Image

എവിടെ പോയി നമ്മുടെ ധാര്‍മ്മികമൂല്യങ്ങള്‍? (പകല്‍ക്കിനാവ്- 54: ജോര്‍ജ് തുമ്പയില്‍)

Published on 29 May, 2017
എവിടെ പോയി നമ്മുടെ ധാര്‍മ്മികമൂല്യങ്ങള്‍? (പകല്‍ക്കിനാവ്- 54: ജോര്‍ജ് തുമ്പയില്‍)
"ആളുകളുടെ ധാര്‍മിക മൂല്യങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടോ അതോ അധഃപതിച്ചോ?" ഈ ചോദ്യം മുഴങ്ങികേള്‍ക്കുന്നത് അമേരിക്കയില്‍ നിന്നാണ്. അമേരിക്കയിലെ സാമൂഹിക ജീവിതത്തിലെ ധാര്‍മ്മികമൂല്യങ്ങള്‍ക്ക് അധഃപതനം സംഭവിച്ചോ? ഇക്കാര്യവുമായി ബന്ധപ്പെട്ട ഒരു സര്‍വ്വേ നടത്തി.

ഫലവും വന്നിരിക്കുന്നു. ഫലത്തില്‍ കാണുന്നത്, കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റഴും കുറഞ്ഞ നിലവാരത്തിലേക്ക് ഈ ധാര്‍മ്മികമൂല്യത്തിന്റെ റേറ്റിങ് അമേരിക്കയില്‍ താഴ്ന്നിരിക്കുന്നു എന്നാണ്. അതായത്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അമേരിക്കന്‍ സാമൂഹിക വ്യവസ്ഥയില്‍ ധാര്‍മ്മികമൂല്യങ്ങള്‍ താഴേക്ക് പതിക്കുകയാണ്. ഈ പോക്ക് തുടര്‍ന്നാല്‍ അടുത്ത മൂന്നു വര്‍ഷം കൊണ്ട് അമ്പത് വര്‍ഷത്തെ ഏറ്റവും കുറവിലേക്ക് ധാര്‍മ്മികമൂല്യങ്ങളും ജീവിതനിലവാരവും നിപതിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അമേരിക്കയില്‍ ഇത്രമാത്രം മൂല്യച്യൂതിയാണോ നിലവില്‍ ഉള്ളത്? ചരിത്രകാരന്മാരോട് ആണ് ചോദിക്കുന്നതെങ്കില്‍, അവരില്‍ ചിലര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടേക്കാം: വ്യത്യസ്ത കാലഘട്ടങ്ങള്‍ക്കു വ്യത്യസ്ത പശ്ചാത്തലങ്ങളാണുള്ളത്. ഓരോ കാലഘട്ടത്തെയും അതിന്റേതായ പശ്ചാത്തലത്തില്‍ വിലയിരുത്തണമെന്നുള്ളതിനാല്‍ വ്യത്യസ്ത കാലഘട്ടങ്ങളിലെ ധാര്‍മിക മൂല്യങ്ങള്‍ താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, 16-ാം നൂറ്റാണ്ട് മുതലുള്ള കാര്യമെടുക്കുക. കൊടിയ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ അമേരിക്കയില്‍ എങ്ങനെയുള്ളൊരു സ്ഥിതിവിശേഷം ആണ് അന്നു മുതല്‍ വികാസം പ്രാപിച്ചിരിക്കുന്നത് എന്നു നോക്കാം. 16-ാം നൂറ്റാണ്ടില്‍ കൊലപാതകങ്ങള്‍ സാധാരണമായിരുന്നു. ആളുകള്‍ പലപ്പോഴും നിയമം കൈയിലെടുത്ത് തങ്ങള്‍ക്കു ബോധിച്ചരീതിയില്‍ നീതി നടപ്പാക്കിയിരുന്നു. കുടിപ്പകകള്‍ മൂലമുള്ള അക്രമങ്ങള്‍ നിത്യേന എന്നവണ്ണം പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയാണോ? മാഫിയ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ട്, എന്നാല്‍ നമ്മുടെ ശാസ്ത്ര സാങ്കേതിക പുരോഗമനമനുസരിച്ചുള്ള ധാര്‍മ്മികമൂല്യങ്ങള്‍ നിലവിലുണ്ടോ? സത്യസന്ധമായി പറഞ്ഞാല്‍ ഇല്ല എന്നു തന്നെയാണ് ഉത്തരം. ആകുലപ്പെട്ടിട്ടു കാര്യമില്ല, സത്യമാണിത്. യാഥാര്‍ത്ഥ്യത്തെ കണ്ടില്ലെന്നു നടിക്കരുത്.

അമേരിക്കന്‍ ഐക്യനാടുകളിലെ സ്ഥിതിവിശേഷം കൂടുതല്‍ പേടിപ്പെടുത്താണെന്നതാണ് പുതിയ സര്‍വ്വേ വ്യക്തമാക്കുന്നത്. ലൈംഗികതയുടെ കാര്യത്തിലും ധാര്‍മികതയുടെ മറ്റു വശങ്ങളിലും സ്വന്തം നിലവാരങ്ങള്‍ വെക്കാനാണ് ഇന്നു മിക്കവരും ഇഷ്ടപ്പെടുന്നത്. 1960-ല്‍ ഐക്യനാടുകളില്‍ ജനിച്ച കുട്ടികളുടെ വെറും 5.3 ശതമാനം മാത്രമാണ് അവിഹിത ബന്ധത്തിലൂടെ ജനിച്ചത്. എന്നാല്‍ 1990 ആയപ്പോഴേക്കും ഇത് 28 ശതമാനമായി വര്‍ധിച്ചു. ഇന്നത്തെ ധാര്‍മിക നിലവാരങ്ങളില്‍ "മൂല്യങ്ങള്‍ പാടേ അപ്രത്യക്ഷമായിരിക്കുന്നതായി' ഐക്യനാടുകളിലെ നോട്ടര്‍ ഡേം സര്‍വകലാശാലയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ യുഎസ് സെനറ്റര്‍ ജോ ലീബര്‍മാന്‍ പറയുകയുണ്ടായി. "ശരിയും തെറ്റും സംബന്ധിച്ച് പണ്ട് ഉണ്ടായിരുന്ന വീക്ഷണങ്ങള്‍ തേഞ്ഞുമാഞ്ഞു പോയിരിക്കുന്ന'തായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ധാര്‍മിക അധഃപതനം "ഏതാണ്ട് രണ്ടു തലമുറകളായി സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു' എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
എന്നിരുന്നാലും, ചില സ്ഥലങ്ങളില്‍ 1600-നും 1850-നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ "സാമൂഹിക ജീവിതം ശരിക്കും ഉത്കൃഷ്ടമായിത്തീരുകയാണുണ്ടായത്' എന്ന് ചരിത്രകാരന്മാരായ ആര്‍നെ യാരിക്കും യോഹാന്‍ സ്യൂഡര്‍ബെര്‍ഗും മാനിസ്‌കോവാര്‍ഡെറ്റ് ഓക് മാകെടണ്‍ (മനുഷ്യന്റെ അന്തസ്സും അധികാരവും) എന്ന പുസ്തകത്തില്‍ പറയുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, സഹമനുഷ്യന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന കാര്യത്തില്‍ ആളുകള്‍ കൂടുതല്‍ മെച്ചപ്പെട്ടു, അതായത്, അവര്‍ കൂടുതല്‍ സമാനുഭാവം ഉള്ളവരായിത്തീര്‍ന്നു. ഉദാഹരണത്തിന്, ഇന്നത്തെ അപേക്ഷിച്ച് മോഷണവും സ്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളും 16-ാം നൂറ്റാണ്ടില്‍ വളരെ കുറവായിരുന്നു എന്ന കാര്യം മറ്റു ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. മോഷ്ടാക്കളുടെ സംഘടിത കൂട്ടങ്ങള്‍ ഇല്ലായിരുന്നു എന്നുതന്നെ പറയാം, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍.

എന്നാല്‍, അടിമത്ത സമ്പ്രദായം അപ്പോഴെല്ലാം നിലവില്‍ ഉണ്ടായിരുന്നു. ലോകത്ത് എല്ലായിടത്തുമെന്നതു പോലെ അമരിക്കയിലും ഇതു ശക്തമായി നിലനിന്നിരുന്നുവെന്നത് മറക്കരുത്. മനുഷ്യ ചരിത്രത്തിലേക്കും അതിനീചമായ ചില കുറ്റകൃത്യങ്ങള്‍ക്ക് അത് ഇടയാക്കിയിട്ടുമുണ്ട്. കൊളോണിയല്‍ വ്യാപാരികള്‍ ആഫ്രിക്കയില്‍ നിന്നു ദശലക്ഷക്കണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോയതും പിന്നീട് ഈ നിരപരാധികള്‍ അവര്‍ ചെന്നുചേര്‍ന്ന രാജ്യങ്ങളില്‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ടതുമെല്ലാം ഇതില്‍ പെടുന്നു. അങ്ങനെ, ചരിത്രപരമായ ഒരു വീക്ഷണകോണിലൂടെ പിന്നിട്ട നൂറ്റാണ്ടുകള്‍ ഒന്നു വിശകലനം ചെയ്താല്‍ ചില അവസ്ഥകള്‍ ഇന്നത്തേതിനെക്കാള്‍ മെച്ചമായിരുന്നെന്നും എന്നാല്‍ മറ്റു ചിലവ വളരെ അധഃപതിച്ചവയായിരുന്നെന്നും നാം കണ്ടെത്തിയേക്കാം. എന്നിരുന്നാലും 20-ാം നൂറ്റാണ്ടില്‍, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം ധാര്‍മിക മൂല്യങ്ങളുടെ കാര്യത്തില്‍ ഒരു മാറ്റം സംഭവിച്ചു. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്. പ്രത്യേകിച്ച് അമേരിക്കയില്‍. ഇവിടെ ജീവിതമൂല്യങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.

ചരിത്രകാരന്മാരായ യാരിക്കും സ്യൂഡര്‍ബെര്‍ഗും പറയുന്നു: 1930-കളില്‍, കൊലപാതകങ്ങളുടെയും നരഹത്യയുടെയും ഗ്രാഫ് അമേരിക്കയില്‍ വീണ്ടും ഉയര്‍ന്നു. അന്നുമുതല്‍, അരനൂറ്റാണ്ടിലധികമായി ഈ പ്രവണത തുടര്‍ന്നുപോയിരിക്കുന്നു എന്നതാണു സങ്കടകരമായ യാഥാര്‍ഥ്യം. 20-ാം നൂറ്റാണ്ടില്‍, ധാര്‍മിക മൂല്യങ്ങള്‍ക്ക് വലിയ അളവില്‍ ഇടിവു സംഭവിച്ചുവെന്നു പല കണക്കുകളും വ്യക്തമാക്കുന്നു. ലൈംഗികത, ധാര്‍മികമായി സ്വീകാര്യമായ കാര്യങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ കഴിഞ്ഞ 30 മുതല്‍ 40 വരെയുള്ള വര്‍ഷങ്ങളില്‍ കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു എന്നതു സുവ്യക്തമാണ്. കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തി ധാര്‍മികമായി സ്വീകാര്യമായ കാര്യങ്ങള്‍ ഏതെല്ലാമാണ് എന്നു സമൂഹം വ്യക്തമാക്കിയിരുന്ന ഒരു കാലം മാറി, ധാര്‍മിക കാര്യങ്ങളില്‍ ആളുകള്‍ വെറും അയഞ്ഞ, വ്യക്തിപരമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന ഒരു കാലം വന്നെത്തിയിരിക്കുന്നു. അമേരിക്കന്‍ ജീവിത സാഹചര്യങ്ങളില്‍ വന്നിരിക്കുന്ന മാറ്റം തന്നെ ജീവിതമൂല്യങ്ങളോട് പുതിയ തലമുറയ്ക്കുണ്ടായിരുന്ന ആഭിമുഖ്യത്തെ ചെറുക്കുന്നു. പലരും കരുതുന്നത് ജീവിതമൂല്യങ്ങള്‍ കാലാഹരണപ്പെട്ടിരിക്കുന്നുവെന്നാണ്. അടുത്തിടപഴകുമ്പോള്‍ ആര്‍ക്കുമങ്ങനെ തോന്നുന്നത് സ്വാഭാവികം. പ്രത്യേകിച്ച് പുതുതലമുറക്കാരായ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ എന്നു കൂടെ കൂട്ടിച്ചേര്‍ക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക