Image

ഇരട്ട ഇരുട്ടടികള്‍, പക്ഷേ, സന്ദേശം ഒന്നു തന്നെ.(ഡല്‍ഹികത്ത് - പി.വി.തോമസ്)

പി.വി.തോമസ് Published on 11 June, 2017
ഇരട്ട ഇരുട്ടടികള്‍, പക്ഷേ, സന്ദേശം ഒന്നു തന്നെ.(ഡല്‍ഹികത്ത് - പി.വി.തോമസ്)
ജൂണ്‍ മാസത്തിന്റെ പ്രത്യേകത അത് അടിയന്തിരാവസ്ഥയുടെ വാര്‍ഷികമാസം ആണെന്നുള്ളതാണ്. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1975-ല്‍ ഇതുപോലൊരു ജൂണ്‍ മാസത്തില്‍ ആണ്(ജൂണ്‍ 25) പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദേശീയതലത്തില്‍ അടിയന്തിരാവസ്ഥ എന്ന കരിനിയമം പ്രഖ്യാപിച്ചത്. മാധ്യമസ്ഥാപനങ്ങള്‍ക്ക് വിലക്ക് വീണു. രാഷ്ട്രീയ സ്വാതന്ത്ര്യം നിരോധിക്കപ്പെട്ടു. ഇതിനെയൊക്കെ ഓര്‍മ്മിപ്പിക്കുന്ന ചില സംഭവങ്ങള്‍ ഈ ജൂണ്‍ ആദ്യവാരത്തില്‍ അരങ്ങേറുകയുണ്ടായി. ഒരു ടെലിവിഷന്‍ ചാനല്‍ റെയ്ഡ് ചെയ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസ് കയ്യേറ്റം ചെയ്യപ്പെട്ടു. ഈ രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണം ആയിട്ടാണ് കാണപ്പെട്ടത്.

എന്‍.ഡി.റ്റി.വി. ചാനല്‍ ആണ് ആക്രമണ വിധേയം ആയ മാധ്യമ സ്ഥാപനം. ആക്രമിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ കേന്ദ്രഓഫീസ് ആകട്ടെ സി.പി.എം.ന്റേതും(ഏ.കെ.ജി. ഭവന്‍).
ഈ രണ്ട് ആക്രമണങ്ങളും അടിയന്തിരാവസ്ഥ കാലത്തെ ജനാധിപത്യ ധ്വംസനത്തെ ഓര്‍മ്മിപ്പിക്കുന്നവയായിരുന്നു.

ഏഴ് വര്‍ഷം മുമ്പ് ഒരു സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത പരാതിയിന്മേല്‍ ആണ് പൊടുന്നനവെ സി.ബി.ഐ. എന്‍.ഡി.റ്റി.വി.ക്ക് എതിരെ ഒരു എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യുവാനും ചാനലിന്റെ സ്ഥാപകരായ പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും വസതിയും ചാനലിന്റെ ദല്‍ഹി ഓഫീസും റോയിയുടെ ദെറാഡൂണിലെയും മസൂറിയിലെയും വസതികളും റെയ്ഡ ചെയ്യുവാനും തയ്യാറായത്.

സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ക്ക് 48 കോടി രൂപയുടെ നഷ്ടം റോയിയുടെ ഇടപാടിലൂടെ ഉണ്ടായി എന്നാണ് പരാതി. സ്വകാര്യ ബാങ്കിന പരാതി ഇല്ല. പക്ഷേ, സി.ബി.ഐ. ദ്രുതഗതിയില്‍ ആണ് നടപടി എടുത്തത്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ നടത്തിയ കടന്നാക്രമണം ആണെന്ന് ഇന്‍ഡ്യയിലെ എല്ലാ മാധ്യമസംഘടനകളും ഒരേ ശബ്ദത്തില്‍ ആരോപിച്ചു.

ഒരു മാധ്യമസ്ഥാപനം ആണെന്ന് വിചാരിച്ച് കുറ്റവിചാരണ വിമുക്തി അവകാശപ്പെടുവാന്‍ ആവുകയില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായ്ഡു പറഞ്ഞു. അത് വളരെ ശരിയും ആണ്. പക്ഷേ, കേന്ദ്രഗവണ്‍മെന്റിന്റെയും സി.ബി.ഐ.യുടെയും നടപടി പ്രതികാരാത്മകം ആണെന്നും അത് മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുവാനുള്ള ഒരു പദ്ധതി ആണെന്നും വിഷയം പഠിക്കുന്ന ആര്‍ക്കും മനസിലാകും. റോയിയും പത്‌നിയും അവരുടെ ടെലിവിഷന്‍ ചാനലും, കള്ളപ്പണം വെളുപ്പിക്കലിനും ബാങ്ക് വായ്പ തിരിച്ചടക്കാതിരിക്കലിനും കുറ്റവാളികള്‍ വായ്പ തിരിച്ചടക്കാതിരിക്കലിനും കുറ്റവാളികള്‍ ആണെന്ന് ആണ് ആരോപണം. ആണെങ്കില്‍ അവരെ ശിക്ഷിക്കണം. മാധ്യമസ്വാതന്ത്ര്യം ഒരു പുകമറയായി അവര്‍ ഉപയോഗിച്ചു കൂട.

പക്ഷേ, എന്തുകൊണ്ടാണ് ഒരു സ്വകാര്യവ്യക്തിയുടെ 7 വര്‍ഷം പഴക്കം ചെന്ന ഒരു പരാതിയിന്മേല്‍ ഗവണ്‍മെന്റിന്റെ കൂട്ടിലടക്കപ്പെട്ട തത്ത(സുപ്രീംകോടതിയുടെ വിമര്‍ശനം) ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു നടപടി എടുത്തത്? ഈ പരാതിക്കാരന്‍ ടെലിവിഷന്‍ ചാനലിന്റെയും ബാങ്കിന്റെയും സഹപ്രവര്‍ത്തകന്‍ ആയിരുന്നു. പക്ഷേ, പിന്നീട് ചാനലിന്റെ ബദ്ധ ശത്രു ആയി. അത് എന്തും ആകട്ടെ. സി.ബി.ഐ. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാതി വേദപ്രമാണം ആയി സ്വീകരിച്ചത്? അത് ഭരണകക്ഷിയുടെയും ഗവണ്‍മെന്റിന്റെയും രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുവാന്‍ ആയിരുന്നില്ലേ? തീര്‍ച്ചയായും.

ഇന്ന് ഇന്‍ഡ്യയില്‍ മോഡിയും ഷായും ബി.ജെ.പി.യും സംഘപരിവാറും അവരുടെ ചങ്ങാത്ത മുതലാളിമാരും വിലക്ക് വാങ്ങിക്കാത്തതായി അധികം മാധ്യമസ്ഥാപനങ്ങള്‍ ഒന്നും ഇല്ല. ഇത് എഴുതുവാന്‍ വിഷമം ഉണ്ട്. പക്ഷേ, യാഥാര്‍ത്ഥ്യം ഇത് ആണ്. പ്രണായ്-രാധിക റോയിമാരും എന്‍.ഡി.റ്റി.വി.യും ഒക്കെ വ്യത്യസ്തരാണ്. ബാക്കി എല്ലാം തന്നെ ഇവര്‍ അംബാനി-അഡാനി-രാമോജി റാവു അങ്ങനെ ഒട്ടേറെ വ്യാപാര ടൈക്കൂണ്‍മാരിലൂടെ സ്വന്തമാക്കിയിരിക്കുന്നു. സ്വന്തം ആക്കികൊണ്ടിരിക്കുന്നു. കാരണം ഒരു ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ വലിയ ഒരു ശക്തിയാണ്. ഈ മാധ്യമ വാങ്ങിക്കൂട്ടല്‍ ഒരു വലിയ നയതന്ത്രം ആണ് മോഡി-ഷാ കമ്പനിയുടേത്. അതില്‍ അവര്‍ വിജയിച്ചുകൊണ്ടിരിക്കുകയാണ്. അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരഗാന്ധി ഇതില്‍ നടപ്പില്‍ വരുത്തിയത് വളരെ കടുത്തരീതിയില്‍ ആയിരുന്നെങ്കില്‍ മോഡി-ഷാ- പരിവാര്‍ ഇത് നടപ്പിലാക്കുന്നത് വ്യത്യസ്തമായ രീതിയില്‍ ആണെന്ന് മാത്രം. മാധ്യമങ്ങളെ വിലക്ക് വാങ്ങുക, അല്ലെങ്കില്‍ വരുതിയില്‍ നിര്‍ത്തുക. വരുതിയില്‍ നിര്‍ത്തുവാന്‍ ഇതുപോലുള്ള കടുംകൈകള്‍ പ്രയോഗിക്കാം.

ഇതെല്ലാം കാണുമ്പോള്‍ ഓര്‍മ്മിച്ചുപോകുന്നത് അന്തരിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ മരിയോ മിരാന്റ പതിറ്റാണ്ടുകള്‍ക്ക്, മുമ്പ് വരച്ച ഒരു എഡിറ്റോറിയല്‍ കാര്‍ട്ടൂണ്‍ ആണ്. കോട്ടും സൂട്ടും ടൈയും ധരിച്ചു ചുരുട്ട് ചുണ്ടില്‍ എരിയുന്ന ഒരു മാന്യന്‍, ഒരു പക്ഷേ ഒരു വ്യവസായ പ്രമുഖന്‍, ബെന്‍സ് കാറില്‍ നിന്നും ഇറങ്ങുന്നു. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച ഒരു ന്യൂസ് പേപ്പര്‍ വില്പനക്കാരന്‍ ബാലന്‍ അദ്ദേഹത്തെ പത്രവില്പനക്കായി സമീപിക്കുന്നു. പരമ പുച്ഛത്തോടെ ചെക്കനെ നോക്കി വ്യവസായ മേധാവി പറയുന്നു: ഞാന്‍ പത്രം വാങ്ങിക്കാറില്ല, പത്ര മുതലാളിമാരെ മാത്രമെ വാങ്ങിക്കാറുള്ളൂ. എന്തു സത്യം ഇന്നത്തെ ഈ സാഹചര്യത്തില്‍!
മോഡി-ഷാ-പരിവാര്‍ സംഘം ഒരു ആസൂത്രിത നീക്കത്തിലൂടെ മാധ്യമങ്ങള്‍ക്ക് വിലപറയുകയാണ്. അവയെ വാങ്ങിച്ച് കൂട്ടുകയാണ്. കൂടെ വരാത്തവരെ ചവിട്ടി നിരത്തുകയാണ്. എന്‍.ഡി.റ്റി.വി. അതില്‍ ഒന്ന് മാത്രം.

ഈ ചാനല്‍ ബാബ രാം ദേവിന്റെ ഔഷധ കമ്പനിക്ക് എതിരെ നിരന്തരമായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടതും ബാബ ചാനല്‍ വാങ്ങുവാന്‍ വരെ ശ്രമിക്കുന്നതായും, തെളിവുകള്‍ ഇല്ലാത്ത വാര്‍ത്താപ്രചരണം ഉണ്ട്. ഈ റെയ്ഡുകള്‍ നടത്തുന്നതിന് ഏതാനും ദിവസം മുമ്പ് ചാനലിന്റെ ഒരു അവതാരികയും ബി.ജെ.പി.യുടെ വക്താവും തമ്മില്‍ നടന്ന വാക്കേറ്റവും അവസാനം അവതാരിക വക്താവിനോട് സ്ഥലം കാലിയാക്കുവാന്‍ പറഞ്ഞതും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചാനലിന്റെ സ്വതന്ത്രമായ നിലപാടും ഗവണ്‍മെന്റിന്റെ നയങ്ങളോടുള്ള കര്‍ക്കശമായ വിമര്‍ശനവും പ്രകടമാണ്. ചാനലിനെതിരെയുള്ള സാമ്പത്തീക അഴിമതി ആരോപണവും, കള്ളപ്പണ വെളുപ്പിക്കലും മറ്റും മറ്റും തെളിയിക്കട്ടെ. ഇതൊന്നും ആരും മാധ്യമസ്വാതന്ത്ര്യവും ആയി കൂട്ടികുഴക്കുന്നില്ല. പക്ഷേ, എന്തുകൊണ്ട് ഈ വ്യഗ്രതയെന്നും ലളിത് മോഡിയുടെയോ വിജയ് മല്യയുടെയോ ഒന്നും കാര്യത്തില്‍ കാണിച്ചില്ല? അല്ലെങ്കില്‍ ലക്ഷക്കണക്കിന് കോടി രൂപ കിട്ടാക്കടമായി കിടക്കുന്ന വന്‍ ശതകോടീശ്വര വ്യവസായികളുടെ കാര്യത്തില്‍?
ഇതുപോലുള്ള ഇരുട്ടടിയിലൂടെ മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുവാന്‍ ശ്രമിക്കുന്നത് തികച്ചും ജനാധിപത്യ വിരുദ്ധം ആണ്. നാലാം കോളത്തിന്റെ സൃഷ്ടിപരമായ വിമര്‍ശനത്തെ സ്വാഗതം ചെയ്തത് ഈ അടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയാണ്. അദ്ദേഹം അതിനൊപ്പം ജീവിക്കണം, പ്രവര്‍ത്തിക്കണം. രാജ്യത്തെ വീണ്ടും 42 വര്‍ഷം മുമ്പു നടന്ന ആ അടിയന്ത്രിരാവസ്ഥ കാലത്തേക്ക് തള്ളിവിടരുത്.

സംഘപരിവാറികള്‍ സി.പി.എം.ന്റെ കേന്ദ്രാലയം ആയ ഏ.കെ.ജി. ഭവനിലേക്ക് തള്ളിക്കയറി സെക്രട്ടറികള്‍ സി.പി.എം.ന്റെ കേന്ദ്രാലയം ആയ ഏ.കെ.ജി. ഭവനിലേക്ക് തള്ളിക്കയറി സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്യുവാന്‍ കയ്യേറ്റം ചെയ്യുവാന്‍ ശ്രമിച്ചത് ആണ് മറ്റൊരു അടിയന്തിരാവസ്ഥ സമാനമായ അതിക്രമം. ഇങ്ങനെ ഒക്കെയുള്ള ജനാധിപത്യ വിരുദ്ധ ആക്രമണങ്ങള്‍ തലസ്ഥാന നഗരിയില്‍ വിരളം ആണ്. ഒരു പക്ഷേ, കണ്ണൂറോ കാസര്‍ഗോട്ടോ സംഭവിച്ചേക്കാം. അതിനെയും ന്യായീകരിക്കുകയല്ല ഇവിടെ. അശോക റോഡിലെ ബി.ജെ.പി. കേന്ദ്രാലയത്തിലോ അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് കേന്ദ്രാലയത്തിലോ എതിര്‍കക്ഷികള്‍ ഇങ്ങനെ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചു വിടാറില്ല. ബോഫേഴ്‌സ് പീരങ്കി കേസ് കത്തിനിന്നപ്പോഴും ഗുജറാത്ത് കലാപം നാടിനെ നടുക്കിയപ്പോഴും ഇതൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോള്‍, കഴിഞ്ഞ ആഴ്ച എ.കെ.ജി. ഭവനില്‍ ഹിന്ദുസേന പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അത്യന്തം ജനാധിപത്യ വിരുദ്ധം ആണ്. പിണറായ് വിജയനെ ഭോപ്പാലില്‍ തടഞ്ഞതും അദ്ദേഹത്തെ മംഗലാപുരത്ത് ഉപരോധിക്കുമെന്ന് ഭീഷണിമുഴക്കിയതും കൊടിയേരി ബാലകൃഷ്ണനെ ദല്‍ഹിയില്‍ കാലുകുത്തുവാന്‍ സമ്മതിക്കുകയില്ലെന്ന് ആക്രോശിച്ചതും ഇതേ ശക്തികള്‍ തന്നെ ആണ്. ഇവര്‍ തന്നെയാണ് ബീഫ് വിളമ്പുന്നുവെന്ന ആരോപണത്തില്‍ ദല്‍ഹിയിലെ കേരള ഹൗസ് ആക്രമിക്കുവാന്‍ ഒരുമ്പെട്ടതും.
സി.പി.എം. സംഘപരിവാറിന്റെ, പ്രത്യേകിച്ചും രാഷ്ട്രീയ സ്വയം സേവകിന്റെ, ശത്രു പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആണ്. അതിന് പലകാരണങ്ങള്‍ ഉണ്ട്. വടക്കന്‍ മലബാറിലെ സി.പി.എം.-ആര്‍.എസ്.എസ്. ഏറ്റുമുട്ടല്‍ ഒരു കാരണം ആണ്. അത് ദേശീയ തലസ്ഥാന നഗരിയിലേക്കും കൊണ്ടുവരണമോ? മുന്‍ സി.പി.എം. സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ഒരു ആര്‍ട്ടിക്കിള്‍ ഇപ്പോഴത്തെ ആക്രമണത്തിന് പ്രകോപനം ആയെന്നും കരുതുന്നു. പ്രസ്തുത ആര്‍ട്ടിക്കിളില്‍ കാരാട്ട് ആര്‍മി മേധാവി പ്രധാനമന്ത്രിയുടെ ഭാഷയില്‍ ആണ് സംസാരിക്കുന്നതെന്ന് ആരോപിച്ചിരുന്നു. അദ്ദേഹം ആര്‍മി കാശ്മീരില്‍ കല്ലേറുകാരെ നേരിടുവാനായി മനുഷ്യകവചത്തെ ഉപയോഗിച്ചതിനെ ആര്‍മി മേധാവി പിന്തുണച്ചതിനെയും വിമര്‍ശിച്ചിരുന്നു. ഇതിന്റെയും മറ്റു പേരില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ കേന്ദ്രാലയം അതിക്രമിച്ചു കയറി നേതാക്കന്മാരെ കയ്യേറ്റം ചെയ്യാമോ? ഇത് എന്ത് രാഷ്ട്രീയ സംസ്‌ക്കാരം ആണ്?

എന്‍.ഡി.റ്റി.വി. റെയ്ഡും സി.പി.എം. ഓഫീസ് ആക്രമണവും മാധ്യമ-ജനാധിപത്യ മര്യാദക്കും സംസ്‌ക്കാരത്തിനും നിരക്കാത്തവയാണ്. അവ ആവര്‍ത്തിച്ചുകൂട. കാരണം അവ അടിയന്തിരാവസ്ഥയുടെ ഇരുണ്ടദിനങ്ങളുടെ ഓര്‍മ്മ ഉണര്‍ത്തുന്നു. വയ്യ. അവയുടെ സന്ദേശം ഒന്നു തന്നെ.

ഇരട്ട ഇരുട്ടടികള്‍, പക്ഷേ, സന്ദേശം ഒന്നു തന്നെ.(ഡല്‍ഹികത്ത് - പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക