Image

എമിറേറ്റ്‌സ്‌ യാത്രക്കൂലിയില്‍ വര്‍ധന വരുത്തുന്നു

Published on 29 February, 2012
എമിറേറ്റ്‌സ്‌ യാത്രക്കൂലിയില്‍ വര്‍ധന വരുത്തുന്നു
ദുബായ്‌: എമിറേറ്റ്‌സ്‌ വിമാനക്കമ്പനി നാളെ മുതല്‍ ഇന്ത്യയിലേക്കടക്കമുള്ള ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിക്കുന്നു. ഇന്ധന വില കൂടിവരുന്ന സാഹചര്യത്തില്‍ ടിക്കറ്റ്‌നിരക്കിനൊപ്പം ഇന്ധന സര്‍ചാര്‍ജ്‌ കൂടി ഉള്‍പ്പെടുത്തുന്നതിനാലാണ്‌ ഈ വര്‍ധനയെന്ന്‌ കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം, നേരത്തേ ബുക്ക്‌ ചെയ്‌തവര്‍ക്ക്‌ കൂട്ടിയ നിരക്ക്‌ ബാധകമല്ല. എന്നാല്‍, നേരത്തേ ബുക്ക്‌ ചെയ്‌ത ടിക്കറ്റ്‌ നാളെയാണ്‌ വാങ്ങുന്നതെങ്കില്‍ (അതായത്‌ ഫെബ്രുവരി 29ന്‌ ശേഷം എപ്പോള്‍ വാങ്ങിയാലും) അധിക നിരക്ക്‌ നല്‍കേണ്ടതായി വരും.

ഇന്ധന സര്‍ചാര്‍ജ്‌ നിരക്ക്‌ റൂട്ട്‌ അനുസരിച്ചും ക്‌ളാസ്‌ അനുസരിച്ചും വ്യത്യാസമുണ്ട്‌. ഇന്ത്യയിലേക്ക്‌ വണ്‍വേ നിരക്കില്‍ ഇകോണമി ക്‌ളാസിന്‌ 60 ദിര്‍ഹത്തിന്റെ വര്‍ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌. റിട്ടേണ്‍ ടിക്കറ്റടക്കമാണെങ്കില്‍ 120 ദിര്‍ഹമാണ്‌ അധികമായി നല്‍കേണ്ടി വരിക. ഫസ്റ്റ്‌/ബിസിനസ്‌ ക്‌ളാസില്‍ ഇത്‌ യഥാക്രമം 390 ദിര്‍ഹവും 780 ദിര്‍ഹവുമാണ്‌.

ജി.സി.സി, മിഡിലീസ്റ്റ്‌, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും ഇറാനിലേക്കും ഇതേ വര്‍ധനയാണ്‌ വരുത്തിയിരിക്കുന്നത്‌. ആഫ്രിക്ക, യൂറോപ്പ്‌, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്‌ എന്നിവിടങ്ങളിലേക്ക്‌ ഇകോണമി ക്‌ളാസില്‍ വണ്‍വേ ടിക്കറ്റിന്‌ 120 ദിര്‍ഹത്തിന്റെ വര്‍ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌. റിട്ടേണ്‍ ടിക്കറ്റടക്കമാണെങ്കില്‍ 230 ദിര്‍ഹം അധികം നല്‍കണം. ഫസ്റ്റ്‌/ബിസിനസ്‌ ക്‌ളാസില്‍ ഇത്‌ യഥാക്രമം 500 ദിര്‍ഹവും 1000 ദിര്‍ഹവുമാണ്‌.

അമേരിക്കയിലേക്ക്‌ ഇകോണമി ക്‌ളാസില്‍ വണ്‍വേ ടിക്കറ്റിന്‌ 170 ദിര്‍ഹവും റിട്ടേണ്‍ ടിക്കറ്റിന്‌ 340 ദിര്‍ഹവും ഫസ്റ്റ്‌/ബിസിനസ്‌ ക്‌ളാസില്‍ യഥാക്രമം 610 ദിര്‍ഹവും 1220 ദിര്‍ഹവും അധികമായി നല്‍കണം.

ഇന്ത്യയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌, ദല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്‌ എന്നിവിടങ്ങളിലേക്കാണ്‌ എമിറേറ്റ്‌സ്‌ സര്‍വീസ്‌ നടത്തുന്നത്‌. നിരക്ക്‌ വര്‍ധന സംബന്ധിച്ച്‌ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ടെന്ന്‌ ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.
ഇന്ധന വില കുറയുന്ന മുറക്ക്‌ സര്‍ചാര്‍ജ്‌ പിന്‍വലിക്കുമെന്ന്‌ വിമാനക്കമ്പനി വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും ഒരിക്കല്‍ ഉയര്‍ത്തിയ വിമാന നിരക്ക്‌ കുറച്ച ചരിത്രം ഉണ്ടായിട്ടില്ലെന്നാണ്‌ ട്രാവല്‍ ഏജന്‍സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്‌. എമിറേറ്റ്‌സിന്റെ ചുവട്‌ പിടിച്ച്‌ മറ്റ്‌ കമ്പനികളും ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്‌.

അടുത്തിടെ ഇത്തിഹാദ്‌ എയര്‍വേയ്‌സ്‌ യൂറോപ്പിലേക്കുള്ള ടിക്കറ്റ്‌ നിരക്ക്‌ കൂട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ എയര്‍ അറേബ്യ, ഫൈ്‌ള ദുബൈ തുടങ്ങിയവയും ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിച്ചേക്കുമെന്ന്‌ സൂചനയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക