Image

ശ്രദ്ധ (കവിത: ഗീത.വി)

Published on 05 June, 2017
ശ്രദ്ധ (കവിത: ഗീത.വി)
കൃഷ്ണനും ക്രിസ്തുവും
ബുദ്ധനും മഹാവീരനും
ഋഷീശ്വരന്മാരുമുപനിഷത്തുക്കളും
ഗീതയും ബൈബിളും
ഉപായങ്ങള്‍ പലതുമുപദേശിച്ചു
ആത്മസായൂജ്യത്തിലെത്തിടാന്‍
മതങ്ങള്‍ ചമച്ചില്ല, മതങ്ങള്‍ പഠിപ്പിച്ചുമില്ലീ
യോഗീശ്വരന്മാര്‍
മതങ്ങള്‍ക്കതീതമാകണം
ഈശ്വരനെ ദര്‍ശിച്ചീടുവാന്‍
ഋഗ്വേദാദി വേദാഭ്യാസത്താലോ
ഉപനിഷദ് വാക്യവിചാരണത്താലോ
ലഭിക്കില്ല മുക്തി മര്‍ത്യന്
കസ്തൂരിമാന്‍ കസ്തൂരിയെയെന്നപോല്‍
ഈശ്വരനെത്തേടിയലയുന്നു മനുഷ്യന്‍
നിദ്രാടനത്തിലെന്നപോല്‍
നിത്യവും ഭവനങ്ങളില്‍
പാരായണം ചെയ്യുന്നു
വേദമന്ത്രങ്ങളും വിശുദ്ധഗ്രന്ഥങ്ങളും
ശ്രദ്ധയെന്നിയേ നിഷ്ഫലം
അപരാവിദ്യയും പരാവിദ്യയും
സാത്വികീശ്രദ്ധയോടനുഷ്ഠിച്ചിടും
കര്‍മ്മങ്ങളൊക്കവേ
ബ്രഹ്മാര്‍ച്ചനയായിഭവിച്ചിടും നിര്‍ണ്ണയം
ശ്രദ്ധതന്‍ സുവര്‍ണ്ണച്ചിറകിലേറി
ജീവിതയാത്ര ചെയ്തീടുകിലെത്തിടാം
മഹാനഭസ്സാം ചിദാകാശത്തില്‍
കര്‍മ്മരംഗത്താകവേ നിത്യവും
ശ്രദ്ധയാം തപസ്സനുഷ്ഠിച്ചാല്‍
ഉദിച്ചിടും ആത്മജ്ഞാന സൂര്യന്‍
ബ്രഹ്മസായൂജ്യത്തിലെത്തിച്ചിടും
ധന്യയാം ശ്രദ്ധ മര്‍ത്ത്യനെ.

ഗീത.വി
Join WhatsApp News
Dr. Sasi 2017-06-06 17:19:06
ഗീതയൂടെ 'ശ്രദ്ധ' എന്ന കവിത പൂർണമായും   നമ്മുടെ മനസ്സിനെ വിചാരങ്ങൾ കൊണ്ട് ആവരണം ചെയ്ത് അനശ്വരമായ അക്ഷയകാന്തിയോടെ ഭാരതീയതയിലേക്ക് അനുനയിപ്പിച്ചു കൊണ്ട് പോകുന്നതായി കാണാം .ഭാരതീയ ദർശനത്തിന്റെ മുഴുവൻ അണിമയും മഹിമയും ഈ കവിതയിൽ ഞാൻ കാണുന്നു .മനുഷ്യ ജീവിതത്തിലെ ഐശ്വര്യം , ബ്ര്ഹമ്മജ്ഞാനം ,ഹർഷം ഈ സൗന്ദര്യ ഘടകങ്ങൾ നേടാനുള്ള  ത്വരയാണ്  ശ്രദ്ധ എന്ന് ആവർത്തിച്ച് വേദങ്ങളിൽ രേഖപ്പെടുത്തിയുണ്ട്! കാമഞ്ജാനത്തെ  ആത്മജ്ഞാനമാക്കി മാറ്റുന്നതും  ശ്രദ്ധയാണെന്നു ആദ്യ കവികളിലൊന്നായ കാളിദാസനും രേഖപെടുത്തിയിട്ടുണ്ട് .നല്ല സങ്കൽപ്പമുള്ള ,ധ്വനി പാഠമുള്ള കവിത .ശ്രദ്ധ തന്നെയാണ് ജ്ഞാനം , ശ്രദ്ധ തന്നെയാണ് ലാഭം ,ശ്രദ്ധ തന്നെയാണ് മോക്ഷം!
(Dr.Sasi)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക