Image

പൊയ്‌പ്പോയ പാതി, എസ്കലേറ്ററില്‍ (രണ്ട് കവിതകള്‍: ഡോ. പി. ഹരികുമാര്‍)

Published on 08 June, 2017
പൊയ്‌പ്പോയ പാതി, എസ്കലേറ്ററില്‍ (രണ്ട് കവിതകള്‍: ഡോ. പി. ഹരികുമാര്‍)
ടീവിക്കുമുന്നില്‍
ആനസോഫയില്‍
പാതിയഴിഞ്ഞ ടൈ
പാതിയൂരിയ കോട്ട്
ഷൂസൊന്നു കാര്‍പ്പെറ്റില്‍
പാതിയെരിഞ്ഞ സിഗരറ്റ്
പാതി കുടിച്ച കോക്ക്
നാക്കുരുട്ടി പാതിമറിച്ച ഭാഷ
പാതിവരണ്ട തൊലി
പാതി ചുരുണ്ട മുടി
സമൃദ്ധിയുടെ രക്തക്കൂറില്‍
പാതിവെളുത്ത....

മുന്നു പതിറ്റാണ്ടമേരിക്കന്‍ വെള്ളത്തില്‍
മുങ്ങിക്കുളിച്ച മാത്തുക്കുട്ടിയുടെ
മാഞ്ഞുപോയ പാതിയെച്ചൊല്ലി
വേവലാതിയോടെ
തന്റെ വിസിറ്റിംഗ് വിസ നീട്ടല്ലേന്ന്
വാശിപിടിക്കുന്നു
വല്യപ്പച്ചന്‍.

എസ്കലേറ്ററില്‍

വീട്ടിലെ തള്ളിച്ചയില്‍
തെറിച്ചുവീണ് എസ്കലേറ്ററില്‍
ഉയരങ്ങളിലേക്ക്....
അങ്ങു താഴെ അമ്മ,
ഉയര്‍ത്തിയ കൈയായി,
വിരലുകളായി, പൊട്ടായി.....

വെണ്‍മേഘങ്ങളുടെ കുളിര്‍മയില്‍
ചുറ്റും
തുടുത്ത ചെറിപ്പഴം പോലെ
ടെയില്‍ ലൈറ്റുകള്‍
ഇരുട്ടിനെ തിളക്കുന്ന
ഹെഡ്‌ലൈറ്റുകള്‍
കാറ്റു കീറുന്ന
വേഗതയുടെ മൂളല്‍ ഹരമായി,
പക്ഷെ
ശ്വാസം മുട്ടുമ്പോള്‍ ആഗ്രഹിച്ചുപോയി
തെല്ലൊന്നു നിന്നെങ്കില്‍!

പായുന്ന എസ്കലേറ്ററിലും
നില്‍ക്കാതോടുന്നവര്‍ക്കിടയില്‍
എങ്ങനെ നില്‍ക്കാന്‍?
അമ്മയുടെ മുഖം
അങ്ങങ്ങു താഴെ
ഓര്‍ത്തെടുക്കാനാവാതെ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക