Image

ആരും ഇഷ്‌ടപ്പെടും ഈ സാഹസികതകള്‍

ആഷ എസ് പണിക്കര്‍ Published on 08 June, 2017
ആരും ഇഷ്‌ടപ്പെടും ഈ സാഹസികതകള്‍


ആസിഫ്‌ അലി നായകനായി എത്തിയ അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍ സമീപകാലത്ത്‌ റിലീസായ റൊമാന്റിക്‌ കോമഡി ചിത്രങ്ങളില്‍ മികച്ച ഒന്നാണ്‌. നവാഗത സംവിധായകനായ രോഹിത്‌ വി.എസ്‌ ആണ്‌ ചിത്രത്തിന്റെ സംവിധായകന്‍. കോമഡിയും റൊമാന്‍സും കൃത്യമായി സന്നിവേശിപ്പിച്ച ഒരു ചിത്രം എന്നു വേണമെങ്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

ഓമനക്കുട്ടന്‍ എന്ന സാധാരണ ചെറുപ്പക്കാരന്റെ സാഹസിക കഥകള്‍ പരയുന്ന ചിത്രം. അതാണ്‌ സിനിമയിലുട നീളം കാട്ടുന്നത്‌. `ക്‌ളിന്റോണിക്ക ' എന്ന ഹെയര്‍ കെയര്‍ ഓയില്‍ കമ്പനിയിലെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്‌ ആണ്‌ ഓമനക്കുട്ടന്‍(ആസിഫ്‌ അലി). എന്നാല്‍ ഈ മേഖലയിലെ മറ്റു ചെറുപ്പക്കാരെ പോലെയല്ല, ഇയാള്‍. 

ആത്മധൈര്യം ഇല്ലാത്ത മുഖവും ഭയവും. ഇതാണ്‌ അയാളുടെ പൊതുവേയുള്ള സ്വഭാവം. പക്ഷേ കമ്പനിയിലെ ഏറ്റവും മികച്ച സ്റ്റാഫ്‌ ആണ്‌ ഓമനക്കുട്ടന്‍. ഇതിനു പിന്നിലെ രഹസ്യമാണ്‌ സിനിമയുടെ ട്വിസ്റ്റ്‌.

ഫോണിലൂടെ പല സ്‌ത്രീകളുമായും ഓമനക്കുട്ടന്‍ അടുപ്പമുണ്ടാക്കുന്നു. ഇതിനായി ഓരോ സ്‌ത്രീകളുടെ യും ദൗര്‍ബല്യം മനസിലാക്കി അതിനനുസരിച്ചാണ്‌ അയാള്‍ പല പേരുകളില്‍ അവരെ വിളിക്കുന്നത്‌. കാര്യങ്ങള്‍ ഇങ്ങനെ സുഗമമായി പോകുന്നതിനിടെയാണ്‌ ഒരപകടത്തില്‍ അയാള്‍ സ്വന്തം പേരു മറന്നു പോകുന്നത്‌. ആദ്യ പകുതി ഇങ്ങനെ അവസാനിക്കുന്നു.

രണ്ടാം പകുതിയില്‍ താന്‍ ആരാണെന്ന കണ്ടുപിടിക്കാനുള്ള ഓമനക്കുട്ടന്റെ തത്രപ്പാടുകളാണ്‌ സിനിമയെ രസകരമായി മുന്നോട്ടു കൊണ്ടു പോകുന്നത്‌. അതില്‍ വലിയ രീതിയിലുള്ള റൊമാന്‍സും കോമഡിയും ഇല്ലെങ്കിലും ആവശ്യത്തിനു ട്വിസ്റ്റും സസ്‌പെന്‍സുമെല്ലാം നല്‍കി ചിത്രം ഒരുക്കിയിട്ടുണ്ട്‌.

ഓമനക്കുട്ടനായി എത്തിയ ആസിഫ്‌ അലിയുടെ പ്രകടനം ഗംഭീരമായി. മുഴുനീള നായകനായി ആസിഫ്‌ അലി തിളങ്ങിയ ചിത്രം കൂടിയാണിത്‌ എന്നു നിസംശയം പറയാം. ഓമനക്കുട്ടന്‍ എന്ന പ്രത്യേകതകള്‍ നിറഞ്ഞ കഥാപാത്രത്തെ തികഞ്ഞ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ ആസിഫിന്‌ കഴിഞ്ഞു. പ്രത്യേകിച്ചും ആദ്യ ഭാഗത്തെ ഓമനക്കുട്ടന്‍. നായികയായ ഭാവന പാരാസൈക്കോളജി ഗവേഷകയായിട്ടാണ്‌ എത്തുന്നത്‌. 

സെയില്‍സ്‌ എക്‌സിക്യൂട്ടീവായി എത്തിയ സൈജു കുറുപ്പും പോലീസ്‌ ഓഫീസറായി എത്തിയ ഷാജോണും മികച്ച അഭിനയം കാഴ്‌ച വച്ചു. കോമഡി നമ്പറുകളുമായി എത്തിയ അജു വര്‍ഗീസ്‌, സ്രിന്റ, സിദ്ദിഖ്‌ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു പരമാവധി നീതി പുലര്‍ത്തി.

അരുണ്‍ വിന്‍സെന്റ്‌ , ഡോണ്‍ എന്നിവരുടെ സംഗീതം ചിത്രത്തിനു മുതല്‍ക്കൂട്ടാണ്‌. നവാഗത സംവിധായകന്‍ എന്ന നിലയില്‍ രോഹിതിന്‌ അഭിമാനിക്കാം. കാരണം പ്രമേയത്തിലും ട്രീറ്റ്‌മെന്റിലും വ്യത്യസ്‌തത പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

 വ്യത്യസ്‌തമായ ഒരു കഥാതന്തു പരമാവധി പ്രേക്ഷകര്‍ക്കിഷ്‌ടപ്പെടും വിധം അണിയിച്ചൊരുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അമിതപ്രതീക്ഷകള്‍ ഇല്ലാതെ പോയാല്‍ തികച്ചും ആസ്വദിച്ചു കാണാന്‍ കഴിയുന്ന ചിത്രമാണ്‌ അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍ . കുടുംബസഹിതമോ കൂട്ടുകാര്‍ക്കൊപ്പമോ കാണാന്‍ കഴിയുന്ന ചിത്രം. അതു തന്നെയാണ്‌ ഈ സിനിമയുടെ വിജയരഹസ്യവും.

ആരും ഇഷ്‌ടപ്പെടും ഈ സാഹസികതകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക