Image

നിഴലുപോല്‍ ജീവിതം (കഥ: റോബിന്‍ കൈതപ്പറമ്പ്)

Published on 01 June, 2017
നിഴലുപോല്‍ ജീവിതം (കഥ: റോബിന്‍ കൈതപ്പറമ്പ്)
മുറ്റത്ത് ഉണക്കാനിട്ടിരുന്ന പച്ചരി കാക്കയും, കോഴിയും വന്ന് കൊത്തി തിന്നാതെ കാവലിരിക്കുംബോഴാണ് ഇടവഴിയിലൂടെ കശാപ്പുകാരന്‍ തോമ ഒരു മൂരിയെം കൊണ്ട് പോകുന്നത് കണ്ടത്. നല്ല കൊഴുത്ത മൂരി, അടുത്ത ശനിയാഴ്ച്ച അറക്കാനുള്ളതായിരിക്കും.

ഏലിയാമ്മ ചേട്ടത്തി തലയില്‍ തോര്‍ത്തുമുണ്ടും ഇട്ട് വെയിലത്തേയ്ക്ക് ഇറങ്ങി "ശനിയാഴ്ച്ച അറക്കാനുള്ളതാണോ തോമാ ഇതിനെ" ശബ്ദം വന്ന വഴി നിശ്ചയമില്ലാത്തതുപോലെ മൂരിയുടെ കയറും പിടിച്ച് തോമാ ചുറ്റിനും നോക്കി.കയ്യാല പുറത്തായി നില്‍ക്കുന്ന ഏലിയാമ്മ ചേട്ടത്തിയെ കണ്ടു. വെയിലിനെ മറയ്ക്കാനായി കൈത്തലം നെറ്റിയോട് ചേര്‍ത്ത്" ആ ....... ചേട്ടത്തി ആരുന്നോ? ....... ശനിയാഴ്ച്ചത്തേയ്ക്ക് അറക്കാന്‍ നമ്മുടെ ചീരംകണ്ടത്തെ അവറാനോട് മേടിച്ചതാ, ചേട്ടത്തിക്ക് വേണോ?" ഏലിയാമ്മ ചേട്ടത്തി ഒരു നിമിഷം ശങ്കിച്ചു.കൊച്ചുമക്കളുടെ ടരവീീഹ അടയ്ക്കുകയാണ്. കോട്ടയത്തു നിന്നും ലില വിളിച്ചപ്പോള്‍ പറഞ്ഞത് വരുന്ന ആഴ്ച്ച പിള്ളേരെ വീട്ടിലേയ്ക്ക് കൊണ്ടു വീടും എന്നാണ്." ഒരു പങ്ക് എനിക്കും തന്നേക്ക് തോമാ, വരുന്ന ആഴ്ച്ച മോളും കൊച്ചുമക്കളും വരുന്നുണ്ട്, വറുത്തരച്ച് വെയ്ക്കാം" . തലയും കുലുക്കി തോമാ തന്റെ അറവു മാടിനെയും കൊണ്ട് നടന്നു നീങ്ങി. തനിക്ക് ഇനി ഒരാഴ്ച്ച കൂടെ മാത്രമേ ജീവിതം ഉള്ളു എന്നറിഞ്ഞതുകൊണ്ടോ എന്തോ ആ മൂരിക്കുട്ടന്‍ വഴിയരികിലുള്ള ഓരോ പുല്‍നാമ്പും വായിലാക്കി പതിയെ നടന്ന് നീങ്ങി

ചേട്ടത്തി കൊച്ചു മക്കള്‍ക്കുള്ള മൂരി ഇറച്ചി ഉറപ്പാക്കാന്‍ പോയ തക്കത്തിന് കൗശലക്കാരായ കാക്കകളും,കോഴിയും വിരിച്ചിട്ടിരുന്ന പരമ്പിന്റെ ഓരം ചേര്‍ന്ന് അരിമണി കൊത്തി തിന്നാന്‍ തുടങ്ങി.ഒരു വടിയും എടുത്ത് എല്ലാത്തിനേയും ഓടിച്ച് ചേട്ടത്തി പൂര്‍വ്വ സ്ഥാനത്ത് ചെന്നിരുന്നു.കഴിഞ്ഞ തവണ വേനല്‍ അവധിയും കഴിഞ്ഞ് പോകുംബോള്‍ നാട്ടുമാവില്‍ നിന്ന് വീണ് കൈയ്യും ഒടിച്ചാണ് ഇളയവന്‍ പോയത്. അന്നേ ലീല പറഞ്ഞിരുന്നതാണ് അടുത്ത വര്‍ഷം വേനല്‍ അവധിക്ക് അമ്മച്ചിയുടെ അടുത്തേയ്ക്ക് ഇല്ലന്ന്. കുട്ടികള്‍ക്ക് രണ്ടിനും വല്യമ്മച്ചിയുടെ അടുത്ത് വരുന്നതാണ് ഇഷ്ടം. പട്ടണത്തിന്റെ തിരക്കുകളില്‍ നിന്നും ഒരു വിടുതല്‍. വറീത് ചേട്ടന്‍ മരിച്ചതില്‍ പിന്നെ കൊച്ചുമക്കള്‍ വരുംബോഴാണ് ചേട്ടത്തിക്ക് സന്തോഷവും ചിരിയും ഒക്കെ. ഓരോ അവധി കഴിഞ്ഞ് അവര് തിരികെ പോകുംബോഴും ഏലിയാമ്മ ചേട്ടത്തി അടുത്ത വേനല്‍ അവധിക്കായ് ദിവസവും നോക്കി കാത്തിരിക്കും. അവധികഴിഞ്ഞ് മക്കളേം കൊണ്ട് ലീല പോകുംബോള്‍ ഇടനെഞ്ച് പൊട്ടുന്ന വേദന ആണ്. വറീത് ചേട്ടന്‍ തന്നെ വിട്ട് പിരിഞ്ഞ് പോയപ്പോഴും ഇത്ര വേദന തോന്നിയിരുന്നില്ല.

"ശൂ....... ശൂ..... :" എന്ന ഒച്ച കേട്ടാണ് ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്. അയല്‍പക്കത്തെ അമ്മിണി അരിമണി കൊത്തി തിന്നുന്ന കാക്കയേം കോഴിയേം ഓടിക്കുന്നു."എന്താ ചേട്ടത്തി ഇത്, മുറ്റത്ത് വന്നിരുന്ന് സ്വപ്നം കാണുവാണോ? അരി മൊത്തം കാക്കേം, കോഴീം കൊണ്ടുപോയി., ഇത് നല്ലതു പോലെ ഉണങ്ങി എന്ന് തോന്നുന്നു. എടുത്ത് വച്ചേക്കാം." " കാക്കേം, കോഴീം തിന്നെട്ടെടീ അമ്മിണീ, അതുങ്ങള്‍ക്കും വിശപ്പില്ലേ, അതുങ്ങള് തിന്നതിന്റെ ബാക്കി മതി." അങ്ങനെ പറഞ്ഞെങ്കിലും ചേട്ടത്തി അകത്ത് പോയി പാത്രം എടുത്തുകൊണ്ട് വന്ന് അരി അതിലേയ്ക്ക് പകര്‍ന്ന് വെച്ചു.

ചാക്കോ മാപ്പിളയുടെയും, അന്നാമ്മയുടെയും നാല് മക്കളില്‍ ഇളയവളാണ് അമ്മിണി. വീട്ടിലെ പ്രാരാബ്ദം കൊണ്ട് പത്താം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി. അല്ലെങ്കിലും പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിച്ചിട്ട് എന്തിനാ എന്നുള്ള പഴയ മൂരാച്ചി സ്‌റ്റൈല്‍ ആണ് ചാക്കോ മാപ്പിള. പെണ്‍മക്കളെ എല്ലാം ഒരു പ്രായം ആയപ്പോഴെയ്ക്കും കെട്ടിച്ചും വിട്ടു.അമ്മിണിയാണ് ഏലിയാമ്മ ചേട്ടത്തിക്ക് ഒരു ആശ്വാസവും സഹായവും." ചേട്ടത്തിയേ ടരവീീഹ അടയ്ക്കാറായല്ലോ കൊച്ചു മക്കള്‍ വരുമോ?"
അമ്മിണി ചോദിച്ചു. "ലീല കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.പിള്ളേരേം കൊണ്ട് വരുന്നുന്നാ പറഞ്ഞത്;പൊടിമോന്റെ കൈയ്യും ഒടിച്ചല്ലേ കഴിഞ്ഞ അവധി തീര്‍ന്നത്, അത്‌കൊണ്ട് വരത്തില്ലായിരിക്കും എന്നാ കരുതിയത്; പിന്നെ ആരൊക്കെ വന്നാലും പോയാലും എനിക്ക് നീയല്ലേ ഉള്ളൂ അമ്മിണി" അമ്മിണിയെ ഒന്ന് സുഖിപ്പിക്കാനും ചേട്ടത്തി മറന്നില്ല." ആ .... അത് ഓര്‍മ്മ വേണം" എന്ന് ഗമയില്‍ പറഞ്ഞിട്ട് അമ്മിണി തൊഴുത്തിലേയ്ക്ക് പശുവിന് പുല്ല് ഇട്ട് കൊടുക്കാനായി നടന്നു.

"എടീ അമ്മിണി കൊച്ചെ ഒരു മഴ കിട്ടിയിട്ട് എത്ര നാളായെടീ,ഇവിടുള്ള പച്ചിലകള്‍ എല്ലാം കരിഞ്ഞ് പോകുമെന്നാ തോന്നുന്നത് "പശുവിന് തീറ്റ കൊടുത്ത് അമ്മിണി തിരികെ എത്തി.''പുരക്കകത്തും ചൂട് വെളിയിലും ചൂട് " അമ്മിണി സ്വയം പറഞ്ഞു.നാട്ടുവര്‍ത്തമാനവും പറഞ്ഞ് ഇരിക്കെ ഒതുക്ക് കല്ല് കയറി മൂന്നാല് ആളുകള്‍ വരുന്നത് കണ്ടു."അമ്പലത്തിലെ പിരിവ്കാരാ ചേട്ടത്തി;അവിടുത്തെ പുനരുദ്ധാരണവും, ഉത്സവവും വരികയല്ലേ" അമ്മിണി പതിയെ പറഞ്ഞു. വന്നവരെ സ്വാഗതം ചെയ്യാനായി ഏലിയാമ്മ ചേട്ടത്തി എഴുന്നേറ്റ് മുറ്റത്തേയ്ക്ക് ചെന്നു. നാട്ടിലെ അറിയപ്പെടുന്ന പ്രമുഖര്‍ എല്ലാരും ഉണ്ട്. അമ്പലത്തിന്റെ പുന: പ്രതിഷ്ടയും, ഉത്സവവും എല്ലാം വിശദമായി പറഞ്ഞു. ചേട്ടത്തി നൂറ്റമ്പത് രൂപ സന്തോഷത്തോടെ കൊടുത്തു. രസീതും കൊടുത്ത് ഉത്സവത്തിന് ക്ഷണിച്ച് പിരിവ്കാര് പോയി. ഇതുവരെ ജാതിയുടെയും, മതത്തിന്റെയും പേര് പറഞ്ഞ് നാട്ടില്‍ ഒരു വഴക്കും ഉണ്ടായിട്ടില്ല. പള്ളിയുടെ ആയാലും, അമ്പലത്തിന്റെ ആയാലും ഉത്സവങ്ങള്‍ നാട്ടുകാര്‍ മുഴുവന്‍ പേരുടെതും ആണ്. എക മനസ്സോടെ അവരത് നടത്തുന്നു.

പിരിവ്കാരെ വിട്ട് തിരികെ പ്ലാവിന്റെ തണലിലേയ്ക്ക് വന്നിരിക്കുംമ്പോഴാണ് അമ്മിണി പറഞ്ഞത് " ചേട്ടത്തി അറിഞ്ഞോ നമ്മുടെ പുതുപ്പറമ്പിലെ രാജുവും ഭാര്യയും ഡൈവോഴ്‌സ് ആയകാര്യം" ഒരു ഞെട്ടല്‍ ശരീരത്തിലൂടെ കടന്ന് പോയീ.ലാലിയും, രാജുവും ഒരേ പ്രായക്കാരാണ്; ഒരുമിച്ച് പഠിച്ചിരുന്നവരും.രാജുവും ഭാര്യയും തമ്മില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ആണ് എന്ന് കേട്ടീരുന്നു എന്നാല്‍ ബന്ധം വേര്‍പെടുത്താന്‍ മാത്രം എന്താവും സംഭവിച്ചിരിക്കുക. കാലത്തിന്റെ പുരോഗതിക്ക് അനുസരിച്ച് മനുഷ ബന്ധങ്ങള്‍ക്ക് വിള്ളലുകള്‍ ഉണ്ടാകുന്നു. ഭാര്യക്ക് ഭര്‍ത്താവിനെയോ, ഭര്‍ത്താവിന് ഭാര്യയെയോ മനസ്സിലാകുന്നില്ല. ഒന്നിനും സമയം ഇല്ലാത്ത തലമുറ. പലേ കുടുംബങ്ങളിലും ഭോഗിക്കാനും, ഭക്ഷണം ഉണ്ടാക്കാനും ഉള്ള ഉപകരണങ്ങള്‍ മാത്രമാകുന്നു ഭാര്യമാര്‍. അമ്മിണി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു. ഒന്നും തലയിലോട്ട് കയറുന്നില്ല.

വറീത് ചേട്ടന്റെ കൂട്ടുകുടുംബത്തിലേയ്ക്ക് വലതുകരവും പിടിച്ച് കയറി വന്നത് ഇപ്പോഴും ഓര്‍ക്കുന്നു. പറക്കമുറ്റാത്ത പിഞ്ചു കുഞ്ഞുങ്ങളുമായി ഇവിടേയ്ക്ക് കുടിയേറിയപ്പോള്‍ ചാച്ചന്റെ വിയര്‍പ്പിന്റെ മണമുള്ള മുഷിഞ്ഞ ചില നോട്ടുകള്‍ മാത്രമായിരുന്നു കൂട്ടിന്നുണ്ടായിരുന്നത്. അന്നൊക്കെ അധികം സംസാരിച്ചിരുന്നില്ലെങ്കിലും ഒരു നോട്ടം കൊണ്ട് പരസ്പരം മനസ്സിലാക്കിയിരുന്നു.ഇക്കാലത്തെ കുട്ടികളുടെ ഉള്ളില്‍ എന്താണെന്ന് മുഖത്ത് നോക്കിയാലും മനസ്സിലാകില്ല.എല്ലാവരും പുകയുന്ന അഗ്‌നിപര്‍വ്വതവും ഉള്ളില്‍ വഹിച്ച് നടക്കുന്നു.

ചിന്തകള്‍ക്ക് വിരാമം ഇട്ട് ചേട്ടത്തി പതിയെ എഴുന്നേറ്റു."എടീ അമ്മിണി അത്താഴത്തിന് ഒന്നും ആയില്ല, ഞാന്‍ അടുക്കളയിലോട്ട് ചെല്ലട്ട് " ........"എടീ ..... അമ്മിണിയേ...... എടീ അമ്മിണി :........ ഇങ്ങോട്ട് വാടീ " അമ്മിണിയുടെ അമ്മ അതിരില്‍ വന്ന് നിന്ന് നീട്ടി വിളിച്ചു. " ഞാന്‍ പോവ്വാ ചേട്ടത്തി" എന്നും പറഞ്ഞ് അമ്മിണി വീട്ടിലേയ്ക്ക് ഓടി. അത്താഴത്തിന് എന്തെങ്കിലും ഉണ്ടാക്കാനായി അടുക്കളയിലേയ്ക്ക് കയറിയ ചേട്ടത്തിക്ക് ഒന്നും ചെയ്യാന്‍ തോന്നിയില്ല. ആകെ ഒരു മരവിപ്പ് പോലെ.ഇടതു കൈയ്യിലൂടെ ഒരു തരിപ്പ് കയറുന്നതായി തോന്നി. വല്ലാതെ വിയര്‍ക്കുന്നു. മുറിയിലേയ്ക്ക് ചെന്ന് കട്ടിലില്‍ കയറി കിടന്നു."ചേട്ടത്തിയെ ഇത്തിരി പഞ്ചസാര വേണം, വീട്ടില്‍ ഒരു വിരുന്നുകാര് ഉണ്ട്" മുറ്റത്തായി അമ്മണിയുടെ ശബ്ദം കേട്ടു. ഒന്ന് ഉറക്കെ വിളിക്കാന്‍ തോന്നി, പക്ഷേ ശബ്ദം ഉയരുന്നില്ല. അവളൊന്ന് മുറിയിലേയ്ക്ക് കയറി വന്നിരുന്നെങ്കില്‍;ഒരു നിമിഷം ആശിച്ചുപോയി. ഓര്‍മ്മകളുടെ മുകളിലേയ്ക്ക് നേര്‍ത്തൊരു കരിനിഴല്‍ വന്നു വീഴുന്നതുപോലെ. അരികത്തായ് അമ്മിണിയുടെ ഒച്ച കേട്ടുവോ?.....

മുറിയിലേയ്ക്ക് കയറി വന്ന അമ്മിണി "ചേട്ടത്തിയേ........... " എന്ന് ഉറക്കെ നിലവിളിച്ച് വെളിയിലേയ്ക്ക് ഓടി.ബഹളം കേട്ട് അയല്‍ക്കാരും ഓടിക്കൂടി.എല്ലാവരും കൂടെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചേടത്തിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അമ്മിണി ചേട്ടത്തിയുടെ കട്ടിലിന് താഴെയായ് കരഞ്ഞ് കൊണ്ട് നിന്നു.കൊച്ചുമക്കളുടെ വേനല്‍ അവധിക്കായ് ഒരുങ്ങി കാത്തിരുന്ന ഏലിയാമ്മ ചേട്ടത്തി ആരോടും ഒന്നും പറയാതെ തന്റെ ജീവിത യാത്ര പൂര്‍ത്തിയാക്കി വറീത് മാപ്പിളയോട് ചേര്‍ന്നു.തൊഴുത്തിലെ പൂവാലി പയ്യും, അരിമണികള്‍ കൊത്തി നടന്ന കോഴികളും ഏലിയാമ്മ ചേട്ടത്തി പോയതറിയാതെ തങ്ങളുടെ അന്നത്തിനായി ഉഴറി നടന്നു. ചേട്ടത്തിയുടെ വീട് ആളും ആരവവും ഒഴിഞ്ഞ ഉത്സവപറമ്പ് പോലെ എല്ലാ വേദനകളും ഉള്ളിലൊതുക്കി തന്നിലേയ്ക്ക് തന്നെ ഉള്‍വലിഞ്ഞു.ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടി തുടങ്ങി മഴയ്ക്കുള്ള മുന്നൊരുക്കം ആകാം ......... ഏലിയാമ്മ ചേടത്തിയുടെ വിയോഗത്തില്‍ ആ നാട്ടില്‍ അമ്മിണി മാത്രം ദുഖിച്ചു. ബാക്കിയുള്ളവര്‍ വളരെ നാളുകള്‍ക്ക് ശേഷം ഒരു മഴ വരുന്നതോര്‍ത്ത് സന്തോഷിച്ചു...... കാലം പിന്നെയും മുന്‍പോട്ട്.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക