Image

നീറ്റായി "നീറ്റ്': സ്റ്റേ റദ്ദാക്കി സുപ്രീം കോടതി; ഫലം 26നകമെന്ന് സിബിഎസ്ഇ

Published on 12 June, 2017
നീറ്റായി "നീറ്റ്': സ്റ്റേ റദ്ദാക്കി സുപ്രീം കോടതി; ഫലം 26നകമെന്ന് സിബിഎസ്ഇ
ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് ഫലം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. സിബിഎസ്ഇ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. നീറ്റ് ഹർജികൾ കീഴ്ക്കോടതികൾ പരിഗണിക്കുന്നതും സുപ്രീം കോടതി തടഞ്ഞു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് മദ്രാസ്, ഗുജറാത്ത് ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണെമെന്ന സിബിഎസ്ഇയുടെ ആവശ്യത്തെത്തുടർന്നാണിത്.

അനുകൂല വിധി വന്നതിനു പിന്നാലെ നീറ്റ് ഫലം ഈ മാസം 26നകം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

നേരത്തെ, ഏകീകൃത രീതിയിലല്ല എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷ നടത്തിയതെന്ന് ആരോപിച്ചുകൊണ്ടുള്ള പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കവെയായിരുന്നു പരീക്ഷാ ഫലപ്രഖ്യാപനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. എല്ലാ സംസ്ഥാങ്ങളിലും പരീക്ഷ നടത്തിയത് ഏകീകൃത രീതിയിലല്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഹര്‍ജിക്കാരുടെ ആരോപണം നിഷേധിച്ച സിബിഎസ്ഇ പ്രാദേശിക ഭാഷയിലെ ചോദ്യക്കടലാസ് ഇംഗ്ലീഷ് ഭാഷയിലെ ചോദ്യക്കടലാസുകളെക്കാള്‍ എളുപ്പമുള്ളതാണെന്ന വാദം തള്ളുകയും ചെയ്തിരുന്നു.

നീറ്റ് ഫലപ്രഖ്യാപനത്തിന് കുറച്ച് ദിവസങ്ങള്‍ കൂടി ആവശ്യമാണെന്ന് സിബിഎസ്ഇ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതി ഫലപ്രഖ്യാപനം സ്റ്റേ ചെയ്തത്. സ്റ്റേ എത്രയും പെട്ടെന്ന് ഒഴിവാക്കിയില്ലെങ്കില്‍ പരീക്ഷയെഴുതിയ 11.8 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക