Image

കാവ്യം ഒരു ദേവത (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 31 May, 2017
കാവ്യം ഒരു ദേവത (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
കാവ്യമേ ചേലെഴും സങ്കല്പ ശില്പമേ
നിന്‍ ദിവ്യഭാവനപ്രതീകമല്ലോ
സ്‌നിഗ്ദമാം നന്മ പ്രകാശം വീശുന്ന
ശുദ്ധമാം ജീവല്‍ പ്രഭാവമല്ലോ!

ശാര്‍ദൂലവിക്രീഡിതം, ശ്ശഥകാകളി
കാകളിയും കേക, മഞ്ജരിയും
ചിട്ടയായ് വൃത്തങ്ങളൊന്നില്‍ മനോഹരീ
മുഗ്ദമായ് നിന്നെ ചമച്ചിതല്ലോ!

നിന്‍ അലങ്കാരമാം വസ്ത്രങ്ങള്‍ ഉല്ലേഖം
ഉത്‌പ്രേക്ഷ, സാദൃശ്യം*, രൂപകമാം
ദിവ്യമായ് നീ അവയൊന്നണിഞ്ഞീടുകില്‍
കാവ്യ ദേവീ എത്ര സുന്ദരി നീ!

തിക്തമാം ജീവിതം നല്‍കും അനുഭവം
ശക്തമാം ഭാവനയില്‍ പകര്‍ത്തി
നര്‍മ്മം, വിജ്ഞാനവും സാരോപദേശവും
ചെമ്മെ നല്കുന്ന നിന്‍ നന്മ ശ്രേഷ്ഠം!

പദ്യങ്ങളേ മണിമുത്തുകളോ നിങ്ങള്‍
ഹൃദ്യമാം നാദ പ്രവാഹങ്ങളോ;
വര്‍ണ്ണങ്ങളില്‍ തെളിയും മഴവില്ലിതോ
വര്‍ണ്ണനീയം നവ പുഷ്പങ്ങളോ!

കാവ്യമോ ദേവതേനീ മറഞ്ഞീടുകില്‍
അനുപദം ഈ ജിവിതം വിരസം;
ഒളി വിതറീടുന്നൊരരുണോദയം പോല്‍
തെളിയുമോ ദേവീ നീ എന്‍ മനസ്സില്‍!

* സാദൃശ്യം= ഉപമ
Join WhatsApp News
വിദ്യാധരൻ 2017-05-31 19:46:42
"കുന്നികാട്ടിൽ വിടർന്ന വെള്ളിലമലർ -
                                         തൊത്തിന്റെ സൗന്ദര്യവും 
കന്നിപ്പൂന്തൊടി പൂത്ത കിങ്ങിണിമണി 
                                         പൂവിന്റെ ലാളിത്യവും 
ഒന്നായൊത്തുവിളങ്ങി നിന്ന സുതയാം 
                                         ദീനായൊരിക്കൽ മുദാ 
ചെന്നാളന്യ ഗൃങ്ങളിൽ കമിനിമാ -
                                         രൊത്തു മേളിക്കുവാൻ" (ശാർദ്ദൂല വിക്രീഡിതം )
"വീട് വിട്ടോടിയ യാക്കോബ് നാടൊക്കെ 
തേടിയലഞ്ഞു വലഞ്ഞു വരും വഴി 
ചാരാത്തൊരു കിണറിന്റെ കരയ്‌ക്കൊരു 
ചാരുതരംഗിയെ കണ്ടു ചോദിക്കവെ" (കാകളി )

"പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലവച്ചും 
സ്വച്ഛാപ്തി മണൽതിട്ട പാദോപദാനം പൂണ്ടും 
പള്ളികൊണ്ടിടുന്ന നിൻ യുഗ്മത്തെ കാത്തു 
കൊള്ളുന്നു കുമാരിയും ഗോ കർണ്ണെ ശനും അമ്മെ "   (കേക )

"നേരമിരുട്ടുന്നു പൊന്മുകിൽ മേലങ്കി 
ചോരയിലെന്തിനു മുക്കി സൂര്യൻ 
ചാരത്തു ചാടി കലിച്ചൊരകണ്മണി 
ദൂരത്തു പോയെങ്ങൊളിച്ചിരിപ്പൂ " (മഞ്ജരി ) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക