Image

കാള, പശു, പോത്ത്, ഒട്ടകം: ഇനി മേല്‍ കൊല്ലാന്‍ പാടില്ല

Published on 26 May, 2017
കാള, പശു, പോത്ത്, ഒട്ടകം: ഇനി മേല്‍ കൊല്ലാന്‍ പാടില്ല
ന്യൂഡല്‍ഹി: രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. കാള, പശു, പോത്ത്, ഒട്ടകം എന്നിവയാണ് നിരോധനത്തിന്റെ പരിധിയിലുള്ളത്. കന്നുകാലി വില്‍പ്പനക്കും കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തി.

മെയ് 23 ന്റെ അസാധാരണ ഗസറ്റായാണ് വിജ്ഞാപനം. മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയാനുള്ള 1960 ലെ നിയമത്തിന്റെ 38 ആം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ചട്ടങ്ങളെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

കന്നുകാലികളെ കാര്‍ഷിക ആവശ്യത്തിന് മാത്രമെ വില്‍ക്കാന്‍ പാടുള്ളൂവെന്നും ഉത്തരവിലുണ്ട്. കൂടാതെ സംസ്ഥാനാന്തര വില്‍പ്പനയും നിരോധിച്ചു. കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നല്‍കാതെ ഇവയെ വില്‍പ്പനയ്ക്കായി പോലും എത്തിക്കരുതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വാങ്ങുന്നയാള്‍ കൃഷിക്കാരനാണെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു. ഏതെങ്കിലും മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

കന്നുകാലി മാര്‍ക്കറ്റുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് 50 കിലോമീറ്ററും അകലത്തിലും, സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്ററും ഉള്ളിലായിരിക്കണം.സംസ്ഥാനങ്ങള്‍ക്ക് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിന് സംസ്ഥാനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ അനുമതി നിര്‍ബന്ധമാകും. കന്നുകാലി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് മജിസ്‌ട്രേറ്റ് അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയുടെ അനുമതിയും നിര്‍ബന്ധമാക്കും.

ഉത്തരവനുസരിച്ച് കാര്‍ഷിക ആവശ്യത്തിന് മാത്രമെ കന്നുകാലികളെ വില്‍ക്കാന്‍ പാടുള്ളു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്നാണ് വിശദീകരണം.

അനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റി രൂപീകരിച്ച് കന്നുകാലി ചന്തകളുടെ നടത്തിപ്പ് നിയന്ത്രിയ്ക്കാനും ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ട്. ചന്തയില്‍ കൊണ്ടുവരുന്ന കാലികള്‍ക്ക് ആവശ്യമായ പ്രാഥമിക സൌകര്യങ്ങള്‍ ഒരുക്കണമെന്ന വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിരിക്കുന്നു 

കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കന്നുകാലി കശാപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെട്ടതാണ്. നിരോധന വിജ്ഞാപനവുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയത് കേന്ദ്രസര്‍ക്കാരിന്റെ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനാണെന്ന് കൃഷിമന്ത്രി മന്ത്രി. വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. 

പുതിയ വിജ്ഞാപനം രാജ്യത്തെ പൗരന്‍മാരുടെ ഭക്ഷണ അവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമാണ്. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും മന്ത്രി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിഗുഡമായ ഗൂഡാലോചനയുടെ ഫലമാണ് വിജ്ഞാപനം. ഇത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 


രാജ്യത്ത് അസാമാധാനവും വിഭജനവും ഉണ്ടാക്കാനുള്ള മോദിയുടെ ശ്രമമാണ് കന്നുകാലി കശാപ്പ് നിരോധനത്തിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി ജി. സുധാകരന്‍.

കന്നുകാലികളോടുള്ള സ്‌നേഹമല്ല ഇതെന്നും മറിച്ച് വര്‍ഗീയമായും വിഭാഗീയമായുള്ള ആശയം രൂപപ്പെടുത്തി വിദ്വേഷരാഷ്ട്രീയം സൃഷ്ടിച്ചെടുക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നിലെന്നും ജി. സുധാകരന്‍ പറഞ്ഞു.

കന്നുകാലികളെ മുഴുവന്‍ കൊല്ലണമെന്നല്ല ഇതിലൂടെ താന്‍ പറയുന്നത്. പ്രായമായ കന്നുകാലികള്‍ ഉണ്ടായാല്‍ അവയെ കശാപ്പ് ചെയ്യുന്നത് സ്വാഭാവികമാണ്. അത് നാളുകളായി നിലനിന്ന് പോന്ന സിസ്റ്റമാണ്. ആയിരത്തോളം വര്‍ഷമായി തുടരുന്ന ജനങ്ങളുടെ അവകാശമാണ് ഹനിക്കപ്പെട്ടിരിക്കുന്നത്.

ജനങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നേ ഇതിനെ പറയാനുള്ളൂ. മനുഷ്യരെ യാതൊരു ദയയുമില്ലാതെ കൊല്ലുന്നവര്‍ പറയുകാണ് പ്രായമായ മൃഗങ്ങളെ കൊല്ലരുതെന്ന് എന്തൊരു വിരോധാഭാസമാണ് ഇത്.

കേരള സര്‍ക്കാര്‍ ഇതിനെ അനുകൂലിക്കാന്‍ പോകുന്നില്ല. മാത്രമല്ല ഇതുവരെ ഇതിനെ ആരും സ്വാഗതം ചെയ്യില്ല. ഇന്ത്യയിലെ 38 ശതമാനം വോട്ടേ മോദിക്ക് ലഭിച്ചിട്ടുള്ളൂ എന്ന കാര്യം മറക്കരുത്. പാര്‍ലമെന്റില്‍ ഒറ്റയ്ക്ക ഭരിക്കാനുള്ള ഭൂരിപക്ഷം മോദിക്കുണ്ട്. നല്ല ഭരണം നടത്തുന്നതിന് പകരം ഇത്തരത്തില്‍ ജനവിരുദ്ധമായ തീരുമാനമെടുക്കുന്നത് ഒരു തരത്തിലും ശരിയല്ല.

മോദി എല്ലാ തലത്തിലും പരാജയമാണ്. അപകടത്തിലേക്കും അബദ്ധത്തിലേക്കും മോദിയുടെ ഭരണം പോകാനുള്ള എല്ലാ സാധ്യതയുമുണ്ട്.
വിഭാഗീയതയേയും അന്ധവിശ്വാസങ്ങളേയും ഉപയോഗപ്പെടുത്തി ഫ്യൂഡല്‍ രീതിയിലേക്ക് ഇന്ത്യ തിരിച്ചുപോവുകയാണെന്നും സുധാകരന്‍ പറയുന്നു.

കശാപ്പ് നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്നാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ഈ നിരോധനം സംസ്ഥാനത്തിന്റെ അധികാരമായിരിക്കെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേത്. പശുവിനെ സംരക്ഷിക്കുന്നു എന്ന മറവില്‍ കാളയും പോത്തും നിയന്ത്രിക്കുന്നതിനു പിന്നില്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് കോടതിയില്‍ നിലനില്‍ക്കില്ല എന്ന് ബോധ്യമുണ്ടെങ്കിലും രാഷ്ട്രീയമായി ഈ വിജ്ഞാപനം ഉപയോഗിക്കാനുള്ള തന്ത്രമാണു. ഞങ്ങള്‍ നിരോധിച്ചു, പക്ഷെ കോടതി തടഞ്ഞു എന്ന് വിലപിക്കാനുള്ള തന്ത്രം. മോഡി കന്നുകാലി കശാപ്പ് നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു

കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ആഹാരത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

 കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ച് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങള്‍ പെരുമാറുന്നത് പരിതാപകരമാണ്. ഇതിന്റെ ചുവടു പിടിച്ചാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കന്‍മാരും പ്രതികരണം നടത്തിയത്. 

കെ.പി.സി.സി അധ്യക്ഷനാകട്ടെ ഇത് റംസാന്‍ മാസത്തെ അട്ടിമറിക്കാനാണെന്ന് വരെ പറഞ്ഞു.
ജമ്മു കശ്മീര്‍ അടക്കം 20 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുള്ളതാണ്. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് കേന്ദ്രം ഈ വിജ്ഞാപനം പുറത്തിറക്കിയത്. മാത്രവുമല്ല ആചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിലെ ഉദ്യേശ ശുദ്ധി വ്യക്തമാണ്. 

രാജ്യത്തിന്റെ കാലി സമ്പത്ത് സംരക്ഷിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്റേയും കടമയാണ്. കൃഷിക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന പ്രശ്‌നമാണ്. ആഗോള താപനം ഉള്‍പ്പടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാലി സമ്പത്തിന്റെ നാശം കാരണമാകുന്നുണ്ട്. 

കന്നുകാലി ചന്തകള്‍ വഴി കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്താലയത്തിന്റെ ഉത്തരവ്. കന്നുകാലി ചന്തകള്‍ എന്നാല്‍ കാര്‍ഷിക ചന്തകളാണ്. ഇവിടം വഴി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കര്‍ഷകനായിരിക്കണമെന്നാണ് ഉത്തരവിന്റെ സാരാംശം. കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഉദ്യേശിച്ച് പുറത്തിറക്കിയ വിജ്ഞാപനം വിവാദമാക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണെന്നും കുമ്മനം പറഞ്ഞു.  
Join WhatsApp News
Tom Abraham 2017-05-26 07:15:38
Modi or Hindus should not drink cow milk, only Amulspray or other US made . It seems lambs can be killed.
Philip 2017-05-26 05:37:38
ഇനി പോത്തിറച്ചി തിന്നുവാൻ നാട്ടിൽ പോയിട്ട് കാര്യമില്ല. നാട്ടിൽ ഉള്ളവർ ഇനി വിദേശ യാത്ര നടത്തിയാൽ മാത്രമേ രക്ഷയുള്ളൂ.... ഇനി മന്ത്രിമാർ എന്നും വിദേശത്തായിരിക്കും... എനിക്ക് ഇത് സഹിക്കുവാൻ പറ്റുന്നില്ല... ഇനി ഞാൻ നാട്ടിലേക്കില്ല.   
പോത്തൻ 2017-05-26 08:59:56
ഈ പോത്തു വിവാദത്തിൽ ഏറ്റവും ദുഃഖിക്കുന്നത് നമ്മുടെ ക്രിസ്ത്യൻ അച്ചായൻമാർ ആണെന്ന കാര്യത്തിൽ സംശയം ഇല്ല. യേശു വെജിറ്റേറിയൻ ആയിരുന്നിരിക്കാം എന്നൊക്കെ ചരിത്ര കാരന്മാർ പറയുന്നുണ്ട്. ബൈബിളിൽ അങ്ങോട്ട് കൃത്യമായി ഒന്നും കാണുന്നില്ല. മൽസ്യം അയ്യായിരത്തെ കഴിപ്പിച്ചു എന്നല്ലാതെ കഴിച്ചു എന്ന് കാണുന്നില്ല. ഉയർപ്പിനു ശേഷം പ്രത്യക്ഷപ്പെട്ടപ്പോൾ എനിക്ക് വിശക്കുന്ന എന്ന് പറഞ്ഞപ്പോ മീൻ വറത്തു കൊടുത്തു എന്ന് പറയുന്നു. അപ്പോഴും പോത്തോ കാളയോ കഴിച്ചതായി കാണുന്നില്ല. 
ഈ മലയാളിയിലെ  ആസ്ഥാന ക്രിസ്തു ഭക്തരും ബൈബിൾ വചന തൊഴിലാളികളും ആൻഡ്രൂ അന്തപ്പൻ തുടങ്ങിയ ശാസ്ത്ര വാദികൾക്കും പ്രതികരിക്കാം
Sickular കാള 2017-05-26 09:33:35
മലയാളികളില്‍ പോത്തും കാളയും തിന്നാത്തവര്‍ ആരുണ്ട്? ലോകമെങ്ങും പോത്തും കാളയും ഭക്ഷണ വസ്തു അല്ലായിരുന്നെങ്കില്‍ ഇന്നു മനുഷ്യനു ജീവിക്കാന്‍ ഇടം കാണില്ലായിരുന്നു. വെജിറ്റേറിയന്‍ തിന്ന് പട്ടാളക്കാരനു യുദ്ധം ചെയ്യാന്‍ പറ്റുമോ?
മ്രുതദേഹം ദഹിപ്പിക്കുന്നതും ഇതു പോലെ തന്നെ. ലോകത്തിലെ മുഴുവന്‍ മരിച്ചവരെയും ദഹിപ്പിച്ചിരുന്നെങ്കില്‍ മരം മിച്ചം വരില്ലായിരുന്നു. അന്തരീക്ഷം പുക കൊണ്ടു നിറഞ്ഞേനെ. മനുഷ്യനു ജീവിക്കാന്‍ പറ്റതെ വരുമായിരുന്നു. നമുക്കു പ്രക്രുതി അനുവദിച്ചിരിക്കുന്നതൊക്കെ ചെയ്യാം. പശുവിനെ ദൈവമാക്കിയത് മത വിശ്വാസം മാത്രമാണു. അല്ലാതെ വേറെ ഒരു കാരണവും ഇല്ല.
അതിനാല്‍ ബ്രാഹ്മണന്റെ മണ്ടത്തരങ്ങള്‍ ഹിന്ദു മതമായി മാറ്റുന്ന വ്യവ്‌സഥിതി കൊണ്ട് ആരെന്തു നേടാന്‍ പോകുന്നു? ബ്രാഹ്മണര്‍ക്ക് ഇതൊക്കെ ആസ്വദിച്ച് സുഖമായി ജീവിക്കാം. ബാകിയുള്ളവരോ?
രാജ്യം മാനസികമായി ഭിന്നിക്കപ്പെട്ടു. നാളെ എന്തു സംഭവിക്കുമെന്ന് മത ഭ്രാന്തന്മാര്‍ ചിന്തിക്കുന്നുണ്ടോ? 
Reji Kayyalackakathu 2017-05-26 10:34:18
മനുഷ്യനെ കൊല്ലുന്നതിനു  ഒരു വിലക്കും ഇല്ലേ? മനുഷ്യന് മൃഗങ്ങളുടെ അത്രയും വില കൽപ്പിക്കാത്ത സർക്കാർ എന്ത് സർക്കാർ ആണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക