Image

കൊടിയ വറുതിക്കറുതിയായി; മഴമേഖങ്ങള്‍ കനിയാനൊരുങ്ങുന്നു (എ.എസ് ശ്രീകുമാര്‍)

Published on 29 May, 2017
കൊടിയ വറുതിക്കറുതിയായി; മഴമേഖങ്ങള്‍ കനിയാനൊരുങ്ങുന്നു (എ.എസ് ശ്രീകുമാര്‍)
വറുതിക്കെടുതിയുടെ തീക്കൊടുങ്കാറ്റടിച്ച കൊടിയ വേനല്‍ക്കാലമാണ് കടന്നുപോയത്. മലയാളക്കരയാകെ വരണ്ടുണങ്ങി വിണ്ടുകീറി. സൂര്യതാപക്കലിയടങ്ങിയില്ല. കിണറുകളും കുളങ്ങളും പുഴകളും വറ്റിപ്പോയി. ദാഹജലം പണംകൊടുത്ത് വാങ്ങി അന്നത്തിന് വിറകൊരുക്കുമ്പോള്‍ വിയര്‍ക്കാന്‍ ഇത്തിരിവെള്ളവും ശരീരത്തിലുണ്ടായിരുന്നില്ല...കരയാന്‍ ബാക്കിവച്ച കണ്ണുനീര്‍ത്തുള്ളികളും. പക്ഷേ ഭാഗ്യം കടാക്ഷിച്ചപോലെ. മണ്‍സൂണിന്റെ വരവറിയിച്ചുകൊണ്ട് നാട്ടില്‍ മിക്കയിടത്തും മഴപെയ്യാല്‍ തുടങ്ങിയിരിക്കുന്നു. കാലാവസ്ഥാ പ്രവചനമനുസരിച്ച് നാട്ടില്‍ ഇത്തവണ കനത്തമഴയുടെ കുളിര്‍ വസന്തമെത്തുമത്രേ. മഴത്തുള്ളികളേറ്റ് ഭൂമിയും ഉഷാറാവുകയാണ്...ഇനി പുതുനാമ്പുകള്‍ പൊട്ടിമുളയ്ക്കുകയായി.

കാലവര്‍ഷം വരുമ്പോള്‍ ആഹ്ലാദിക്കാത്ത ജന്തു-സസ്യജാലങ്ങളില്ല.ഇടവപ്പാതിക്കായി കാത്തിരിക്കാത്ത മനുഷ്യഹൃദയങ്ങളുമില്ല. മാസങ്ങള്‍ നീണ്ട കൊടിയ വേനലില്‍ വരണ്ടുണങ്ങിയ മണ്ണിന്റെ ലഹരി പിടിപ്പിക്കുന്ന ഗന്ധമറിയുന്നത് പുതുമഴ പെയ്യുമ്പോഴാണ്. മനസിന് കുളിരേകി ചിതറിത്തെറിച്ച് പെയ്യുന്ന മഴ മുറ്റത്ത് കൊച്ചുകൊച്ചു നീര്‍ച്ചാലുകള്‍ ഉണ്ടാക്കും. അതില്‍ കുട്ടികള്‍ കടലാസുവഞ്ചികള്‍ തീര്‍ത്ത് ഒഴുക്കി വിടും. കൈത്തോടുകള്‍ നിറഞ്ഞ് കവിയുമ്പോള്‍ ആഴമറിയാതെ അതില്‍ കുത്തിമറിഞ്ഞുല്ലസിക്കുന്ന കുറുമ്പന്‍മാര്‍ക്ക് അച്ഛനമ്മമാരുടെ ചെറിയ ശിക്ഷയും കിട്ടുമായിരുന്നു. ഒരു സംഘം തോട്ടിലും പുഴയിലും ചുണ്ടയിടാന്‍ പോകുമ്പോള്‍ മറ്റെരു ചങ്ങാതിക്കൂട്ടം രാത്രിയാവാന്‍ അക്ഷമയോടെ കാത്തിരിക്കും. പാടത്ത് റാന്തല്‍വെട്ടത്തില്‍ തവളപിടിക്കാനുള്ള ആഗ്രഹമാണവര്‍ക്ക്.

അന്നൊക്കെ കൃത്യം സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ ഒന്നിനുതന്നെ കാലവര്‍ഷം ഓടിയെത്തുമായിരുന്നു. ഇന്ന് കാലം തെറ്റി പെയ്യാതെ പോകുന്ന കെടുതിയുടെ കലികാലം. താളം തെറ്റിയ പ്രകൃതി, അല്ല, അടങ്ങാത്ത  ഭൗതിക സുഖഭോഗ തൃഷ്ണയില്‍ തലതെറിച്ച മനുഷ്യര്‍ താളം തെറ്റിച്ച ജീവപ്രപഞ്ചം. അത് വല്ലാതെ കോപിച്ചിരിക്കുന്നു. പെയ്യാന്‍ മഴമേഘങ്ങള്‍ ഇല്ലാതിരുന്നാലോ...? വിശ്രുത കഥാകാരന്‍ എന്‍.പി മുഹമ്മദിന്റെ 'ദൈവത്തിന്റെ കണ്ണ്' എന്ന കൃതിയിലെ ഈ ഭാഗം നമുക്കാശ്വാസമേകും. 

അത് വായിക്കാം...'പെട്ടെന്ന് വീണ്ടും മഴ. അലറിവരുന്ന മഴയ്ക്ക് നല്ല ഉശാറുണ്ട്. ചരിഞ്ഞാണ് ആകാശത്തുനിന്ന് മഴ വീണത്. ഇറയില്‍നിന്ന് വെളളം മുറ്റത്തേയ്ക്ക് തെറിച്ചുകൊണ്ടിരുന്നു. ഇറയില്‍നിന്നു വീഴുന്ന മഴനാരുകള്‍ക്ക് കയറിന്റെ വണ്ണം. മുറ്റത്ത് ആദ്യം വെള്ളത്തിന്റെ പാടപോലെ. പിന്നെ വെള്ളം പതുക്കെപ്പതുക്കെ പൊങ്ങിവരികയായിരുന്നു. പൊങ്ങിയ വെള്ളത്തില്‍ വീര്‍ത്തുവരുന്ന നീര്‍പ്പോളകള്‍ മഴത്തുള്ളികള്‍ തട്ടി പൊട്ടിപ്പോകുന്നു. മുറ്റത്തുനിന്ന് വെള്ളം വരമ്പുകഴിഞ്ഞ്, നടവഴി കഴിഞ്ഞ്, വേലികടന്ന് കരഞ്ഞുപാഞ്ഞുപോകയാണ്. തണുത്ത കാറ്റ് മഴയെ ആട്ടിയോടിച്ചു. പെട്ടെന്ന് മഴ ഉറക്കെ കരയാന്‍തുടങ്ങി. മഴയെ കാറ്റ് അടിച്ചോടിക്കുമ്പോള്‍ മഴ പാവാടത്തുണിപോലെ പാറുന്നുണ്ടായിരുന്നു. മണ്ണില്‍നിന്ന് ആവി പൊങ്ങിയിരുന്നു. ആവിയെ മഴ ഒളിപ്പിക്കുന്നതായി തോന്നിയിരുന്നു. മഴ, നല്ല മഴ, മഴ, മഴ, എന്റെ മഴ...'

പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള പെരുമഴക്കാലങ്ങള്‍...നീക്കുപോക്കുകളില്ലാത്ത ദുരിതകാലം. സ്‌കൂള്‍ തുറക്കുന്നതോടെ മഴ ഒരു ശീലമായി കഴിഞ്ഞിരിക്കും. പെയ്ത്തിന് ഒരു മുടക്കവുമില്ല. ഇന്നത്തെ ഫൈവ് ഫോള്‍ഡ് കുടകള്‍ക്ക് പകരം വലിയ ചേമ്പിലയും വാഴയിലയും ചൂടിയാണ് സ്‌കൂളിലേക്ക് പോകുക. സ്‌കൂളിലെത്തുമ്പോഴേക്കും മിക്കവാറും മുഴുവന്‍ നനഞ്ഞിരിക്കും. നാലുമണിക്ക് സ്‌കൂള്‍വിട്ട് വീട്ടിലേയ്ക്കുള്ള മടക്കം മഴയില്‍ കുളിച്ച് ആഘോഷത്തോടെയായിരിക്കും. വീടണയുമ്പോള്‍ അടി എപ്പൊ കിട്ടിയെന്ന് ചോദിച്ചാമതി.

മലയാള സാഹിത്യത്തെ വിശ്വോത്തരമാക്കി ജ്ഞാനപീഠമേറിയ എം.ടി വാസുദേവന്‍ നായരുടെ ഒരു മഴക്കാഴ്ചയിങ്ങനെ...'പെരുമഴ വരുന്നത് കാണാം. അകലത്തെ താഴ്‌വാരത്തില്‍ നിന്നുകയറി മേച്ചില്‍പുറത്തിന്റെ അറ്റത്ത് ഇളകുന്ന ഒരു തിരശ്ശീല പോലെ അല്‍പനിമിഷങ്ങള്‍ അതു നില്‍ക്കുന്നു. മേയുന്ന കാലികള്‍ അപ്പോഴേക്കും കൂട്ടംകൂടി കഴിഞ്ഞിരിക്കും. അസ്വസ്ഥതയോടെ അമറുകയും മഴയെ തടുക്കാനെന്നോണം കൊമ്പുതാഴ്ത്തിപ്പിടിക്കുകയും ചെയ്യുന്നത് കണ്ടാല്‍ ഉറപ്പിക്കാം, വരുന്നത് പേമഴയാണ്. ആകെ നനച്ചിട്ടേ കിഴക്കേ ചെരുവിലിറങ്ങി, പാടം കടന്നുപുഴയ്ക്കു മുകളിലെത്തൂ. വരുന്നത് പോലെ മഴ പോകുന്നതും ഞങ്ങള്‍ക്കു കാണാം. പുസ്തകക്കെട്ടു നനയാതിരിക്കാന്‍ ഷര്‍ട്ടിനകത്ത് നെഞ്ചിന്‍കൂടോടുപ്പിച്ച്, കുട കാറ്റില്‍ പിടിവിട്ടുപോകാതെ പതുക്കെപ്പതുക്കെ നടക്കണം. ഞങ്ങള്‍ക്കതു ശീലമായിരുന്നു...'

മാരിവില്ലിന്റെയും മഴത്തുള്ളികളുടെയും മോഹസീസണാണ് മണ്‍സൂണ്‍. മാനത്തെ മഴവില്ലിന് ഏഴു നിറമാണെങ്കില്‍ മനസിലേതിന് ഏഴുന്നൂറ് വര്‍ണങ്ങളാണ്. ഒരു വര്‍ഷത്തിലെ ഈ പ്രത്യേകമായ കാലത്ത് നമുക്കെന്തും ഫ്രഷായി ലഭിക്കുന്നു. ഒഴുക്കുവെള്ളത്തിന്‍ വൃത്തിയാക്കപ്പെട്ട തെരുവുകളും മരങ്ങളുടെ പുതുനാമ്പുകളും കരകവിഞ്ഞൊഴുകുന്ന പുഴകളും മനോഹരനായ വെള്ളച്ചാട്ടങ്ങളും മനസുകളെ തരളിതമാക്കുന്നു. ഇവിടെ മഴയ്ക്ക് ഭാവപ്പകര്‍ച്ചയുണ്ടാവുന്നു. മഴ പ്രണയമാണ്. പ്രണയത്തിന് ചേക്കേറാന്‍ മഴപോലെ നല്ല ഒരു ചില്ല വേറെയില്ല. മഴ കനിവാണ്. മഴ ഓര്‍മ്മയാണ്. മഴ മരണമാണ്. മഴക്കാലം സ്മരണകളെ മാടിവിളിക്കുന്ന ഉല്‍സവ വേളയാണ്. മഴപെയ്യുമ്പോള്‍, കാറ്റടിക്കുമ്പോള്‍, ഇടിമുഴങ്ങുമ്പോള്‍, തണുക്കുമ്പോള്‍ നാമെല്ലാവരും ഒരിടത്തിരുന്നു പോകുന്നു. അങ്ങനെ സംഭവരഹിതമായ ഒരു വര്‍ത്തമാനകാലം പുലരുമ്പോള്‍ മനസ് ഓര്‍മകള്‍ക്ക് യഥേഷ്ടം പെയ്തിറങ്ങുവാനുള്ള മേച്ചില്‍പ്പുറമാവും.

കര്‍ഷകര്‍ ചിലപ്പോള്‍ ആര്‍ത്തുല്ലസിക്കും...മഴ തങ്ങള്‍ക്ക് ഐശ്വര്യം കൊണ്ടുവരുന്നല്ലോ എന്നോര്‍ത്ത്. എന്നാലിത് മഴനിലാവിന്റെ കാലം കൂടിയാണല്ലോ. ഒന്നിനും സ്ഥിരതയില്ലാത്ത അവസ്ഥ. പാടത്തും പറമ്പിലും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവര്‍ തൊഴിലൊന്നുമില്ലാതെ നിസഹായരായി ചായപ്പീടികയുടെ വരാന്തകളില്‍ കൂനിക്കൂടിയിരിക്കും. അല്ലെങ്കില്‍, വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വെട്ടിച്ചു നീന്തുന്ന മീനുകളെ പിടിക്കാന്‍ തോട്ടുവക്കില്‍ ചൂണ്ടയുമായി കാത്തിരിക്കും. പണ്ട് ദാരിദ്ര്യം പൊതുവായി എല്ലാവരും പങ്കുവച്ചിരുന്നു. 

കടലോരങ്ങളില്‍. മല്‍സ്യത്തൊഴിലാളിയിടങ്ങളില്‍ കാറ്റും മഴയും ഭീകരരൂപം പൂണ്ട് ജീവനെടുക്കാറുണ്ട്. മലമേടുകളില്‍ ഉരുള്‍ പൊട്ടലുകളും സുലഭം. എങ്കിലും മഴയെ നമ്മള്‍ ഇഷ്ടപ്പെടുന്നു. മഴ നനഞ്ഞ് നടന്നുപോയ ഭൂതകാല നിമിഷങ്ങള്‍, മഴയിലേക്ക് നോക്കി മിണ്ടാതിരുന്ന നേരങ്ങള്‍, വീടിന് പുറത്ത് തിമിര്‍ത്തുപെയ്യുന്ന മഴയുടെ മര്‍മരം കേട്ട് മൂടിപ്പുതച്ചുറങ്ങിയ സുഖസമയങ്ങള്‍, മഴയില്‍ പ്രിയപ്പെട്ട ഒരാള്‍ കടന്നുവരുന്ന പ്രണയ സങ്കല്പങ്ങള്‍...അങ്ങനെ ഓര്‍മ്മയിലെ മഴഭാവങ്ങള്‍ക്ക്  നിറങ്ങളേറെയുണ്ട്. മഴപെയ്തിറങ്ങുന്ന താഴ്‌വരകളിലൂടെ, കുഞ്ഞോളങ്ങള്‍ വെട്ടുന്ന നാട്ടുപുഴയിലൂടെ, വെള്ളച്ചാട്ടങ്ങള്‍ പാല്‍നുരയായി  വിസ്മയമൊരുക്കുന്ന പാറയൊതുക്കുകളിലൂടെ ഈ തണുത്ത മണ്‍സൂണ്‍കാലത്തും നമുക്കിറങ്ങി നടക്കാം. നമ്മുടെ ജന്മനാട് മഴക്കാലത്തിന്റെ പച്ചപ്പറുദീസയാണ്. മഴക്കാലത്ത് കേരളം കുടുതല്‍ കാല്‍പനികമാകന്നു. കേരളത്തിലെ കായലും പുഴയും ഇക്കാലത്ത് മഴക്കിനാവുകള്‍ ഒരുക്കുന്നു. 

മഴ പാറിപെയ്തിറങ്ങുകയാണ്. നിര്‍ത്താതെ തിമിര്‍ത്ത് പെയ്യുന്ന മഴ. എല്ലാ ഹൃദയത്തിലും മഴ. കുളിരുപകരുന്ന രാത്രികളും ഓര്‍മകളുണര്‍ത്തുന്ന പകലുകളും ആത്മാവില്‍ വസന്തം നിറയ്ക്കുന്നു. മഴവര്‍ഷത്തില്‍ സ്വപ്‌നങ്ങളും നിറങ്ങളും പൂക്കളുമെല്ലാം ഒരുപോലെ നൃത്തം ചെയ്യുന്നു. പെയ്തു തീരാത്ത മഴയില്‍ ഓര്‍മകളുടെ വയലേലകള്‍ നിറഞ്ഞൊഴുകുമ്പോള്‍ പ്രണയവും വിരഹവും വേദനയും ആനന്ദവും നിനവുകളും നോവുകളുമെല്ലാം ഋതുഭേദങ്ങളായി മാറിവരികയാണ്. ഓരോ ഋതുവും കാലവൃക്ഷത്തിലെ വിരിയുന്ന പൂക്കളാണ്. വിവിധ നിറങ്ങളും സുഗന്ധവുമുളള പൂക്കള്‍. ഇനിയെങ്കിലും നമുക്കൊരു മഴത്തുളളിയായി പെയ്തിറങ്ങാം. മഴയുടെ നിഗൂഢ സൗന്ദര്യം കണ്ട് നമുക്ക് നിര്‍വൃതിയടയാം. മഴയ്ക്കുമുന്നില്‍, ഈശ്വരന്റെ സമക്ഷത്തിങ്കലെന്നപോലെ, നാമെല്ലാവരും തുല്യരാണ്...അവിടെ സങ്കുചിതത്വങ്ങളില്ല... വേര്‍തിരിവുകളില്ല...വേലിക്കെട്ടുകളില്ല...ഒന്നാണ് നമ്മള്‍...ഒരുമയുടെ ഓരത്തിരുന്ന് മഴകൊള്ളുന്ന മനസുകള്‍...

കൊടിയ വറുതിക്കറുതിയായി; മഴമേഖങ്ങള്‍ കനിയാനൊരുങ്ങുന്നു (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക