Image

മഹാഭാരത സംഭവിക്കുക തന്നെ ചെയ്യും ; രാജമൌലി പറയുന്നത്

Published on 08 June, 2017
മഹാഭാരത സംഭവിക്കുക തന്നെ ചെയ്യും ; രാജമൌലി പറയുന്നത്


എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം ചര്‍ച്ചകളില്‍ ഇടം നേടുമ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന സിനിമയായ 'മഹാഭാരത'യെക്കുറിച്ച് ബാഹുബലി ഹീറോ രാജമൗലി. രണ്ടാമൂഴം അന്താരാഷ്ട്ര തലത്തില്‍ മഹാഭാരതമായി എത്തുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ രാജമൗലിയുടെ സ്വപ്നവും ചര്‍ച്ചയായിരുന്നു. കാരണം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇതേക്കുറിച്ച് രാജമൗലി വെളിപ്പെടുത്തിയിരുന്നു.

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു രാജമൗലിയുടെ വെളിപ്പെടുത്തല്‍. പത്തു വര്‍ഷത്തിന് ശേഷം മഹാഭാരത ചെയ്യുമെന്നായിരുന്നു പറഞ്ഞത്. കഴിഞ്ഞിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എട്ടു വര്‍ഷത്തിന് ശേഷം തന്റെ മഹാഭാരത ഉണ്ടാകുമെന്ന് രാജമൗലി പറഞ്ഞു.

എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയാണ് മഹാഭാരത. എന്നാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ അതു ചെയ്യാനാകില്ല. കുട്ടിക്കാലം മുതല്‍ മഹാഭാരതത്തിന്റെ കുറേ വ്യാഖ്യാനങ്ങള്‍ വായിച്ചിട്ടുണ്ട്. എന്റെ മനസ്സില്‍ ഇതൊരു മെഗാ മെഗാ പ്രോജക്ടാണ്. ഇപ്പോള്‍ അതില്‍ പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടായിരിക്കും. പത്തു വര്‍ഷം കഴിയട്ടെ എന്നായിരുന്നു രാജമൗലി പറഞ്ഞത്. ഇപ്പോള്‍ എട്ടു വര്‍ഷം കാത്തിരിക്കണമെന്നും മറുപടിയെത്തി. സാങ്കേതിക പരമായും അല്ലാതെയും ഇത് എങ്ങനെ ചെയ്യുമെന്ന് എനിക്ക് പേടിയുണ്ട്. വെറുതേ കുറേ താരങ്ങളെ തിരഞ്ഞെടുത്താല്‍ അതൊരിക്കലും ശരിയായി വരൂല്ല. താരങ്ങളെ കണ്ടെത്തണം അവരെ ഓരോ കഥാപാത്രങ്ങളിലേയ്ക്ക് കൊണ്ടു വരണം. ശരിക്കും അതികഠിനമാണ് ഈ പ്രക്രിയ.

മഹാഭാരതത്തെക്കുറിച്ച് ഇതുവരെയുള്ള വ്യാഖ്യാനങ്ങള്‍ മാറ്റുന്നതാകണം എന്റെ മഹാഭാരതം. ഇതാണ് മഹാഭാരതമെന്ന് എല്ലാവരും പറയണം. പക്ഷേ എട്ടു വര്‍ഷം കഴിഞ്ഞ് ഇതിനുള്ള ആരോഗ്യവും ശക്തിയും എനിക്കുണ്ടാകുമോ എന്ന് സംശയമുണ്ട്. എന്നാലും ഞാനത് ചെയ്യുമെന്ന് രാജമൗലി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക