Image

കവിതേ, കന്യകേ

സുധീര്‍ പണിക്കവീട്ടില്‍ Published on 29 February, 2012
കവിതേ, കന്യകേ
ചിന്തിക്കയാണു ഞാന്‍ ചിന്തകളെന്തെന്നു
ചിന്തയില്ലാതെയീ ജീവിതമില്ലെന്നു
എന്നിലെ എന്നെ കവിയാക്കി മാറ്റിയ
കാലങ്ങള്‍ ഇനിയും തിരിച്ച്‌ വരുമെന്നു
ഈ ഭൂമി തന്നില്‍ പതിഞ്ഞെന്റെ പാദങ്ങള്‍
എങ്ങും വെളിച്ചം പകര്‍ന്ന പകലുകള്‍
എന്നെ നടത്തിയ കൈവഴി താരകള്‍
ലോകം വലുതെന്ന്‌ കാണിച്ച മോഹങ്ങള്‍
ഞാന്‍ കണ്ട പൊന്നിന്‍ കിനാവുകള്‍
കരളിലെ ചെപ്പില്‍ തുളുമ്പി തുടിച്ച്‌ മദിച്ചവര്‍
ജരാ നര കണ്ടെന്റെ തൂലിക തുമ്പത്തൊര-
ജ്‌ഞാത ജല ബിന്ദു പൊട്ടി തകര്‍ന്നത്‌
കാവ്യാംഗനയെന്റെ തോളത്ത്‌ തൂങ്ങിയെന്‍
ആത്മ വിശ്വാസത്തെ കയ്യിലെടുത്തത്‌
മുത്തം പകര്‍ന്നവള്‍ ആലിംഗനം കൊണ്ടെന്‍
യൗവ്വനം വീണ്ടും തിരിച്ച്‌ പിടിച്ചത്‌
പേടിക്കയില്ല ഞാന്‍ വാര്‍ദ്ധക്യമേ - എന്റെ
കവിതാനുരാഗിയെന്നരികിലുണ്ടെങ്കില്‍ ഞാന്‍
പ്രേമിച്ച്‌ പ്രേമിച്ച്‌്‌ ഞാനുമവളുമീ ലോകം
പറുദീസയാക്കി മറിച്ചിടും
ചുംബനലോല നീ കാവ്യാംഗനെയെന്റെ
ചാരത്ത്‌ വന്നിരുന്നൊന്നു ചിരിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക