Image

വിഴിഞ്ഞം കരാര്‍: സിഎജി റിപ്പോര്‍ട്ടില്‍ പിഴവുകളെന്ന്‌ കാണിച്ച്‌ ഉമ്മന്‍ചാണ്ടിയുടെ കത്ത്‌

Published on 11 June, 2017
 വിഴിഞ്ഞം കരാര്‍:  സിഎജി റിപ്പോര്‍ട്ടില്‍ പിഴവുകളെന്ന്‌ കാണിച്ച്‌ ഉമ്മന്‍ചാണ്ടിയുടെ കത്ത്‌
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചു. റിപ്പോര്‍ട്ടിലെ പിഴവുകള്‍ കാണിച്ച്‌ സിഎജി ശശികാന്ത്‌ ശര്‍മ്മയ്‌ക്കാണ്‌ ഉമ്മന്‍ചാണ്ടി കത്തയച്ചത്‌.

 വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെന്നും മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ്‌ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാര്‍ കരാറിന്‌ അനുമതി നല്‍കിയതെന്നും കേന്ദ്ര പ്ലാനിംഗ്‌ ബോര്‍ഡിന്റെ എല്ലാ നിര്‍ദേശവും പാലിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നുണ്ട്‌. സിഎജി റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്നും ഉമ്മന്‍ചാണ്ടി കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്‌. 

കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഒപ്പിട്ട വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്‌പര്യത്തിന്‌ വിരുദ്ധമാണെന്നും, സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിന്‌ കോടിക്കണക്കിന്‌ രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതാണെന്നുമായിരുന്നു സിഎജിയുടെ റിപ്പോര്‍ട്ട്‌. 

കഴിഞ്ഞ മേയ്‌ 23നാണ്‌ വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട്‌ നിയമസഭയുടെ മേശപ്പുറത്ത്‌ വെച്ചത്‌. റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സംഭവത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ തലത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക