തി.

മെയ്‌ 23 ന്റെ അസാധാരണ ഗസറ്റായാണ്‌ വിജ്ഞാപനം.മൃഗങ്ങള്‍ക്ക്‌ എതിരായ ക്രൂരത തടയാനുള്ള 1960 ലെ നിയമത്തിന്റെ 38 ആം വകുപ്പ്‌ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ്‌ ചട്ടങ്ങളെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

കന്നുകാലികളെ കാര്‍ഷിക ആവശ്യത്തിന്‌ മാത്രമെ വില്‍ക്കാന്‍ പാടുള്ളൂവെന്നും ഉത്തരവിലുണ്ട്‌. കൂടാതെ സംസ്ഥാനാന്തര വില്‍പ്പനയും നിരോധിച്ചു. കൊല്ലുകയില്ല എന്ന സത്യവാങ്‌മൂലം നല്‍കാതെ ഇവയെ വില്‍പ്പനയ്‌ക്കായി പോലും എത്തിക്കരുതെന്ന്‌ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. 

വാങ്ങുന്നയാള്‍ കൃഷിക്കാരനാണെന്ന്‌ ഉറപ്പ്‌ വരുത്തണമെന്നും ഉത്തരവ്‌ നിര്‍ദേശിക്കുന്നു. ഏതെങ്കിലും മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചിട്ടുണ്ട്‌.

 ഉത്തരവനുസരിച്ച്‌ കാര്‍ഷിക ആവശ്യത്തിന്‌ മാത്രമെ കന്നുകാലികളെ വില്‍ക്കാന്‍ പാടുള്ളു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന്റെ ഭാഗമായാണ്‌ പുതിയ ഉത്തരവെന്നാണ്‌ വിശദീകരണം. 

അനിമല്‍ മാര്‍ക്കറ്റ്‌ കമ്മിറ്റി രൂപീകരിച്ച്‌ കന്നുകാലി ചന്തകളുടെ നടത്തിപ്പ്‌ നിയന്ത്രിയ്‌ക്കാനും ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ട്‌. ചന്തയില്‍ കൊണ്ടുവരുന്ന കാലികള്‍ക്ക്‌ ആവശ്യമായ പ്രാഥമിക സൌകര്യങ്ങള്‍ ഒരുക്കണമെന്ന വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിരിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക