Image

മിശ്ര ഭോജനം; ഇന്നു പങ്കെടുക്കുന്നവരേറെയും മേലാളര്‍ (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 03 June, 2017
മിശ്ര ഭോജനം; ഇന്നു പങ്കെടുക്കുന്നവരേറെയും മേലാളര്‍ (കുര്യന്‍ പാമ്പാടി)
നൂറുവര്‍ഷം മുമ്പ് കേരളത്തിലെ ജാതിക്കോമരങ്ങളെ പിഴുതെറിയാന്‍ ശ്രീനാരായണഗുരുവിന്റെ അരുമശിഷ്യന്‍ ഏ. അയ്യപ്പന്‍ എന്ന സഹോദരന്‍ അയ്യപ്പന്‍ തിരികൊളുത്തിയ വിപ്ലവ ജ്വാല കെട്ടടങ്ങിയോ?

ചെറായിയിലും എറണാകുളത്തും തിരുവനന്തപുരത്തും കൊണ്ടാടിയ മിശ്രഭോജനം കണ്ടു പലരും ചോദിച്ചു ഇവരില്‍ ജാതിയില്‍ താഴ്ന്നവരെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നവര്‍ എത്ര പേരുണ്ട്?

മുഖ്യമന്ത്രി പിണറായിയോടൊപ്പം എറണാകുളം ടൌണ്‍ഹാളില്‍ ഇലയിട്ടു ഊണു കഴിച്ചവരില്‍ വിപ്ലാവാവേശം ഇനിയും കെട്ടു പോയിട്ടില്ലാത്ത ഒരേ ഒരാളെയേ കണ്ടുള്ളൂ -ബിനോയ് വിശ്വം.

വേള്‍ഡ് ഫെഡറേഷന്‍ ഒഫ് ഡെമോക്രാടിക് യൂത്ത് വൈസ് പ്രസിഡന്റ് പദം വരെ എത്തിയ മുന്‍ വനം വകുപ്പ് മന്ത്രി വിവാഹം ചെയ്തത് പ്രശസ്ഥയായ കൂത്താട്ടുകുളം മേരിയുടെ മകള്‍ ഷൈലയെ. രണ്ടുപെണ്മക്കളില്‍ രശ്മി ദി ഹിന്ദുവിലും ഭര്‍ത്താവ് ഷംസുദ്ദിന്‍ ദേശാഭിമാനിയിലും ജേര്‍ണലിസ്റ്റുകള്‍. സൂര്യ കൊളംബിയ ലോ സ്‌കൂളില്‍ പഠിച്ച അഭിഭാഷകയാണ്. ലോയര്‍ ജയ്‌മോഹന്‍ ഭര്‍ത്താവ്.

സ്വന്തം വിവാഹവും മക്കളുടെ വിവാഹവും ആഭരണമോ ആര്‍ഭാടമോ സ്ത്രീധനമോ കൂടാതെ രജിസ്റ്റര്‍ ചെയ്തു ജനശ്രദ്ധപിടിച്ചു പറ്റിയ ആളാണ് വിശ്വം.

സ്വന്തം ജാതിയില്‍ നിന്ന് താഴെ നില്‍ക്കുന്നവരെ ഒന്നിച്ചിരുത്തി ഭക്ഷണം കഴിച്ചതിനു പുലയനയ്യപ്പന്‍ എന്ന ആക്ഷേപം കേട്ട് കുലുങ്ങാതെ നിന്ന ആളായിരുന്നു അച്ഛനെന്നു മകള്‍ ഐഷ ഗോപാലകൃഷ്ണന്‍ ഓര്‍മ്മിക്കുന്നു. ഗുരു പിന്തുണച്ചപ്പോഴാന്നു ആ വിദ്വേഷം കെട്ടടങ്ങിയത്.

അന്ന് പന്തലിട്ടു കൊട്ടിഘോഷിച്ചു നടത്തിയ മിശ്രഭോജനത്തില്‍ ഇരുനൂറു പേര്‍ പങ്കെടുത്തു. ചോറും ചക്കക്കുരുവും കടലയും ചേര്‍ത്തുള്ള കറിയുമായിരുന്നു വിഭവങ്ങള്‍. കണ്ണന്‍ എന്ന പുലയനപ്പയ്യന്‍ രണ്ടും കൂട്ടിയിളക്കിയതില്‍ നിന്ന്എല്ലാവരും പങ്കു പറ്റി.

നൂറാം വാര്‍ഷികദിനത്തില്‍ ഇത്തവണ ചെറായിയില്‍ നടത്തിയ സ്മൃതി ഭോജനത്തില്‍ ആയിരം പേര്‍ക്കു സദ്യ ഒരുക്കി. 1200 പേര്‍ ഊണു കഴിച്ചു. വിഭവങ്ങള്‍ കുറവായിരുന്നെങ്കിലും നന്നായി. പരിപ്പും പപ്പടവും പായസവുവുമെല്ലാം ഉണ്ടായിരുന്നു.
 
അഭിഭാഷകനായിരുന്നു അയ്യപ്പന്‍. ഫ്രഞ്ച് വിപ്ലവം കൊണ്ടുവന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ മാസികയാണ് 'സഹോദരന്‍'. യുക്തിവാദം പ്രചരിപ്പിക്കുന്നതിന് യുക്തിവാദി മാസികയും നടത്തി.

അയ്യപ്പന്‍ (1889-1967) കൊച്ചി നിയമസഭയിലും തിരുകൊച്ചി നിയമസഭയിലും അംഗവും മന്ത്രിയും ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് എം.ജി. റോഡ് നിര്‍മിക്കുന്നത്. മന്ത്രിപദം ഒഴിഞ്ഞ ശേഷം ബസില്‍ യാത്ര ചെയ്തു മാതൃക കാട്ടി.

വിവാഹം ചെയ്തത് പാര്‍വതിയെ. ജസ്റ്റിസ് അയ്യാക്കുട്ടിയുടെ മകള്‍. പാര്‍വതി അയ്യപ്പന്‍ സ്വന്തം നിലയില്‍ സാമൂഹ്യ പരിവര്‍ത്തനത്തിനും സ്ത്രീവിമോചനത്തിനും വേണ്ടി പ്രവര്‍ത്തിച്ച ആള്‍.

ചെറായിയില്‍ പെരിയാര്‍ തീരത്ത് അയ്യപ്പന്‍ ജനിച്ച വീടും തൊട്ടു ചേര്‍ന്നുള്ള മഠവും ലൈബ്രറിയും 1985 മുതല്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ഒരു സ്മാരകം ആണ്. അവിടെ ശ്രീനാരായണ ഗുരുവും കുമാരനാശാനും ഈ.വി.രാമസ്വാമിനായ്ക്കരും വന്നു താമസിച്ചിട്ടുള്ളതാണ്. പ്രൊഫ. എം.കെ.സാനു ആണു ഭരണസമിതി അധ്യക്ഷന്‍ മയ്യാറ്റില്‍ സത്യന്‍ സെക്രട്ടറിയും.

മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പെരിയാറ്റില്‍ നടത്തുന്ന ബോട്ടു യാത്രയുടെ അവിഭാജ്യ ഘടകമാണ് സഹോദരന്‍ സ്മാരകം. ചിലദിവസങ്ങളില്‍ രണ്ടു ബോട്ട് നിറയെ സഞ്ചാരികള്‍ വന്നു പോകാറുണ്ടെന്നു അസി. സെക്രെട്ടറി ഒ.കെ.കൃഷ്ണകുമാര്‍ അഭിമാനിക്കുന്നു.

പത്തു വര്‍ഷം മുമ്പ് ചെറായിയില്‍ പന്തിഭോജനതിന്റെ തൊണ്ണൂറാം വാര്‍ഷികത്തില്‍ പങ്കെടുത്തതും സദ്യ ഉണ്ടതും ഓര്‍ക്കുന്നു. സ്മ്രിതി സമ്മേളനത്തിനു സദസ്യരേക്കാള്‍ കൂടുതല്‍ പേര്‍ സ്‌റ്റെജില്‍ ഉണ്ടായിരുന്നു. ഊണിനു സമയമായപ്പോള്‍ ഹാള്‍ നിറഞ്ഞു. പക്ഷേ കീഴ്ജാതിക്കാര്‍ ആരെയും കണ്ടില്ല.

അയല്‍ക്കാരനായ പ്രൊഫസ്സര്‍ ഡോ.കെ.കെ. ജോഷി ആയിരുന്നു ഒരിടക്ക് സ്മാരകം സെക്രട്ടറി. ഭാര്യ ഷീലയും പ്രൊഫസ്സര്‍. ഒരിക്കല്‍ സ്മാരകതിലും പിന്നീട് അദേഹത്തോടോപ്പവും താമസ്സിച്ചു. അദ്ദേഹം വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണിപ്പോള്‍. സഹോദരന്‍ സ്മാരക എല്‍.പി. സ്‌കൂളും ഹയര്‍ സെക്കണ്ടറി സ്‌കൂളും ചുറ്റി നടന്നു കണ്ടു. ചുറ്റുമുള്ള സാധാരണക്കാരുടെ ഓല മേഞ്ഞ വീടുകളില്‍ കൈത്തറികളില്‍ ഊടും പാവും നെയ്യുന്ന ശബ്ദം നമ്മെ പിടിച്ചു നിറുത്തും. 
  
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവചനം പ്രചരിപ്പിക്കാന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ രൂപവല്‍ക്കരിച്ച സഹോദര സംഘം പ്രചാരണം വ്യാപിപ്പിച്ചു. ജാതിയില്‍ താഴെ നില്‍ക്കുന്നവരെ കൂടെ കൂട്ടണമെന്ന സഹോദരന്റെ ആഹ്വാനം എത്രപേര്‍ സ്വീകരിച്ചു എന്ന് സംശയമാണ്. മിശ്രവിവാഹം ഇന്ന് പേരിനു മാത്രമേ നടക്കുന്നുള്ളൂ. അത്തരക്കാര്‍ രണ്ടു വിഭാഗങ്ങളില്‍ നിന്നും എതിര്‍പ്പ് നേരിടുന്നു.

പതിഭോജനത്തില്‍ ഊണു കഴിച്ചിറങ്ങുമ്പോള്‍ മുഖ്യമന്ത്രി സൂചിപ്പിച്ചതും അതുതന്നെ. ജാതിയുടെ പേരില്‍ ഭക്ഷണം, വസ്ത്രം പാര്‍പ്പിടം എന്നിവക്കെല്ലാം നിയന്ത്രണങ്ങള്‍ വരുന്നത് ഗുരു വിഭാവനം ചെയ്ത ഏകലോക സിദ്ധാന്തത്തെ ഹനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അസഹ്ഷ്ണുത വളരുന്നു. നൂറ് വര്ഷം കഴിഞ്ഞിട്ടും!.

'നാടാകെ ഹിന്ദു തീവ്രവാദം കൊടികുത്തി വാഴുന്നു. സഹോദരന്റെ പേരില്‍ പലയിടത്തുമുള്ള കലാലയങ്ങളില്‍ പോലും ജാതിവിവേചനം തുടരുന്നു' സഹോദരനെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള ഡോ.അജയ് ശേഖര്‍ ഖേദിക്കുന്നു. കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ അധ്യാപകനാണ് അദ്ദേഹം.

മിശ്ര ഭോജനം; ഇന്നു പങ്കെടുക്കുന്നവരേറെയും മേലാളര്‍ (കുര്യന്‍ പാമ്പാടി)മിശ്ര ഭോജനം; ഇന്നു പങ്കെടുക്കുന്നവരേറെയും മേലാളര്‍ (കുര്യന്‍ പാമ്പാടി)മിശ്ര ഭോജനം; ഇന്നു പങ്കെടുക്കുന്നവരേറെയും മേലാളര്‍ (കുര്യന്‍ പാമ്പാടി)മിശ്ര ഭോജനം; ഇന്നു പങ്കെടുക്കുന്നവരേറെയും മേലാളര്‍ (കുര്യന്‍ പാമ്പാടി)മിശ്ര ഭോജനം; ഇന്നു പങ്കെടുക്കുന്നവരേറെയും മേലാളര്‍ (കുര്യന്‍ പാമ്പാടി)മിശ്ര ഭോജനം; ഇന്നു പങ്കെടുക്കുന്നവരേറെയും മേലാളര്‍ (കുര്യന്‍ പാമ്പാടി)മിശ്ര ഭോജനം; ഇന്നു പങ്കെടുക്കുന്നവരേറെയും മേലാളര്‍ (കുര്യന്‍ പാമ്പാടി)മിശ്ര ഭോജനം; ഇന്നു പങ്കെടുക്കുന്നവരേറെയും മേലാളര്‍ (കുര്യന്‍ പാമ്പാടി)മിശ്ര ഭോജനം; ഇന്നു പങ്കെടുക്കുന്നവരേറെയും മേലാളര്‍ (കുര്യന്‍ പാമ്പാടി)മിശ്ര ഭോജനം; ഇന്നു പങ്കെടുക്കുന്നവരേറെയും മേലാളര്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക