Image

ദാനം മഹത്തരമാക്കേണ്ട റംസാന്‍ പുണ്യ ദിനങ്ങള്‍ (എ.എസ് ശ്രീകുമാര്‍)

Published on 07 June, 2017
ദാനം മഹത്തരമാക്കേണ്ട റംസാന്‍ പുണ്യ ദിനങ്ങള്‍ (എ.എസ് ശ്രീകുമാര്‍)
 വ്രതശുദ്ധിയുടെ പുണ്യത്തിനായി വിശുദ്ധ റംസാന്‍ നോമ്പിന്റെ ബാങ്ക് വിളി മുസ്ലിം ദേവായങ്ങളില്‍നിന്നുയര്‍ന്നു കേള്‍ക്കുന്ന ദിനങ്ങളാണിത്. നോമ്പുകാലത്തിന് ശേഷമുള്ള ഈദുല്‍ ഫിത്തര്‍ സമാഗതമാവുകയാണ്. പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റംസാന്‍. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തെതായ വ്രതാനുഷ്ഠാനത്തിന്റെ മാസം. മാസങ്ങളില്‍ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റംസാന്‍. ''വ്രതം നിങ്ങള്‍ക്കും കല്‍പിക്കപ്പെട്ടിരിക്കുന്നു, കഴിഞ്ഞുപോയ സമൂഹങ്ങള്‍ക്ക് കല്‍പിക്കപ്പെട്ടതുപൊലെ...'' എന്ന ദൈവ കല്‍പന ഗൃഹാതുരത്വ ഭാവത്തോടെ പെയ്തിറങ്ങുന്ന നാളുകളാണ് നോമ്പുകാലത്തേത്. വിശ്വാസികള്‍ എല്ലാ അര്‍ഥത്തിലും ആത്മ സംസ്‌കരണത്തിന്റെ പുണ്യമാസത്തെ ഹൃദയത്തോടു ചേര്‍ക്കുന്നു. ഇസ്‌ലാമിക കര്‍മ്മങ്ങളില്‍ പൊതുവെ ദര്‍ശിക്കാവുന്ന സാമൂഹികതയുടെ ഉദാത്തമായ ഭാവം റംസാനിലും അത്യന്തം പ്രശോഭിതമാവുന്നു.

പുണ്യങ്ങളുടെ പൂക്കാലമാണ് റംസാന്‍. റംസാന്‍ മാസത്തില്‍ പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരം അന്നപാനീയങ്ങള്‍ വെടിഞ്ഞ് മുസ്ലീങ്ങള്‍ നോമ്പനുഷ്ഠിക്കുന്നു. ഈ അനുഗൃഹീത മാസത്തിലെ സത് കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുമെന്നതിനാല്‍ വിശ്വാസികള്‍ രാവും പകലും ആരാധനകള്‍ നടത്തുകയും പ്രാര്‍ത്ഥനയിലേര്‍പ്പെടുകയും ചെയ്യുന്നു. റംസാനില്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടയ്ക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യുമെന്ന് നബി അരുളിയിട്ടുണ്ട്. റംസാന്‍ വ്രതം നിര്‍ബന്ധമുള്ളതാണ്. റംസാന്‍ മാസപ്പിറവി കണ്ടാല്‍ വ്രതാനുഷ്ഠാനം തുടങ്ങുകയും ശവ്വാല്‍ മാസപ്പിറവിയായാല്‍ അതില്‍ നിന്ന് വിരമിക്കുകയും വേണം. 

ആഗ്രഹങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള ആത്മീയ പരിശീലനമാണ് നോമ്പ്. ആരോഗ്യപരമായും ഇതിന് ഗുണങ്ങളുണ്ട്. ക്ഷമ, ത്യാഗം, സഹിഷ്ണുത, ആത്മസംയമനം എന്നിവയുടെ ഉരകല്ലാണ് ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ഉപവാസം. ''മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സത്യാസത്യങ്ങളെ വിവേചിക്കുന്നതും സന്മാര്‍ഗം കാണിച്ചു തരുന്നതുമായ സുവ്യക്തനിര്‍ദേശങ്ങളായും ഖുര്‍ ആന്‍ അവതരിച്ച മാസമാകുന്നു റംസാന്‍''-ഖുര്‍ ആന്‍ പറയുന്നു. റംസാന്‍ വ്രതത്തെ തുടര്‍ന്നാണ് ഈദുല്‍ ഫിത്തര്‍ കടന്നുവരുന്നത്. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ശവ്വാലമ്പിളി തെളിയുന്നതോടെ വ്രതാനുഷ്ഠാനത്തിന് വിരാമം കുറിക്കുന്നു. ശവ്വാല്‍ ഒന്നിന് ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുകയായി. ദാനധര്‍മങ്ങള്‍ നല്‍കിയും സ്തുതിഗീതങ്ങള്‍ മുഴക്കിയും ഈ ആഘോഷദിനത്തിലും ദൈവത്തെ സ്മരിക്കുന്നു. ഈദ് ദിനത്തില്‍ ആരും വ്രതമനുഷ്ഠിക്കാന്‍ പാടില്ല.

ദാനം മഹത്തരമാക്കുന്ന ഒരു കഥയിലേയ്ക്ക്...ആത്മമോക്ഷത്തിനും സാമൂഹിക കടമകള്‍ നിര്‍വഹിക്കുന്നതിനുമുള്ള ഉചിതമായ മാര്‍ഗം ദാനധര്‍മങ്ങള്‍ ചെയ്യലാണെന്ന് റസൂല്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ സ്വത്തിന്റെ ഒരു ഭാഗം ദാനം ചെയ്യാന്‍ അയാള്‍ തീര്‍ച്ചയാക്കി. ഒരുദിവസം ദാനം നല്‍കുന്നതിനു വേണ്ടി റസൂല്‍ വീട്ടില്‍ നിന്ന് ഇറങ്ങി. വഴിയില്‍ കണ്ടുമുട്ടിയ ഒരു മനുഷ്യന് കൈവശമുള്ള പണം ദാനം നല്‍കി അയാള്‍ മടങ്ങി. വിവരമറിഞ്ഞ് നാട്ടുകാര്‍ അയാളെ പരിഹസിച്ചു. ''കള്ളന് ദാനം കൊടുക്കുന്നവന്‍...'' തന്റെ ദാനം സ്വീകരിച്ചത് ഒരു കള്ളനാണെന്ന് റസൂല്‍ അറിഞ്ഞിരുന്നില്ല.

മറ്റൊരു ദിവസം ഒരു പണക്കിഴിയുമായി അയാള്‍ വീണ്ടും ഇറങ്ങി. ഇന്ന് യഥാര്‍ത്ഥ സാധുവിനെ കണ്ടുപിടിക്കണം. അര്‍ഹതപ്പെട്ടവനു ദാനം നല്‍കണം എന്ന് ആത്മഗതം ചെയ്തുകൊണ്ട് തെരുവിലൂടെ നടന്ന റസൂല്‍ വഴിയരികില്‍ ഒരു സ്ത്രീയെ കണ്ടുമുട്ടി. അവളുടെ അവശതയും ദൈന്യതയും അയാളുടെ മനസലിയിച്ചു. കയ്യിലുണ്ടായിരുന്ന കിഴി അവള്‍ക്കു നല്‍കി കൃതാര്‍ത്ഥതയോടെ അയാള്‍ സ്ഥലം വിട്ടു. അധികം കഴിഞ്ഞില്ല. വീണ്ടും പരിഹാസശരങ്ങള്‍ അയാള്‍ക്കെതിരെ വന്നു. ''വേശ്യയ്ക്ക് ദാനം നല്‍കിയ വിഡ്ഢി...''' താന്‍ ദാനം കൊടുത്തത് ഒരു അഭിസാരികയ്ക്കാണെന്ന് അപ്പോഴാണ് അയാള്‍ അറിഞ്ഞത്.

രണ്ടു തവണ പിഴച്ചു. ഇനിയെങ്കിലും യഥാര്‍ത്ഥ ദരിദ്രനെ കണ്ടെത്തി സഹായിക്കണം. ഇത്തവണ കൂടുതല്‍ കരുതലോടെയാണ് റസൂല്‍ പണസഞ്ചിയുമായി ഇറങ്ങിയത്. വഴിവക്കില്‍ ഒരു മനുഷ്യന്‍ നില്‍ക്കുന്നു. മട്ടും ചേലും കണ്ടപ്പോള്‍ ഇയാള്‍ തന്നെ ദാനം അര്‍ഹിക്കുന്ന ദരിദ്രന്‍ എന്നു കരുതി ആ പണസഞ്ചി അയാള്‍ക്കു നല്‍കി അയാള്‍ മടങ്ങി. പിന്നെയും ജനങ്ങള്‍ പിറുപിറുക്കാന്‍ തുടങ്ങി...''ഇയാള്‍ എന്തൊരു മണ്ടനാണ്. വലിയ ധനാഢ്യന് പണം നല്‍കേണ്ട വല്ല കാര്യവുമുണ്ടോ...'' തന്റെ ദാനം സ്വീകരിച്ചയാള്‍ ഒരു പണക്കാരനാണെന്ന് ജനസംസാരത്തില്‍ നിന്നാണ് റസൂല്‍ മനസ്സിലാക്കിയത്. നാട്ടുകാര്‍ പരിഹാസം തുടര്‍ന്നു.

അതിനിടെ, അപരിചിതനായ ഒരാള്‍ വന്ന് റസൂലിനെ പ്രശംസിച്ചുകൊണ്ടു പറഞ്ഞു...''താങ്കള്‍ പരിതപിക്കേണ്ട. താങ്കളുടെ ദാനം നിഷ്ഫലമാണെന്ന് എങ്ങനെ പറയാം. ഈ ദാനം കാരണമായി ആ കള്ളന്‍ മാറിച്ചിന്തിച്ചെങ്കിലോ...?, ആ സ്ത്രീ വേശ്യാവൃത്തിയില്‍ നിന്ന് പിന്തിരിഞ്ഞെങ്കിലോ...? താങ്കളുടെ ദാനം ആ പണക്കാരനു ദാനധര്‍മങ്ങള്‍ ചെയ്യാന്‍ പ്രേരണ ആയിക്കൂടെന്നില്ലല്ലോ...'' ആ വാക്കുകള്‍ കേട്ട് സംതൃപ്തിയോടെ അയാള്‍ ദൈവത്തെ സ്തുതിച്ചു. 

''സത്യവിശ്വാസികളില്‍ നിന്ന് ദാനം ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും സ്വന്തം അദ്ധ്വാനമല്ലാതെ മറ്റൊന്നും ദാനം ചെയ്യാന്‍ കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരാണ് അവര്‍. വിശ്വാസികളെ അവര്‍ പരിഹസിക്കുകയാണ്. ദൈവം അവരെയും പരിഹസിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്...'' (തൗബ). നന്മയുടെ ഒരോ പൂവില്‍നിന്നും ആര്‍ജിക്കാവുന്നത്ര തേന്‍ നുകര്‍ന്നെടുത്ത് സംഭരിക്കാനുള്ള പ്രയത്‌നങ്ങള്‍ ഈ ദിനങ്ങളില്‍ സജീവമാകട്ടെ. റംസാനിലെ വിശ്രമമില്ലാത്ത ദിന അജണ്ടയില്‍ ആത്മ സംസ്‌കരണത്തിനുതകുന്ന പുണ്യങ്ങളുടെ ഈ വസന്തകാലത്തെ ആവോളം ആസ്വദിക്കുക എന്നതിലുപരി ആസ്വദിപ്പിക്കാനും സാധ്യമാകട്ടെയെന്നും നമുക്ക് പരസ്പരം ആശംസിക്കാം.

ദാനം മഹത്തരമാക്കേണ്ട റംസാന്‍ പുണ്യ ദിനങ്ങള്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക