Image

ലക്ഷ്യം: മികച്ച ദൃശ്യാനുഭവം

ആഷ എസ് പണിക്കര്‍ Published on 08 June, 2017
ലക്ഷ്യം: മികച്ച ദൃശ്യാനുഭവം

ജീത്തുജോസഫിന്റെ സിനിമകള്‍ എന്നു പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ വളരെ പ്രതീക്ഷകളാണുള്ളത്‌. ഇത്തവണ ഇതാദ്യമായി മറ്റൊരാള്‍ക്കായി ജീത്തു ജോസഫ്‌ കഥയെഴുതുന്ന സിനിമയാണ്‌ ലക്ഷ്യം. ഏതായാലും അന്‍സാര്‍ ഖാന്‍ എന്ന പുതുമുഖ സംവിധായകന്‍ തന്റെ കന്നിച്ചിത്രം മികച്ചതാക്കിയിരിക്കുന്നു.

ജീവിതത്തില്‍ എല്ലാവര്‍ക്കും ഒരു ലക്ഷ്യമുണ്ട്‌. ആ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള യാത്രയാണ്‌ ഓരോ മനുഷ്യനെയും മുന്നോട്ടു നയിക്കുന്നത്‌. ഈ സിനിമ പിന്തുടരുന്നതും ഈ ആശയം തന്നെയാണ്‌. തടവുപുള്ളിയായ വിമല്‍ കുമാര്‍ എന്ന ചെറുപ്പക്കാരനും ഇത്തരമൊരു ലക്ഷ്യവുമായി ജീവിക്കുന്നയാളാണ്‌. 

പക്ഷേ അയാളുടെ ലക്ഷ്യം തന്റെ കാമുകിയെ കൊലപ്പെടുത്തിയ ആളെ കണ്ടെത്തി കൊല്ലുക എന്നതാണ്‌ . പീരുമേട്ടില്‍ നിന്നും എറണാകുളം സബജയി#ിലേക്കു പോയ ജീപ്പ്‌ മറിഞ്ഞ്‌ തടവുപുള്ളികള്‍ രക്ഷപെടുന്നു. ഒരാള്‍ കൊലക്കേസ്‌ പ്രതിയും മറ്റേയാള്‍ മോഷ്‌ടാവുമാണ്‌. കൊടുംകാട്ടില്‍ അകപ്പെടുന്ന ഇവരുടെ രണ്ടുപേരുടെയും ലക്ഷ്യം നിറവേറ്റാനുള്ള യാത്രയാണ്‌ സിനിമ.

വിമല്‍ യഥാര്‍ത്ഥത്തില്‍ നിരപരാധിയാണ്‌. ചെയ്യാത്ത തെറ്റിനാണ്‌ ജയിലില്‍ കിടക്കുന്നത്‌. തന്റെ കാമുകിയെ കൊന്നവനെ എങ്ങനെയെങ്കിലും കണ്ടെത്തി അവനെ കൊല്ലുക എന്നതുമാത്രമായി അവന്റെ ജീവിതം മാറിയിരിക്കുന്നു. 

ജയിലില്‍ അവന്റെ കൂട്ടുകാരനാണ്‌ മുസ്‌തഫ. മോഷണക്കുറ്റത്തിനാണ്‌ അയാള്‍ ജയിലില്‍ കിടക്കുന്നത്‌. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ അയാള്‍ക്കു മടിയില്ല. വിമലിന്റെ കഥ കേട്ടതോടെ മുസ്‌തഫയ്‌ക്ക്‌ വിമലിനോട്‌ സഹതാപമാകുന്നു. പിന്നെ വിമലിന്റെ ലക്ഷ്യം നേടാന്‍ അയാളും അവന്റെയൊപ്പ ചേരുന്നു.

രണ്ടു കഥാപാത്രങ്ങള്‍ കഥ പറയുന്ന രീതിയിലാണ്‌ സിനിമ മുന്നോട്ടു പോകുന്നത്‌. കാടിന്റെ വന്യമായ സൗന്ദര്യം സിനിമയുടെ മൊത്തത്തിലുള്ള മൂഡിന്‌ അനുയോജ്യമാണ്‌. വൈകാരികതീവ്രത തുടിച്ചു നില്‍ക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളും സിനിമിലുണ്ട്‌.

 മികച്ചൊരു ത്രില്ലറായി തന്നെ ലക്ഷ്യമൊരുക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌. സിനിമയുടെ ഹൈലൈറ്റ്‌സ്‌ എന്നു പറയുന്നത്‌ അതിന്റെ ട്വിസ്റ്റും സസ്‌പെന്‍സുമാണ്‌. ഇന്റര്‍വെല്ലിനു മുമ്പുളള പഞ്ചും ഗംഭീരമാണ്‌. കഥയുടെ അവസാനം പ്രേക്ഷകന്‌ ഊഹിക്കാന്‍ കഴിയുന്ന തരതതില്‍ ഒരുക്കിയതു മാത്രമാണ്‌ അല്‍പം ത്രില്‍ കുറയ്‌ക്കുന്നത്‌.

ഇന്ദ്രജിത്‌, ബിജു മേനോന്‍ എന്നിവരുടെ അഭിനയ മികവു തന്നെയാണ്‌ ചിത്രത്തിന്റെ പ്‌ളസ്‌ പോയിന്റ്‌. പ്രതികാരത്തിന്റെ കനലെരിയുന്ന കണ്ണുകളുമായി ജിവിക്കുന്ന വിമലിനെ ഇന്ദ്രജിത്‌ ഗംഭീരമാക്കി. വാക്കിലും നോക്കിലും ആക്ഷനിലും തകര്‍പ്പന്‍ പ്രകനമാണ്‌ ഇന്ദ്രജിത്‌ പുറത്തെടുത്തത്‌. നായകനല്ലെങ്കിലും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ്‌ ബിജു മേനോന്റേതും.

 വ്യത്യസ്‌തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ബിജു മേനോന്റെ കഴിവ്‌ ഈ ചിത്രത്തിലും പ്രകടമാണ്‌. സാഹസികമായ ആക്ഷന്‍ രംഗങ്ങളിലും ഇവര്‍ തിളങ്ങിയിട്ടുണ്ട്‌.
ഷമ്മി തിലകന്‍, സുധി കോപ്പ, ശിവദ, കിഷോര്‍ സത്യ എന്നിവരാണ്‌ മറ്റു താരങ്ങള്‍. എം.ജയചന്ദ്രന്റെ സംഗീതവും അനില്‍ ജോണ്‍സന്റെ പശ്ചാത്തല സംഗീതവും ചിത്രത്‌ിനു മുതല്‍ക്കൂട്ടാണ്‌. 

സിനുസിദ്ധാര്‍ത്ഥിന്റെ ഛായാഗ്രഹണവും മികച്ചതാണ്‌. കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. അയൂബ്‌ ഖാന്റെ ചിത്ര സംയോജനവും മികച്ചതാണ്‌.
സംവിധായകന്‍ ജീത്തു ജോസഫ്‌ അല്ലെങ്കിലും പലപ്പോഴും ആ സ്‌പെഷല്‍ മാജിക്‌ ചിത്രത്തില്‍ പലയിടത്തും കാണാനാകും. ടിക്കറ്റ്‌ ചാര്‍ജ്‌ മുതലാകുന്ന കണ്ടിരിക്കാന്‍ രസമുള്ള ഒരു സിനിമയാണ്‌ ലക്ഷ്യം. കന്നിച്ചിത്രം ഇത്രയും ഗംഭീരമാക്കിയതില്‍ സംവിധായകനും അഭിമാനിക്കാം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക