Image

മുട്ടത്തു വര്‍ക്കി കുടുംബങ്ങളിലേക്കു കടന്നുചെന്ന കഥാകാരന്‍: മധു

Published on 30 May, 2017
മുട്ടത്തു വര്‍ക്കി കുടുംബങ്ങളിലേക്കു കടന്നുചെന്ന കഥാകാരന്‍: മധു
തിരുവനന്തപുരം: കുടുംബങ്ങളിലേക്ക് കടന്നുചെന്ന കഥാകാരനായിരുന്നു മുട്ടത്തുവര്‍ക്കിയെന്ന് പത്മശ്രീ മധു. പ്രസ്ക്ലബ് ടിഎന്‍ജി ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മുട്ടത്തു വര്‍ക്കി അനുസ്മരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൃത്രിമത്വം ഇല്ലാത്ത എഴുത്തുകാരനായിരുന്നു മുട്ടത്തുവര്‍ക്കി. അക്കാലത്ത് വീട്ടമ്മമാരുടെ പ്രധാന സംസാരവിഷയം വാരികകളില്‍ വന്നിരുന്ന മുട്ടത്തുവര്‍ക്കിയുടെ നോവലുകളായിരുന്നു. കുടുംബിനികളെ അത്രയേറെ ആകര്‍ഷിച്ചിരുന്നു അദ്ദേഹത്തിന്‍റെ രചനകള്‍. കുടുംബങ്ങള്‍ക്കുള്ളിലേക്ക് ഇത്രയേറെ കടന്നുചെന്ന സാഹിത്യകൃതികള്‍ അതിനു മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ല.

രണ്ടുകൈകള്‍കൊണ്ടും മുട്ടത്തുവര്‍ക്കി എഴുതുമെന്ന് അന്നു തങ്ങളൊക്കെ ഹാസ്യരൂപേണ പറയുമായിരുന്നു. അത്രയേറെ നോവലുകളാണ് അക്കാലത്ത് അദ്ദേഹം എഴുതിയത്. എന്നാല്‍ ആ ഒരു കാലഘട്ടത്തിനുശേഷം സ്ത്രീ വായനക്കാരുടെ എണ്ണത്തില്‍ വലിയ കുറവു വന്നിട്ടുണ്ട്. സാഹിത്യത്തില്‍ മുട്ടത്തുവര്‍ക്കിയുടെ സംഭാവനകള്‍ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ 26-ാമത് മുട്ടത്തു വര്‍ക്കി സാഹിത്യ അവാര്‍ഡ് ടി.വി. ചന്ദ്രനു മധു സമ്മാനിച്ചു. 50,000 രൂപയും പ്രശംസാപത്രവും പ്രഫ. പി.ആര്‍.സി. നായര്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം.

മധ്യതിരുവിതാംകൂറിന്‍റെ ഹൃദയസ്പന്ദനങ്ങളെ ഇത്ര മനോഹരമായി ആവിഷ്കരിച്ച സാഹിത്യകാരന്‍ വേറെ ഉണ്ടെന്നു തോന്നുന്നില്ലെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പുതിയൊരു വായനസംസ്കാരത്തിലേക്കാണ് മുട്ടത്തുവര്‍ക്കി ഒരു കാലഘട്ടത്തെ നയിച്ചത്. അധികം പണ്ഡിതരല്ലാത്തവരെ അദ്ദേഹം വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും അടുത്ത ജീവിതബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു മുട്ടത്തുവര്‍ക്കിയെന്ന് മുട്ടത്തുവര്‍ക്കി അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ.ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന കൃതി എക്കാലത്തെയും മികച്ച ബാലസാഹിത്യ കൃതിയാണ്. പിതൃതുല്യമായ വാത്സല്യമാണ് ദീപികയില്‍ ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹം നല്‍കിയത്. ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ പ്രാവിണ്യമുണ്ടായിരുന്ന മുട്ടത്തുവര്‍ക്കി 26 വര്‍ഷത്തോളമാണ് ദീപികയില്‍ പ്രവര്‍ത്തിച്ചത്. ആരുടെ മുന്നിലും തലകുനിച്ചില്ല. അഞ്ചും ആറും വാരികകള്‍ക്ക് ഒരേസമയം അദ്ദേഹം നോവലുകള്‍ എഴുതി നല്‍കി. വായന ഒരു ലഹരിയായി ആസ്വദിക്കുന്നതിന് അന്നത്തെ വായനക്കാര്‍ക്കു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ കുട്ടിക്കാലത്ത് വായനയിലേക്ക് അടുപ്പിച്ച എഴുത്തുകാരനായിരുന്നു മുട്ടത്തു വര്‍ക്കിയെന്ന് മറുപടി പ്രസംഗം നടത്തിയ ടി.വി. ചന്ദ്രന്‍ പറഞ്ഞു. അറിയാത്ത ഒരു നാടിന്‍റെ സംസ്കാരം മുട്ടത്തുവര്‍ക്കിയുടെ കഥകളില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജനകീയ സാഹിത്യഗവേഷക ആന്‍സി ബേയെ അന്ന മുട്ടത്ത് ആദരിച്ചു. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ സെക്രട്ടറി പ്രഫ. മാത്യു ജെ. മുട്ടത്ത് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ടി.വി. ചന്ദ്രന്‍റെ സിനിമകള്‍ എന്ന വിഷയത്തില്‍ വി.കെ. ജോസഫ് പ്രഭാഷണം നടത്തി. ടി.രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.

മുട്ടത്തു വര്‍ക്കി കുടുംബങ്ങളിലേക്കു കടന്നുചെന്ന കഥാകാരന്‍: മധു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക