Image

ബാലതാരം ഗൗരവ്‌ മേനോന്റെ ആരോപണങ്ങളെ നിഷേധിച്ച്‌ ` കോലുമിട്ടായിയുടെ സംവിധായകനും നിര്‍മ്മാതാവും

Published on 11 June, 2017
ബാലതാരം ഗൗരവ്‌ മേനോന്റെ ആരോപണങ്ങളെ നിഷേധിച്ച്‌ ` കോലുമിട്ടായിയുടെ സംവിധായകനും നിര്‍മ്മാതാവും

കൊച്‌ി: സിനിമയില്‍ അഭിനയിച്ചതിന്‌ പ്രതിഫലം നല്‍കാതെ പറ്റിച്ചുവെന്ന ബാലതാരം ഗൗരവ്‌ മേനോന്റെ ആരോപണങ്ങളെ നിഷേധിച്ച്‌ `കോലുമിട്ടായി'യുടെ നിര്‍മാതാവ്‌ അഭിജിത്‌ അശോകനും സംവിധായകന്‍ അരുണ്‍ വിശ്വനും.

ഗൗരവ്വ്‌ മികച്ച നടനാണെന്നും എന്നാല്‍ ഗൗരവിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ മാതാപിതാക്കളാണെന്നും നിര്‍മ്മാതാവ്‌ ആരോപിക്കുന്നു. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ധാരണയുടെ പുറത്താണ്‌ ഗൗരവിനെ ചിത്രത്തിലേക്ക്‌ വിളിച്ചതെന്നും നിര്‍മാതാവ്‌ അഭിജിത്‌ പറഞ്ഞു. സിനിമയില്‍ അഭിനയിച്ച മറ്റു നാല്‌ കുട്ടികളുമായാണ്‌ ഇരുവരും വാര്‍ത്താസമ്മേളനത്തിന്‌ എത്തിയത്‌.

സിനിമയില്‍ അഭിനയിച്ചതിന്‌ പ്രതിഫലം നല്‍കാതെ പറ്റിച്ചെന്നാരോപിച്ച്‌ ബാലതാരം ഗൗരവ്‌ മേനോന്‍ അമ്മ ജയ മേനോനൊപ്പം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.


കോലുമിട്ടായി' വളരെ ചെറിയ സിനിമയാണ്‌. 25 വര്‍ഷമായി സിനിമയ്‌ക്കു പിന്നാലെ നടന്ന ഒരു കൂട്ടംപേരുടെ ആഗ്രഹത്തില്‍ പിറന്ന സിനിമയാണിത്‌. വലിയ മുതല്‍ മുടക്കിലുണ്ടായ സിനിമയല്ല. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ കൊണ്ടാണ്‌ ചിത്രം പൂര്‍ത്തിയായത്‌. ബജറ്റില്ലാത്തതിനാല്‍ സെറ്റിലേക്കുളള മുഴുവന്‍ ഭക്ഷണവും തന്റെ വീട്ടില്‍ നിന്നാണ്‌ കൊണ്ടുവന്നിരുന്നതെന്നും അഭിജിത്‌ പറഞ്ഞു.

ഗൗരവിന്റെ മാതാപിതാക്കള്‍ 5 ലക്ഷം രൂപയാണ്‌ ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന്‌ സംവിധായകന്‍ അരുണ്‍ വിശ്വന്‍ പറഞ്ഞു. ചിത്രത്തിന്‌ ലാഭമുണ്ടായിട്ടില്ല. ലാഭമുണ്ടായാല്‍ തന്നെ അതിന്‌ അര്‍ഹത നിര്‍മാതാവിനാണെന്നും സംവിധായകന്‍ പറഞ്ഞു.

ബജറ്റ്‌ കുറയ്‌ക്കാനായാണ്‌ പുതിയ കുട്ടികളെ വച്ച്‌ സിനിമയെടുക്കാന്‍ തീരുമാനിച്ചത്‌. ഈ സമയത്താണ്‌ ഗൗരവിന്റെ അച്ഛന്റെ സുഹൃത്ത്‌ സമീപിക്കുന്നത്‌. പ്രതിഫലം നല്‍കാന്‍ ഇപ്പോള്‍ കഴിയില്ലെന്നു നേരത്തെ അറിയിച്ചിരുന്നുവെന്നും അതിനെ കുറിച്ചു പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ സമ്മതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ചിത്രത്തിന്റെ സാറ്റലൈറ്റ്‌ അവകാശം ലഭിച്ചതിനുശേഷം പണം നല്‍കാമെന്നായിരുന്നു അവരോട്‌ പറഞ്ഞിരുന്നത്‌. പക്ഷേ വളരെ തുച്ഛമായ തുകയ്‌ക്കാണ്‌ സാറ്റലൈറ്റ്‌ അവകാശം വിറ്റുപോയത്‌. ചിത്രത്തിന്റെ മുതല്‍മുടക്കിന്റെ ചെറിയൊരു ഭാഗം പോലും ഇതില്‍നിന്നും കിട്ടിയില്ലെന്നും അഭിജിത്‌ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക