Image

ബീഫ് കഴിച്ചാല്‍ നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും (പകല്‍ക്കിനാവ്- 57: ജോര്‍ജ് തുമ്പയില്‍)

Published on 11 June, 2017
ബീഫ് കഴിച്ചാല്‍ നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും (പകല്‍ക്കിനാവ്- 57: ജോര്‍ജ് തുമ്പയില്‍)
ബീഫ് ഉലത്തിയതും ഇത്തിരി കപ്പപ്പുഴുക്കും കഴിക്കുകയെന്നത് ഏതൊരു മലയാളിയുടെയും രുചി ആഗ്രഹങ്ങളില്‍ എന്നും മുന്നിലാണ്. അങ്ങനെ ബീഫ് കൊതി ഓരോ ദിവസം വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപ്പാടെ അതിനു നിരോധനം വന്നത്. വെറുതേയിരിക്കുമോ ഈ ജനത. ഭക്ഷണസ്വാതന്ത്ര്യം ഹനിച്ചതിനെതിരേ തെരുവിലിറങ്ങി. ഭാഗ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ല. എന്നാല്‍, അമേരിക്കയില്‍ വൈകാതെ ഒരു ജനത തന്നെ ബീഫ് വേണ്ടെന്നു വയ്ക്കുമെന്നാണ് വാര്‍ത്തകള്‍. കാരണം, റെഡ് മീറ്റില്‍ പ്രധാനിയായി ബീഫ് കഴിക്കുന്നത് ഹൃദ്രോഗത്തിനു മാത്രമല്ല, ക്യാന്‍സറിനും കാരണമാകുമെന്നാണ് കണക്കുകൂട്ടല്‍. ബീഫ് ഏതു വിധത്തില്‍ കഴിച്ചാലും പ്രശ്‌നം. എന്നാല്‍ ബീഫ് ഒഴിവാക്കി പോര്‍ക്കും, ചിക്കനും അടക്കമുള്ള മാംസം ഗ്രില്‍ ചെയ്തു കഴിച്ചാലും വലിയ ശാരീരിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമത്രേ. ഈ രംഗത്ത് നടത്തിക്കൊണ്ടിരുന്ന കണ്ടെത്തലുകള്‍ പുറത്തു വന്നതോടെ, എന്തു വേണമെങ്കിലും കഴിക്കാമെന്നുള്ള അമേരിക്കന്‍ അഹന്തയ്ക്ക് തന്നെ കൂച്ചു വിലങ്ങു വീണിരിക്കുന്നു എന്നു പറയാം. ബീഫ് മാത്രമല്ല, ഹാംബര്‍ഗറുകളും ഹോട്ട് ഡോഗുകളുമൊക്കെ യഥേഷ്ടം വച്ചു കാച്ചിയിരുന്ന ഒരു കാലത്തെക്കുറിച്ചോര്‍ത്ത് ദീര്‍ഘനിശ്വാസം അനുഷ്ഠിക്കാനെ ഇനി കഴിയൂ. രൂചികരമായ മാംസം കഴിക്കുന്നത് വേണ്ടെന്നു വച്ചില്ലെങ്കില്‍ നിങ്ങള്‍ നിത്യരോഗിയായി മാറാന്‍ അധികം കാലം വേണ്ടിവരില്ലെന്നാണ് കണക്കുകള്‍ സഹിതം ശാസ്ത്രജ്ഞര്‍ പറഞ്ഞത്. തരളിതമായ ഹൃദയത്തെ ഭേദിക്കുന്ന ഈ വാര്‍ത്ത അമേരിക്കന്‍ മലയാളികള്‍ തെല്ലു നെഞ്ഞിടപ്പിടോയാണ് വായിക്കുന്നത് എന്നറിയാം. ഇന്ത്യയില്‍ ബീഫ് ഇല്ലെങ്കിലെന്താ, വരുമ്പോള്‍ ഇവിടെ നിന്നും അല്‍പ്പം ഉണക്കിയതു വാങ്ങി കൊണ്ടു വന്നാല്‍ മതിയല്ലേ എന്ന ഗര്‍വ്വ് തന്നെ ഇല്ലാതാവുന്നു. ഗ്രില്ലു ചെയ്ത മാംസം കഴിച്ചാല്‍ ക്യാന്‍സര്‍ വരുമെന്ന വാര്‍ത്ത ഇത്തരം വിപണിയ്ക്ക് തന്നെ വൈകാതെ റെഡ് അലേര്‍ട്ട് ഉയര്‍ത്തും. മാംസം വേവിച്ചോ, ഫ്രൈ ചെയ്‌തോ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരുമെന്നു പേടിച്ചു അമേരിക്കന്‍ മലയാളികളില്‍ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് ഗ്രില്‍ഡ് മാംസത്തെ ആയിരുന്നു. ആ ഗ്രില്‍ഡിനെ തുരങ്കം വയ്ക്കുന്ന വിധത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇവര്‍ വെറുതേ പറയുന്നതല്ല. വായിച്ചു നോക്കിയപ്പോള്‍ കാര്യമുണ്ടെന്നും തോന്നി.

ഉയര്‍ന്ന താപനിലയില്‍ മാംസം വേവിക്കുമ്പോള്‍ ബയോ കെമിക്കല്‍ റീയാക്ഷന്‍ സംഭവിക്കുമെന്നും അതു ഭക്ഷിക്കുമ്പോള്‍ കഴിക്കുന്നയാളുടെ ഡിഎന്‍യില്‍ തന്നെ കാര്യമായ വ്യതിയാനം സംഭവിക്കുമെന്നുമാണ് പുതിയ കണ്ടെത്തില്‍. ക്യാന്‍സറിനു കാരണമാകുന്ന കാര്‍സിനോജെനിക്ക് കോമ്പൗണ്ടുകള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ ഇതു കാരണമാകുമത്രേ. ഈ കോമ്പൗണ്ടുകള്‍ മനുഷ്യകോശങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതു ക്യാന്‍സറിനു കാരണമാകും. പരീക്ഷണശാലകളില്‍ മറ്റു ജീവികളില്‍ പരീക്ഷണം നടത്തിയതോടെയാണ് ഇതു സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ പുറത്തു വന്നത്. മനുഷ്യകോശങ്ങളെ മാരകമായ രീതിയില്‍ നശിപ്പിക്കാന്‍ കഴിയുന്ന കാര്‍സിനോജെനിക്ക് കോമ്പൗണ്ടുകള്‍ ഉത്പാദിപ്പിക്കാന്‍ ഗ്രില്‍ ചെയ്ത മാംസത്തിനു കഴിയുമെന്ന കണ്ടെത്തല്‍ അമേരിക്കയിലെ മാംസാഹാര പ്രിയരെ ഒട്ടൊന്നുമല്ല നിരാശരാക്കുന്നത്. മാംസാഹാരം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന റിസ്ക്കിനെക്കുറിച്ച് ശരിക്കും ബോധവന്മാരായവരാണ് ഗ്രില്‍ഡ് മാംസാഹാരത്തിനു പിന്നാലെ പോയത്. പൊതുവേ സുരക്ഷിതമെന്നു കരുതിയ ഭക്ഷണമായിരുന്നു ഇത്. ഉയര്‍ന്ന താപനിലയില്‍ ഇത്തരമൊരു ബയോ കെമിക്കല്‍ റിയാക്ഷന്‍ മാംസത്തില്‍ നടക്കുമെന്ന കാര്യം ശാസ്ത്രലോകം കണ്ടെത്തുന്നതും ഇതാദ്യമാണ്. ചിക്കനൊക്കെ വാങ്ങി ഓവനില്‍ വച്ച് ഗ്രില്‍ ചെയ്തു കഴിക്കാമെന്നു കരുതുന്ന അമേരിക്കിയലെ ഭക്ഷണപ്രിയരായ മലയാളികളെ ഓര്‍മ്മിപ്പിക്കുകയാണ്, ലോകത്ത് എവിടെയായാലും മാംസം കഴിക്കുന്നത് പ്രശ്‌നം തന്നെയാണ്. ഇന്ത്യയില്‍ ബീഫിനാണ് നിരോധനമെങ്കില്‍ അമേരിക്കയില്‍ പോര്‍ക്കും, ചിക്കനുമൊക്കെ ഇനി ഗ്രില്‍ഡ് ആയി ലഭിക്കുമെന്നു വരില്ല.

ഇവിടുത്തെ തണുത്ത കാലാവസ്ഥയില്‍ ഏറ്റവും കൂടുതലാളുകള്‍ ഭക്ഷിച്ചിരുന്നത് ഗ്രില്‍ഡ് മാംസ ഉത്പന്നങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ ഇനി വിന്റര്‍ വരുമ്പോള്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ ഭക്ഷണപ്രിയര്‍ രണ്ടു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു. ഗ്രില്‍ഡ് ചെയ്ത പച്ചക്കറികള്‍ക്ക് ഈ പ്രശ്‌നമൊന്നുമില്ലെന്നതും പഠനം പ്രത്യേകമായി പറയുന്നു. റെഡ് മീറ്റ് കഴിക്കുന്നത് പൊതുവേ ശരീരത്തിന് ഗുണകരമല്ലെന്നും അതു കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്നും നേരത്തെ തന്നെ ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ക്രോണിക്ക് രോഗങ്ങള്‍ ഉണ്ടാക്കുന്നതിനു പുറമേ ഹൃദയസംബന്ധിയായ അനുബന്ധ രോഗങ്ങളിലേക്കും ഇത്തരമൊരു ഭക്ഷണശീലം വഴിവെക്കുമെന്നും അമേരിക്കന്‍ ഫുഡ്‌സ് ആന്‍ഡ് ന്യൂട്രീഷന്‍സ് അസോസിസേയഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

2015-നു ശേഷമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടന്നത്. ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സി പറയുന്നത് പ്രോസ്സസ്സ് ചെയ്യപ്പെടുന്ന മാംസം കഴിക്കുന്നത് ക്യാന്‍സര്‍ രോഗം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത 45 ശതമാനത്തിലേറെ വര്‍ദ്ധിപ്പിക്കുമെന്നാണ്. സ്ഥിരമായി ഹോട്ട് ഡോഗ് കഴിക്കുന്നവരുടെ കാര്യത്തില്‍ 18 ശതമാനത്തിലേറെയാണ് റിസ്ക്ക് ഫാക്ടര്‍. ഐ.എ.ആര്‍.സി (ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍) യുടെ നിരീക്ഷണത്തില്‍ 34,000 ക്യാന്‍സര്‍ രോഗികളാണ് ഇത്തരം തെറ്റായ ഡയറ്റിങ്ങിനെത്തുടര്‍ന്നു കഴിഞ്ഞ ഒരു വര്‍ഷം മരിച്ചത്. ബാര്‍ബിക്യൂ കഴിക്കുന്നതും ഒരു പാക്കറ്റ് സിഗരറ്റ് വലിക്കുന്നതും തുല്യമാണെന്നാണ് മിനിസോട്ട യൂണിവേഴ്‌സിറ്റിയിലെ ബയോകെമിക്കല്‍ ടോക്‌സികോളജിസ്റ്റ് റോബര്‍ട്ട് ടറസ്ക്കി പറയുന്നത്. ശരിയാണ്, ഇക്കാര്യം ഗൂഗിളില്‍ കയറി ഒന്നു പരിശോധിച്ചു നോക്കി. കാര്‍സിനോജെന്‍സ് ബീഫില്‍ ഉയര്‍ന്നു നില്‍ക്കുന്നു.

ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ ബീഫ് നിരോധിച്ചുവെങ്കില്‍ ഇവിടെ അമേരിക്കന്‍ ജനത അതു സ്വയം വേണ്ടെന്നു വയ്ക്കുന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. മദ്യപാനത്തോളം, പുകവലിയോളം തന്നെ മാരകമാണ് ബീഫ് തീറ്റയെന്നും അതിനു വലിയ വില കൊടുക്കേണ്ടി വരുമെന്ന കണ്ടെത്തല്‍ എന്തായാലും ഇന്ത്യയിലുള്ളവര്‍ അറിഞ്ഞിട്ടുണ്ടാവില്ല. ഉണ്ടെങ്കില്‍ തന്നെ അതിനു വേണ്ടി രാഷ്ട്രീയ അജണ്ടകള്‍ നിശ്ചയിക്കാന്‍ അവരത് കണ്ടില്ലെന്നു നടിക്കും. ആ നിലയ്ക്ക് ബീഫ് കഴിക്കാന്‍ വേണ്ടി സമരം ചെയ്യുന്നവരെ നോക്കി അമേരിക്കന്‍ ജനത അത്ഭുതം കൂറുന്ന അവസ്ഥയാണ് ഞാന്‍ ആലോചിച്ചു നോക്കിയത്. ചാവാന്‍ വേണ്ടി സമരം ചെയ്യുന്ന ജനത!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക