Image

ഖത്തര്‍ ഒറ്റപ്പെടുമ്പോള്‍ (ജോയ് ഇട്ടന്‍)

Published on 09 June, 2017
ഖത്തര്‍ ഒറ്റപ്പെടുമ്പോള്‍ (ജോയ് ഇട്ടന്‍)
വലുപ്പത്തില്‍ ചെറുതെങ്കിലും ലോകത്തെ എണ്ണപ്പെടുന്ന സമ്പന്നരാജ്യങ്ങളിലൊന്നാണ് ഖത്തര്‍. പ്രതിശീര്‍ഷ വരുമാനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനമാണ് ഖത്തറിന്. ആളോഹരി വരുമാനത്തിലും ഒന്നാം സ്ഥാനമാണുള്ളത്. ഒരാളുടെ വരുമാനം ഏകദേശം ഒരു കോടി ഇന്ത്യന്‍ രൂപയോളം വരും. പ്രകൃതിവാതക നിക്ഷേപത്തില്‍ ഗള്‍ഫ്‌മേഖലയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണിത്. ഗള്‍ഫ് മേഖലയില്‍ ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യവും ഖത്തര്‍ തന്നെ.

തീവ്രവാദികളെ സഹായിക്കുന്നു എന്നാരോപിച്ച് ഖത്തറിനോട് നിസ്സഹകരണം പ്രഖ്യാപിച്ച അയല്‍രാജ്യങ്ങളുടെ നടപടി ഞെട്ടലോടെയാണ് ഈ ആഴ്ച ലോകം കേട്ടത്. സഊദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ, ലിബിയ, യമന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളുടെ നിലപാട് ഖത്തറിനെ ഒറ്റപ്പെടുത്തിയിരിക്കയാണ്. അറബ്‌മേഖലയില്‍ ഇതോടെ അരക്ഷിതാവസ്ഥ ഉടലെടുത്തുകഴിഞ്ഞു.

ഖത്തറില്‍ ആറര ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇത് തദ്ദേശീയ ജനസംഖ്യയുടെ മൂന്നിരട്ടിയാണ്. അതില്‍ പകുതിയിലേറെ മലയാളികളും.ഖത്തറിനെതിരേയുള്ള നിലപാട് ആശങ്കയോടെയാണ് മലയാളികള്‍ കാണുന്നത്.

ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള നീക്കം വിമാനസര്‍വിസുകളെ ബാധിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്ന് നേരിട്ടുള്ള സര്‍വിസുകളിലൂടെ മാത്രമേ ഇനി നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കൂ. റമദാന്‍ തിരക്കേറുന്ന ഈ സമയത്ത് ഇത് പ്രവാസി ഇന്ത്യക്കാര്‍ക്ക് വലിയ തിരിച്ചടിയാവും.

ഭക്ഷ്യക്ഷാമം അനുഭവപ്പെടുമെന്ന ഭയം കാരണം രാജ്യത്ത് പലയിടത്തും ഭയചകിതരായ ആളുകള്‍ ഭക്ഷണം ശേഖരിച്ചു വയ്ക്കുന്നുണ്ടെന്ന് ഖത്തറിലെ ചില പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതേതുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ ഇറാന്‍ ഖത്തറിലേക്ക് ഭക്ഷ്യസാധനങ്ങള്‍ അയച്ചിട്ടുണ്ട്. തീര്‍ത്തും വരണ്ട കാലാവസ്ഥയുള്ള ഖത്തറിലെ ഭൂപ്രകൃതി കൃഷിക്ക് അനുയോജ്യമല്ല. അതിനാല്‍ അവര്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ മറ്റു രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 40 ശതമാനം സഊദിയില്‍ നിന്നാണ്. ഇപ്പോഴത്തെ വിലക്ക് ഖത്തറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തകിടം മറിക്കും. വിലക്കേര്‍പ്പെടുത്തിയ രാജ്യത്തെ പൗരന്മാരുടെ പിന്മാറ്റമുണ്ടാകുന്നതും ഖത്തറിന് തിരിച്ചടിയാകുമെന്നാണ് നിരീക്ഷണം. എന്നാല്‍, അയല്‍രാജ്യങ്ങളേക്കാള്‍ മറ്റു ലോകരാജ്യങ്ങളുമായാണ് ഖത്തറിന് ബന്ധമെന്നതിനാല്‍ താല്‍ക്കാലിക ക്ഷീണം അതിജയിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

ഖത്തറുമായി വിച്ഛേദിച്ച നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കാലതാമസം ഒരിക്കലും സംഭവിച്ചു കൂടാ. അത് ഗള്‍ഫ് അറബ്‌മേഖലയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. സാമ്പത്തികമായി വന്‍ശക്തിയായി ഉയര്‍ന്നുവരുന്ന ഖത്തറിനെ നിലയ്ക്കുനിര്‍ത്തുക എന്ന തല്‍പരകക്ഷികളുടെ അജന്‍ഡ കൂടി ഇതിന് പിന്നിലുണ്ട്. കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ അനുരഞ്ജനത്തിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഈ ദൗത്യവുമായി സഊദിയിലേക്ക് തിരിച്ചു കഴിഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ തുര്‍ക്കിയും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഖത്തറിനൊപ്പമാണ്. പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്ന് കുവൈത്തിലെ പാര്‍ലമെന്റംഗങ്ങള്‍ ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ സഊദി സന്ദര്‍ശനത്തോടെയാണു ഖത്തറിനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ജി.സി.സി അംഗരാജ്യങ്ങള്‍ തീരുമാനിച്ചത്. ട്രംപ് ഇറാനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സഊദിയുടെ നേതൃത്വത്തില്‍ ഇറാനെതിരേ സംയുക്തമായി നീങ്ങാനും ട്രംപ് ആഹ്വാനം ചെയ്തു. എന്നാല്‍, ഇറാനെതിരായ നീക്കം ഖത്തര്‍ എതിര്‍ത്തു. ഇറാന് അനുകൂലമായി ഖത്തര്‍ അമീറിന്റെ പ്രസ്താവന ന്യൂസ് ഏജന്‍സി പുറത്തുവിടുകയും ഖത്തറിനെതിരേ നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസന്‍ റുഹാനിയുമായി ഖത്തര്‍ അമീര്‍ ടെലിഫോണില്‍ ബന്ധപ്പെട്ടുവെന്ന വാര്‍ത്ത വന്നതോടെ വിഷയം കൂടുതല്‍ വഷളായി. ഗള്‍ഫ്‌മേഖലയിലെ സാമ്പത്തികവും സുസ്ഥിരവുമായി നില്‍ക്കുന്ന രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢനീക്കങ്ങള്‍ അറബ്‌മേഖല തിരിച്ചറിയപ്പെടാതെ പോകുന്നതാണ് പൊടുന്നനെയുള്ള നയതന്ത്ര പിണക്കങ്ങളുടെ മൂലകാരണം. സമാധാനത്തിന് പ്രാമുഖ്യം നല്‍കുന്ന ഇടപെടലുകളാണ് ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കൈമുതലാകേണ്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക