Image

പാരീസിലെ ആഗോളതാപന ഉടമ്പടിയും ട്രംപിന്റെ പിന്മാറലും (പഠനം: ജോസഫ് പടന്നമാക്കല്‍)

Published on 08 June, 2017
പാരീസിലെ ആഗോളതാപന ഉടമ്പടിയും ട്രംപിന്റെ പിന്മാറലും (പഠനം: ജോസഫ് പടന്നമാക്കല്‍)
2015 ഡിസംബര്‍ മാസത്തില്‍ 195 രാജ്യങ്ങള്‍ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ സമ്മേളിക്കുകയും വര്‍ദ്ധിച്ചുവരുന്ന ഭൂമിയുടെ താപനിലയെപ്പറ്റി ചര്‍ച്ച ചെയ്യുകയുമുണ്ടായി. അനേക വര്‍ഷങ്ങളുടെ ശ്രമഫലമായിരുന്നു ഇങ്ങനെയൊരു യോഗം വിളിച്ചുകൂട്ടാന്‍ സാധിച്ചത്.തന്മൂലം മനുഷ്യരാശിക്ക് സംഭവിക്കാവുന്ന ദുരിതങ്ങളെപ്പറ്റിയും വിശകലനം ചെയ്തു. അതനുസരിച്ച് കാലാവസ്ഥ വ്യതിയാന നിയന്ത്രണങ്ങളെ സംബന്ധിച്ച ഒരു ഉടമ്പടിയില്‍ ഒപ്പു വെച്ചിരുന്നു. അന്നുകൂടിയ ലോകരാഷ്ട്രങ്ങളുടെ തീരുമാനമനുസരിച്ച് 2016 നവംബര്‍ നാലാം തിയതി കാലാവസ്ഥ ക്രമീകരണ നയം നടപ്പിലാക്കിയിരുന്നു. ഭൂമിയുടെ അന്തരീക്ഷ വായുവിലുള്ള ചൂടിന്റെ അളവ് നിയന്ത്രിക്കുകയെന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. താപനില ഭൂമിയിലും ആകാശത്തിലും വെള്ളത്തിലും ഒരുപോലെ വര്‍ദ്ധിക്കാം. കഴിഞ്ഞ നൂറു വര്‍ഷത്തെ ഭൂമിയുടെ താപനില സ്‌കെയിലനുസരിച്ച് ഏകദേശം 0.75 ഡിഗ്രി സെന്റിഗ്രേഡ് അതായത് 1.4 ഫാറന്‍ ഹീറ്റ് വര്‍ദ്ധിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്നു. 1975നു ശേഷം താപനില ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

പാരീസില്‍ ഉടമ്പടി ഒപ്പു വെക്കുമ്പോള്‍ വാഹനങ്ങളും ഫാക്റ്ററികളുമൂലം ഏറ്റവുമധികം അന്തരീക്ഷം മലിനമാക്കുന്ന, വാതകങ്ങള്‍ പുറത്താക്കുന്ന, രാജ്യങ്ങളില്‍ അമേരിക്കയുമുണ്ടായിരുന്നു. ഇത് മനുഷ്യ ജാതിക്കെതിരായ ഒരു ആക്രമണമായി ഉടമ്പടിയില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ വിധിയെഴുതി. ലോക നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരും ശാസ്തജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ ഉടമ്പടി പൂര്‍ണ്ണമല്ലെന്നു സമ്മതിച്ചിരുന്നു. ലോക താപനില നിയന്ത്രിക്കാന്‍ ഉടമ്പടി ആവശ്യത്തിന് മതിയാകില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും ഇത് ലോകത്തിലെ കാലാവസ്ഥ വ്യതിയാനത്തിന്റ വഴിത്തിരിവെന്നും വിശേഷിപ്പിച്ചു. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ, "നാം വസിക്കുന്ന ഈ ഭൂമുഖത്തെ രക്ഷിക്കാനുള്ള ഏറ്റവും നല്ല അവസരമെന്നും" ഉടമ്പടിയെ ന്യായികരിച്ചുകൊണ്ടു ലോകനേതാക്കളോടു പറഞ്ഞിരുന്നു.

2017 ജൂണ്‍ മാസത്തില്‍! പാരീസുടമ്പടിയില്‍നിന്നു അമേരിക്ക പിന്‍വാങ്ങുന്നുവെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകത്തെ അറിയിച്ചു. കൂടുതലായി വിവരങ്ങളൊന്നും നല്‍കാതെ പുതിയ ഒരു കാലാവസ്ഥ രൂപീകരണ നയം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. ജര്‍മ്മനിയിലെയും ഫ്രാന്‍സിലെയും ഇറ്റലിയിലെയും നേതാക്കന്മാര്‍ ഉടമ്പടിയ്ക്ക് മാറ്റം വരുത്താന്‍ സാധിക്കില്ലെന്നുള്ള നിലപാടുമെടുത്തു. 195 രാജ്യങ്ങള്‍ ഒപ്പു വെച്ച ഉടമ്പടിയാണിത്. അവരില്‍ അമേരിക്കയുള്‍പ്പടെ 148 രാജ്യങ്ങള്‍ ഉടമ്പടി സമ്മതിച്ചുറപ്പിക്കുകയും ചെയ്തിരുന്നു. സിറിയായും നിക്കാര്‍ഗുവായും ഒഴിച്ചുള്ള ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളും ഉടമ്പടിയില്‍ ഒപ്പു വെച്ചിരുന്നു.

ഭൂമിയുടെ താപനില ഉയരുകയും താഴുകയും ചെയ്യുന്നത് സ്വാഭാവികമോ അതോ മനുഷ്യന്റ പ്രവര്‍ത്തന മണ്ഡലങ്ങളുടെ പരിണിത ഫലങ്ങളോയെന്നുള്ളത് ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി വാദികളുടെയും രാഷ്ട്രീയക്കാരുടെയും വിവാദ വിഷയങ്ങളാണ്. വ്യാവസായിക വിപ്‌ളവത്തിനു മുമ്പ് കാലാവസ്ഥ വ്യതിയാനം സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരുന്നു. അന്ന് അത്തരം മാറ്റങ്ങള്‍ മനുഷ്യന്റെ പ്രവര്‍ത്തനചര്യകള്‍ മൂലം സംഭവിച്ചിരുന്നില്ല. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറവനുസരിച്ച് കാലാവസ്ഥയുടെ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. അഗ്‌നി പര്‍വ്വതങ്ങള്‍ പൊട്ടുമ്പോളുണ്ടാകുന്ന വാതകങ്ങള്‍ അന്തരീക്ഷത്തെ മലിനമാക്കിയിരുന്നു. കോടാനുകോടി വര്‍ഷങ്ങളായി ഭൂമിയുടെ ഈ പ്രക്രീയ തുടര്‍ന്നുകൊണ്ടിരുന്നു. ഭൂമിയുടെ ചൂട് വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങള്‍ ശാസ്ത്രീയമായി ഇന്നുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

97 ശതമാനം ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത് ആഗോള താപനില സംഭവിക്കുന്നത് മനുഷ്യന്റെ പ്രവര്‍ത്തന ഫലംകൊണ്ടല്ലെന്നാണ്. യന്ത്രങ്ങളില്‍നിന്നും വാഹനങ്ങളില്‍നിന്നും വരുന്ന വിസര്‍ജന വാതകങ്ങള്‍ ഭൂമിയുടെ താപനില കൂട്ടുമെന്നുള്ള കണക്കുകൂട്ടലുകള്‍ അസത്യങ്ങളെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. 2008ല്‍ അമേരിക്കയില്‍ 31000 ശാസ്ത്രജ്ഞര്‍ ഒപ്പിട്ട ഒരു പെറ്റിഷനില്‍ പറഞ്ഞിരിക്കുന്നത് ഭൂമി ചൂടാകാന്‍ കാരണം ഭ്രമണ പദങ്ങളില്‍ ഭൂമി ചുറ്റുന്നതുകൊണ്ടെന്നും മനുഷ്യന്റെ പ്രവര്‍ത്തനം കൊണ്ടല്ലെന്നുമാണ്. ഫാക്റ്ററികളിലും വാഹനങ്ങളില്‍ നിന്നും പുറപ്പെടുന്ന വാതകങ്ങള്‍ ഭൂമിയുടെ താപനില വര്‍ദ്ധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയക്കാരുടെയും പരിസ്ഥിതി വാദികളുടെയും വാദങ്ങളായി കരുതുന്നു.

പാരീസുടമ്പടി പിന്‍വലിക്കുന്ന വിഷയത്തില്‍ യുണൈറ്റഡ് നാഷന്റെ നിയമങ്ങളെ മാനിക്കുമെന്നും വൈറ്റ് ഹൌസ് പറഞ്ഞു. ഉടമ്പടി നിയമം അനുസരിച്ച് 2020 വരെ രാജ്യങ്ങള്‍ക്ക് ഉടമ്പടി പിന്‍വലിക്കാന്‍ പാടില്ലെന്നുമുണ്ട്. മൂന്നുവര്‍ഷം കഴിഞ്ഞു മാത്രമേ അതിനുള്ള പേപ്പറുകള്‍ ഹാജരാക്കാന്‍ പാടുള്ളൂ. പിന്‍വലിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് നോട്ടീസ് കൊടുത്തിരിക്കണം. 2019 നവംബറില്‍ മാത്രമേ അമേരിക്കയ്ക്ക് അതിനായി അപേക്ഷ കൊടുക്കാന്‍ സാധിക്കുള്ളൂ. അങ്ങനെയെങ്കില്‍ 2020 നവംബറില്‍ ഈ ഉടമ്പടി പിന്‍വലിക്കാന്‍ സാധിക്കും. അപ്പോഴേക്കും തെരഞ്ഞെടുക്കുന്ന പുതിയ പ്രസിഡന്റ് വൈറ്റ് ഹൌസില്‍ വന്നു കഴിഞ്ഞിരിക്കും. അതിന്റെയര്‍ത്ഥം ഉടമ്പടിയില്‍നിന്നും പിന്‍വാങ്ങണോയെന്ന അവസാന തീരുമാനമെടുക്കുന്നത് അമേരിക്കന്‍ വോട്ടര്‍മാരായിരിക്കുമെന്നാണ്.

നിയമങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഉടമ്പടിയെ അമേരിക്ക മാനിക്കണമെന്നില്ല. അതിനാല്‍ ഉടമ്പടിയിലെ വ്യവസ്ഥകള്‍ ട്രംപ് നിരസിക്കാനാണ് സാധ്യത. പരിസ്ഥിതി സംരക്ഷണത്തിനായി 1992ല്‍ സ്ഥാപിതമായ യൂ.എന്‍.എഫ്.സി.സി.സി ((ഡിശലേറ ചമശേീി െഎൃമാലംീൃസ ഇീി്‌ലിശേീി ീി ഇഹശാമലേ ഇവമിഴല) അംഗത്വത്തില്‍ നിന്ന് അമേരിക്കാ പിന്തിരിയുകയെന്നാണ് പോംവഴി. അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കിലും ഒരു വര്‍ഷമെടുക്കും. എന്താണെങ്കിലും പാരീസുടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം മറ്റുള്ള ലോകരാഷ്ട്രങ്ങളുടെയിടയില്‍ അമേരിക്കയെപ്പറ്റിയുള്ള മതിപ്പു കുറയാനിടയാക്കും.

ഉടമ്പടി റദ്ദാക്കിയതുമൂലം ഭൂമിയുടെ താപവും കാലാവസ്ഥയുടെ വ്യതിയാനവും സംബന്ധിച്ചുള്ള ആഗോള രാജ്യങ്ങളുടെ പിന്തുണ അമേരിക്കയ്ക്കു നഷ്ടപ്പെടും. നേതൃത്വം മറ്റു പുരോഗമിക്കുന്ന രാഷ്ട്രങ്ങള്‍ കരസ്ഥമാക്കും. വാസ്തവത്തില്‍ ചൈന ഇനി ലോകത്തെ നയിക്കും. യൂറോപ്പിലുള്ളതുപോലെ ചൈനയുടെ കൈവശം ഊര്‍ജ്ജത്തിനാവശ്യമായ എല്ലാവിധ ആധുനിക ടെക്കനോളജികളുമുണ്ട്. പാരീസ് ഉടമ്പടി എത്രയും വേഗം നടപ്പാക്കാന്‍ ചൈന ആഗ്രഹിക്കുന്നു. അതേ സമയം അമേരിക്കയിലെ നല്ലയൊരു ശതമാനം റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും യാഥാസ്ഥിതികരും ചിന്തിക്കുന്നത് പാരീസ് ഉടമ്പടി രാജ്യത്തിനുപകാരപ്പെടില്ലെന്നും ഇന്ത്യയെയും ചൈനയെയും സാമ്പത്തികമായി മെച്ചപ്പെടുത്തുമെന്നുമാണ്.

ട്രംപ് പറഞ്ഞു! "അമേരിക്ക, പാരീസുടമ്പടിയില്‍ നിന്ന് പിന്‍വാങ്ങുന്നു. കൂടുതല്‍ ക്രിയാത്മകമായ മറ്റൊരു ഉടമ്പടിക്കായി കൂടിയാലോചനകള്‍ തുടര്‍ന്നു കൊണ്ടിരിക്കും. ഉടമ്പടിയനുസരിച്ചുള്ള കാലാവസ്ഥ നിവാരണ ഫണ്ടിനു നല്‍കുന്ന അമേരിക്കയുടെ വക എല്ലാ സഹായങ്ങളും നിര്‍ത്തല്‍ ചെയ്യും. ഉടമ്പടിയില്‍ തുടര്‍ന്നാല്‍ വലിയൊരു സമ്പത്താണ് അമേരിക്കയ്ക്ക് നഷ്ടപ്പെടാന്‍ പോകുന്നത്. അതേ സമയം അമേരിക്കന്‍ ജനതയ്ക്ക് ഉടമ്പടികൊണ്ടു യാതൊരു പ്രയോജനമില്ലതാനും." പാരീസ് ഉടമ്പടി രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നുവെന്നും ട്രംപ് കരുതുന്നു. രാജ്യത്തിനുള്ളില്‍ തന്നെ രാജ്യം സംരക്ഷിക്കാന്‍ പ്രത്യേകമായ പരിസ്ഥിതി നിയമം ഉണ്ട്. ആ നിയമത്തെപ്പോലും ചോദ്യംചെയ്യലാണ് ഈ ആഗോള നിയമം.

അമേരിക്കയെ സംബന്ധിച്ചടത്തോളം ഈ ഉടമ്പടി രാജ്യത്തിനു പ്രയോജനപ്രദമായിരിക്കില്ലെന്നു വലിയൊരു ജനവിഭാഗം വിശ്വസിക്കുന്നു. മറ്റുള്ള മൂന്നാം ലോകങ്ങളിലെ രാജ്യങ്ങള്‍ക്കു മാത്രം പ്രയോജനപ്രദമാകുന്ന ഒരു ഉടമ്പടി മാത്രമാണിത്. 'അമേരിക്കയെ ശിക്ഷിക്കുന്ന ഒരു ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും' ട്രംപ് പറഞ്ഞു. അന്തരീക്ഷം മലിനീകരണം നടത്തുന്ന ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്ക് അതില്‍ യാതൊരു ശിക്ഷയുമില്ല. അത് നീതിയായ ഒരു ഉടമ്പടിയല്ലെന്നും ട്രംപ് വ്യക്തമാക്കി. ഉടമ്പടി, രാജ്യത്തിലെ നികുതിദായകര്‍ക്കു ബില്യന്‍ കണക്കിന് ഡോളര്‍ ചെലവുള്ള കാര്യമാണ്. അതേസമയം മറ്റു വികസിതമല്ലാത്ത രാജ്യങ്ങള്‍ക്ക് യാതൊരു മുടക്കുമില്ല. ഉടമ്പടിയനുസരിച്ച്, അവരുടെ ചെലവുകള്‍ വഹിക്കാനും അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ ബാധ്യസ്ഥരാണ്.

പാരീസുടമ്പടി പിന്തുടര്‍ന്നാല്‍ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയ്ക്കും ഒരുപക്ഷെ തകരാറുണ്ടാകാം. ശുദ്ധമായ വാതകം അന്തരീക്ഷത്തില്‍ ഉത്ഭാദിപ്പിക്കുക വഴി നിലവിലുള്ള ഫാക്റ്ററികള്‍ അടച്ചുപൂട്ടേണ്ടി വരും. അതു വഴി മില്യന്‍ കണക്കിന് തൊഴിലവസരങ്ങളും ഇല്ലാതാവും. റവന്യൂവില്‍ വലിയൊരു തുക അന്തരീക്ഷ മലിനീകരണ നിര്‍മ്മാജ്ജനത്തിനായി നീക്കി വെക്കേണ്ടി വരും. ഹരിതക ഗ്രഹ വാതകം നിറഞ്ഞിരിക്കുന്ന മലിനമായ രാജ്യത്തിന്റെ അന്തരീക്ഷം പത്തു വര്‍ഷം കൊണ്ട് ഇരുപത്തിയെട്ടു ശതമാനം കുറയ്ക്കുമെന്നായിരുന്നു അമേരിക്ക പ്രതിജ്ഞ ചെയ്തിരുന്നത്.

അമേരിക്കയുടെ കല്‍ക്കരി വ്യവസായം തകര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ശുദ്ധമായ കല്‍ക്കരികൊണ്ടു അത് പുനരുദ്ധരിച്ച് വ്യവസായങ്ങള്‍ വ്യാപിപ്പിക്കാന്‍ പദ്ധതികളുണ്ടായിരുന്നു. കെന്റക്കിയിലും വയൊമിങ്ങിലുമുള്ള കല്‍ക്കരി വ്യവസായികള്‍ പാരീസ് ഉടമ്പടി റദ്ദാക്കാന്‍ അമേരിക്കന്‍ ഭരണകൂടങ്ങളെ സ്വാധീനിച്ചിരുന്നു. അതുമൂലം കല്‍ക്കരി ഖനികളില്‍ മില്യന്‍ കണക്കിന് തൊഴിലവസരങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലകുറയ്ക്കാന്‍ സഹായകമാകത്തക്കവണ്ണം അമേരിക്കയില്‍ സുലഭമായിരിക്കുന്ന കല്‍ക്കരിയുടെ ഖനനം പുനരാരംഭിക്കുമെന്ന് ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലുണ്ടായിരുന്നു. ശുദ്ധമായ ഊര്‍ജ സംസ്ക്കരണത്തില്‍ കല്‍ക്കരി വ്യവസായങ്ങള്‍ക്ക് ഭാവിയുണ്ടായിരിക്കില്ല.

'അമേരിക്ക ആദ്യം' (അാലൃശരമ എശൃേെ) എന്ന പല്ലവി പ്രസിഡന്റ് തെരഞ്ഞെടുപ്പു വേളയില്‍ ട്രംപ് തന്റെ വിദേശനയങ്ങളോടൊപ്പം ആവര്‍ത്തിക്കാറുണ്ടായിരുന്നു. അദ്ദേഹം, രാജ്യത്തിനുള്ളിലെ ജനങ്ങളുടെ വിശ്വസം നേടിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം നികുതിദായകര്‍ക്ക് പ്രയോജനമില്ലാത്ത പാരീസ് ഉടമ്പടിയില്‍നിന്നും അമേരിക്ക പിന്മാറാന്‍ തീരുമാനിച്ചു. അഭിവൃദ്ധി പ്രാപിക്കുന്ന രാജ്യങ്ങളിലെ അന്തരീക്ഷ മലിന നിവാരണത്തിനു ഫണ്ട് നല്‍കുന്നില്ലായെന്നും തീരുമാനമെടുത്തു. അമേരിക്കയില്‍ ചില പട്ടണങ്ങളില്‍ പോലീസിനെ നിയമിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ രാജ്യത്തിലെ ഫണ്ട് വിദേശത്തൊഴുകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

ഉടമ്പടി ചൈനയുടെ ഗൂഢാലോചനയാണെന്നും ചൈനയെയും ഇന്ത്യയെയും പോലുള്ള രാജ്യങ്ങള്‍ക്ക് അനുകൂലമാണ് പാരിസ് ഉടമ്പടിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'അമേരിക്ക എക്കാലവും പരിസ്ഥിതി സൗഹാര്‍ദ രാഷ്ട്രമായി നിലകൊള്ളാന്‍ താല്പര്യപ്പെട്ടിരുന്നുവെങ്കിലും ഹരിതക ഗ്രഹ (ഗ്രീന്‍ ഹൌസ്) വാതകങ്ങളുടെ പേരില്‍ രാജ്യത്തുള്ള ഒരു വ്യവസായവും പൂട്ടിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. വ്യവസായങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. 'അമേരിക്കയെ ഉപദ്രവിച്ചുകൊണ്ടു ഒരു ഉടമ്പടിക്കും തന്റെ രാജ്യം തയ്യാറല്ലെന്നും ലോകത്തോടല്ല ആദ്യം കടപ്പാട് രാജ്യത്തോടാണെന്നും' ട്രംപ് പറഞ്ഞു. ഉടമ്പടി അമേരിക്കയിലെ ജനങ്ങള്‍ക്ക് യാതൊരു ഉപകാരവും ഇല്ല. അതേ സമയം വന്‍തുക ഇതിനായി ഐക്യരാഷ്ട്ര സംഘടനയ്ക്ക് നല്‍കുകയും വേണം. അത് രാജ്യത്ത് സാമ്പത്തികമായ ആഘാതം ഏല്‍പ്പിക്കും. 'അമേരിക്കയുടെ താല്പര്യത്തിനു വിരുദ്ധമായ ഒരു ഉടമ്പടിയിലും തുടരാന്‍ താല്പര്യമില്ലെന്നും ഇത്തരത്തില്‍ പുനഃപരിശോധന ചെയ്യേണ്ട പല ഉടമ്പടികളുമുണ്ടെന്നും' ട്രംപ് കൂട്ടി ചേര്‍ത്തു.

പാരീസ് ഉടമ്പടിയനുസരിച്ച് പുരോഗമിച്ച രാഷ്ട്രങ്ങള്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്കായി 100 ബില്യണ്‍ ഡോളര്‍ കാലാവസ്ഥ ഫണ്ടിന് നല്കണമെന്നുള്ളതാണ്. ഇതിനോടകം അമേരിക്കയുടെ വീതമായ 10.3 ബില്യനില്‍ ഒരു ബില്യന്‍ ഡോളര്‍ നല്‍കി കഴിഞ്ഞു. സഹായം കിട്ടുന്ന രാജ്യങ്ങള്‍ കൂടുതലും ഗുരുതരമായ പരീസ്ഥിതി പ്രശ്‌നങ്ങളുള്ളവരും സാമ്പത്തികമായി പിന്നോക്കമുള്ള രാജ്യങ്ങളുമായിരിക്കും. ബംഗ്‌ളാദേശ് പോലുള്ള രാജ്യങ്ങളില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സമുദ്ര നിരപ്പുയരും. കടല്‍ത്തീരത്തു താമസിക്കുന്നവര്‍ അവിടെ നിന്ന് പോകേണ്ടി വരും. അത്തരം ഒരു സാഹചര്യമുണ്ടായാല്‍ വമ്പിച്ച അഭയാര്‍ത്ഥി പ്രശ്‌നങ്ങളെയും നേരിടേണ്ടി വരും. മില്യന്‍ കണക്കിന് ജനം ഭവനരഹിതരാകും. കുടിവെള്ളം ഇല്ലാതാകും. അടുത്ത പതിനഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കാലാവസ്ഥയിലെ മാറ്റംകൊണ്ട് ലോകത്തുള്ള നൂറു മില്യന്‍ ജനങ്ങളെ ദരിദ്രരാക്കുമെന്നു അനുമാനിക്കുന്നു.

പാരീസില്‍ ട്രംപ് ചെയ്ത പ്രസംഗമനുസരിച്ച് അമേരിക്കന്‍ നയപരിപാടികളില്‍ അദ്ദേഹം വിജയിച്ചുവെന്നും തോന്നാം. പക്ഷെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ ട്രംപിന്റെ തീരുമാനം ഒരു പരാജയമായി കാണാനും സാധിക്കും. അമേരിക്കന്‍ കമ്പനികള്‍ക്ക് വിദേശകമ്പനികളുടെ സഹായം ഒഴിച്ചുകൂടാന്‍ സാധിക്കാത്തതാണ്. ഭാവിയിലും വിദേശത്ത് വ്യവസായ സംരംഭങ്ങളില്‍ അമേരിക്ക ഏര്‍പ്പെടേണ്ടി വരും. വിദേശ രാഷ്ട്രങ്ങളുടെമേല്‍ അമേരിക്കയുടെ സ്വാധീനം കുറഞ്ഞു വരുന്നതിനാല്‍ അത്തരം സംരഭങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടും.

ട്രംപിന്റെ തീരുമാനം കോര്‍പ്പറേറ്റ് അമേരിക്ക സ്വാഗതം ചെയ്യുന്നില്ല. ഫോര്‍ച്ച്യൂണ്‍'500' അമേരിക്കന്‍ കോര്‍പറേഷനുകളില്‍ 69 കമ്പനികള്‍ പാരീസ് ഉടമ്പടി സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപകാരപ്രദമെന്നു കരുതുന്നു. അവര്‍ ഉടമ്പടിയെ പിന്തുണച്ച് കത്തുകളും പരസ്യങ്ങളും ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ തീരുമാനം അമേരിക്കയിലെ വന്‍കിട കമ്പനികളെ നിരാശപ്പെടുത്തിയിരുന്നു. ഭാവിയില്‍ കാലാവസ്ഥയെപ്പറ്റിയും പരിസ്ഥിതി താല്‍പ്പര്യങ്ങളെപ്പറ്റിയും ലോകരാജ്യങ്ങളുമായി പങ്കു ചേരാനുള്ള അവസരം, ഉടമ്പടി റദ്ദാക്കിയതുമൂലം അമേരിക്ക നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്നാണ് അവരുടെ വാദം. വന്‍കിട വ്യവസായികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പാരീസ് ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍തിരിഞ്ഞത് നേതൃത്വത്തിന്റെ പരാജയമായി കണക്കാക്കുന്നു. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ശുദ്ധമായ അന്തരീക്ഷത്തില്‍ ജോലിചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്. അമേരിക്കന്‍ മണ്ണില്‍ നല്ല ഊര്‍ജം വേണമെന്നുള്ള തത്ത്വത്തെയുമാണ്! ബലികഴിച്ചത്. അമേരിക്കന്‍ നേതാക്കന്മാര്‍ ലോകത്തിന്റെ മുമ്പില്‍ ഒറ്റപ്പെട്ടു കഴിയുമ്പോള്‍ അത് അമേരിക്കയില്‍ തൊഴില്‍ ചെയ്തു ജീവിക്കുന്ന ജനങ്ങളെയും ബാധിക്കും. ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ അമേരിക്കന്‍ സാമ്പത്തികം പരാജയപ്പെടും. തൊഴില്‍ മേഖലകളില്‍ ഫലപ്രദമായ പുരോഗമനം ഉണ്ടാകണമെങ്കില്‍ ആഗോള സാമ്പത്തികത്തെയും (ങമരൃീ ഋരീിീാശര)െ ആശ്രയിക്കേണ്ടതായുണ്ട്.

പാരീസ് ഉടമ്പടിയില്‍നിന്നും പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തില്‍ അമേരിക്കയില്‍നിന്നും മറ്റു രാഷ്ട്രങ്ങളില്‍നിന്നും കടുത്ത എതിര്‍പ്പുകളാണ് വന്നിരിക്കുന്നത്. ലോകനേതാക്കളും ശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവര്‍ത്തകരും ഒന്നുപോലെ ഈ തീരുമാനം നിരാശജനകവും പരിതാപകരവു'മെന്നു പറഞ്ഞു. അമേരിക്കയെ വിശ്വസിക്കാന്‍ സാധിക്കില്ലാത്ത രാഷ്ട്രമെന്ന ധാരണയിലേക്കും എത്തിച്ചു. അന്തരീക്ഷ ശുദ്ധീകരണം ആവശ്യമുള്ള അമേരിക്കയിലെ ഏതാനും പട്ടണങ്ങളിലെ നേതൃത്വം പാരീസ് ഉടമ്പടിയെ സ്വാഗതം ചെയ്തിരുന്നു. പിറ്റ്‌സുബെര്‍ഗ് മേയര്‍ പാരീസ് ഉടമ്പടിയെ ആദരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. സ്റ്റീല്‍ ഉത്ഭാദിപ്പിക്കുന്ന ഫാക്റ്ററികള്‍ നിറഞ്ഞിരിക്കുന്ന അവിടം മലിനമായ ഒരു പട്ടണമാണ്. പട്ടണത്തിലെ വാഹനങ്ങള്‍ നിര്‍ബന്ധമായും ഹൈബ്രിഡ് ആക്കുമെന്നും നിരത്തുകള്‍ ഇലക്ട്രിക്ക് വാഹനങ്ങളായി മാറ്റപ്പെടുമെന്നും മേയര്‍ പ്രഖ്യാപിച്ചു. ഭാവിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ ഊര്‍ജം ലാഭിച്ചുകൊണ്ടു പണിയുമെന്നും അറിയിച്ചു. സോളാര്‍ ഊര്‍ജത്തെ പ്രോത്സാഹിപ്പിക്കാനും പദ്ധതികള്‍ തയ്യാറാക്കുന്നു.

ഭൂമിയുടെ താപനില വ്യത്യസ്തമാകുന്നതിനു കാരണം സ്വാഭാവികമായ പ്രകൃതിയുടെ തന്നെ മാറ്റമെന്നും അനുമാനിക്കുന്നുണ്ട്. അതേ സമയം ആധുനികതയുടെ ഇന്നത്തെ ഈ താപ വര്‍ദ്ധനയുടെ കാരണം അന്തരീക്ഷം മലിനമാകുന്നതുകൊണ്ടെന്നും തത്ത്വമുണ്ട്. മോട്ടോര്‍ വാഹനങ്ങളുടെയും ഫാക്റ്ററികളുടെയും പെട്രോളിയം ഗ്യാസുകള്‍ അന്തരീക്ഷത്തെ അശുദ്ധമാക്കുന്നു. കാര്‍ബണ്‍ ഡയ് ഓക്‌സൈഡ് നിറഞ്ഞ വാതകങ്ങളും പൊടിപടലങ്ങളും അന്തരീക്ഷത്തില്‍ തളം കെട്ടി നില്‍ക്കുമ്പോള്‍ ഭൂമിയില്‍ ചൂട് വര്‍ദ്ധിക്കാന്‍ കാരണമാകും. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പ്രകൃതിയുടെ നിഗൂഢതയില്‍ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതനുസരിച്ച് ഭൂമിയുടെ താപനില സ്വാഭാവികമായും പ്രകൃതിതന്നെ ക്രമീകരിച്ചിട്ടുമുണ്ട്. അത് മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും സുരക്ഷിതമായ രീതിയിലാണ് മെനഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ വ്യവസായ വിപ്ലവം ആരംഭിച്ചതില്‍ പിന്നീട്, മനുഷ്യന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ കൊണ്ട്, അന്തരീക്ഷം കൂടുതല്‍ മലിനമാകാന്‍ കാരണമായി. തന്മൂലം ഭൂമിയുടെ സമതുലനാവസ്ഥക്ക് മാറ്റം വന്നു. ഭൂമിയില്‍ ചൂട് ഒരു ഡിഗ്രിയോളം കൂടുതലായി വര്‍ദ്ധിച്ചിട്ടുണ്ടെന്നതും കണക്കുകൂട്ടിയിരിക്കുന്നു.

അന്തരീക്ഷത്തിലേക്ക് വമിക്കുന്ന അപകടകാരികളായ വാതകസമ്മിശ്രങ്ങളെ ഹരിതക ഗ്രഹഫല (ഏൃലലി ഒീൗലെ ഋളളലര)േ ഊര്‍ജ വാതകങ്ങള്‍ എന്ന് പറയും. അത് വൈദ്യുത കാന്ത തരംഗങ്ങളായി അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ചുകൊണ്ടിരിക്കുന്നു. വായൂ മണ്ഡലം ചൂട് പിടിക്കുംതോറും ഭൂമിയുടെ താപ നില വര്‍ദ്ധിക്കാനും കാരണമാകും. ഹരിതക ഗ്രഹം (ഗ്രീന്‍ ഹൌസ്) എഫക്ട് ഭൂമിയുടെ ചൂട് വര്‍ദ്ധിപ്പിക്കുന്നുവെന്നു ശാസ്ത്രീയ പ്രബന്ധങ്ങളും വ്യക്തമാക്കുന്നു. വനനശീകരണം, ഫോസില്‍ കത്തിക്കല്‍ മുതലായവകളും ഭൂമിയെ ചൂടു പിടിപ്പിക്കാം. നാം അധിവസിക്കുന്ന ഭൂമിയുടെ താപനിലയുടെ വര്‍ദ്ധനവ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. ഐസ് ഷീറ്റുകള്‍ ഉരുകുന്നതും, സമുദ്ര നിരപ്പ് ഉയരുന്നതും, കാലാവസ്ഥ വ്യതിയാനവും, വരള്‍ച്ചയും, കൊടുങ്കാറ്റും, വെള്ളപ്പൊക്കവും സംഭവിക്കുന്നത് ഭൂമിയുടെ താപനില വര്‍ദ്ധിക്കുന്നതുകൊണ്ടാണ്. ഈ മാറ്റങ്ങള്‍ പ്രകൃതിയുടെയും മനുഷ്യ സമൂഹത്തിന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ ബാധിക്കും. മനുഷ്യന്റെ പ്രവര്‍ത്തനചര്യകളില്‍ നിന്നുമുണ്ടാകുന്ന ഹരിതക ഗ്രഹ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ ലയിച്ചാല്‍ ഇന്ന് ഭൂമിയില്‍ അനുഭവപ്പെടുന്ന താപ നില വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

ഭൂമിക്കടിയില്‍ നിന്നും രൂപപ്പെട്ട ജൈവ ഇന്ദ്രീയങ്ങള്‍ അന്തരീക്ഷത്തില്‍ ലയിക്കുമ്പോഴും ചൂട് വര്‍ദ്ധനവിന് കാരണമാകാം. ജീവജാലങ്ങള്‍ക്ക് നിലനില്പിനാവശ്യമായ താപനില പ്രകൃതി നില നിര്‍ത്തുന്നുവെങ്കില്‍ അതിനെ ഹരിതക ഗ്രഹാന്തര ഉദ്ധിഷ്ടസിദ്ധി (ഗ്രീന്‍ ഹൌസ് എഫക്റ്റ്) എന്ന് പറയും. അത് സ്വാഭാവികമായ ഭൂമിയുടെ പ്രവര്‍ത്തനമാണ്. അത്തരം വാതകങ്ങളുടെ അഭാവത്തില്‍ മനുഷ്യര്‍ക്കും പക്ഷി മൃഗങ്ങള്‍ക്കും സൂക്ഷ്മ ജീവികള്‍ക്കും സസ്യ ലതാതികള്‍ക്കും ജീവസന്ധാരണം നടത്താനാവാതെ ഭൂമിതന്നെ മുഴുവനായി തണുത്തു മരവിച്ചിരിക്കും. ഭൂമിയുടെ ജീവപരമായ നിലനില്‍പ്പിനു പലതരം വാതകങ്ങള്‍ തുല്യ അനുപാതത്തില്‍ ആവശ്യമാണ്. അതില്‍ എന്തെങ്കിലും വാതകം അനുപാതകമായി കുറയുകയോ കൂടുകയോ ചെയ്താല്‍ അത് ഭൂമിയുടെ താപനിലയെയും ബാധിക്കും. ചില ജീവജാലങ്ങള്‍ക്ക് വംശ നാശം സംഭവിക്കുന്നതും ഭൂമിയുടെ ഇത്തരം വൈകൃതങ്ങളാകാം.

മനുഷ്യന്‍ കാരണമുള്ള ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ പ്രകൃതിയിലേയ്ക്ക് വമിക്കുന്ന കാരണം പ്രകൃതി സ്വാഭാവികമായി നല്‍കുന്ന വാതകങ്ങളോടൊപ്പം അന്തരീക്ഷത്തിന്റെ സമതുലനാവസ്ഥയ്ക്ക് മാറ്റം വരുത്തുന്നു. അത്തരം അധികമായി വരുന്ന വാതകത്തെ അന്തരീക്ഷത്തില്‍ നിന്നും ശുദ്ധമാക്കേണ്ടതുണ്ട്. എ.ഡി.1750 മുതലുള്ള വ്യവസായിക വിപ്ലവത്തിനുശേഷം അന്തരീക്ഷത്തില്‍ ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, മറ്റു വാതക മൂലകങ്ങള്‍ അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നതായി കാണാം. കല്‍ക്കരി കത്തിച്ച വാതകവും അന്തരീക്ഷത്തെ കാര്‍ബണ്‍ ഡയ് ഓക്‌സൈഡുകൊണ്ട് നാശമാക്കുന്നു. വ്യവസായങ്ങള്‍, സിമന്റ് ഉത്ഭാദനം, വനം നശിപ്പിക്കല്‍ മുതലായവകളും കാലാവസ്ഥ വ്യതിയാനത്തിന് കാരണങ്ങളാണ്. മീതേന്‍ വാതകം സാധാരണ എല്ലു പൊടി പൊടിക്കുന്ന ഫാക്ടറികള്‍, ഫോസില്‍, കന്നുകാലികള്‍, കൃഷിയുത്ഭാദനം, നെല്‍വയലുകള്‍ എന്നിവടങ്ങളില്‍ നിന്നാകാം. നൈട്രസ് ഓക്‌സൈഡ് വാതകങ്ങള്‍ കൃഷിയ്ക്കുള്ള കൃത്രിമ വളത്തില്‍ നിന്നും പുറപ്പെടുവിക്കുന്നു. റെഫ്രിറിജെറ്റര്‍, ശീതീകരിക്കുന്ന മറ്റു മെഷീനുകള്‍ എന്നിവകള്‍ ഫ്‌ലൂറിനേറ്റഡ് ശ്രവണക വാതകങ്ങള്‍ ഉത്ഭാദിപ്പിക്കുന്നു.

ഭൂമി ചൂടുപിടിച്ചാല്‍ കാലാവസ്ഥയ്ക്ക് വ്യതിയാനം വരുകയും പരിസ്ഥിതിക്ക് നാശം വരുകയും ചെയ്യും. അതിനു തെളിവായി ആര്‍ട്ടിക്ക് സമുദ്രത്തിലെ ഐസ് ഉരുകുന്ന കാഴ്ച കാണാന്‍ സാധിക്കും. മഞ്ഞു കട്ടികള്‍ ഒഴുകി നടക്കുന്നതും ദൃശ്യമാണ്. ഭൂമിയുടെ താപം കൂടിയാല്‍ ഭൂപ്രദേശം മരുഭൂമിയാകും. സമുദ്ര നിരപ്പില്‍നിന്നും വെള്ളം കയറി കരകളെ കീഴടക്കും. കൊടുങ്കാറ്റും ചുഴലിക്കാറ്റും ഉണ്ടാകും. ചൂട് കൂടുംതോറും വരണ്ടതും കുറച്ചു വരണ്ടതുമായ ഭൂമി ദൃശ്യമാകും. ഭൂമി ചുട്ടുപഴുത്തുകൊണ്ടുമിരിക്കും. വരണ്ട പ്രദേശങ്ങളില്‍ വെള്ളത്തിന്റെ അളവുകളും കുറഞ്ഞുകൊണ്ടിരിക്കും. മഴ പെയ്യാത്ത അവസ്ഥ വന്നുചേരും. ഭൂപ്രദേശങ്ങള്‍ മുഴുവന്‍ കടുത്ത മരുഭൂമിയായി മാറ്റപ്പെടുകയും ചെയ്യും. എവിടെയും വെള്ളത്തിനു ക്ഷാമം അനുഭവപ്പെടും. മില്യന്‍ കണക്കിന് ജനം വെള്ളമില്ലാതെ കഷ്ടപ്പെടും. സസ്യങ്ങള്‍ വളരാനാകാതെയുള്ള സ്ഥിതിവിശേഷങ്ങളുമുണ്ടാകാം. ഭൂമിയുടെ ഫലഭൂയിഷ്ഠത നശിച്ചുകൊണ്ട് ഒടുവില്‍ ആ ഭൂപ്രദേശങ്ങള്‍ മരുഭൂമികളായി മാറും.

കാലങ്ങള്‍ കഴിയുംതോറും ലോകത്തെല്ലായിടവും താപനിലയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആല്‍പ്‌സ് പര്‍വതത്തിലും ഹിമാലയത്തിലും റോക്കി മലയിലും അലാസ്ക്കായിലും മഞ്ഞുരുകല്‍ സാധാരണമാണ്. ഇവിടെയെല്ലാം സ്‌നോയുടെ ആഴവും കട്ടിയും കുറഞ്ഞു വരുന്നതും കാണാം. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ കൊണ്ട് ഒരു മില്യന്‍ ചതുരശ്ര മൈലുകളോളം ഐസുകള്‍ ഇല്ലാതായിരിക്കുന്നു. 2010 മുതല്‍ അന്റാര്‍ട്ടിക്കായിലും ഐസ് ഉരുകുന്നത് ഇരട്ടിയായി. 1880 മുതല്‍ സമുദ്രത്തിന്റെ ജലനിരപ്പ് ഏകദേശം എട്ടിഞ്ചോളം വര്‍ദ്ധിച്ചിട്ടുണ്ട്. അതിശൈത്യങ്ങളുള്ള സമുദ്രങ്ങളിലെ ഐസും മഞ്ഞുകട്ടയും ഉരുകുമ്പോള്‍ വെള്ളത്തിന്റെ അളവും വര്‍ദ്ധിക്കും.1970നു ശേഷം കൊടുങ്കാറ്റ് വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനു കാരണം സമുദ്രത്തില്‍ വെള്ളം ചൂടായി നിലനിരപ്പ് കൂടുന്നതുകൊണ്ടാണ്. പെസഫിക്കില്‍ നിന്നും അറ്റ്‌ലാന്റിക്കില്‍ നിന്നുമുള്ള കൊടുങ്കാറ്റിന്റെ ശക്തി കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ട് ഇരട്ടിയായിട്ടുണ്ട്. ഭൂമിയുടെ താപാവസ്ഥ ഉയരുമ്പോള്‍ കൊടുങ്കാറ്റിന്റെ ശക്തി വളരെയധികം വര്‍ദ്ധിക്കും.

ചൂടുമായി ബന്ധപ്പെടുത്തി മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും ഭൂമിയുടെ സ്വാഭാവികതയും സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ ശാസ്ത്ര ലോകം സാറ്റലൈറ്റ് വഴി അളക്കാന്‍ ശ്രമിക്കുന്നുണ്ട്. അക്കൂടെ ഫാക്ടറികളും മരുഭൂമികളും അഗ്‌നി പര്‍വ്വതങ്ങളും അന്തരീക്ഷ വാതകങ്ങളും കാലാവസ്ഥ മാറ്റങ്ങളും സൂര്യനും, സമുദ്രങ്ങളിലെ ഐസും ചെടികളുടെ വളര്‍ച്ചയും മഴയും കാര്‍ മേഘങ്ങളും നിരീക്ഷണത്തിലാണ്. 1950 മുതലാണ് ഭൂമിയുടെ താപനില ഉയരാന്‍ മനുഷ്യരും ഉത്തരവാദികളെന്ന ചിന്തകള്‍ ശാസ്ത്ര ലോകത്ത് പ്രചരിക്കാന്‍ തുടങ്ങിയത്. അഗ്‌നിപര്‍വതങ്ങള്‍ പൊട്ടുന്ന സമയം ഭൂമിയുടെ താപനിലയ്ക്ക് വിത്യാസങ്ങള്‍ സംഭവിക്കാറുണ്ട്. അങ്ങനെയുള്ള പ്രകൃതിയുടെ പ്രതിഭാസങ്ങളും നിരീക്ഷണത്തിലാണ്.
പാരീസിലെ ആഗോളതാപന ഉടമ്പടിയും ട്രംപിന്റെ പിന്മാറലും (പഠനം: ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Just a Reader 2017-06-10 20:57:24
UN is another waste of American tax payers' hard earned money ( A TOTAL WASTE)!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക