Image

മലയാളി വിദ്യാര്‍ത്ഥിനി ആഷ്‌ലി ഉപ്പാണി ബോസ്റ്റണിലെ വിഖ്യാത മെഡിക്കല്‍ കോണ്‍ഗ്രസ് പ്രതിനിധി

Published on 30 May, 2017
മലയാളി വിദ്യാര്‍ത്ഥിനി ആഷ്‌ലി ഉപ്പാണി  ബോസ്റ്റണിലെ വിഖ്യാത മെഡിക്കല്‍ കോണ്‍ഗ്രസ് പ്രതിനിധി
കോളേജ്‌വില്‍: പെന്‍സില്‍വേനിയയില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിനി ആഷ്‌ലി ഉപ്പാണിയെ മസാച്യൂസെറ്റ്‌സിലെ ലോവലില്‍ ജൂണ്‍ 25 മുതല്‍ 27 വരെ നടക്കുന്ന 'കോണ്‍ഗ്രസ് ഓഫ് ഫ്യൂച്വര്‍ മെഡിക്കല്‍ ലീഡേഴ്‌സ്' കോണ്‍ഫറന്‍സിലേയ്ക്ക് നാമനിര്‍ദേശം ചെയ്തു. ഈഗില്‍വില്‍ മെത്താക്ടണ്‍ ഹൈസ്‌കൂള്‍ ഒന്‍പതാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയായ ആഷ്‌ലിയുടെ ഉന്നതമായ പഠന നിലവാരം, നേതൃത്വ മികവ്, മെഡിക്കല്‍ രംഗത്ത് മനുഷ്യരാശിക്കുവേണ്ടി സേവനം ചെയ്യനുള്ള സന്നദ്ധത, നിശ്ചയദാര്‍ഢ്യം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പ്രശസ്തമായ ഈ കോണ്‍ഫറന്‍സിലേയ്ക്ക് തിരഞ്ഞെടുത്തത്.

വാഷിങ്ടണ്‍ ഡി.സി ആസ്ഥാനമായുള്ള 'നാഷണല്‍ അക്കാദമി ഓഫ് ഫ്യൂച്വര്‍ ഫിസിഷ്യന്‍സ് ആന്റ് മെഡിക്കല്‍ സയന്റിറ്റ്‌സി'ന്റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റോബര്‍ട്ട് ഡാര്‍ലിങ് ആണ് ആഷ്‌ലിയെ നോമിനേറ്റ് ചെയ്തത്. മൂന്നു ദിവസത്തെ മെഡിക്കല്‍ കോണ്‍ഗ്രസില്‍ ആഷ്‌ലി അമേരിക്കയിലെമ്പാടും നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ക്കൊപ്പെ പങ്കുചേരും. നോബല്‍ സമ്മാന ജേതാക്കള്‍, സയന്‍സിലെ നാഷണല്‍ മെഡല്‍ ജേതാക്കള്‍ തുടങ്ങിയവര്‍ ആധുനിക മെഡിക്കല്‍ റിസേര്‍ച്ചിനെപ്പറ്റി കോണ്‍ഗ്രസില്‍ പ്രഭാഷണം നടത്തും. പ്രതിനിധികള്‍ക്ക് ഐവി ലീഗും മെഡിക്കല്‍ സ്‌കൂളുകളിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ ഡീനുകളും ഉപദേശം നല്‍കും. മെഡിക്കല്‍ സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നതെന്താണെന്ന് ആരായും. അതോടൊപ്പം ഗുരുതരമായ രോഗം വന്ന് ആത്ഭുതകരമായി സുഖം പ്രാപിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നവരുടെ അനുഭവങ്ങളും ഇവിടെ പങ്കുവയ്ക്കും. പ്രതിനിധികള്‍ക്കിത് ആധുനിക ചികില്‍സാ ശാസ്ത്രത്തിലെ പുത്തന്‍ പ്രവണതകളെക്കുറിച്ച് ആഴത്തില്‍ അറിവ് നേടാനുള്ള അസുലഭ അവസരവുമാണ്.

''അമേരിക്കയെ സംബന്ധിച്ചിടത്തോളം നിര്‍ണായക സമയമാണിത്. ഭാവിയിലെ മാറ്റങ്ങളും വെല്ലുവിളികളും സമര്‍ത്ഥമായി നേരിടുന്നതിന് നമുക്ക് കൂടുതല്‍ ഡോക്ടര്‍മാരെയും മെഡിക്കല്‍ സയന്റിസ്റ്റുകളെയും അത്യാവശ്യമാണ്. ആഷ്‌ലി ഉപ്പാണിയെപ്പോലുള്ള ലക്ഷ്യബോധമുള്ള, നിശ്ചയദാഢ്യത്തോടുകൂടിയ, മികവാര്‍ന്ന കുട്ടികളിലാണ് ഇക്കാര്യത്തില്‍ നമ്മുടെ ഭാവി പ്രതീക്ഷ കുടികൊള്ളുന്നത്...'' നാഷണല്‍ അക്കാദമി ഓഫ് ഫ്യൂച്വര്‍ ഫിസിഷ്യന്‍സ് ആന്റ് മെഡിക്കല്‍ സയന്റിറ്റ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റിച്ചാര്‍ഡ് റോസ്സി അഭിപ്രായപ്പെടുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ മെഡിക്കല്‍ രംഗത്ത് ശോഭിക്കാന്‍ പ്രാപ്തിയുള്ളവരെ കണ്ടെത്തി സമഗ്രമായ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നാഷണല്‍ അക്കാദമി ഓഫ് ഫ്യൂച്വര്‍ ഫിസിഷ്യന്‍സ് ആന്റ് മെഡിക്കല്‍ സയന്റിറ്റ്‌സ് സ്ഥാപിതമായത്. ഈ പ്രസ്ഥാനത്തിന് ബോസ്റ്റണിലും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു.

പെന്‍സില്‍വേനിയയില്‍ താമസമാക്കിയിട്ടുള്ള കുറവിലങ്ങാട് സ്വദേശികളായ തോമസ്-വിന്‍സി ദമ്പതികളുടെ പുത്രിയാണ് ആഷ്‌ലി. ആറാം ഗ്രേഡുകാരനായ മാത്യു ഉപ്പാണിയാണ് ആഷ്‌ലിയുടെ സഹോഹരന്‍. അക്കദമിക് എക്‌സലന്‍സിനുള്ള പ്രസിഡന്റിന്റെ അവാര്‍ഡ് ബറാക്ക് ഒബാമയില്‍ നിന്ന് സ്വീകരിച്ച ആഷ്‌ലി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പെന്‍സില്‍വേനിയ സ്റ്റേറ്റ് സയന്‍സ് ഫെയര്‍ മല്‍സരങ്ങളിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. റ്റേയ്‌ക്ക്വോണ്ടോ ബ്ലാക്ക് ബെല്‍റ്റ് ചാമ്പ്യനായ ആഷ്‌ലി സ്‌കൂളിലും ചര്‍ച്ചിലും നടത്തപ്പെട്ട എസ്സേ റൈറ്റിങ്, റോബോട്ടിക്‌സ്, ബൈബിള്‍ ക്വിസ്, സ്‌പെല്ലിങ് ബീ മല്‍സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭാംഗമായ ആഷ്‌ലിയുടെ പിതാവ് തോമസ്, റ്റി.ഡി ബാങ്കിലെ ഐ.റ്റി മാനേജരും മാതാവ് വിന്‍സി ജി.എസ്.കെയിലെ സയന്റിഫിക് മാനേജരുമാണ്. 

മലയാളി വിദ്യാര്‍ത്ഥിനി ആഷ്‌ലി ഉപ്പാണി  ബോസ്റ്റണിലെ വിഖ്യാത മെഡിക്കല്‍ കോണ്‍ഗ്രസ് പ്രതിനിധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക