Image

ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു

വര്‍ഗീസ് പ്ലാമ്മൂട്ടില്‍ Published on 04 June, 2017
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് മെയ് 27 ശനിയാഴ്ച ന്യൂജേഴ്‌സിയിലെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു.

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളോവോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യ ചിന്താവിഷയമായ, ആകയാല്‍ നിങ്ങള്‍ തിന്നാലും, കുടിച്ചാലും എന്തു ചെയ്താലും ദൈവ നാമ മഹത്വത്തിനായി ചെയ്യുവീന്‍( 1 കോരി. 10.31) എന്ന വേദവാക്യത്തെ അടിസ്ഥാനമാക്കി അഭി. തിരുമേനി ചെയ്ത ഉദ്ഘാടന പ്രസംഗത്തില്‍ മനുഷ്യനു മാത്രം സ്വന്തമായ വിവേചന ശക്തി ഉപയോഗിച്ച് മൃഗീയതയില്‍ നിന്നും മാനുഷികതയിലേക്കും, മാനുഷികതയില്‍ നിന്നും ദൈവീകതയിലേക്കും പരിണമിക്കുകയാണ് ആത്യന്തികമായി മനുഷ്യന്റെ ദൗത്യമെന്നും ആ പരിണാമ പ്രക്രിയയില്‍ നാം എവിടെയെത്തി നില്‍ക്കുന്നുവെന്ന് വിലയിരുത്തുവാന്‍ ലഭിക്കുന്ന അവസരങ്ങളാണ് ഇതുപോലെയുള്ള കൂടിവരവുകളെന്നും അഭിപ്രായപ്പെട്ടു.നമ്മുടെ ജീവിതചര്യയും പ്രവര്‍ത്തനങ്ങളും കേവലം ഇവെന്റ് മാനേജ്‌മെന്റു മാത്രമായി മാറുന്ന സാഹചര്യം നിലവിലുള്ള ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും ഈ വേദവാക്യം പ്രസക്തമാണെന്ന് തിരുമേനി പറഞ്ഞു. സംസ്‌കാര സമ്പന്നരെന്നഭിമാനിക്കുന്നവരുടെ പോലും സംസാരത്തിലും പെരുമാറ്റത്തിലും ചില അവസരങ്ങളില്‍ അടിസ്ഥാന പരമായ മൃഗീയ സ്വഭാവം പ്രത്യക്ഷപ്പെടാറുണ്ടെന്നും വിവേചനശക്തി ഉപയോഗിച്ച് അവയെ നിയന്ത്രിച്ച് സംയമനം പാലിക്കുകവഴി മാനുഷിക സ്വഭാവം വീണ്ടെടുക്കുകയും നമ്മുടെ വാക്കും പ്രവൃത്തിയും ദൈവതിരുനാമ മഹത്വത്തിനാണെന്ന് തിരിച്ചറിയുകയും വേണമെന്ന് തിരുമേനി ഉദ്‌ബോധിപ്പിച്ചു.

കൊട്ടാരക്കരപുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യോഹന്നാന്‍ മാര്‍ തേവോദോറസ് മെത്രാപ്പോലീത്തയും കോണ്‍ഫ്രന്‍സില്‍ സന്നിഹിതനായിരുന്നു. മാതാപിതാക്കളെയും ദമ്പതികളെയും അഭിസംബോധനചെയ്ത് അഭി. തിരുമേനി നടത്തിയ പ്രസംഗത്തില്‍ കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ശാന്തിയും സ്‌നേഹവും ഐശ്വര്യവും നിലനില്‍ക്കുന്നതിനും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

ചേര്‍ച്ചയില്ലാത്ത രണ്ടാളുകള്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ അഡ്ജസ്റ്റു ചെയ്തു ജീവിക്കാവാന്‍ ശ്രമിച്ചാലും ഫലമില്ലാതെയിരിക്കും.ശാരീരിക ഐക്യവും മാനസിക ഐക്യവും കൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. അവിടെയാണ് ആത്മീയ തലത്തിനു കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്. ആന്തരികതയിലാണ്, ബാഹ്യതയിലല്ല ചേര്‍ച്ചയുണ്ടാകേണ്ടത്. പൗലൂസ് അപ്പോസ്‌തോലന്‍ പറയുന്നതുപോലെ, . അവന്റെ ആത്മാവിനാല്‍ നിങ്ങള്‍ അകത്തെ മനുഷ്യനെ സംബന്ധിച്ച് ശക്തിയോടെ ബലപ്പെട്ടു വരണം. ഹൃദയങ്ങളും ഹൃദയങ്ങളും തമ്മിലുള്ള ഐക്യം ശക്തമാകണമെങ്കില്‍ അകത്തെ മനുഷ്യനെ ബലപ്പെടുത്തിയാലേ മതിയാകൂ. നമ്മുടെ ശ്രമങ്ങളെല്ലാം മണ്ണിലേക്ക് തിരികെപ്പോകേണ്ടതായ ബാഹ്യശരീരത്തെ ബലപ്പെടുത്തുന്നതില്‍ കേന്ദ്രീകരിച്ചാണെന്നുള്ളതാണ് ദുഖകരമായ വസ്തുത. അത് നാം അംഗീകരിക്കുകയില്ല. എന്നാല്‍ നിത്യമായിട്ടുള്ള ആത്മാവിനെ പുഷ്ടിപ്പെടുത്തുവാന്‍ ബാഹ്യമനുഷ്യനെ ബലപ്പെടുത്തുന്നതിന്റെ ഒരു ചെറിയ അംശമെങ്കിലും മാറ്റിവയ്ക്കുവാന്‍ നമുക്കു സാധിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം.. .ഒരുമിച്ചു പ്രാര്‍ത്ഥിച്ച് ഒന്നായി ജീവിക്കണമെന്ന് നാം പറയാറുണ്ട്. എന്നാല്‍ ആന്തരിക മനുഷ്യനെ പുഷ്ടിപ്പെടുത്തുന്നതിലൂടെ മാത്രമേ അത് സാധിക്കുകയുള്ളു. അകത്തെ മനുഷ്യനെന്നു പറയുന്നത് ദൈവത്തിന്റെ ആത്മാവാണ്.ദൈവം ഹൃദയത്തില്‍ വസിക്കുന്ന ജീവനുള്ള ആലയങ്ങളാകുന്ന നാം കല്ലും മരവും ഉപയോഗിച്ചു നിര്‍മ്മിച്ച ആരാധനാലയങ്ങളിലെത്തി യാന്ത്രികമായി ആരാധിച്ച് സ്വയം നീതികരിച്ചു കടന്നു പോകുന്ന അവസ്ഥയാണുള്ളത്. നമ്മുടെ ശരീരം ദൈവാലയമാണ്. അതിലെ അള്‍ത്താരയാണ് ഹൃദയം. ആ ഹൃദയത്തില്‍ ക്രിസ്തുവിനെ പ്രതിഷ്ടിച്ച് സ്തുതിച്ചും സ്‌തോത്രം ചെയ്തും ആരാധിക്കുവാന്‍ ശ്രമിക്കണം. അപ്പോള്‍ നമുക്കു രൂപാന്തരമുണ്ടാകുകയും നമ്മുടെ കുടുംബജീവിതം ധന്യമായിത്തീരുകയും ചെയ്യും. ഭാഗ്യസ്മരണീയനായ ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് തിരുമേനി എഴുതിയ യേശുവേ എന്റെ ഹൃദയം നിന്റെ രാജധാനിയായി തീരണം. ആശിഷം നല്‍കി കേടുകള്‍ പോക്കി രാജാവായി അങ്ങു വാഴണേ.. എന്നു തുടങ്ങുന്ന അര്‍ത്ഥവത്തായ ഗീതം ആലപിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി തന്റെ പ്രസംഗം ഉപസംഹരിച്ചു.

മുഖ്യ പ്രഭാഷണം. .
വാഷിംഗ്ടണ്‍ സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി റവ. ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം ആയിരുന്നു മുഖ്യ പ്രഭാഷണം നടത്തിയത്.
1 കോരിന്ത്യര്‍ 10ാം അധ്യായം 31 ാം വാക്യത്തെ അടിസ്ഥാനമാക്കി ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും അവയെല്ലാം ദൈവ നാമ മഹത്വത്തിനായി ചെയ്യുവീന്‍ എന്നുള്ള കോണ്‍ഫ്രന്‍സ് ചിന്താ വിഷയത്തെ അവലംബമാക്കി ബഹു.അച്ചന്‍ ചിന്തോദ്വീപികവും നര്‍മ്മരസ സമ്മിശ്രിതവുമായി സംസാരിച്ചു. പ്രബുദ്ധതയിലും സമ്പന്നത യിലും ഇന്നത്തെ അമേരിക്കയോടു താരതമ്യപ്പെടുത്താവുന്ന കൊരിന്ത്യരോടു അപ്പോസ്‌തോലനായ പൗലോസ് വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചുമായിരുന്നു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയിരുന്നത്. കാരണം അവര്‍ സാമൂഹ്യമായ
അധീശത്വം(superiortiy) വച്ചുപുലര്‍ത്തുന്നവരും ധാര്‍മ്മികമായ മൂല്യച്ച്യുതി സംഭവിച്ചവരുമായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ സുവിശേഷീകരണവും എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് പൗലുസ് അപ്പോസ്‌തോലനെ ദൈവം സ്വപ്നത്തിലൂടെ ശാക്തീകരിച്ച്, ധൈര്യമായി സംസാരിക്കുക, മിണ്ടാതിരിക്കരുത് എന്ന് വെളിപ്പെടുത്തുന്നത്. ജീവിതത്തില്‍ നമുക്കു ലഭിക്കുന്ന സുരക്ഷിതത്വബോധവും നന്മകളും നമുക്ക് അവകാശപ്പെട്ടതാണെന്നുള്ള മിഥ്യാബോധമാണ് പലപ്പോഴും നമുക്കുതന്നെ വിനയാകുന്നത്. ഈജിപ്റ്റില്‍ നിന്നും പുറപ്പെട്ട എല്ലാവരും വാഗ്ദത്ത നാട്ടില്‍എത്തിച്ചേരണമെന്നതായിരുന്നു ദൈവയിഷ്ടമെങ്കിലും രണ്ടുപേര്‍ക്കു മാത്രമാണ് അതിനുള്ള അവസരം ലഭിച്ചത്. തങ്ങളുടെ പാപത്തിന്റെ ഫലമായി അതിനുള്ള അവസരം അവര്‍ക്ക് നിഷേധിക്കപ്പെടുകയായിരുന്നു. ക്രിസ്ത്യാനി ആയതിന്റെ പേരില്‍ മാത്രം ലോകത്തില്‍ പല ഭാഗങ്ങളിലും ഇന്നും ധാരാളം ആളുകള്‍ കൊല്ലപ്പെടുന്നു. എന്നാല്‍ നാമിവിടെ അനുഭവിക്കുന്ന സുരക്ഷിതത്വവും സൗഭാഗ്യങ്ങളും നാം ശരിയായി മനസ്സിലാക്കുന്നില്ല. ഇതെല്ലാം നമുക്ക് അവകാശപ്പെട്ടതാണെന്ന ചിന്തയില്‍ അലസരും സുഖലോലുപരുമായി കര്‍ത്തവ്യങ്ങളോടു പ്രതികരിക്കാതെ നാം കഴിയുകയല്ലേ എന്ന് ചിന്തിക്കണം.


ഇവിടെ നമ്മുടെ വെല്ലുവിളി നമ്മിലൂടെയും വരും തലമുറയിലൂടെയും ദൈവതിരുനാമം മഹത്വീകരിക്കപ്പെടുന്ന രീതിയില്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ക്രമീകരിക്കുകയെന്നതാണ്. ദൈവത്തിനു മഹത്വം കൂട്ടാന്‍വേണ്ടി മനുഷ്യന് ഒന്നുംതന്നെ ചെയ്യുവാന്‍ സാധിക്കുകയില്ല. എന്നാല്‍ നമ്മുടെ നല്ല പ്രവൃത്തികളിലൂടെ ദൈവതിരുനാമം മഹത്വീകരിക്കുവാന്‍ നമുക്കു കഴിയണം.
സ്വന്തം ച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ ദൈവ തേജസ് പ്രതിഫലിപ്പിക്കുന്ന, ദൈവസ്‌നേഹം ഉള്ളിലുള്ള, ദൈവീക നന്മയുടെ പ്രചാരകരായ പ്രതിപുരുഷന്മാരായി ലോകമെങ്ങും നിറഞ്ഞ് ദൈവീക ശോഭ അവരിലൂടെ ലോകത്തിനു ലഭ്യമാക്കുക എന്നുള്ളതാണ് ദൈവതിരുനാമം മഹത്വീകരിക്കുക എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

എന്നാല്‍ കൊരിന്ത്യരെപ്പോലെ ആയിത്തീര്‍ന്ന നമുക്ക് നമ്മുടെ സുകൃതങ്ങള്‍ എങ്ങനെ കൈമോശം വന്നുവെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. കേരളത്തിലെ ഇന്നത്തെ ഗ്രാമാന്തരീക്ഷംതന്നെ ഉദാഹരണമായെടുക്കാം. ഏതെങ്കിലും മതത്തിന്റെ പ്രാര്‍ത്ഥനാ ഗീതങ്ങളാല്‍ മുഖരിതമായിരുന്ന സ്ഥാനത്ത് ഇന്ന് ഏതെങ്കിലും ചാനലിലൂടെ ഒഴുകിയെത്തുന്ന കരച്ചിലും നിലവിളിയുമാണ് ഓരോ ഭവനങ്ങളില്‍നിന്നും കേള്‍ക്കാന്‍ കഴിയുന്നത്. തലമുറകള്‍ കൈമാറി നാം ആര്‍ജ്ജിച്ച ആ നല്ല ശീലങ്ങളും ജീവിതരീതികളും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം കൂടിവരവുകളില്‍ നാം ആത്മാര്‍ത്ഥമായി കൂട്ടായി ചിന്തിക്കേണ്ടത് എങ്ങനെ നമുക്ക് അടിസ്ഥാനപരമായ ആ മൂല്യങ്ങളെ വീണ്ടെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യാം എന്നുള്ളതാണ്. എന്റെ ജീവിതംകൊണ്ട് തലമുറകള്‍ക്ക് പ്രയോജനകരമായ എന്തെങ്കിലും അവശേഷിപ്പിച്ച് കടന്നുപോകുവാന്‍ സാധിക്കുമോ എന്നുള്ളതായിരിക്കണം നമ്മുടെ മുന്നിലെ വെല്ലുവിളി. അമേരിക്കപോലുള്ള സമൂഹങ്ങളിലെ ജീവിതത്തില്‍ പ്രായോഗികമായ പ്രശ്‌നങ്ങളും പരിമിതികളുമുണ്ടാകാം. എങ്കിലും നമ്മുടെ അടിസ്ഥാനമൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുവാന്‍ പാടില്ല. നമ്മുടെ തനതുമൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് കുടുംബജീവിതം ക്രമീകരിക്കുകയെന്നത് അസാധ്യമായ കാര്യമല്ല. അതിനുള്ള ആര്‍ജ്ജവം ഉണ്ടായിരിക്കണമെന്നു മാത്രം. നല്ലകാര്യങ്ങളെ നമുക്ക് അനുകരിക്കാം. പക്ഷെ അതു നമ്മുടെ മൂല്യങ്ങളെ ബലികഴിച്ചുകൊണ്ടാകരുതെന്നു മാത്രം. അധര്‍മ്മം അധര്‍മ്മമായി തിരിച്ചറിയുവാനും അതിനെതിരെ പ്രതിരോധം സൃഷ്ടിക്കുവാനും നമ്മുടെ ആത്മീയ അടിത്തറ കെട്ടുറപ്പുള്ളതാക്കി നിലനിര്‍ത്തണം. എനിക്കും എന്റെ തലമുറയ്ക്കും നല്ലതെന്താണെന്ന് തിരിച്ചറിയണം. കുടുംബം ഭദ്രമായി നിലനിര്‍ത്തുവാന്‍ പരസ്പരമുള്ള സ്‌നേഹബന്ധം ദൃഢമുള്ളതാകണം. രണ്ടു കുട്ടികളെ നാം വളര്‍ത്തുമ്പോള്‍ ചിന്തിക്കേണ്ടത് രണ്ടു കുടുംബങ്ങള്‍ക്കുള്ള അടിത്തറ നാം പാകുകയാണെന്നതായിരിക്കണം.

ഒറ്റപ്പെട്ടു ജീവിക്കുവാനല്ല കുടുംബം വിഭാവന ചെയ്തിരിക്കുന്നത്. കൂട്ടായി ജീവിക്കുവാനും കൂട്ടായി പ്രവര്‍ത്തിക്കുവാനും അതിലൂടെ കുടുംബജീവിത്തിന്റെ സൗരഭ്യം അനുഭവിച്ചറിയുവാനുമാണ്. ഇവിടെയും ഉത്തമ മാതൃകകളാകാന്‍ നമുക്കു സാധിക്കണം. പ്രാര്‍ത്ഥനയുടെ ശക്തി അനുഭവിച്ചറിയുകയും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യണം. പുതുതായി കുടുംബം ആരംഭിക്കുന്നവരോട് ഇങ്ങനെയുള്ള മൂല്യങ്ങള്‍ പറഞ്ഞുകൊടുത്താല്‍ അത് അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശമാകും. മറിച്ച്, അത് അവരുടെ പ്രശ്‌നമെന്ന നിസ്സംഗതയില്‍നിന്ന് ആര്‍ക്കും ഒരു ഗുണവുമുണ്ടാവുകയില്ല. ആധ്യത്മികതയുടെ പരിമളം അറിഞ്ഞ് ആസ്വദിക്കുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയുമാണ് നമ്മുടെ കര്‍ത്തവ്യം. ശരിയും തെറ്റും തിരിച്ചറിയുവാന്‍ ദൈവാത്മാവിനാല്‍ പ്രേരിതമായ ഉള്ളിന്റെയുള്ളിലെ മൃദുസ്വരത്തിനായി കാതോര്‍ക്കുക. കുടുംബത്തിലെ മറ്റുള്ളവരുടെ ആവശ്യങ്ങളെയും പ്രശ്‌നങ്ങളെയുംകൂടി കണക്കിലെടുക്കുക. അവരവരുടെ അസ്തിത്വത്തിലേക്കിറങ്ങിച്ചെന്ന്‌സ്വയം പരിശോധന നടത്തുവാന്‍ നമുക്കു സാധിക്കണം. സര്‍വ്വോപരി ദൈവതിരുനാമ മഹത്വത്തിനായി ജീവിക്കുവാന്‍ ഉതകുന്ന ഒരു കുടുംബം വാര്‍ത്തെടുക്കുവാനും പരിപോഷിപ്പിക്കുവാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്യുക. ഇതിനെല്ലാം ഈ കൂടിവരവ് സഹായകരമാകട്ടെയെന്ന ആശംസയോടെ അച്ചന്‍ തന്റെ പ്രസംഗം ഉപസംഹരിച്ചു.

ഉച്ചയ്ക്കുശേഷം നടന്ന സമ്മേളനത്തില്‍ റവ. ഫാദര്‍ ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് എന്ന വിഷയത്തെ ആസ്പദമാക്കി വിജ്ഞാനപ്രദമായ ഒരു ക്ലാസ് നയിച്ചു.
ഫലപ്രദമായ ആശയവിനിമയത്തിന്റെ പ്രസക്തിയും ആവശ്യകതയും എടുത്തു കാട്ടിയ ക്ലാസില്‍ സാങ്കേതികവിദ്യയുടെ അതിപ്രസരം വ്യക്തി ജീവിതത്തിലും, കുടുംബ ജീവിതത്തിലും ഉളവാക്കുന്ന മാറ്റങ്ങളെ അദ്ദേഹം ശക്തമായി അവതരിപ്പിച്ചു. കൃത്യമായ ആശയവിനിമയവും ചിട്ടയായ ജീവിതവും വ്യക്തി ജീവിതത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം ഉദാഹരണസഹിതം വ്യക്തമാക്കി.

ഇടവകവികാരി റവ. ഫാ. ബാബു കെ. മാത്യു സ്വാഗതവും ജനറല്‍ സെക്രട്ടറി മിസ്സിസ് സാറാ വര്‍ഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. മിസ്സിസ് സാലി ഏബ്രഹാം ബൈബിള്‍ പാരായണവും മിസ്സിസ് അജു തര്യന്‍ ധ്യാനപ്രസംഗവും നടത്തി. കോ ഓര്‍ഡിനേറ്റര്‍ ഷൈനി രാജു മാസ്റ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ചു. ഇടവകയുടെ ഗായകസംഘം നയിച്ച മനോഹരമായ ആത്മീയ ഗീതങ്ങള്‍ കോണ്‍ഫ്രന്‍സിന് ആത്മീയ പരിവേഷം നല്‍കി. വൈദീകരും സെമിനാരി വിദ്യാര്‍ത്ഥികളുമടക്കം 250 ല്‍ പരം ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എല്ലാ ഭാരവാഹികളെയും സദസ്സിനു പരിചയപ്പെടുത്തി. അഭിവന്ദ്യ തിരുമേനി മാരുടെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി കോണ്‍ഫ്രന്‍സ് സമംഗളം പര്യവസാനിച്ചു. 
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക