Image

സംസ്ഥാനമെമ്പാടും ഡി.വൈ.എഫ്‌.ഐയുടെ ബീഫ്‌ ഫെസ്റ്റ്‌

Published on 27 May, 2017
സംസ്ഥാനമെമ്പാടും ഡി.വൈ.എഫ്‌.ഐയുടെ ബീഫ്‌ ഫെസ്റ്റ്‌
തിരുവനന്തപുരം: കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ബീഫ് ഫെസ്റ്റ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 210 കേന്ദ്രങ്ങളിലാണ് ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റ് നടത്തിയത്.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിലായിരുന്നു ഡി.വൈ.എഫ്.ഐയുടെ ബീഫ് ഫെസ്റ്റ്. യൂണിവേഴ്‌സിറ്റികോളജിനു സമീപം എസ്.എഫ്.ഐയും ബീഫ് ഫെസ്റ്റ് നടത്തി. 

നിരോധനത്തില്‍ കേരളം പ്രതിഷേധമറിയിച്ചു. 
വിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന് എതിരാണ്. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ ഉത്തരവ് പുറത്തിറക്കിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. ആയിരക്കണക്കിന് കര്‍ഷകരെ ഇത് പ്രതികൂലമായി ബാധിക്കും-മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

റംസാന്റെ സമയത്ത് കശാപ്പ് നിയന്ത്രണം പ്രഖ്യാപിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണമായി അവര്‍ക്ക് അനുഭവപ്പെട്ടേക്കാം. സാധാരണ ജനങ്ങള്‍ക്ക് ആരോഗ്യദായകമായ ഭക്ഷണം ലഭിക്കാതെയാകും. കശാപ്പ് നിയന്ത്രണത്തിന്റെ പേരില്‍ ഗോരക്ഷക് സമിതിയുടെ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.


കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഫാസിസത്തിന്റെ കടന്ന് കയറ്റമാണെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. താനെന്ത് കഴിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മനുഷ്യനെ സൃഷ്ടിച്ചത് അവസാനമാണ്. മനുഷ്യരുടെ ആവശ്യത്തിന് വേണ്ടിയാണ് ഭൂമിയില്‍ ബാക്കിയുള്ളതെല്ലാം സലൃഷ്ടച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആരാണ് ഇങ്ങനെയൊക്കെ തീരുമാനിക്കാനെന്നും അദ്ദേഹം ചോദിച്ചു. 

കന്നുകാലി കശാപ്പു നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്കെന്നു പറഞ്ഞുകൊണ്ടാണ് ബല്‍റാമിന്റെ വിമര്‍ശനം.

`ഡാ മലരേ, കാളേടെ മോനെ.. ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്.' എന്നു ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് വി.ടി ബല്‍റാം രോഷം പ്രകടിപ്പിച്ചത്.

കന്നുകാലികളെ കശാപ്പു ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്ങനെയെന്നാണ് സംഭവത്തോടു പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്.

ഭ്രാന്തന്‍ ഗോസംരക്ഷകരുടെ കാല്‍ക്കീഴില്‍ ഇന്ത്യയുടെ മതനിരപേക്ഷത അടിയറ വെയ്ക്കുന്നത് എന്തു വിലകൊടുത്തും ചെറുക്കണമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്.

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സംസ്ഥാനങ്ങളുടെ അധികാരത്തിന്റെ മേലുളള കൈയേറ്റമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് നെഹ്‌റു അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞു.

 കന്നുകാലികളുടെ പ്രശ്‌നമൊക്കെ തീരുമാനിക്കാനുളള അവകാശം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണ്.

രാജ്യത്ത് സാമുദായിക ധ്രുവീകരണം നടത്താനുളള ആര്‍എസ്എസിന്റെ കഴിഞ്ഞ മൂന്നുവര്‍ഷമായുളള നിരന്തരമായ നടപടികളുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ആ ഉത്തരവിന് ഒരു കടലാസിന്റെ വില പോലും കാണിക്കേണ്ട കാര്യമില്ല. ആ ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയില്‍ എറിയണമെന്നും 
ആന്റണി പറഞ്ഞു. 

പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിന്റെ മാനസിക നിലയില്‍ കുഴപ്പമുണ്ടെന്നും മനോരോഗാശുപത്രിയില്‍ ചികിത്സിക്കണമെന്നും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഒരു പൊതു പ്രവര്‍ത്തകന്‍ ഉപയോഗിക്കുന്ന ഭാഷയല്ല അദ്ദേഹം ഉപയോഗിച്ചത്. വളരെ മ്ലേച്ചമായ രീതിയിലാണ് ഒരു എം.എല്‍.എ ആയിട്ടു കൂടി അദ്ദേഹം പ്രതികരിച്ചത്. ബല്‍റാമിനുള്ള മറുപടി വാക്കുകള്‍ കൊണ്ടല്ല നല്‍കേണ്ടതെന്നും അത് അറിയാത്തതു കൊണ്ടല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അത് എം.എം.എല്‍യുടെ സംസ്‌കാരമാണ്. സൂക്ഷിച്ച് വേണം പെരുമാറാന്‍. പ്രധാനമന്ത്രിക്കെതിരെ തെമ്മാടി ഭാഷ ഉപയോഗിച്ചാല്‍ ഞങ്ങളുടെ ചെറുപ്പക്കാരുടെ ഞരമ്പുകളില്‍ ഓടുന്നത് രക്തമാണെന്ന് ഓര്‍മവേണം. അവര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരവിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.
1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ ഭാഗം മാത്രമാണ് ഇന്നലെ പുറത്തിറക്കിയ നിയമത്തില്‍ പറയുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. നേരത്തെയുള്ള നിയമത്തിന്റെ വശങ്ങള്‍ വിശദീകരണം മാത്രമാണ് പുതിയ നിയമത്തില്‍ പറയുന്നത്. കോണ്‍ഗ്രസ് ഗവണ്‍മെന്റ് പാസാക്കിയ നിയമമാണ് 1960ലേത്.

നിയമങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് കാട്ടി ഒരു സംഘടന സുപ്രീം കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതി കേന്ദ്ര സര്‍ക്കാറിനോട് സ്ത്യവാങ് മൂലം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അത് സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപ്പിലാക്കേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സുപ്രിം കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്തത്.

ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പിണറായി വിജയന്‍ ഭരണഘടന വായിക്കണം. നിയമം കണ്‍കറന്റ് ലിസ്റ്റിലുള്ളതായതിനാല്‍ കേന്ദ്രസര്‍ക്കാറിന് തീരുമാനമെടുക്കാന്‍ അവകാശമുണ്ട്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും നാലുമാസം മുമ്പ് നിയമത്തിന്റെ ഡ്രാഫ്റ്റ് അയച്ചിരുന്നു എന്നാല്‍ കേരള സര്‍ക്കാര്‍ മനപ്പൂര്‍വം ഇത് അവഗണിക്കുകയായിരുന്നു. നിയമത്തിന്റെ വിയോജിപ്പോ മറ്റു നിര്‍ദ്ദേശങ്ങളോ സര്‍ക്കാര്‍ മുന്നോട്ടുവച്ചില്ല. കേരളത്തിലെ മൃഗസംരക്ഷണ വകുപ്പും മറുപടി നല്‍കിയില്ല. ഇത് സംബന്ധിച്ച് നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ച ശേഷം കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ നിയമത്തിനെതിരെ രംഗത്തുവരുന്നത് ശരിയല്ല.

നിയമം സംബന്ധിച്ച് ജനങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അവസരവും വെബ്‌സൈറ്റ് വഴി ഒരുക്കിയിരുന്നു. ഇതൊക്കെ അറിയാമായിരുന്നിട്ടും ബീഫിന്റെ രാഷ്ട്രീയം ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

ഉത്തരവ് വലിച്ചു കീറാന്‍ പറഞ്ഞ എ.കെ ആന്റണി മാന്യത കാണിക്കണം. ജനങ്ങളില്‍ അസ്വസ്ഥതകളുണ്ടാക്കി മുതലെടുക്കുന്നത് ശരിയല്ല. കന്നുകാലികളെ സംക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയാണ് വേണ്ടത്. രാഷ്ട്രീയത്തിന്റെ പേരില്‍ അതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികള്‍ പോലും അവഗണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക