Image

സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം : ഒന്ന്) - മോളി ജേക്കബ്

മോളി ജേക്കബ് Published on 30 May, 2017
സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം : ഒന്ന്) - മോളി ജേക്കബ്
അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം മെയ്മാസം ആഘോഷങ്ങളുടേയും ആഹ്ലാദത്തിന്റേയും നിമിഷങ്ങള്‍ നിറഞ്ഞ ദിവസങ്ങളാണ്. ശൈത്യകാലത്തോട് തല്‍ക്കാലം വിടപറഞ്ഞ് വസന്തകാലത്തെ സന്തോഷത്തോടെ വരവേല്‍ക്കുന്ന ദിനങ്ങള്‍ ഏവര്‍ക്കും മനസ്സിനും ശരീരത്തിനും കുളിര്‍മയേകുന്നു.

നഴ്‌സ് ദിനം, അമ്മമാരുടെ ദിനം അഥവാ മദേഴ്‌സ് ഡേ, കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ആദ്യ കുര്‍ബാന സ്വീകരണം, പിന്നെ കോളേജ് ഗ്രാജുവേഷന്‍ എന്നിങ്ങനെ പല കാരണങ്ങളില്‍ ആഴ്ചാവസാനം പാര്‍ട്ടികളും ഒത്തുചേരലും എല്ലാം കൊണ്ട് സന്തോഷം തിരതല്ലുന്ന ദിവസങ്ങള്‍. എന്നാല്‍ മെയ് മാസത്തെ സ്‌ട്രോക്ക് ബോധവല്‍ക്കരണ മാസമായി  അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (AHA) തെരഞ്ഞെടുത്തിരിയ്ക്കുന്നു എന്ന വസ്തുത നമുക്ക് നിസ്സാരമായി തള്ളിക്കളയാവുന്നതല്ല.

സ്‌ട്രോക്ക് അഥവാ മസ്തിഷ്‌ക്കാഘാതം, പക്ഷാഘാതം എന്നിങ്ങന പല പേരില്‍ അറിയപ്പെടുന്ന ഈ രോഗത്തെ ബ്രെയ്ന്‍ അറ്റാക്ക് എന്ന് വിശേഷിയ്ക്കപ്പെടുമ്പോള്‍ ഇത് ഹാര്‍ട്ട് അറ്റാക്ക് പോലെ ഗൗരവമായി കാണേണ്ട ഒരു രോഗമാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അമേരിക്കന്‍ ജനതയുടെ മരണകാരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ഈ രോഗത്തിന്.   ശാരീരിക വൈകല്യം വരുവാന്‍ സ്‌ട്രോക്ക് ഒന്നാം സ്ഥാനത്ത് തന്നെയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

സ്‌ട്രോക്കിന്റെ വിവിധ തലങ്ങളെപറ്റി

സ്പര്‍ശിച്ചുകൊണ്ട് എഴുതുന്ന ഈ ലേഖനം വായനക്കാര്‍ക്ക് ഉപകാരപ്രദമാകും എന്ന് കരുതട്ടെ.

അമേരിക്കയില്‍ എല്ലാവര്‍ഷവും ഏകദേശം 795000 വ്യക്തികള്‍ക്ക് സ്‌ട്രോക്ക് വരുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. എല്ലാ നാല് മിനിട്ടിലും ഒരു വ്യക്തി സ്‌ട്രോക്ക് മൂലം മരിക്കുന്നു, പ്രായമേറിയവര്‍ക്ക് മാത്രമല്ല ചെറുപ്പക്കാര്‍ക്കും ഈ രോഗം വരാനുള്ള സാധ്യത ഏറെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്‌ട്രോക്ക് വന്നാല്‍ അടിയന്തിരമായി ഗോഗിയെ ഏറ്റവും അടുത്തുള്ള സ്‌ട്രോക്ക് സെന്ററില്‍ എത്തിച്ച് ചികിത്സ ലഭിച്ചാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഒരളവുവരെ കുറയ്ക്കാനും ചിലപ്പോഴെങ്കിലും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും.

സ്‌ട്രോക്ക് എങ്ങനെ ഉണ്ടാകുന്നു?

സ്‌ട്രോക്ക് ഉണ്ടാകുന്നത് തലച്ചാറിന്റെ ഏതെങ്കിലും ഭാഗത്ത് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോഴാണ്. സ്‌ട്രോക്ക് പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഇസ്‌ക്കിമിക്ക് സ്‌ട്രോക്ക് (Ischemic stroke), ഹെമറാജിക് സ്‌ട്രോക്ക് (Hemorrhagic stroke) എന്നിങ്ങനെ അറിയപ്പെടുന്നു. ഓക്‌സിജനും പോഷകങ്ങളും അടങ്ങിയ രക്തം തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്ത് ലഭിക്കാതെ വരുമ്പോള്‍ സംഭവിക്കുന്നതാണ് ഇസ്‌ക്കിമിക്ക് സ്‌ട്രോക്ക്. തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്ത് രക്തസ്രാവം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് ഹെമറാജിക്ക് സ്‌ട്രോക്ക്. ഈ ലേഖനം പ്രധാനമായും ഇസ്‌കിമിക്ക് സ്‌ട്രോക്കിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഏകദേശം 80-85% സ്‌ട്രോക്കും ഇസ്‌ക്കിമിക്ക് സ്‌ട്രോക്ക് വിഭാഗത്തില്‍ പെടുന്നവയാണ്. ഇത് ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്.

ഇസ്‌ക്കിമിക്ക് സ്‌ട്രോക്ക് വരാനുള്ള പ്രധാനകാരണം ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന രക്തക്കുഴലുകളിലോ ശാഖകളിലോ, തലച്ചോറിലേക്കുള്ള ഇതിന്റെ ശാഖകളിലോ അതിറോസ്‌കീളോറിസീസ് (Atheroselerosis) മൂലം വ്യാസം കുറയുകയോ, ഈ രക്തക്കുഴലുകളുടെ ഭിത്തികളില്‍ നിന്ന് ചെറിയ കണികകള്‍ അടര്‍ന്ന് രക്തത്തിലൂടെ സഞ്ചരിച്ച് അവിടെയുള്ള രക്തധമനികളിലെ രക്തയോട്ടം തടസ്സപ്പെടുന്നതുമൂലമോ ആകാം.

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍

സ്‌ട്രോക്കിന്റെ ലക്ഷണങ്ങളായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിരത്തിവയ്ക്കുന്ന 5 രോഗലക്ഷണങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

1. ശരീരത്തിന്റെ ഒരുവശത്തോ, അതായത് മുഖം, കൈകള്‍, കാലുകള്‍ യെന്നീ ഭാഗങ്ങളിലോ പെട്ടെന്നുണ്ടാകുന്ന മരവിപ്പ്, ബലക്കുറവ്.

2. പെട്ടെന്ന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക, മറ്റുള്ളവരുടെ  സംസാരം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക, പെട്ടന്ന് മനോവിഭ്രമം (confusion) ഉണ്ടാകുക.

3. പെട്ടെന്ന് കാഴ്ചക്ക് ബുദ്ധിമുട്ടുണ്ടാകുക, ഇത് 1 കണ്ണിലോ, 2 കണ്ണുകളിലോ ആകാം

4. പെട്ടെന്നുണ്ടാകുന്ന തലകറക്കം, ബലന്‍സ് തെറ്റി വീഴാന്‍ പോകുക, നടക്കാന്‍ ബുദ്ധിമുട്ടാകുക, കൈലാലുകളുടെ ഏകോപന പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടുണ്ടാകുക.

5. പെട്ടെന്ന് കാരണങ്ങള്‍ ഒന്നുമില്ലാതെ അതിഭയങ്കരമായ തലവേദന വരുക.

ഈ രോഗലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ 911 വിളിച്ച് രോഗിയെ എത്രയും പെട്ട്ന്ന് സ്‌ട്രോക്ക് സെന്റര്‍ അംഗീകാരം ഉള്ള ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്. എന്നാല്‍ പലപ്പോഴും രോഗികള്‍ ആശുപത്രിയില്‍ എത്താന്‍ കാലതാമസം നേരിടുന്നത് ഒരു പക്ഷേ അറിവില്ലായ്മ ആയിരിക്കാം. ഒരു വ്യക്തിക്ക് സ്‌ട്രോക്ക് ആണോ എന്ന് കണ്ടുപിടിക്കാന്‍ സാധാരണക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പരിശോധന രീതിയാണ് ACT FAST. ഇതില്‍ വ്യക്തിയോട് 3 കാര്യങ്ങല്‍ ചെയ്യാന്‍ പറയുന്നു.

1. ചിരിയ്ക്കുവാന്‍ പറയുന്നു(പുഞ്ചിരി). മുഖത്തിന്റെ ഏതെങ്കിലും ഭാഗത്ത് കോട്ടമുണ്ടോ എന്ന് നോക്കുക.

2. 2 കൈകളും ഉയര്‍ത്തിപ്പിടിയ്ക്കുവാന്‍ പറയുക. ഏതെങ്കിലും കൈ ബലക്കുറവ് മൂലം താഴേക്ക് പോകുന്നോ എന്ന് ശ്രദ്ധിക്കുക.

3. ഒരു ചെറിയ വാക്യം ആവര്‍ത്തിക്കുവാന്‍ പറയുക. സംസാരത്തില്‍ കുഴച്ചിലോ, വാക്യം ആവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടോ ഉണ്ടോ എന്ന് നോക്കുക.

ഇവയില്‍ ഏതെങ്കിലും ഒന്നിന് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് സ്‌ട്രോക്കിന്റെ മുന്നറിയിപ്പാകാം.

തലച്ചോറിന്റെ ഏത് ഭാഗത്ത് സ്‌ട്രോക്ക് വന്നു എന്നതിനെ ആശ്രയിച്ച് രോഗലക്ഷണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു.

സ്‌ട്രോക്ക് ചികിത്സാ രീതികള്‍

ഇസ്‌കിമിക്ക് സ്‌ട്രോക്ക് വന്ന രോഗിക്ക് പ്രതീക്ഷകള്‍ നല്‍കിക്കോണ്ടാണ് വൈദ്യശാസ്ത്രം പലവിധ ചികിത്സാരീതികളും കണ്ടുപിടിച്ചിരിക്കുന്നത്. ഈ മേഖലയില്‍ ഉണ്ടായ നേട്ടങ്ങളില്‍ എടുത്ത് പറയേണ്ട ഒന്നാണ് ഇന്‍ട്രാവീനസ് റ്റിഷ്യു പ്ലാസ്മിനോജന്‍ ആക്റ്റിവേറ്റര്‍ (IV+PA) എന്ന മരുന്നിന്റെ ആവിര്‍ഭാവവും അംഗീകാരവും 1996 മുതല്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) അംഗീകരിച്ച ഈ മരുന്ന് രക്തക്കുഴലിലെ രക്തക്കട്ടകളെ നശിപ്പിച്ച് രക്തയോട്ടം പുനഃസ്ഥാപിക്കാന്‍ ഉപയോഗിച്ച് വരുന്നു. രോഗലക്ഷണം കണ്ട്തുടങ്ങി മൂന്ന് മണിക്കൂറിനകം ഈ മരുന്ന് സിരകളില്‍ കുത്തിവെച്ച് രക്തയോട്ടം പുനഃസ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ ചികിത്സാരീതി ഫലപ്രദമാകുയില്ല എന്ന് മാത്രമല്ല കൂടുതല്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് രോഗ ലക്ഷണങ്ങള്‍ തുടങ്ങി നാലരമണിക്കൂര്‍വരെ കുത്തിവെക്കുന്നു. ആശുപത്രിയില്‍ എത്തുന്ന രോഗിയെ എത്രയും പെട്ടന്ന് സി ടി സ്‌കാന്‍ ചെയ്ത് തലച്ചോറില്‍ ബ്ലീഡിംഗ് ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം  ഈ മരുന്ന് വെയിനില്‍ കൂടി കുത്തിവെക്കുന്നു. ആള്‍ട്ട്‌പ്ലെയ്‌സ്    (Alteplase), ആക്ടിവെയ്‌സ് (Activase) എന്ന പേരില്‍ ഈ മരുന്ന് അറിയപ്പെടുന്നു.

ഈ മരുന്ന് കൊടുക്കാന്‍ സാധിക്കാത്ത അവസരങ്ങളില്‍ രോഗികള്‍ക്ക്  പ്രത്യശ നല്‍കികൊണ്ട് വൈദ്യശാസ്ത്രം വേറെ ചികിത്സാരീതികളും കണ്ടെത്തിയിരിക്കുന്നു. രോഗലക്ഷണങ്ങള്‍ തുടങ്ങി 6 മുതല്‍ 8 മണിക്കൂര്‍വരെ  ഈ ചികിത്സാരീതികള്‍ പ്രയോജനപ്പെട്ടേക്കാം, അടിയന്തിരമായി സെറിബ്രല്‍ ആന്‍ജിയോഗ്രാം (Cerebral angiogram) എന്ന ടെസ്റ്റിന് വിധേയമാക്കി തലച്ചോറിലെ രകതക്കുഴലുകളിലെ രക്തക്കട്ടകളെ ചെറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് വലിച്ചെടുക്കുക, റ്റി പി എ (TPA) രക്തക്കട്ടകളില്‍ കുത്തിവെച്ച് രക്തയോട്ടം പുനഃസംഘടിക്കുക മുതലായവ അടുത്തകാലത്ത് ചെയ്തുവരുന്നതും ഫലപ്രദമായും കണ്ടുവരുന്നു. സോളിറ്റെയര്‍ (Solitair) സ്‌റ്റെന്റ് റിട്രീവര്‍ (Stent retriever) പെനമ്പ്ര (Penumbra) മുതലായ  ഉപകരണങ്ങള്‍ ഈ അവസരങ്ങളില്‍ ഉപയോഗിക്കുന്നു. അമേരിക്കന്‍ ജനതയുടെ മരണ കാരണത്തിന് മൂന്നാം സ്ഥാനക്കാരനായിരുന്ന ഈ വില്ലന്‍ കഴിഞ്ഞ 2, 3 വര്‍ഷമായി അഞ്ചാം സ്ഥാനത്തേയ്ക്ക് മാറിയത് ഈ കണ്ടുപിടിത്തങ്ങളും ചികിത്സാരീതികളും ആണെന്ന് തന്നെ പറയാം.

പൊമറാജിക് സ്‌ട്രോക്കിന്റെ ചികിത്സാരീതികള്‍ ഇതില്‍ നിന്ന് വ്യത്യാസപ്പെട്ടിരിയ്ക്കും ഇൻട്രോസെറിബ്രല്‍ ഹെമറേജ്, സബ് അരഖനോയ്ഡ്  ഹെമറേജ് (Subarachnoid hemorrhage) എന്നൊക്കെ ഇതിനെ വിളിക്കുമ്പോള്‍ സമയത്തുള്ള ചികിത്സ ലഭിച്ചാല്‍ വലിയ പ്രഘ്യാതങ്ങളില്‍ നിന്ന് ഒരു പക്ഷെ മരണത്തില്‍ നിന്ന് തന്നെ രോഗിയെ രക്ഷിക്കുവാന്‍ സാധിക്കുമെന്നതിന് സംശയമില്ല.


സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം : ഒന്ന്) - മോളി ജേക്കബ്സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം : ഒന്ന്) - മോളി ജേക്കബ്സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം : ഒന്ന്) - മോളി ജേക്കബ്സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം : ഒന്ന്) - മോളി ജേക്കബ്സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം : ഒന്ന്) - മോളി ജേക്കബ്സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം : ഒന്ന്) - മോളി ജേക്കബ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക