Image

എവറസ്റ്റ് കീഴടക്കലിന്റെ പര്‍വത വിചാരം (എ.എസ് ശ്രീകുമാര്‍)

Published on 28 May, 2017
എവറസ്റ്റ്   കീഴടക്കലിന്റെ പര്‍വത വിചാരം (എ.എസ് ശ്രീകുമാര്‍)
അഭൗമമായ ധവള പ്രപഞ്ചമാണ് എവറസ്റ്റ്. ഈ മഞ്ഞുമലയുടെ മുകളില്‍ മനുഷ്യപാദം തൊട്ടുണര്‍ത്തിച്ചതിന്റെ അഭിമാനകരമായ ഓര്‍മകളുമായി മറ്റൊരു മെയ് 29. ഇതിഹാസം സൃഷ്ടിച്ച ആ കാല്‍ വയ്പ്പിന് 64 സംവല്‍സരങ്ങളുടെ ആരോഹണ പഴക്കമുണ്ട്. എത്രയൊക്കെ കീഴടക്കപ്പെട്ടിട്ടും, എത്രമേല്‍ അറിഞ്ഞിട്ടും എന്നും എവറസ്റ്റ് മനുഷ്യ ഉയര്‍ച്ചയുടെ അതുല്യ വിസ്മയമാണ്.  വെണ്‍മേഘം തൊട്ടുരുമ്മി നില്‍ക്കുന്ന പര്‍വതത്തെ അതിന്റെ മടിയിലുള്ള നേപ്പാളികള്‍ വിളിച്ചത് ആകാശത്തിന്റെ ദേവത എന്നര്‍ഥം വരുന്ന 'സാഗര്‍മാത' എന്നാണ്. തിബറ്റില്‍ ഇവള്‍ വിശ്വമാതാവായ 'ചോമോലംഗ്മ'യും ചൈനയില്‍ 'ഷുമുലാംഗ്മാ ഫെംഗു'മാണ്. ഭൂമിയിലെ ഏറ്റവും ഉയരമുള്ള ഈ കൊടുമുടിക്ക് എവറസ്റ്റ് എന്ന  പേര് ലഭിച്ചത് 1865ല്‍. നേപ്പാളിന്റെയും ചൈനയുടെയും അതിര്‍ത്തിയിലായി ഹിമാലയപര്‍വത ശൃംഗങ്ങള്‍ക്കിടയിലുള്ള എവറസ്റ്റ് കീഴടക്കല്‍ വാര്‍ഷികത്തിന്റെ നിറുകയില്‍ ആ പര്‍വത വിചാരങ്ങളിലേയ്ക്ക്...

ലോകത്തെ ഏറ്റവും ഉയരമുള്ള പര്‍വതങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 1808ല്‍ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ട്രിഗ്‌ണോമെട്രിക് സര്‍വെക്ക് രൂപം നല്‍കി. തെക്കേ ഇന്ത്യയില്‍ നിന്നാണ് സര്‍വെ തുടങ്ങിയത്.  1100 പൗണ്ട് ഭാരം വരുന്ന തിയോഡൊളൈറ്റ് ഉപയോഗിച്ച് തെക്കു നിന്നും വടക്കോട്ടായിരുന്നു സര്‍വെ. പര്‍വതങ്ങളുടെ ഉയരം കണക്കാക്കാന്‍ സഹായിക്കുന്ന ഈ യന്ത്രങ്ങളോരോന്നും ചുമക്കാന്‍ പന്ത്രണ്ടോളം പേരാണ് വേണ്ടിവന്നിരുന്നത്. ഹിമാലയ സാനുക്കളുടെ താഴ്‌വാരത്ത് 1830ല്‍ എത്തിപ്പെട്ട സര്‍വെ സംഘത്തിന് പക്ഷേ, നേപ്പാള്‍ ഭരണകൂടത്തിന്റെ എതിര്‍പ്പ് കാരണം സര്‍വെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സര്‍വെയുടെ ചുമതലയുള്ളവര്‍ നിരവധി തവണ അപേക്ഷിച്ചെങ്കിലും ബ്രിട്ടീഷുകാരെ നാട്ടില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്ന വാദത്തില്‍ നേപ്പാള്‍ ഭരണകൂടം ഉറച്ചു നിന്നു. അതിനാല്‍ത്തന്നെ ഹിമാലയത്തിനു സമാന്തരമായി തെക്കന്‍ നേപ്പാള്‍ പ്രദേശത്തുള്ള തെരായില്‍ നിന്ന് സര്‍വെ നടത്താന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതരായി. കനത്ത മഴയും പടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന മലേറിയയും തെരായില്‍ നിന്ന് സര്‍വെ നടത്തുന്നതിന് വലിയ തടസ്സമായി. മൂന്ന് സര്‍വെ ഓഫീസര്‍മാര്‍ മലേറിയ ബാധിച്ച് മരിച്ചു. അനാരോഗ്യം കാരണം രണ്ടുപേര്‍ പിന്‍വാങ്ങി. 

1847ല്‍ വീണ്ടും ഹിമാലയ താഴ്‌വാരത്തു നിന്ന് 240 കിലോമീറ്റര്‍ അകലെയായി നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് സര്‍വെ ആരംഭിച്ചു. വര്‍ഷത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ബ്രിട്ടീഷ് സര്‍വെ ജനറലായിരുന്ന ആന്‍ഡ്രൂവോ ചില കാര്യങ്ങള്‍ കണ്ടെത്തി. അന്നുവരെ ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായി കരുതിയിരുന്ന കാഞ്ചന്‍ ജംഗ പര്‍വതനിരകള്‍ക്ക് 240 കിലോമീറ്റര്‍  പുറകിലായുള്ള കൊടുമുടിക്ക് ഇതിലും കൂടുതല്‍ ഉയരമുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം ഉത്സാഹത്തോടെ ഈ കണ്ടെത്തല്‍ ഡയറിയില്‍ രേഖപ്പെടുത്തി. വോയുടെ സംഘത്തിലുണ്ടായിരുന്ന ജോണ്‍ ആംസ്‌ട്രോഗും പടിഞ്ഞാറു ഭാഗത്തു നിന്ന് കൊടുമുടി കണ്ടെത്തുകയും അതിന് 'പിക്ക് ബി' എന്ന പേര് നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് ദുരെ നിന്നുള്ള ഊഹം മാത്രമായിരുന്നതിനാല്‍ ഔദ്യോഗികമായി അംഗീകാരം നേടാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇതിനെ അടുത്തുനിന്ന് വീക്ഷിക്കേണ്ടത് ആവശ്യമായും വന്നു. 1849ല്‍ മാത്രമാണ് കുറച്ചുകൂടി അടുത്തു നിന്നും കൊടുമുടിയെ  വീക്ഷിക്കാനായത്.  

വോ ഈ ഉദ്യമത്തിന് നിയോഗിച്ചത് ജെയിംസ് നിക്കോള്‍സണെയായിരുന്നു. ഏതാണ്ട് 190 കിലോമീറ്രര്‍ അകലെയുള്ള ജിറോളില്‍ നിന്നും മറ്റ് അഞ്ച് കേന്ദ്രങ്ങളില്‍ നിന്നുമായി 30 ലേറെ നിരീക്ഷണങ്ങളാണ് നിക്കോള്‍സണ്‍ നടത്തിയത്. 'പീക്ക് ബി' തന്നെയാണ് ഉയരം കൂടിയ കൊടുമുടിയെന്നും ഏതാണ്ട് 30,200 അടി ഉയരമാണ് അതിനുള്ളതെന്നും നിക്കോള്‍സണ്‍ കണക്കുകൂട്ടി. എന്നാല്‍ പൊടുന്നനെ പിടിപെട്ട മലേറിയ കണക്കുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിന്നും നിക്കോള്‍സണെ തടഞ്ഞു. വോയുടെ അസിസ്റ്റന്റായ മൈക്കല്‍ ഹെന്നസ്സിയായിരുന്നു അടുത്തതായി ഇതേ കാര്യത്തിന് നിയോഗിക്കപ്പെട്ടത്. റോമന്‍ അക്ഷരങ്ങള്‍ ഉപയോഗിച്ചായിരുന്നു അദ്ദേഹം പര്‍വതങ്ങള്‍ക്ക് പേര് നല്‍കിയത്. കാഞ്ചന്‍ ജംഗയ്ക്ക് 'പീക്ക് ഒന്‍പത്' എന്നും പീക്ക് ബി ക്ക്    'പീക്ക് 15' എന്നും അദ്ദേഹം പേര് നല്‍കി.

1852 ലാണ് 'പീക്ക് ബി' ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയെന്ന് കണ്ടെത്തിയത്. നിക്കോള്‍സണ്‍ നേരത്തെ കണ്ടെത്തിയ കണക്കുകളുടെ സഹായത്തോടെ ട്രിഗണോമെട്രിക് കണക്കുകൂട്ടലുകള്‍ ഉപയോഗിച്ച് ബംഗാളില്‍ നിന്നുള്ള ഗണിതശാസ്ത്രജ്ഞന്‍ രാധാനാഥ് സിക്ദറാണ് ഇത് തിരിച്ചറിഞ്ഞത്. പ്രകാശത്തിന്റെ വികിരണത്തേയും ദുരത്തെയും കുറിച്ച് കൂടുതല്‍ പഠിച്ച് രണ്ടു വര്‍ഷം നിക്കോള്‍സന്റെ കണ്ടുപിടുത്തത്തിനു മുകളില്‍ പരീക്ഷണങ്ങള്‍ നടത്തി 1856 മാര്‍ച്ചിലാണ് തന്റെ കണ്ടുപിടുത്തതിന്റ യഥാര്‍ഥ രൂപം വോ കല്‍ക്കട്ടയിലെ ഡെപ്യൂട്ടിക്ക് അയച്ചു കൊടുത്തത്. ഇതില്‍ കാഞ്ചന്‍ജംഗയുടെ ഉയരം 8582 മീറ്റര്‍ എന്നും പീക്ക് 15ന്റെ ഉയരം 8840 മീറ്റര്‍ എന്നു രേഖപ്പെടുത്തിയിരുന്നു. ഒരു പക്ഷേ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഇതുതന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ടിന്റെ അവസാനത്തില്‍ വോ രേഖപ്പെടുത്തിയിരുന്നു. 

അന്താരാഷ്ട്ര ബഹിരാകാശ കേന്ദത്തില്‍ നിന്നു നോക്കുമ്പോള്‍ തെക്കുനിന്നും വടക്കുനിന്നും രണ്ടു വഴികള്‍ എവറസ്റ്റിലേക്കുള്ളതായി കാണാം. നേപ്പാളില്‍ നിന്നും തുടങ്ങുന്ന തെക്കന്‍ വഴിയും തിബറ്റില്‍ നിന്നും തുടങ്ങുന്ന വടക്കന്‍ വഴിയും തന്നെയാണ് പ്രധാന പര്‍വതാരോഹണ പാതകള്‍. ഈ രണ്ടു പാതകളിലും സാങ്കേതികമായി മെച്ചപ്പെട്ടതും കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നതും തെക്കന്‍ പാതയാണ്. 1953ല്‍ എവറസ്റ്റ് ആദ്യമായി കീഴടക്കിയ എഡ്മണ്ട് ഹിലാരിയും ടെന്‍സിംഗ് നോര്‍ഗെയും തിരഞ്ഞെടുത്തതും ഇതേ പാത തന്നെ. മണ്‍സൂണ്‍ വന്നെത്തുന്നതിനു മുമ്പായി മെയ് മാസത്തിലാണ് മിക്കവരും പര്‍വതാരോഹണം തിരഞ്ഞെടുക്കുന്നത്. 

വിദേശികള്‍ക്ക് ചൈനയിലൂടെയും വഴിയുണ്ട്. ദിനം പ്രതി വര്‍ധിച്ചു വരുന്ന പര്‍വതാരോഹകരുടെ എണ്ണം കാരണം ചൈന ഇപ്പോള്‍ ടിങ്ക്രി കണ്‍ട്രിയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള ബേസ് ക്യാമ്പിലേക്ക് റോഡ് ഒരുക്കുന്ന തിരക്കിലാണ്. പണി പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടാറിട്ട പാതയാകൂം ഇത്. 2007 ജൂണ്‍ 18നാണ് 197 ലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത്. 

1953ല്‍ ജോണ്‍ ഹണ്ടിന്റെ നേതൃത്വത്തില്‍ ഒമ്പതാമത്തെ പര്‍ലതാരോഹണ സംഘം നേപ്പാളിലെത്തി. പര്‍വതത്തിന്റെ ശൃഗത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി രണ്ടു പര്‍വതാരോഹക ജോഡികളെ അദ്ദേഹം തിരഞ്ഞെടുത്തു. ടോം ബോര്‍ഡിലനും ചൈള്‍സ് ഇവന്‍സും ചേര്‍ന്ന ആദ്യ ജോഡികള്‍ മെയ് 26ന് ആദ്യത്തെ 100 മീറ്റര്‍ കടന്നു. എന്നാല്‍ ക്ഷീണം കാരണം ഇരുവരും മടങ്ങി. അവര്‍ കണ്ടുപിടിച്ച വഴികളും അവരുടെ കൈയിലുണ്ടായിരുന്ന അധികം വരുന്ന ഓക്‌സിജന്‍ സിലിണ്ടറുകളും രണ്ടാമത്തെ ജോഡികള്‍ക്ക് കൂടുതല്‍ സഹായമായി. ന്യൂസിലാന്‍ഡില്‍ നിന്നുള്ള എഡ്മണ്ട് ഹിലാരിയും നേപ്പാളില്‍ നിന്നുള്ള ടെന്‍സിങ് നോര്‍ഗെയുമായിരുന്നു രണ്ടാമത്തെ ജോഡികള്‍. സൗത്ത് കോള്‍ പാതയിലൂടെയുള്ള യാത്ര അവരെ എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ ആളുകളാക്കി. 1953 മെയ് 29ന് 11.30 ഓടെയാണ് കൊടുമുടിയില്‍ അവര്‍ എത്തിയത്. ഇരുവരും ഒന്നിച്ചാണെത്തിയതെന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഹിലാരിയാണ് ആദ്യമായി കൊടുമുടിയില്‍ കാലുകുത്തിയതെന്ന സത്യം ടെന്‍സിങ് ലോകത്തെ അറിയിച്ചു. താനും ഹിലാരിയും മാത്രമറിയുന്ന ഈ സത്യം തങ്ങളോടൊപ്പം മണ്ണടിയരുതെന്ന ആഗ്രഹമാണ് ടെന്‍സിങ്ങിനെ സത്യം വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. കൊടുമുടിയുടെ ഏറ്റവും മുകളില്‍ വച്ച് കുറച്ചു മധുരവും ചെറിയ കുരിശും മണ്ണിനടിയില്‍ ഇവര്‍ കുഴിച്ചിട്ടു. 

എവറസ്റ്റ് കീഴടക്കിയ വിവരമറിഞ്ഞ എലിസബത്ത് രാജ്ഞി ജോണ്‍ ഹണ്ടിനെയും ഹിലാരിയെയും സര്‍ പദവി നല്‍കി ആദരിച്ചു. ടെന്‍സിങ്ങിന് ജോര്‍ജ് മെഡല്‍ മെഡല്‍ സമ്മാനമായും നല്‍കി. ആല്‍ഫൈന്‍ ക്ലബ്ബിന്റെ പ്രസിഡന്റായിരുന്ന ക്ലിന്റണ്‍ തോമസ് ഡെന്റ് 1885ല്‍ പുറത്തിറക്കിയ എബോവ് ദ സ്‌നോ ലൈന്‍  എന്ന പുസ്തകത്തില്‍ എവറസ്റ്റ് ആരോഹണം തീര്‍ച്ചയായും സാധ്യമാവുന്ന ഒന്നാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1924 ജൂണ്‍ എട്ടിന് ബ്രിട്ടീഷുകാരായ ജോര്‍ജ് മല്ലറി,ആന്‍ഡ്രൂ ഇര്‍വിന്‍ എന്നിവര്‍ ചേര്‍ന്ന് നോര്‍ത്ത് കോള്‍ വഴി എവറസ്റ്റിന്റെ മുകളിലെത്താല്‍എവറസ്റ്റിന്റെ മുകളിലെത്താന്‍ ശ്രമം നടത്തി. എന്നാല്‍ ഒരിക്കലും തിരിച്ചുവരാത്ത യാത്രയായിരുന്നു അത്. 1999ല്‍ മില്ലറി ആന്‍ഡ് ഇര്‍വിന്‍ ഗവേഷണ പര്യവേക്ഷണ സംഘം നടത്തിയ പര്‍വതാരോഹണത്തില്‍ ഓള്‍ഡ് ചൈനീസ് ക്യാമ്പ് എന്നറിയപ്പെട്ടിരുന്നിടത്തു വച്ച് മല്ലറിയുടെ മൃദേഹം കണ്ടെത്തി. ജോര്‍ജ്ജ് മല്ലറി, ആന്‍ഡ്രൂ ഇര്‍വിന്‍ ഇവരിലാരെങ്കിലുംഒരാളോ രണ്ടുപേരും തന്നെയോ എവറസ്റ്റിനു മുളിലെത്തിയിരുന്നോ എന്നതു സംബന്ധിച്ച് പര്‍വതാരോഹകര്‍ക്കിടയില്‍ ഇപ്പോഴും വിവാദം നിലനില്‍ക്കുന്നുണ്ട്. ഇതു കഴിഞ്ഞ് 29 വര്‍ഷത്തിനുശേഷം മാത്രമാണ് ഹിലാരിയും ടെന്‍സിങ്ങും എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ആളുകളായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

ബ്രിട്ടന്റെ ദേശീയപതാക എവറസ്റ്റിനു മുകളില്‍ സ്ഥാപിക്കുന്ന ഉദ്യമത്തിന്റെ ഭാഗമായി ഹോസ്റ്റണ്‍ എവറസറ്റ് ഫ്‌ളൈറ്റ് സ്ഥാപകയായ ലേഡ് ഹോസ്റ്റണ്‍ 1933ല്‍ ഒരു പരീക്ഷണപ്പറക്കല്‍ നടത്തി. 1920ലും 1933ലും 1936ലും നിരവധി ആളുകളില്‍ നിന്നായി ഇത്തരത്തില്‍ വിഫല ശ്രമങ്ങളുണ്ടായി. ഇന്നും പാദങ്ങള്‍ മോഹിക്കുന്നു...മനസും ഉന്നതിയിലേക്ക് ചിറക് വിരിച്ചിരിക്കുന്നു...മേഘങ്ങള്‍ ഉമ്മവയ്ക്കുന്ന ആ ഗിരി മകുടത്തിലെത്താന്‍... 

എവറസ്റ്റ്   കീഴടക്കലിന്റെ പര്‍വത വിചാരം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക